കിഷ്കിന്ധയിലെ സിറുത്തൈകൾ

  • ഹനുമാൻ ജനിച്ച ഇടം എന്നു വിശ്വസിക്കുന്ന ആഞ്ജനേയാദ്രിബേട്ടയിലേക്കൊരു തീർഥയാത്ര...

ശൈലൻ
16:51 PM
22/02/2019
575 ചവിട്ടുപടികൾ കടന്നുവേണം ആഞ്ജനേയാദ്രിബേട്ടയുടെ മുകളിലെത്താൻ...

കിഷ്കിന്ധയിലെ ആഞ്ജനേയാദ്രിബേട്ടയുടെ മുകളിലേക്ക് 575 ചവിട്ടുപടികൾ കുത്തനെ കേറിചെല്ലുമ്പോഴേക്കും സൂര്യാസ്തമയം  കഴിഞ്ഞു. കിഷ്കിന്ധ എന്നാൽ പുരാണങ്ങളിൽ പറയുന്ന വാനരസാമ്രാജ്യമാണ്.. നോർത്ത് ഈസ്റ്റ് കർണാടകയിലെ കോപ്പൽ ജില്ലയിൽ ആണ് അലഞ്ഞു തിരിഞ്ഞ ഒരു യാത്രക്കിടയിൽ അത് കണ്ടെത്തിയത്. ബാലിയും സുഗ്രീവനും രുമയും രാമനും മറ്റുമായി ബന്ധപ്പെട്ട കഥകൾക്ക് ഇവിടെ പഞ്ഞമില്ല. ഋഷ്യമൂകാചലവും അനഗുന്തിയുമൊക്കെ കണ്ടാണ് വരുന്നത്..

ഹനുമാൻ ജനിച്ച ഇടം എന്നതാണ് ആഞ്ജനേയാദ്രിബേട്ടയുടെ ഐതിഹ്യം. അതിനാൽ തന്നെ ഭക്തർകളുടെ തിരക്കും കൂടുതലാണ്.. തെന്നിന്ത്യയിൽ നിന്ന് മാത്രമല്ല മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിൽ നിന്നുമൊക്കെയുള്ള യാത്രികർ ഉണ്ട്.. രണ്ടുപേർക്ക് കഷ്ടിച്ച് ഇടപഴകാവുന്ന പടവുകളിൽ നിന്ന്​ സൂര്യാസ്​തമയവും കണ്ട് തിരിച്ചുപോരുന്നവരുടെ ബഹളം കൂടി ആയപ്പോഴേക്കും എന്‍െറ കയറ്റം പിന്നെയും പതുക്കെ ആവുകയായിരുന്നു.  

ആഞ്ജനേയാദ്രിബേട്ടയുടെ മുകളിൽ സന്ധ്യാ നേരത്ത്​
 

മലമുകളിൽ ഇപ്പോൾ അമ്പലത്തിലെ സ്റ്റാഫ് ആയ രണ്ടുമൂന്നുപേർ മാത്രേ ഉള്ളൂ.. ഇരുട്ടുവീണിട്ടും ക്യാമറയിൽ മുഖം കാണുന്നുണ്ട്. പ്രകൃതിയുടെ കളി.
ദൂരെക്കാണും  താഴ്വരയിലുള്ള വൈദ്യുതപുഷ്പങ്ങൾ മോഹനം..  അതിനപ്പുറം ഏതോ മല കത്തുന്നു..

കുറച്ച് നേരം കൂടി അവിടിരുന്നു... നേർത്ത ഇരുട്ട് അസാമാന്യമായ അനുഭവം.. അഭൗമമെന്നും പറയാം...
മലകേറുമ്പോൾ വഴികളിലും പാറകളിലും  മരങ്ങളിലും ഉടനീളം  കച്ചറ കൂട്ടി അലമ്പിയിരുന്ന വാനരപ്പടയെ ഇപ്പോൾ കാണാനില്ല.. പതിനഞ്ച് മിനിറ്റ് മുമ്പ്​  വരെ പട്ടികളെപ്പോലെ കുരച്ച് ചാടി മിമിക്രി കാട്ടി അനുഗമിച്ചിരുന്നവയിൽ  ഒന്നിനെപ്പോലും ഇപ്പോൾ കേൾക്കാനില്ല.
സമ്പൂർണനിശബ്ദം...

ആഞ്ജനേയാദ്രിബേട്ടയുടെ മുകളിലെ കുരങ്ങുകൾ
 

അമ്പലം ചാരിയിരിക്കുന്ന ദ്രാവിഡനോട് കാര്യം തിരക്കി, ചോദിക്കുന്ന ഭാഷയൊന്നും മനസിലാവാത്തതോണ്ടാവും അവൻ ഒന്നും മിണ്ടുന്നില്ല.. പിന്നെയും പിന്നെയും ഭാഷ മാറ്റി മാറ്റി ചോദിച്ചപ്പോൾ സ്വൈരം കേട്ട് അവൻ പറഞ്ഞൊപ്പിച്ചു,
‘സന്ധ്യ മയങ്ങിയാൽ പുലി ഇറങ്ങും..’
അത് മണത്തറിഞ്ഞ്  നൈസായി സ്‌കൂട്ടാവുന്നതാണ് മങ്കീസ്.  വാനാരസാമ്രാജ്യമാണ് ഇതെന്നൊന്നും പുലിയോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ...
ആഹാ..

ആഞ്ജനേയാദ്രിബേട്ടയുടെ മുകളിലെ ഹനുമാൻ ക്ഷേത്രം...
 

545 സ്റ്റെപ്പുകൾ താഴേയ്ക്ക് ഇറ‌ങ്ങേണ്ടകാര്യം അപ്പോഴാ ഞാനും ഓർത്തത്..  സ്റ്റെപ്പുകൾ മാത്രമായുള്ള ഇറക്കമല്ല.. ഇടയ്ക്ക് സ്ലോപ്പുകളും ഉണ്ട്..
താഴേക്ക് നോക്കുമ്പോൾ കേറിയ വഴികളിൽ ഒന്നും ഒരു വെളിച്ചവും കാണുന്നില്ല... ഇരുട്ടത്ത് തപ്പിയിറങ്ങണം..
‘നിങ്ങൾ പോരാനായോ...?’
‘ഏയ്.. ഏഴരയ്ക്ക് അമ്പലമടച്ചാൽ ഇവിടെ നിൽക്കുകയാ പതിവ്...’

അത് നന്നായി.. ഇനിയിപ്പോ ഒറ്റയ്ക്ക് തന്നെ വേണം...
‘പുലി ഉണ്ടാവുമെന്ന് പറയണതല്ലാതെ നിങ്ങൾ കണ്ടിട്ടൊന്നുമില്ലല്ലോ..?’
‘ഹഹഹ.. അതല്ലേ ഭായി ഞങ്ങൾ പോവാത്തത്. അതല്ലേ.. ഇവിടെ ഇങ്ങനെ കട്ടിയുള്ള കമ്പിവല ഇട്ടിരിക്കുന്നത്.. പിന്നെ ഇന്നത്തെ പേപ്പർ കണ്ടില്ലാരുന്നോ..?’

പോരുന്ന വഴിയിൽ രണ്ട് ഭാഗവും ഇങ്ങനെ കട്ടിയുള്ള കമ്പി മതിൽ ഇട്ടതെന്തിനാവാമെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായി..
പക്ഷേ, കഴിയുന്നത്ര സ്ഥലത്തേ കമ്പിവല ഉള്ളൂ മുഴുവൻ ഭാഗത്തുമില്ല.. പ്രത്യേകിച്ച് സ്റെപ്പുകളില്ലാത്ത ഭാഗങ്ങളിൽ...
അതുംപറഞ്ഞ് ഇറങ്ങാതിരിക്കാൻ രക്ഷയില്ലല്ലോ.. മൊബൈൽ തെളിയിച്ചു..
അപ്പോൾ അടുത്ത ഉപദേശം..
‘ലൈറ്റ് അണയ്ക്കുകയാവും ബുദ്ധി...’
അടിപൊളി..!

അങ്ങനെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും ശാന്തവുമായ ഒരു മലയിറക്കം നടന്നു.. പേടിയുണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ ആരും വിശ്വസിക്കാൻ സാധ്യതയില്ല... പക്ഷേ പേടിക്കുപരിയായായി കൗതുകമായിരുന്നു എന്നതാണ് സത്യം .. ഒരു വിളിപ്പാടകലെ അവൻ ഉണ്ടാവാമെന്ന ത്രില്ല്.. (നക്ഷത്രപ്രകാരം എന്റെ മൃഗം പുലി ആണ്.. അതുകൊണ്ടോ എന്തോ ഈ കാറ്റഗറിയിൽ പെട്ട ജന്തുക്കളോട് എന്നും ഒരുതരം ആദരവുള്ള കൗതുകമാണ്..)

നേരേ മറിച്ച് പാറക്കെട്ടുകൾക്കിടയിൽ പുലികളെക്കാൾ സുലഭമായ പാമ്പുവകകളിൽ ഏറ്റവും ഊറ്റം കുറഞ്ഞ ഒന്നെങ്കിലും വഴിയിലോ മേലോ ചാടിയിരുന്നെങ്കിൽ പേടിച്ച് വെരകി എന്താവുമായിരുന്നു എന്നത് പ്രവചനാതീതം..
അത്ര മികച്ചതാണ് ആ വിഭാഗത്തോടുള്ള സമീപനം.

പുലിയെ പിടികൂടിയെന്ന പത്രവാർത്ത കണ്ടപ്പോൾ ഉള്ളൊന്നു കിടുങ്ങിയ പോലെ
 

താഴെയെത്തി പേപ്പർ അന്വേഷിച്ചു..
കേട്ടുനിൽക്കുന്നവർക്കും കുസൃതി..
‘ദൊഡ്ഡയല്ല, അണ്ണാ സിർത്തൈ... നായ്, പസു, ആട്... എല്ലാനേം കൊണ്ടുപോകും...’

പുള്ളിപ്പുലി എന്നാൽ യവമ്മാർക്ക് ഇത്രയും കേവലമായി പോയല്ലോ..
സിർത്തയാണത്രെ സിർത്തൈ..

പത്രത്തിൽ കണ്ടു, തലേന്ന് വന്ന് കൂട്ടിലായ യമണ്ടകൻ ഒരുവനെ..
എന്നിട്ടും പാവങ്ങളായ ഈ നാട്ടുകാർ വിശ്വസിക്കുന്നു.. സിർത്തൈ മൻസനെ ഏമാട്രദ് യില്ലേ...
വിശ്വാസം അതാണല്ലോ...

Loading...
COMMENTS