Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ajmer
cancel

എല്ലാവരും അങ്ങോട്ടാണെന്ന്​ തോന്നുന്നു. ഒാരോ മുഖത്തും പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞ്​കാണാം. എന്തൊക്കെയോ കെട്ടിനിറച്ച ഭാണ്ഡങ്ങൾ ഒാരോരുത്തരുടെയും മുതുകിലുണ്ട്​. ജീവിതത്തിൽനിന്ന്​ പിഴുതെടുത്ത ഏറ്റിയാൽ പൊന്താത്ത, സങ്കടങ്ങളുടെ മഹാഭാണ്ഡങ്ങളായിരിക്കണം അവ. എല്ലം ഒന്നിറക്കിവെക്കാൻ ഒരിടം തേടി യാത്ര തിരിച്ചവരാണ്​ അവർ. പല നാടുകളിൽനിന്ന്​ പല ദുഃഖങ്ങളുമായി പുറപ്പെട്ടുപോയവർ. അജ്​മീറിൽ ചെന്ന്​ ഖാജാ ഗരീബ്​ നവാസി​​​​​െൻറ മുന്നിൽ കണ്ണീരും പ്രാർഥനയുമായി പൊഴിച്ചുകളയും അവർ അവയെല്ലാം.

രാജ്യ തലസ്​ഥാനത്തെ റയിൽവേസ്​റ്റേ​ഷ​​​​​െൻറ നാലാം നമ്പർ പ്ലാറ്റ്​ഫോമിൽ അവിടെയിവിടയായി ഒറ്റക്കും കൂട്ടായും ഇരിക്കുന്ന ഒരുപാട്​ മനുഷ്യർ. വൃദ്ധരും കുട്ടികളും സ്​​ത്രീകളും. മുഷിഞ്ഞൊട്ടിയ വേഷത്തിലാണ്​ ചിലരെല്ലാം. കൈയിലും കഴുത്തിലും പച്ചയും ചുവപ്പും ചുറ്റുകൾ. തലസ്​ഥാനത്ത്​ തന്നെയുള്ള ഹസ്രത്​ നിസാമുദ്ദീൻ ദർഗയിൽ പോയി വന്നതി​​​​​െൻറ അടയാളം ആണത്​. അജ്​മീർ പോലെ തന്നെ വിശ്വാസികളുടെയും സഞ്ചാരികളുടെയും നിലക്കാത്ത പ്രവാഹമുള്ള മറ്റൊരു തീർഥാടന കേന്ദ്രമാണ്​ രാജ്യ തലസ്​ഥാനത്തെ ശൈഖ്​ നിസാമുദ്ദീൻ ദർഗ.

അജ്​മീർ ദർഗയിലേക്കുള്ള വഴിയിൽ, പനിനീർപൂക്കൾ വാങ്ങാൻ ക്ഷണിക്കുന്ന കച്ചവടക്കാരൻ

ആറ്​ പേരുണ്ട്​ ഞങ്ങളുടെ യാത്രസംഘത്തിൽ. എല്ലാ വർഷവും ഫെബ്രുവരി - മാർച്ച്​ മാസങ്ങളിൽ ഇതേ സംഘവുമൊത്തുള്ള ദീർഘയാത്ര പതിവാണ്​. ഇത്തവണ രാജസ്​ഥാനാണ്​ ലക്ഷ്യം. അജ്​മീർ, പുഷ്​കർ, ജയ്​പൂർ, ജയ്​സൽമിർ... അവധി കുറവും താണ്ടേണ്ട ദൂരം അധികവും ആയതിനാൽ ദൽഹിയിലേക്ക്​ വിമാനമാർഗമാണ്​ എത്തിയത്​. നെടുമ്പാശ്ശേരിയിൽനിന്ന്​ മുംബൈ വഴി​ ദൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക്​. മുംബൈയിൽ നാല്​​ മണിക്കൂർ ഇടവേളയുണ്ട്​. വെറുതെ ഒന്ന്​ പുറത്തിറങ്ങി, ഭക്ഷണം കഴിച്ച്​ വരാനുള്ള സമയം മാത്രം. കഴിഞ്ഞ വർഷം ഇതേകാലത്ത്​ മുംബൈ ആവോളം കണ്ടതാണ്​. കിട്ടിയ നാല്​ മണിക്കൂറിൽ ജുഹു ബീച്ചിൽ ചെറുതായൊന്ന്​ കറങ്ങി, വിമാനത്താവളത്തിനടുത്തെ ഉഡുപ്പി ഹോട്ടലിൽനിന്ന്​ ഉച്ചഭക്ഷണവും കഴിച്ച്​ ഞങ്ങൾ രണ്ടാം വിമാനത്തിലേറി. വൈകുന്നേരം ഡൽഹിയിൽ എത്തി. തലസ്​ഥാനം ചുറ്റിക്കാണാൻ ഇൗ യാത്രയിൽ പദ്ധതിയില്ലെങ്കിലും രാത്രി 11 മണിവരെ ഞങ്ങൾക്ക്​ സമയമുണ്ട്​. ഒാൾഡ്​ ദൽഹിയിലെ ദൽഹി ജുമാമസ്​ജിദും അതിനോട്​ ചേർന്ന തെരുവുമായിരുന്നു ഞങ്ങളുടെ തെരഞ്ഞെടുപ്പ്​. ജുമാമസ്​ജിദിന്​ എതിർവശത്തുള്ള ഗലിയിലൂടെ ആ രാവ്​ നടന്നു​തീർത്തു. മുതിർന്ന സഹപ്രവർത്തകൻ സവാദ്​റഹ്​മാൻ ഇൗ ഗലിയിലെ ഒരു ഹോട്ടലി​​​​​െൻറ പേര്​ പറഞ്ഞിരുന്നു. 'അസ്​ലം ചിക്കൻസ്'​. ബട്ടർ ചിക്കൻ എന്ന പ്രത്യേക വിഭവമാണ്​ ഇൗ ഹോട്ടലി​െ​ല വിശേഷ രുചി. അന്നത്തെ രാത്രി ഭക്ഷണം അതായിരുന്നു.

അജ്​മീർ ദർഗയുടെ മുഖ്യകവാടം

ഹരിദ്വാറിൽനിന്ന്​ അഹമ്മദാബാദ്​ വരെ പോകുന്ന യോഗ എക്​സ്​പ്രസിലാണ്​ ഞങ്ങളുടെ യാത്ര. ഡൽഹിയിൽ നിന്ന്​ രാത്രി 11.30ന്​ പുറപ്പെട്ട തീവണ്ടി രാവിലെ ആറരയോടെ അജ്​മീറിലെത്തി. ഒമ്പത്​ മണിക്കൂർ യാത്ര. ട്രെയിനിൽ അത്യാവശ്യം നന്നായി ഉറങ്ങിയതിനാൽ അജ്​മീറിൽ റൂം എടുക്കേണ്ട ആവശ്യമില്ല. എന്നാലും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും കുളിക്കാനുമായി ഒരു റൂം ആവശ്യമുണ്ട്​. റെയിൽവേസ്​റ്റേഷന്​ പുറത്തിറങ്ങിയതോടെ റൂം ഏജൻറുമാർ വട്ടം കൂടി. ദർഗക്ക്​ അടുത്ത്​ തന്നെയാണ്​ ഞങ്ങൾക്ക്​ റൂം കിട്ടിയത്​. ഒമ്പത്​ മണിയോടെ ദർഗയിലേക്ക്​ പുറപ്പെട്ടു.

ഖാജാ മേരി ഖാജാ
''ഖാജാ മേരേ ഖാജാ
ദിൽ മേ സമാ ജാ
ഷാഹോൻ കാ ഷാഹ്​ തു
അലി കാ ദുലാരാ''

'ജോധാ അക്​ബറി'ലെ എ.ആർ. റഹ്​മാ​​​​​െൻറ മാസ്​മരിക സംഗീതം മനസ്സിൽ അലയടിച്ചുയർന്നു. തികഞ്ഞ ഖാജാ ഭക്​തനായിരുന്ന അക്​ബർ ചക്രവർത്തിയ​ുടെ ദർബാറിൽ ചെന്ന്​, ഒരു കൂട്ടം നാടോടി ഗായകർ ഖാജാ മുഇൗനുദ്ദീൻ ചിഷ്​ത്തിയെ പുകഴ്​ത്തിപ്പാടുന്നതാണ്​ ആ പാട്ടി​​​​​െൻറ രംഗം. അക്​ബർ 15 ഒാളം തവണ കാൽനടയായി അജ്​മീറിൽ എത്തിയിട്ടുണ്ടത്രെ. എ.ആർ. റഹ്​മാനും സൂഫി പാത പിന്തുടരുന്നയാളാണ്​. അ​േദ്ദഹത്തി​​​​​െൻറ ഖവാലികൾ അത്രമേൽ മനോഹരമാകുന്നതി​​​​​െൻറ കാരണം അത്​ തന്നെയാകാം. എല്ലാ വർഷവും അജ്​മീർ ദർഗയിൽ അദ്ദേഹം സന്ദ​ർശനം നടത്താറുമുണ്ട്​ അദ്ദേഹം. 'ഖാജാ മേരി ഖാജ...' ​ൈശഖ്​ മുഇൗനുദ്ദീൻ ചിഷ്​തിയെ കുറിച്ചാണെങ്കിൽ അദ്ദേഹത്തി​​​​​െൻറ തന്നെ മറ്റൊരു ഹിറ്റ്​ ഖവാലിയായ, 'കുൻ ഫയകുൻ' ഹസ്​റത്ത്​ നിസാമുദ്ദീൻ ഒൗലിയയെ കുറിച്ചാണ്​.

അജ്​മീർ ചെമ്പ്​

ദർഗയിലേക്ക്​ പുറപ്പെടാൻ ഹോട്ടലിൽനിന്ന്​ ഇറങ്ങിയപ്പോൾ തന്നെ തൊപ്പി ധരിച്ച ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ പിറകെ കൂടി. അസ്​ലം എന്നാണ്​ അയാളുടെ പേര്​. ഉത്തരേന്ത്യയിലെ മുസ്​ലിം പ​ുരോഹിതരുടെ വേഷമാണ്​ അയാൾക്കും. തെളിഞ്ഞ ഉറുദുവിലാണ്​ സംസാരം. ''ദർഗയിൽ കൊണ്ട്​ പോയി പ്രാർഥനയും മറ്റു ചടങ്ങുകളും നിർവഹിച്ചുതരാം. ഖാജയോട്​ ചോദിച്ചാൽ എന്തും കിട്ടും'' അയാൾ ഞങ്ങളുടെ പിറകിൽ തന്നെയുണ്ട്​. സാധാരണ ടൂറിസ്​റ്റ്​ ഗൈഡല്ല. ഇത്​ 'ഗൈഡ്​ കം പ്രീസ്​റ്റ്​' ആണ്​. പ്രാർഥന സ്വന്തമായി നിർവഹിച്ചോളാമെന്ന്​ പറഞ്ഞിട്ടും അയാൾ വിടുന്ന മട്ടില്ല. നേരിട്ട്​ ചോദിച്ചാൽ ഖാജ കേൾക്കില്ലത്രെ. ഖാജ ഏർപ്പാടാക്കിയ ആളുകൾ വഴി ചോദിച്ചാൽ മാത്രമേ ഉത്തരം തരികയുള്ളൂ. അയാളെ തന്ത്രപൂർവം ഒഴിവാക്കി ഞങ്ങൾ ദർഗയിലേക്ക്​ നീളുന്ന തെരുവിലേക്ക്​ പ്രവേശിച്ചു. വലിയ ജനത്തിരക്കായിരുന്നു ഇൗ പാതയിൽ. ദർഗയിലേക്ക്​ പോകുന്നവരും വരുന്നവരുമായി ആയിരങ്ങൾ. റോഡിനിരുവശത്തും ടൂറിസ്​റ്റ്​ സ്​ഥലങ്ങളിലെന്ന പോലെ കടകൾ. ദർഗയിൽ സമർപ്പിക്കാനുള്ള നിവേദ്യങ്ങൾ വിൽക്കുന്ന കടകളാണ്​ കൂടുതലും. എല്ലാ കടകൾക്ക്​ മുന്നിലും ചെറിയ കുട്ടകളിൽനിറച്ച റോസാപ്പൂക്കൾ നിരത്തിവെച്ചത്​ മനോഹര കാഴ്​ചയാണ്​. ദർഗയിൽ വിശ്വാസപൂർവം സമർപ്പിക്കാനുള്ളതാണ്​ പൂക്കൾ. മഖ്​ബറ പുതപ്പിക്കാനുള്ള ചാദർ (ഒരു തരം വെൽവറ്റ്​പുതപ്പ്​, ഇത്​ കൊണ്ട്​ ദിവ്യപുരുഷൻമാരുടെ ഖബറിടം മൂടുന്നത്​ പുണ്യമാണെന്ന്​ വിശ്വസിക്കപ്പെടുന്നു), ചന്ദനത്തിരി, ജപമാലകൾ (തസ്​ബീഹ്​ മാല), അവിടെ സമർപ്പിക്കാനുള്ള നിവേദ്യം (തബുർറുക്​) എന്നിവയെല്ലാം വിൽപ്പനക്ക്​ വെച്ചിട്ടുണ്ട്​. ഭിക്ഷാടകർ കുറേയുണ്ട്​. സ്​ത്രീകളും വികലാംഗരും കുട്ടികളും വൃദ്ധരും എല്ലാമുണ്ട്​ അവരിൽ. കാശ്​ കിട്ടും വരെ അവർ നമ്മുടെ ചുറ്റും തന്നെയുണ്ടാകും.

ദർഗക്കുള്ളിലെ പൂക്കട

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്​ലിം തീർഥാടന കേന്ദ്രമാണ്​ അജ്​മീരിലെ ഖാജാ മുഇൗനുദ്ദീൻ ചിഷ്​ത്തിയുടെ ശവകുടീരം ഉൾക്കൊള്ളുന്ന അജ്​മീർ ദർഗ ശരീഫ്​. പാകിസ്​താൻ അടക്കമുള്ള രാഷ്​ട്രങ്ങളിൽനിന്നുള്ള മുസ്​ലിംകളും അല്ലാത്തവരുമായ പതിനായിരങ്ങൾ ദിവസവും ആത്​മീയ സായൂജ്യം തേടി ഇവിടെ വന്നുപോകുന്നു. ഇന്ത്യയിലെ സൂഫിധാരയിലെ ഉന്നതശ്രേണിയിലുള്ള പണ്ഡിതനും പ്രബോധകനുമായിരുന്നു ഖാജാ മുഇൗനുദ്ദീൻ ചിഷ്​ത്തി. ഉത്തരേന്ത്യയിൽ ഇസ്​ലാം മതത്തിന്​​ വലിയ പ്രചാരം നൽകിയ വ്യക്​തിത്വമായിരുന്നു അദ്ദേഹം.

ഖാജയുടെ മസാറിന്​ മുന്നിൽ ഖവാലി അവതരിപ്പിക്കുന്നവർ

ഇറാനില്‍ പഴയ ഖുറാസാനിലെ സജിസ്താനിലാണ്​ ഖാജയുടെ ജനനം. ഒമ്പതാം വയസ്സില്‍ അനാഥനായി. ഭൗതികതയോടുള്ള താല്‍പര്യം ഇല്ലാതായ അദ്ദേഹം അനന്തരമായി ലഭിച്ച സ്വത്ത് വിറ്റ് പാവങ്ങള്‍ക്ക് വിതരണം ചെയ്ത് നാടുവിട്ടു. ജീവിതത്തിലുടനീളം സാധുക്കളോട്​ അങ്ങേയറ്റം അലിവുള്ള പ്രകൃതക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ്​ 'ഗരീബ്​ നവാസ്'​ എന്ന പേരിൽ അദ്ദേഹം ഇപ്പോഴും അറിയപ്പെടുന്നത്​.
നാടുവിട്ട അദ്ദേഹം പിന്നീട്​ സമര്‍ഖന്ദിലെത്തി. അവിടെ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം നൈസാപൂരിലെ ഹര്‍വന്‍ എന്ന സ്ഥലത്ത് ഖാജാ ഉസ്മാന്‍ ഹറൂനി എന്ന പണ്ഡിത​​​​​െൻറ ശിഷ്യത്വം സ്വീകരിച്ചു സൂഫി മാര്‍ഗത്തില്‍ പ്രവേശിച്ചു. ഹറൂനി ത​​​​​െൻറ കാലത്തെ ചിഷ്​ത്തി സൂഫി ധാരയിൽപെട്ട പ്രധാന ആചാര്യനായിരുന്നു. പിന്നീട്​ ഖാജാ മുഈനുദ്ദീന്‍ ഒട്ടേറെ ഇസ്‌ലാമിക രാജ്യങ്ങളില്‍ പര്യടനം നടത്തി ഒടുവില്‍ ഇന്ത്യയിലെത്തി. അവിഭക്​ത ഇന്ത്യയില്‍ ആദ്യം താമസിച്ചത് ലാഹോറിലാണ്. പിന്നീട് മുള്‍ത്താനിലെത്തി ദീര്‍ഘകാലം അവിടെ താമസിച്ചു. നാൽപത്​ ശിഷ്യരോടൊപ്പം ദല്‍ഹി വഴി അജ്മീറിലെത്തി അവിടെ സ്ഥിര താമസമാക്കി. ​

ദർഗയിലേക്ക്​ ചാദറുമായി പോകുന്നവർ

ശൈഖ്​ ത​​​​​െൻറ അനുയായികളുമൊത്ത്​ അജ്മീറില്‍ എത്തു​േമ്പാൾ രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനായിരുന്നു അവിടെ ഭരണാധികാരി​. ഖാജയുടെ അജ്മീറിലേക്കുള്ള വരവ് ​പൃഥ്വിരാജ് ചൗഹാനെ ചൊടിപ്പിച്ചു. അദ്ദേഹത്തെ അജ്​മീറിൽനിന്ന്​ പുറത്താക്കാൻ എല്ലാ വഴിയും നോക്കി രാജാവ്​.
അതിനിടയില്‍ ഇന്ത്യയില്‍ പ്രവേശിച്ച സുല്‍ത്താന്‍ ശിഹാബുദ്ദീന്‍ ഗോറി പൃഥ്വിരാജിനെ തോല്‍പിച്ച് അദ്ദേഹത്തി​​​​​െൻറ മകനെ അജ്മീറില്‍ അധികാരത്തില്‍ വാഴിച്ചു. ചൗഹാ​​​​​െൻറ പരാജയത്തിന്​ കാരണം ഗോറിയുടെ കഴിവല്ലെന്നും ഖാജയുടെ അദ്​ഭുത സിദ്ധിയാണെന്നും അദ്ദേഹത്തി​​​​​െൻറ അനുയായികൾ ഇന്നും വിശ്വസിച്ചുപോരുന്നു. അക്കാലത്ത്​ ​​മുസ്​ലിംകൾ അല്ലാത്തവരും ഖാജയുടെ അനുയായികൾ ആയത്രെ. തൊണ്ണൂറാമത്തെ വയസ്സില്‍ 1236-ല്‍ ശൈഖ് മുഈനുദ്ദീന്‍ അജ്മീരില്‍ മരണപ്പെട്ടു. സുല്‍ത്വാനുല്‍ ഹിന്ദ്, ഗരീബ് നവാസ്, അത്വാഉര്‍റസൂല്‍, ബിള്അത്തുല്‍ ബത്വൂല്‍ തുടങ്ങിയ ഒ​േട്ടറെ അപരനാമങ്ങളിൽ ശൈഖ്​ മുഇൗനുദ്ദീൻ അറിയപ്പെടുന്നു.

ദർഗയിലെ കാഴ്​ച

മനോഹരമാണ്​ ദർഗയുടെ മുഖ്യകവാടം. 'നൈസാം ഗേറ്റ്'​ എന്ന്​ ഇത്​ അറിയപ്പെടുന്നു. ഹൈദരാബാദ്​ നൈസാം ആയിരുന്ന ഉസ്​മാൻ അലി ഖാൻ 1911 ൽ പണികഴിപ്പിച്ചതാണ്​ ഇത്​. വലിയ രീതിയിലുള്ള സുരക്ഷ സംവിധാനങ്ങളാണ്​ ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്​. കാമറയോ ബാഗോ അകത്തേക്ക്​ കടത്തില്ല. എന്നാൽ, മൊബൈലിൽ ചിത്രങ്ങൾ പകർത്താൻ​ വിലക്കില്ല. ചെരിപ്പ്​ പുറത്ത്​ സൂക്ഷിക്കണം. 2007 ഒകോടോബർ 11 ന്​ ഉണ്ടായ ബോംബ്സ്ഫോടനത്തിന്​ ശേഷമാണ്​ ഇവിടെ സുരക്ഷ കൂടുതൽ കർശനമാക്കിയത്​. ടിഫിൻ പെട്ടിയിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ ഈ സ്ഫോടനത്തിൽ അന്ന്​ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദർഗ ശരീഫിലേക്ക്​ എട്ട്​ ഗേറ്റുകൾ ഉണ്ടെങ്കിലും മൂന്നെണ്ണത്തിലൂടെ മാത്രമാണ്​ പ്രവേശനമുള്ളത്​. പേർഷ്യൻ വാസ്​തുശിൽപ്പ കലയുടെ മനോഹാരിത മുഴുവൻ നിറഞ്ഞ ഉയരേമറെയുള്ള, ബുലൻദ്​ ദർവാസ ആണ്​ മറ്റൊരു കവാടം. ഖിൽജി രാജവംശത്തി​ലെ സുൽത്താൻ ഗിയാസുദ്ദീനാണ്​ ഖാജയോടുള്ള ഭക്​തികാരണം ഇൗ കവാടം നിർമിച്ചുനൽകിയത്​. ​

ദർഗയുടെ ചുമരിൽ ചരട്​കെട്ടുന്നവർ

പനിനീർപൂക്കൾ നിരത്തിവെച്ച കടകൾ തന്നെയാണ്​ ദർഗ സമുച്ഛയത്തിനുള്ളിലും സന്ദർശകരെ സ്വീകരിക്കുക. ചാദറും ചന്ദനത്തിരിയും പേരറിയാത്ത ഒ​േട്ട​റെ സാധനങ്ങളും നിറച്ചുവെച്ചിട്ടുണ്ട്​. സമീപത്തെ കടയിൽ പുസ്​തകങ്ങളും സി.ഡികളുമാണ്​. ഉറുദുവിലുള്ള പുസ്​തകങ്ങളിൽ മിക്കതും ഖാജാ മുഇൗനുദ്ദീനെ കുറിച്ചുള്ളത്​ തന്നെ. കടകളിൽ ഖാജാ മദ്​ഹ്​ ഗാനങ്ങൾ ഉറ​ക്കെ വെച്ചിട്ടുമുണ്ട്​. ഉൾവശത്തെ കെട്ടിടങ്ങളും തറയുമെല്ലാം വെളുത്ത മാർബിളിലാണ്​. സൂര്യവെളിച്ചത്തിൽ ദർഗയുടെ മിനാരങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ട്​. കവാടം കടന്ന്​ ഉള്ളിലേക്ക്​ പ്രവേശിച്ചാൽ ആദ്യ കാഴ്​ച്ച രണ്ട്​ ഭീമൻ ചെമ്പുകളാണ്​. 'അജ്​മീർ ചെമ്പ്​' എന്ന്​ കേൾക്കാത്തവരുണ്ടാകില്ല.

പ്രാർഥിക്കുന്നവർ

കവാടത്തി​​​​​െൻറ രണ്ട്​ വശത്തായാണ്​ രണ്ട്​ വലിയ ചെമ്പുകളും^ബഡീ ദേഗും ചോട്ടീ ദേഗും. സന്ദർശകർ പണമായും ധാന്യങ്ങളായും മറ്റു വസ്​തുക്കളായും നേർച്ചകൾ ഇതിലാണ്​ സമർപ്പിക്കുന്നത്​. ലക്ഷക്കണക്കിന്​ രൂപയാണ് ദിവസവും​ നേർച്ചയായി ചെമ്പുകളിൽനിറയുന്നതത്രെ. ഭീമൻ ചെമ്പുകളിൽ ഒന്ന്​ അക്​ബർ ച​ക്രവർത്തി നൽകിയതാണ്​. അക്​ബർ ചക്രവർത്തിക്ക്​​ അജ്​മീർ ശരീഫിനോടുണ്ടായിരുന്ന അടുപ്പത്തി​​​​​െൻറ ഒാർമക്ക്​ ഷാജഹാൻ ചക്രവർത്തി നിർമിച്ച ഒരു പള്ളി ഇതോട്​ ചേർന്നുണ്ട്​^പേര്​ അക്​ബരി മസ്​ജിദ്​. ഞങ്ങളുടെ അജ്​മീർ യാത്ര മണത്തറിഞ്ഞ​ സുഹൃത്ത്​ ചെമ്പിലിടാൻ പണം തന്നയച്ചിരുന്നു. അവ​​​​​െൻറ ആഗ്രഹ സഫലീകരണത്തിനായി അത്​ ചെമ്പിലിട്ടു. ഇൗ ചെമ്പുകൾ പാചകത്തിനും ഉപയോഗിക്കുന്നു. ആയിരക്കണക്കിനാളുകൾക്കുള്ള ഭക്ഷണം ഒരു പാത്രത്തിൽ പാചകം ചെയ്യുന്നു എന്നത്​ വലിയ കൗതുകം തന്നെ. മിക്കവാറും ദർഗകളിൽ ഇങ്ങനെയൊരു സ​മ്പ്രദായമുണ്ട്​. ദർഗയിൽ വരുന്നവരും സ്​ഥിരമായി ഇവിടെ കഴിഞ്ഞുകൂടുന്നവരുമായ പാവങ്ങൾക്കും സൂഫികൾക്കുമുള്ള ഭക്ഷണമാണ്​ അതിൽ പാകം ചെയ്യുക. നമസ്​കാര ശേഷമാണ്​ ഭക്ഷണ വിതരണം.

മതമതിലുകൾക്കപ്പുറത്തെ സ്​നേഹക്കാഴ്​ചകൾ
ഇന്ത്യയുടെ ബഹുസ്വര സംസ്​കാരത്തി​​​​​െൻറ ഏറ്റവും സുന്ദര അനുഭവമാണ്​​​ അജ്​മീരിൽ നമ്മെ വരവേൽക്കുക. ജാതിയോ മതമോ ലിംഗമോ ഭാഷയോ ഇവിടെ മനുഷ്യർകിടയിൽ വേർതിരിവ്​ സൃഷ്​ടിക്കുന്നില്ല. പലപല രാജ്യക്കാർ, നാനാജാതി മതസ്​ഥർ, വിവിധ ഭാഷ സംസാരിക്കുന്നവർ, ഒരു കുട്ട പനിനീർപൂക്കളുമായി ​ഒരിടത്ത്​ ഒരുമിച്ചിരിക്കുന്നു. ഒരേ വികാരമാകും അവർ അനുഭവിക്കുന്നുണ്ടാവുക. ആരോടും പറയാൻ കഴിയാത്ത ഒരായിരം ആന്തലുകൾ പേറി വന്നരാവുമവരിൽ മിക്കവരും. ഞങ്ങളെ പോലെ കേവല സന്ദർശകാരയെത്തുന്നവരും കുറവല്ല. ഞങ്ങൾക്കൊപ്പം ആ പന്തലിൽ പ്രവേശിച്ച നാലഞ്ച്​ പേരെ കണ്ട്​ ശരിക്കും അദ്​ഭുതം തോന്നി. ട്രാൻസ്​ജൻഡർ സുഹൃത്തുക്കളാണ്​. ഹിന്ദിയാണ്​ അവർ സംസാരിക്കുന്നത്​. ഒരുപക്ഷേ, നിർഭയമായി അവർക്ക്​ വന്നിരിക്കാവുന്ന ഏക ആരാധനലയമാകും ഇത്​. ആരും അവരെ ഉറ്റുനോക്കുന്നില്ല, കൂർത്ത പരിഹാസ നോട്ടം അവർക്ക്​ നേരെ ആരും എറിയുന്നില്ല. എല്ലാവരെയും പോലെ ഭക്​തിസാന്ദ്രമാണ്​ അവരു​െടയും മുഖം. എന്തൊക്കെയോ ചൊല്ലുകയും പറയുകയും ചെയ്യുന്നുണ്ട്​.

നിലം തുടച്ച്​ വെള്ളം ശേഖരിക്കുന്ന സ്​ത്രീ

ഖാജയുടെ മസാറിന്​ മുന്നിൽ വലിയ ജനക്കൂട്ടമുണ്ട്​. മുൻവശത്ത്​ വർണപ്പന്തൽ കെട്ടിയിട്ടുണ്ട്​. അതിമനോഹരമായ ഖവാലി സംഗീതം കാതുകളെ ഉണർത്തി. ദർഗയോട്​ അഭിമുഖമായി ഇരുന്ന്​​ ഖാജയെ പുകഴ്​ത്തിപ്പാടുകയാണ്​ ആ നാടോടി ഗായകസംഘം. വേഷം കണ്ടിട്ട്​ ഉ​ത്തരേന്ത്യയിലെ ഏതോ ഉൾഗ്രാമത്തിൽനിന്നുള്ളവരാണ്​ അവർ. ചിലപ്പോൾ രാജസ്​ഥാനികൾ തന്നെയാകും. രാജസ്​ഥാനിൽ എത്രയോ പാട്ട്​ ഗ്രാമങ്ങളുണ്ട്​. പാട്ട്​ അവർക്ക്​ നേർച്ചയാണ്​. പലരും സംഗീതോപകരണങ്ങളുമായി​ കിലോമീറ്ററുകൾ കാൽനടയായി വന്നാണ്​ പാട്ട്​ നേർച്ച പൂർത്തീകരിക്കുക. അവർക്കൊപ്പം ഒരുപാട്​ പേർ ചമ്രം പടിഞ്ഞിരിക്കുന്നുണ്ട്​. ദർഗയോട്​ ചാരി, സ്​ത്രീകൾ കൂട്ടമായി ഇരിക്കുന്നു.

ദർഗയുടെ ഉൾവശം വൃത്തിയാക്കുന്നയാൾദർഗയിലേക്കുള്ള ഇടുങ്ങിയ കവാടത്തി​​​​​െൻറ രണ്ട്​ ഭാഗത്തും ഖാദിമുമാർ ഉണ്ട്​. ​ഖാദിം എന്നാൽ സേവകൻ എന്നർഥം. ഖാജാ മുഇൗനുദ്ദീ​​​​​െൻറ വംശപരമ്പരയിൽ പെട്ടവരാണ്​ ദർഗയുടെ സേവകർ. ദർഗകൾ തുറക്കുന്നതും അടക്കുന്നതും പരിപാലിക്കുന്നതും വൃത്തിയാക്കുന്നതും സന്ദർശകർക്ക്​ വേണ്ടി പ്രാർഥിക്കുന്നതും എല്ലാം അവരാണ്​. ഞങ്ങളെ ഹോട്ടലിൽനിന്ന്​ കൂട്ടിയ ചെറുപ്പക്കാരനും ഖാദിമാണെന്നാണ്​ അവകാശപ്പെട്ടത്​. ഖാദിമുമാരുടെ സേവനം വെറുതെയല്ലന്ന്​ മാത്രം. കാശ്​ ചോദിച്ച്​ വാങ്ങുന്നുണ്ട്​ അവർ. ഒന്നും രണ്ടും പേരല്ല. ശൈഖി​​​​​െൻറ മഖ്​ബറയുടെ ചുറ്റുമായി പത്ത്​ പതിനഞ്ച്​ പേരുണ്ട്​. ദർഗയിലും പരിസരത്തുമായി നൂറിലധികം പേർ. മയിൽപീലികൊണ്ടുള്ള വിശറികൊണ്ട്​ ചിലർ നമ്മുടെ തലയിൽ വീശ​ുന്നു. തലയിൽ വെള്ളം കുടയാൻ മറ്റു ചിലർ. ഭക്​തരുടെ ​ആവശ്യങ്ങൾ കേൾക്കാനും അവർക്ക്​ വേണ്ടി​ പ്രാർഥിക്കാനും മറ്റു ചിലർ. അവരുടെ ഏക വരുമാനമാണിത്​. ഖാദിമുമാരുടെ വീടുകൾ മഖാമി​​​​​െൻറ പിറകുവശത്തുള്ള മലയോരത്താണ്​. മഖാമിൽനിന്ന്​ കാണാം അവ. നൂറു കണക്കിന്​ കുടുംബങ്ങൾ ഇൗ പുണ്യസ്​ഥലത്തെ ആശ്രയിച്ച്​ ജീവിക്കുന്നു. ദർഗയുടെ ഉൾവശം ശീതീകരിച്ചതാണ്​. റോസാപ്പൂവി​​​​​െൻറയും ചന്ദനത്തിരികളുടെയും ഗന്ധം മൂക്കിലേക്ക്​ തുളച്ച്​കയറുന്നുണ്ട്​. പൂക്കൾ കൊണ്ട്​ വന്നവർക്ക്​ ശവകുടീരത്തിൽ അത്​ വർഷിക്കാം. ഖാജയുടെ ഖബറിടത്തിന്​ മുകളിൽ റോസാപൂക്കൾ നിറഞ്ഞിരിക്കുന്നു. ചന്ദനത്തിരിയും മറ്റു നിവേദ്യങ്ങളും ( നസർ ഒാ നിയാസ്​ ) ഖാദിമുമാർ ഏറ്റുവങ്ങും. ഒാരോന്നിനും പ്രത്യേകം പണം ആവശ്യപ്പെടുന്നുണ്ട്​ അവർ. ചില്ലറ നോട്ടുകൾ കയ്യിൽ കരുതിയില്ലെങ്കിൽ​ പെട്ടത്​ തന്നെ. ഇത്തരം ചടങ്ങുകളിലും ഒട്ടും വിശ്വാസമില്ലാത്തവരിൽ പോലും അഭൗമമായ ഒരു അവസ്​ഥ ഇൗ അന്തരീക്ഷം സൃഷ്​ടിക്ക​ുമെന്നുറപ്പ്​.

മറ്റൊരു വഴിയിലൂടെയാണ്​ പുറത്തേക്കിറങ്ങുക. പുറത്തും തിരക്കിനൊട്ടും കുറവില്ല. ഒരുപാട്​ പേർ കിടന്നും മസാറി​​​​​െൻറ ചുമരിനോട്​ തലചേർത്തും പ്രാർഥനയിൽ മുഴുകിയിരിക്കുന്നു. ചിലർ സ്രാഷ്​ടാംഗം ചെയ്യുന്നുമുണ്ട്​. അവിടെയും സ്​ത്രീകളാണ്​ കൂടുതൽ. കരച്ചിലും ഉച്ചത്തിലുള്ള ഖാജാ വിളികളും മുഴങ്ങുന്നുണ്ട്​. തമിഴും ഉറുദുവും കന്നടയും കേട്ടാൽ തിരിയാത്ത ഒരു പാട്​ ഭാഷകളും. അവരുടെ നെഞ്ച്​പൊട്ടിയുള്ള വിളികൾ കാതിൽവന്നുംപോയും കൊണ്ടിരുന്നു. ദർഗയുടെ കമ്പിമതിലിൽ തൂക്കിയിട്ട ധാരാളം കടലാസു കഷ്​ണങ്ങൾ കണ്ടു. ഉറുദുവിലും ഹിന്ദിയിലും എന്തൊക്കെയോ എഴുതിയിട്ടിരിക്കുന്നു. വിശ്വാസികൾ ഖാജക്ക്​ മുമ്പിൽ സമർപ്പിക്കുന്ന സങ്കട ഹരജികളാണ്​ അവയെല്ലാം...

മസാറി​ലേക്ക്​ വേറെയും വഴികളുണ്ട്​. തെക്ക്​ ഭാഗത്തായുള്ള കവാടത്തിലൂടെയാണ്​ ഖബർ പുതപ്പിക്കാനുള്ള ചാദർ ​െകാണ്ട്​ പോകുന്നത്​. അഞ്ചോ പത്തോ പേർ പുതപ്പ്​ ഉയർത്തിപിടിച്ച്​, അതി​​​​​െൻറ തണലിൽനിന്ന്​, എന്തൊക്കെയോ ചൊല്ലി മസാറി​​​​​െൻറ ഉള്ളിലേക്ക്​​ വേഗത്തിൽ നടന്നുപോകുന്നത്​ നല്ല കാഴ്​ചയാണ്​. പാക്​ പ്രധാനമന്ത്രിയായിരിക്കെ, ഒരിക്കൽ നാവാസ്​ ഷരീഫിന്​ വേണ്ടി ഖാജയുടെ മഖ്​ബറയി​ൽ ചാദറുമായെത്തിയത്​ കേന്ദ്രമ​ന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വിയായിരുന്നു. എല്ലാ വർഷവും നടക്കാറുള്ള അജ്​മീർ ഉറൂസിന്​ പ്രധാനമന്ത്രി അടക്കമുള്ളവർ ചാദർ അയക്കാറുണ്ട്​.
ദർഗയുടെ ചുവരുകളിൽ പ്രാർഥിച്ച്​ കെട്ടാനുള്ള ചരട്​ 10 രൂപ കൊടുത്താൽ കിട്ടും. വേണമെങ്കിൽ ഖാദിമുമാർ മന്ത്രിച്ച്​ ഉൗതി ഇവ തിരിച്ചുതരികയും ചെയ്യും. പിന്നീട്​ സ്​ഥിരമായി കയ്യിൽ കെട്ടുകയുമാവാം.

പ്രാർഥിച്ച്​ കൊടുക്കുന്ന ഖാദിം

ദർഗയുടെ കഴിക്ക്​ ഭാഗത്താണ്​ ആൾതിരക്ക്​ കൂടുതൽ. ഇവിടെയുമുണ്ട്​ ഖവാലി ഗായകർ. മൈക്കൊന്നുമില്ലാത്തതിനാൽ ഉച്ചത്തിലാണ്​ അവർ പാടുന്നത്​. നേരത്തെ കേട്ടതിനേക്കാൾ മനോഹരമാണ്​ ഇക്കൂട്ടരുടെ സംഗീതം. പാട്ടിൽ ലയിച്ച്​, അവരിലൊരാളായി കുറേനേരം ഇരുന്നു. മറ്റൊരു ഗായകസംഘം ഉൗഴം കാത്തിരിപ്പുണ്ട്​ ഒരു തണൽമരച്ചോട്ടിൽ. ഒരു പാട്​ ഖബറിടങ്ങളുണ്ട്​ ഇൗ ദർഗയിൽ. ഖാജാ മുഇൗനുദ്ദീൻ ചിഷ്​ത്തിയുടെ ഖബറിനോട്​ ചേർന്ന്​ തന്നെ ശൈഖി​​​​​െൻറ മകളുടെ ഖബറുമുണ്ട്​. അദ്ദേഹത്തി​​​​​െൻറ കുടുംബാംഗങ്ങളുടെയും മറ്റും ഖബറുകൾ ദർഗയുടെ പല ഭാഗത്തായുണ്ട്​. എല്ലായിടത്തും ഖാദിമുമാരും ഉണ്ട്​. ഇടക്കിടെ ഒറ്റ മുറികൾ കാണാം. ഒരോന്നിനും നമ്പറിട്ട്​ വെച്ചിട്ടുണ്ട്​. ഒരോ മുറികളുടെയും ചുമരിൽ ഉടമസ്​ഥരുടെ പേര്​ എഴുതിവെച്ചിരിക്കുന്നു.

ദർഗയിലെ പ്രധാന പള്ളി അതിമനോഹരമാണ്​. അഞ്ച്​ നേരവും സംഘമായി ഇവിടെ നമസ്​കാരം നടക്കുന്നു. ശീഇൗ ധാരയോടാണ്​​ അജ്​മീർ ദർഗയിലെ ആചാരങ്ങൾ ചേർന്ന്​ നിൽക്കുന്നത്​ എങ്കിലും സുന്നി രീതിപ്രകാരമുള്ള നമസ്​കാരം തന്നെയാണ്​ ഇവിടെ നടന്നത്​. വൈകീട്ട്​ മഗ്​രിബ്​ നമസ്​കാരത്തിന്​ മുമ്പ്​ റോഷ്​നി എന്ന പേരിൽ പ്രത്യേക ചടങ്ങുണ്ട്​. പേർഷ്യൻ ഭാഷയിലുള്ള പ്രത്യേക മന്ത്രങ്ങൾ ഇൗ സമയത്ത്​ ഉരുവിടും. ഇതോടെ ദർഗയും പരിസരവും പ്രകാശപൂരിതമാകും. അറബി മാസങ്ങളായ മുഹർറത്തിലും റബീഉൽ അവ്വലിലും ഇവിടെ ഒ​േട്ടറെ ചടങ്ങുകൾ ഉണ്ട്​. പ്രവാചകൻ മുഹമ്മദ്​ ജനിച്ച മാസം എന്നതാണ്​ റബീഉൽ അവ്വലി​​​​​െൻറ പ്രത്യേകത. മുഹർറത്തി​​​​​െൻറ പ്രാധാന്യം കർബല യുദ്ധം നടന്ന മാസം എന്നതാണ്​. പ്രവാചകൻ മുഹമ്മദി​​​​​െൻറ പൗത്രൻ ഹുസൈൻ രക്​തസാക്ഷിയാകുന്നത്​ കർബല യുദ്ധത്തിലാണ്​. ലോകമെമ്പാടുമുള്ള ഷീഇകൾ മുഹർറം പത്ത്​ വരെ വ്യത്യസ്​ത ചടങ്ങുകൾ നടത്താറുണ്ട്​. അജ്​മീറിൽ മുഹർറം അഞ്ച്​ മുതൽ പത്ത്​ വരെ ഒാരോ ദിവസവും വൈവിധ്യമാർന്ന ചടങ്ങുകൾ നടക്കുന്നു. നാലാം ഖലീഫ അലിയുടെയും പുത്രൻ ഹുസൈ​​​​​െൻറയും പേരിലുള്ള ഒ​േട്ടറെ ചടങ്ങുകൾ ആ ദിവസങ്ങളിൽ അജ്​മീറിൽ നടക്കും. ഇറാഖിലൊക്കെ നടക്കാറുള്ളത്​ പോലുള്ള സ്വയം പീഡ ആചാരങ്ങളും ഇവിടെ നടക്കാറുണ്ട്​.

ദർഗ​ക്ക്​ സമീപത്തെ മലയാളത്തിൽ ബോർഡ്​ എഴുതിയ ഹോട്ടൽ

പള്ളിയുടെ ഹൗളി​​​​​െൻറ പിറകിൽ ഒഴിഞ്ഞ വിശാലമായ ഇടമാണ്​. ഇ​തിനോട്​ ചേർന്ന്​ വലിയ കുളവും കൊടിമരവുമുണ്ട്​. കുളം ഉ​പയോഗ ശൂന്യമാണെന്ന്​ തോന്നുന്നു. ഇൗ ഭാഗത്ത്​ ഒരു സ്​ത്രീ നിലത്ത്​ ഉരുളുന്നത്​ കണ്ടു. പൊട്ടിക്കരഞ്ഞുകൊണ്ടാണ്​ അവർ ഉരുളുന്നത്​. പൊരിവെയിലാണ്​. തൊണ്ടപൊട്ടുമാറുച്ചത്തിൽ ' ഖാജാ , ഖാജാ' എന്ന്​ അവർ വിളിച്ചുപറയുന്നു. ആരുടെയും ഉള്ളുലക്കുന്ന കാഴ്​ച. എന്തായിരിക്കും അവരുടെ വിഷമം? അവരുടെ ഉറ്റവരായ ആർക്കെങ്കിലും മാരക രോഗം ബാധിച്ചതാകുമോ​? പോറ്റി വളർത്തിയ മകനെയോ മകളേയോ നഷ്​ടപ്പെട്ടതാകുമോ? പ്രതിതമ​​​​​െൻറ തിരിച്ചുവരവിനായിരിക്ക​ുമോ?

കൊടിമരത്തോട്​ ചേർന്ന ഭാഗത്ത്​​ മറ്റൊരു സ്​ത്രീ നിലം തുടക്കുകയും ആ വെള്ളം ഒരു ബക്കറ്റിലേക്ക്​ ശേഖരിക്കുകയും ചെയ്യുന്നുണ്ട്​. അവരും കണ്ണീരണിഞ്ഞിട്ടുണ്ട്​. ഖാജയുടെ പാദസ്​പർശമേറ്റ നിലം തുടച്ച വെള്ളത്തിന്​ പുണ്യമുണ്ട്​ എന്ന്​ അവർ വിശ്വസിക്കുന്നുണ്ടാകും.
എത്ര വിചിത്രമായ ആചാരങ്ങൾ എന്ന്​ പെട്ടന്ന് ഒറ്റക്കാഴ്​ചയിൽ തോന്നാമെങ്കിലും ആ മനുഷ്യരുടെ നിഷ്​കളങ്ക ഭാവം നമ്മെ തളർത്തിക്കളയും. എന്ത്​ സാന്ത്വനമായിരിക്കും അവരുടെ പ്രിയപ്പെട്ട ഖാജ അവർക്ക്​ നൽകുന്നുണ്ടാവുക? ഏത്​ യുക്​തിവെച്ചാണ്​ ഇൗ സാധുമനുഷ്യരുടെ വിശ്വാസത്തെ നമ്മൾ അളക്കുക? നിരന്തരം ചിന്താകുഴപ്പത്തിലാക്കുകയായിരുന്നു അജ്​മീർ ശരീഫിൽ കണ്ട ഒരോ മനുഷ്യരും.

ദർഗയുടെ ആളനക്കമില്ലാത്ത മൂലകളിൽ എങ്ങോ​േട്ടാ നോക്കിയിരിക്കുന്ന ഒറ്റ മനുഷ്യരെ കണ്ടു. ഏകാന്തതയുടെ സ്വർഗത്തിൽ, സർവതന്ത്ര സ്വതന്ത്രരായി ഇരിപ്പുറപ്പിച്ചവർ. ഇൗ പാട്ടും ബഹളവും മന്ത്രോച്ചാരണങ്ങളുമൊന്നും അവരെ ബാധിക്കുന്നേയില്ല. മശാഇഖിനോടുള്ള അനുരാഗത്തിൽ സ്വയം അലിഞ്ഞലിഞ്ഞില്ലാതാവുകയാണ്​ അവർ. ഏതോ നാട്ടിൽനിന്ന്​, സർവതും പരിത്യജിച്ച്​ വന്ന സൂഫികളായിരിക്കാം. ജീവിതത്തി​​​​​െൻറ കുടുസ്സുകളിൽനിന്ന്​ ഒളിച്ചോടിപ്പോന്നവരും ഉണ്ടാകും അവരിൽ.

ഖാജാ മുഇൗനുദ്ദീ​ൻ ഷിഷ്​ത്തിയുടെ ഖബറിടം സ്​ഥിതിചെയ്യുന്ന ദർഗ

രണ്ട്​ തരക്കാരെയാണ്​​ അജ്​മീറിൽ കണ്ടത്​. ഒന്ന്​ ഞങ്ങളെ പോലുള്ള യാത്രികർ. ഒരു ടൂറിസ്​റ്റ്​ കേന്ദ്രം കാണുന്ന കൗതുകത്തോടെയാകും ഒാരോ സ്​ഥലവും ചുറ്റിക്കാണുക. എന്നാൽ, അജ്​മീരിലെത്തുന്ന മഹാഭൂരിപക്ഷവും തീർഥാടകർ ആണ്​. കേരളത്തിൽനിന്ന്​ അടക്കം നൂറുകണക്കിനാളുകൾ ദിനേന അജ്​മീറിൽ സിയാറത്തിന്​​ (തീർഥാടനം) എത്തുന്നു. ദർഗയിലെ പലയിടത്തുമുള്ള ഭണ്ഡാരപ്പെട്ടികളിൽ മലയാളത്തിലുള്ള എഴുത്തുകൾ കാണാം. അക്​ബരി മസ്​ജിദിനോട്​ ചാരിയുള്ള ചെറിയ ഗലിയിൽ മലയാളത്തിൽ ബോർഡ്​ എഴുതിയ ഹോട്ടലുമുണ്ട്​. ധാരാളം മലയാളികൾ പല ജോലികളുമായി ഇവിടെ കഴിയുന്നുമുണ്ട്​.

ദർഗക്ക്​ അഭിമുഖമായി സ്​റ്റേജ്​ പോലുള്ള ഒരിടമുണ്ട്​. ഇവിടെ വെറുതെ ഇരുന്ന്​ കൊടുത്താൽ മതി. ഖവാലിയുടെ മാധുര്യത്തിനൊപ്പം വിശ്വാസത്തി​​​​​െൻറ പലതരം കാഴ്​ചകൾ ഒരുമിച്ച്​ കാണാം. ചാദറുമായി ദർഗയിലേക്ക്​ അതിവേഗം മുന്നേറുന്നവർ, ദർഗയുടെ ചുമരിൽ ദീർഘനേരം തലചായ്​ച്ചിരിക്കുന്നവർ, ​തുകൽ സഞ്ചിയിൽ 'പുണ്യജല'വുമായി നടന്നുനീങ്ങുന്നവർ...

ഞങ്ങളുടെ സംസാരം കേട്ടിട്ടാവണം​ ഒരാൾ അടുത്ത്​വന്നിരുന്നു. മലയാളിയാണ്​. നീളൻ കുപ്പായവും കള്ളിമുണ്ടുമാണ്​ വേഷം. അയാൾ ഞങ്ങളെ ഒാരോരുത്തരെയും പരിചയപ്പെട്ടു. തിരിച്ച്​ പേര്​ ചോദിച്ചപ്പോൾ മുഹമ്മദ്​ എന്ന്​ പറഞ്ഞു. വളാഞ്ചേരിയാണ്​ സ്വദേശം. എന്ന്​ മടങ്ങുമെന്നായിരുന്നു അയാളുടെ ആദ്യ ചോദ്യം. വൈകീട്ട്​ എന്ന്​​ മറുപടി പറഞ്ഞതോടെ അയാൾ ചിരിച്ചു. ''ഖാജ വിചാരിച്ചാലേ നിങ്ങൾ ഇന്ന്​ പോകൂ. ചിലപ്പോൾ ഇന്നും നാളെയും നിങ്ങൾ ഇവിടെ തന്നെ കഴിയും. അത്​ ചി​ലപ്പോൾ മാസങ്ങൾ തുടരും.'' അയാൾ പറഞ്ഞു.
ചിരിയാണ്​ ആദ്യം വന്നതെങ്കിലും, അതിലെ കൗതുകം ശരിക്കും ആസ്വദിച്ചു. '' ഖാജ വിളിച്ചിട്ടാണ്​ നിങ്ങൾ ഇവിടെ വന്നത്​, ഖാജയുടെ വിളി കിട്ടാതെ ഒരാളും ഇവിടെ വരില്ല.''

ദർഗക്ക്​ സമീപത്തെ ഗലി

അയാളുടെ വർത്തമാനം കേട്ടിട്ട്​ വളാഞ്ചേരിക്കാരൻ ​​ആണെന്ന്​ തോന്നിയില്ല. കണ്ണൂർ ശൈലിയിലാണ്​ സംസാരം. ഇവിടെ വന്നിട്ട്​ രണ്ട്​ മാസമായത്രെ. ഖാജ പോകാൻ സമ്മതിക്കാത്തത്​ കൊണ്ടാണ്​ ഇവിടെ തന്നെ തുടരുന്നത്​. മൊത്തത്തിൽ ഒരു പന്തികേട്​ തോന്നിയെങ്കിലും അയാളെ ഞങ്ങൾ വിട്ടില്ല.
ഇതൊക്കെ വിശ്വസിക്കേണ്ടതി​​​​​െൻറ പ്രാധാന്യമായി പിന്നെ സംസാര വിഷയം. കൂട്ടത്തിൽ ശൈഖിനെ കുറിച്ച കുറേ കഥകളും അയാൾ പറഞ്ഞു തുടങ്ങി. പ്രവാചകൻ മുഹമ്മദ്​ സ്വപ്​നത്തിൽ വന്ന്​ കൽപ്പിച്ചത്​ പ്രകാരമാണത്രെ ശൈഖ്​ മുഇൗനുദ്ദീൻ ഇന്ത്യയിലേക്ക്​ പുറപ്പെട്ടത്​. ഭൂമിയിൽ എന്ത്​ തീരുമാനമെടുക്കു​േമ്പാഴും ദൈവം ഖാജയുടെ ഉപദേശം തേടുമത്രെ. അജ്​മീറിലെത്തിയ ശൈഖിനെ പിന്തിരിപ്പിക്കാൻ പൃ​ഥ്വിരാജ്​ ചൗഹാൻ പാമ്പുകളെയും തേളുകളെയും അയച്ചത്​, അവ ശൈഖിനെ പേടിച്ച്​ പിന്തിരിഞ്ഞത്​... അങ്ങനെ രസകരമായ ഒരുപാട്​ കഥകളിലേക്ക്​ ആ മനുഷ്യൻ ഞങ്ങളെ കൂട്ടിക്കൊണ്ട്​പോയി.
കൗതുകകരമായ ഒരു കഥ ഇങ്ങനെ.

അജ്​മീർ നഗരത്തിലെ ഏറ്റവും സുന്ദരകാഴ്​ചയാണ്​ അനാസാഗര്‍ തടാകം. ഖാജ ത​​​​​െൻറ അനുയായികൾക്കൊപ്പം അജ്​മീരിലെത്തിയപ്പോൾ ഇൗ തടാകക്കരയിലാണത്രെ​ ആദ്യം തങ്ങിയത്​. തടാകത്തിൽനിന്ന്​ വെള്ളമെടക്കുന്നതിന് പൃഥ്വിരാജ്​ ചൗഹാ​​​​​െൻറ സൈന്യം, ഖാജാ തങ്ങള്‍ക്കും അനുയായികള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇതറിഞ്ഞ ഖാജാ തങ്ങള്‍ ഒരു കപ്പ് വെള്ളമെടുക്കാനുള്ള അനുമതി തേടി, വെള്ളമെടുക്കാന്‍ ആളെ പറഞ്ഞയച്ചു. അതില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്തതോടെ അനാസാഗര്‍ വറ്റി വരണ്ടു. മാത്രമല്ല, സമീപ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും വറ്റിത്തീർന്നു. രാജ്യം വലിയ ജലക്ഷാമം നേരിട്ടതോടെ രാജാവും സൈന്യവും ഭയചകിതരായി. വെള്ളം മുടക്കിയവര്‍ തന്നെ മാപ്പപേക്ഷിച്ചു. തുടര്‍ന്ന് കപ്പിലെ വെള്ളം തടാകത്തില്‍ ഒഴിച്ചു. അനാസാഗര്‍ പൂര്‍വ സ്ഥിതി പ്രാപിച്ചു.

ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഇത​ുപോലുള്ള ധാരാളം കഥകള്‍ നിലവിലുണ്ട്​. നമ്മുടെ നാട്ടിലും അവക്ക്​ വലിയ പ്രചാരമുണ്ട്​. അവയിൽ മിക്കവാറും കഥകൾ സാങ്കൽപികവും ചിലതെല്ലാം വസ്​തുതകളുമാണ്​. പോപ്പുലർ കൾച്ചറി​​​​​െൻറ ഭാഗമായി വരുന്ന മഹാൻമാരെ കുറിച്ചെല്ലാം ഇമ്മാതിരി കഥകൾ ​പ്രവഹിക്കുക സ്വാഭാവികമാണ്​. ഇക്കഥകളൊന്നും ഞങ്ങൾക്ക്​ വിശ്വാസമായില്ലെന്ന്​ തോന്നിയത്​ കൊണ്ടാവണം, ഇതൊക്കെ വിശ്വസിക്കേണ്ടതി​​​​​െൻറ പ്രാധാന്യത്തെ കുറിച്ച്​ പിന്നെയും പിന്നെയും അയാൾ പറഞ്ഞുകൊണ്ടിരുന്നു. ദർഗയിലെ ഒരോ കർമങ്ങളുടെയും പ്രാധാന്യവും ഒാരേ സ്​ഥലങ്ങളുടെയും പവിത്രതയും ഞങ്ങൾക്ക്​ വിശദീകരിച്ച്​ തന്നു.

''ദുഹർ നമസ്​കാര ശേഷം ഭക്ഷണ വിതരണമുണ്ട്​. പുറത്ത്​ നിന്ന്​ കഴിക്കരുത്​, ഇവിടെനിന്ന്​ പുണ്യമുള്ള ഭക്ഷണം കഴിച്ചേ പോകാവൂ'' അയാൾ നിർദേശിച്ചു. എന്നാൽ, അങ്ങനെയാവ​െട്ട എന്ന്​ ഞങ്ങൾ. പള്ളിയുടെ മിനാരങ്ങളിൽനിന്ന്​ മനോഹരശബ്​ദത്തിൽ ബാ​െങ്കാലി ഉയർന്നു. പുരുഷൻമാരുടെ കൂടെ തന്നെയാണ്​ സ്​ത്രീകളും നമസ്​കരിക്കുന്നത്​. നാല്​ പള്ളികൾ ഉണ്ട്​ ഇവിടെ. അതിൽ ഏറ്റവും വലുത്​ ഷാജഹാൻ മസ്​ജിദ്​ ആണ്​. മുഗൾ വാസ്​തു ശിൽപവിദ്യയിൽ, പൂർണമായും വെള്ള മാർബിളിലാണ്​ ഇൗ പള്ളി നിർമിച്ചത്​. ഷാജഹാൻ ചക്രവർത്തിയാണ്​ ഇത്​ നിർമിച്ചത്​. വെള്ളിയാഴ്​ച ജുമുഅ നമസ്​കാര സമയത്ത്​ വെടി മുഴക്കുന്ന ആചാരം ഇവിടെയുണ്ട്​. ജുമുഅ ഖുത്തുബ തുടങ്ങുന്നതിന്​ അഞ്ച്​ മിനുറ്റ്​ മുമ്പ്​ ഒന്ന്​. ഖുതുബ തുടങ്ങു​േമ്പാൾ പിന്നെയും ഒന്ന്​. നമസ്​കാരം തുടങ്ങു​േമ്പാൾ വേറൊന്ന്​. കഴിഞ്ഞാൽ അവസാനത്തേതും.

അക്​ബരി മസ്​ജിദ്, സൻദലി മസ്​ജിദ്​, ഒൗലിയ മസ്​ജിദ്​ എന്നിവയാണ്​ മറ്റു പള്ളികൾ. മുഗൾ രാജവംശത്തിന്​ അജ്​മീറുമായി ഉറ്റ ബന്ധമുണ്ടായിരുന്നു. അക്​ബറും ഷാജഹാനും ജഹാംഗീറുമെല്ലാം ദർഗയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ചവരായിരുന്നു. ഇവിടെയുള്ള പല നിർമിതികളും മുഗൾ രാജവംശത്തി​​​​​െൻറ സംഭാവനകളാണ്​.
നമസ്​കാരശേഷം ഭക്ഷണത്തിനായുള്ള വരി തുടങ്ങി. സാമാന്യം വലിയ വരിയാണ്​. നാല്​ പേർക്ക്​ ഒരു വലിയ പാത്രമാണ്​. അതിൽനിന്ന്​ ഒരുമിച്ചാണ്​ കഴിക്കേണ്ടത്​. ഖാദിമുമാർ വന്ന്​ ചോറ്​ വിളമ്പി. ഉരുളക്കിഴങ്ങ്​ ​കഷ്​ണങ്ങൾ ചേർത്ത​ മഞ്ഞ നിറത്തിലുള്ള ഒരു തരം ചോറാണ്​ വിളമ്പിയത്​. വലിയ രുചിയൊന്നുമില്ലെങ്കിലും അത്​ കഴിച്ചു. ഒഴിഞ്ഞ ഒരു മരച്ചുവട്ടിൽ അൽപം വിശ്രമിച്ച ശേഷം മടങ്ങാനുള്ള ഒരുക്കത്തിലായി ഞങ്ങൾ. ''ഇന്നിവിടെ നിന്ന്​ നാളെ പോകാം'' എന്ന്​ അയാൾ വീണ്ടും പറഞ്ഞു.

തുകൽ സഞ്ചിയിൽ സൂക്ഷിച്ച തീർത്ഥജലം വിൽക്കുന്നയാൾ

ദർഗ ഏറ്റവും ഭക്​തിസാന്ദ്രമാകുന്നത്​ രാത്രിയിലാണ്​. വർണവിളക്കുകളാൽ ദർഗയും പരിസരവും വെട്ടിത്തിളങ്ങും അന്നേരം. ഖവാലി ഗായകർ തീർക്കുന്ന സൂഫി സംഗീതത്തി​​​​​െൻറ മാസ്​മരികത യഥാർഥത്തിൽ അനുഭവവേദ്യമാകുക അപ്പോഴാണ്​. ഞങ്ങൾ പോയതി​​​​​െൻറ അടുത്തയാഴ്​ച അജ്​മീർ ഉറൂസ്​ ആണ്​. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആത്​മീയ ഉത്സവങ്ങളിലൊന്ന്​. ലക്ഷക്കണക്കിന്​ മനുഷ്യർ അന്ന്​ ഇവിടെയെത്തും. ഭക്​തിയുടെ അങ്ങേയറ്റം കൗതുകമുള്ള കാഴ്​ചകളുടെ മഹാസമ്മേളനം കൂടിയാണ്​ അജ്​മീർ ഉറൂസ്​. ഖാജയെ കാണാൻ ഇനിയൊരു വരവുണ്ടേൽ ഉറൂസിനാകണമെന്ന്​ അന്നേരം മനസ്സിലുറപ്പിച്ചു.

പുഷ്​കർ ഒട്ടക സവാരിക്കിടെ യാത്രസംഘം

മനുഷ്യരുടെ വിശ്വാസത്തെ കുറിച്ച പല മുൻധാരണകളെയും പൊളിച്ചുകളയുകയായിരുന്നു ഗരീബ്​ നവാസി​​​​​െൻറ സന്നിധിയിലെ ആ ദിനം. ഇനി യാത്ര പുഷ്​കറിലേക്കാണ്​. അജ്​മീറിലേക്കുള്ള പനിനീർപൂക്കളെല്ലാം കൃഷിചെയ്​തെടുക്കുന്നത്​ പുഷ്​കറിലാണ്​. അജ്​മീറിൽനിന്ന്​ 15 കിലോമീറ്റർ ദൂരമുണ്ട്​ ​അങ്ങോട്ട്​. പുഷ്​കർ തടാകവും ഒരു പുണ്യസ്​ഥലമാണ്​. ഥാർ മരുഭൂമിയുടെ ഒരു ഭാഗം ഇവിടെ കാണാം. മരുഭൂമിയിലൂടെയുള്ള ഒട്ടകസവാരിയാണ്​ ഇവിടത്തെ പ്രധാന ആകർഷണം.
ഇനി അയാൾ പറഞ്ഞ പോലെ ഖാജ ഇന്ന്​ ഞങ്ങളെ വിടാതിരിക്കുമോ? പോയാൽ തന്നെ ലക്ഷ്യ സ്​ഥാനത്ത്​ എത്താതിരിക്കുമോ? സംശയങ്ങൾ ഒരുപാട്​ ബാക്കിയാക്കി ഞങ്ങൾ ഖാജയോട്​ സലാം ചൊല്ലി.
അസ്സലാമു അലൈക യാ ഗരീബ്​ നവാസ്​​!

Show Full Article
TAGS:Ajmer Sharif Dargah pilgrimage rajasthan travelogue 
Next Story