Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
palakkayam thattu
cancel
camera_alt

പാലക്കയം തട്ട്​

Homechevron_rightTravelchevron_rightNaturechevron_rightകുന്നോളം കുളിരുള്ള...

കുന്നോളം കുളിരുള്ള പാലക്കയം തട്ടിൽ

text_fields
bookmark_border

നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി മിക്കവരും പോകാൻ ആഗ്രഹിക്കുന്നത്​ ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്കായിരിക്കും. പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ കഴിയുന്ന നിരവധി ഇടങ്ങൾ ദൈവത്തി​െൻറ സ്വന്തം ​നാടായ മലയാളക്കരയിലുണ്ട്​. അത്തരമൊരു സ്വർഗഭൂമിയാണ്​​ കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട്.

സമുദ്രനിരപ്പിൽനിന്ന് 3500ലധികം അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന കുന്നോളം കുളിരേകുന്ന നാട്​. പണ്ട് മലമുകളിൽ പാലമരം ഉണ്ടായിരുന്നു. അതിനാൽ പാലക്കായ് മരം തട്ട് എന്നാണ് വിളിച്ചിരുന്നത്. ഇതാണ് പിന്നീട് ലോപിച്ച്​ പാലക്കയം തട്ടായതത്രെ. കണ്ണൂരി​െൻറ ഉൗട്ടിയെന്നാണ്​ ഇൗ നാടി​െൻറ അപരനാമം.

മലമുകളിലെ കുളിര്​ തേടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികൾ വൻതോതിൽ എത്തുന്നു

നാല്​-അഞ്ച്​ വർഷം മുമ്പുവരെ കണ്ണൂർ ജില്ലയിലുള്ളവർക്കിടയിൽപോലും അധികമറിയപ്പെടാതിരുന്ന സ്ഥലമായിരുന്നു പാലക്കയം തട്ട്. എന്നാൽ, മലയിലെ വിനോദസഞ്ചാര സാധ്യതകൾ കണ്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതോടെ സ്ഥിതിമാറി. മലമുകളിലെ കുളിര്​ തേടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികൾ വൻതോതിൽ എത്തിത്തുടങ്ങി.

തുടർച്ചയായി സമൂഹ മാധ്യമങ്ങളിൽ വരുന്ന സെൽഫികൾ, കുറിപ്പുകൾ എന്നിവയെല്ലാം പാലക്കയം തട്ടിനെ ഒരു ന്യൂജെൻ ടൂറിസ്​റ്റ്​ സ്‌പോട്ടാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. അപ്പോൾ മുതല്‍ എന്തോ ഒരു കൗതുകം കൂടെയുണ്ട്. ഇതുവരെ പാലക്കയം കണ്ടില്ലേ? എന്ന ചോദ്യം പലരിൽനിന്നും കേൾക്കേണ്ടി വന്നിട്ടുമുണ്ടായിരുന്നു. പ്രവാസ ജീവിതത്തിനിടയിലെ അവധിക്ക്​ നാട്ടിലെത്തുമ്പോഴൊക്കെ പാലക്കയം തട്ടില്‍ പോകണമെന്ന് കരുതും. പക്ഷെ, അതൊരു സ്വപ്​നമായി അവശേഷിച്ചു.

കൈമോശം വന്ന ഗ്രാമീണ കാഴ്​ചകൾ തിരിച്ചുകിട്ടിയ അനുഭവമായിരിക്കും ഈ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുക

പുലർകാല ബൈക്ക്​ യാത്ര

അങ്ങനെയാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ നാട്ടിൽ വന്നപ്പോൾ അടുത്ത സുഹൃത്തുക്കളെയും കൂട്ടി പാലക്കയത്തേക്ക് തിരിക്കുന്നത്. കൂട്ടുകാരെല്ലാം നേരത്തെതന്നെ അവിടം സന്ദർശിച്ചിരുന്നു. പുലർച്ചെ അഞ്ചിന്​ തന്നെ മൂന്ന് ബൈക്കുകളിലായി ഞങ്ങൾ ആറുപേരും പുറപ്പെട്ടു. പാലക്കയത്ത് നിന്നുള്ള സൂര്യോദയ കാഴ്​ച തന്നെയായിരുന്നു അതി​െൻറ ഉദ്ദേശ്യം.

തളിപ്പറമ്പും ചപ്പാരപ്പടവും പിന്നിട്ട്, ജില്ലയുടെ കിഴക്കന്‍ മലഞ്ചെരിവിലൂടെയാണ് യാത്ര. അതിരാവിലെ ആയതിനാൽ തണുപ്പ്​ അടിച്ചുകയറുന്നു. കുവൈത്തിലെ അതിശൈത്യം കഴിഞ്ഞ് നാട്ടിൽ വന്നതിനാൽ എനിക്കത് വലിയൊരു ബുദ്ധിമുട്ടായി തോന്നിയില്ല. റോഡെല്ലാം വിജനം​.

ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ പാലക്കയം തട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്

ഒരു മണിക്കൂറോളം സഞ്ചരിച്ച് ചെറിയ കവല കണ്ടപ്പോൾ ബൈക്ക് നിർത്തി. അവിടെയുള്ള കടയിൽ കയറി എല്ലാവരും ഒരോ ചായ കുടിച്ചു. ചൂട് ചായ അകത്തേക്ക് കയറിയതോടെ തണുത്ത് വിറച്ച ശരീരങ്ങൾക്ക്​ വീണ്ടും ഉന്മേഷം കൈവരിച്ചു.

മുന്നോട്ടുപോകുമ്പോൾ വഴിയോരത്തു വരിയായി നിർത്തിയിട്ട ജീപ്പുകൾ കാണാൻ തുടങ്ങി. സഞ്ചാരികൾ വർധിച്ചതോടെ ജീവിത മാർഗം തെളിഞ്ഞ ജീപ്പ് ഡ്രൈവർമാരാണ് പാലക്കയം തട്ടിലേക്കുള്ള വഴികാട്ടികൾ. ബൈക്കിൽ തന്നെയാണ്​​ ഞങ്ങൾ മുകളിലേക്ക്​ കയറുന്നത്​.

മലമുകളിൽ പ്രകൃതി ഒരുക്കിവെച്ച മനോഹര ദൃശ്യങ്ങളാണ് കാത്തിരിക്കുന്നത്​

കൈമോശം വന്ന ഗ്രാമീണ കാഴ്​ചകൾ തിരിച്ചുകിട്ടിയ അനുഭവമായിരിക്കും അവിടേക്കുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുക. ഓഫ് റോഡിലൂടെ 15 മിനിറ്റ്​ കൊണ്ട്​ പാലക്കയത്തെത്തി. ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകൾ കണ്ട് മലമുകളിലെത്തിയപ്പോൾ പ്രകൃതി ഒരുക്കിവെച്ച മനോഹര ദൃശ്യങ്ങളാണ് കാത്തിരുന്നത്​​.

പാലക്കയം തട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചെക്പോസ്​റ്റിൽ​ ടിക്കറ്റ് കൗണ്ടറുണ്ട്​. രാവിലെ ആറ് മുതൽ രാത്രി ഒമ്പത്​ വരെയാണ് പ്രവേശന സമയം. ടിക്കറ്റ് കൗണ്ടറിനടുത്ത് പോയി. ഒരാൾക്ക് 30 രൂപയാണ്​ ഫീസ്. രാവിലെ ആയതിനാൽ ആളുകൾ വന്ന്​ തുടങ്ങുന്നതേയുള്ളൂ.

ചതുരാകൃതിയിൽ തീർത്ത ഫ്രെയിമുകൾ

ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ പാലക്കയം തട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മറ്റൊരു സഞ്ചാര കേന്ദ്രമായ പൈതൽമലയിൽനിന്നും 15 കിലോമീറ്ററുണ്ട്​ ഇവിടേക്ക്​. പാലക്കയത്തി​െൻറ നെറുകയില്‍ നിന്നാൽ പൈതൽ മല കാണാം. ഇവിടെ ചതുരാകൃതിയിൽ സിമൻറിൽ തീർത്ത രണ്ടു ഫ്രെയിമുകളുണ്ട്​. അതിന് മുകളിൽ നിന്നുള്ള കാഴ്​ച നമ്മെ മറ്റൊരു ലോകത്തെത്തിക്കും.

ഒരു വശത്ത് പൈതൽ മല, മറുഭാഗത്ത് വളപട്ടണം പുഴ, അതിനരികിൽ കുടകി​െൻറ വനസമൃദ്ധി, ആകാശച്ചെരിവുവരെ പരന്നുകിടക്കുന്ന താഴ്‌വാരക്കാഴ്ച‌കൾ... എല്ലാവരും നഗ്​നനേത്രങ്ങൾ കൊണ്ടും​ കാമറ ലെൻസുകൾ കൊണ്ടും ഈ മായാക്കാഴ്​ചകൾ പകർത്താൻ തുടങ്ങി.

ആകാശച്ചെരിവുവരെ പരന്നുകിടക്കുന്ന താഴ്‌വാരങ്ങളുടെ കാഴ്​ച ഇവിടെനിന്ന്​ ആസ്വദിക്കാം

ഉദയശോഭയിൽ

ഉദയ‐അസ്തമയക്കാഴ്​ചയാണ് ഇവിടുത്തെ മറ്റൊരാകർഷണം. സൂര്യോദയത്തി​െൻറയും അസ്തമയത്തി​െൻറയും കാഴ്ചകൾ ആരെയും അതിശയിപ്പിക്കും. സദാസമയവും വീശിയടിക്കുന്ന നനുത്ത കാറ്റും മൂടൽമഞ്ഞും നൂൽപോലെ പെയ്യുന്ന മഴയുമെല്ലാം ഒരുമിക്കുന്ന മായാലോകം. അതിനിടയിൽ സൂര്യൻ ഉദിച്ചുയരുന്നത്​ കാണാൻ പ്രത്യേക ചേല്​ തന്നെ. സൂര്യോദയം അതി​െൻറ പരമോന്നത ഭംഗിയിൽ തന്നെ ആസ്വദിക്കണമെങ്കിൽ മല കയറി ഇങ്ങോട്ട്​ പോന്നോളൂ.

വൈകുന്നേരമാകുന്നതോടെ പ്രകൃതി അണിഞ്ഞൊരുങ്ങി സുവർണ ശോഭയിൽ കൂടുതൽ സുന്ദരിയായി മാറും. സൂര്യൻ കൈക്കുമ്പിളിൽ വന്നസ്‌തമിക്കുന്ന പ്രതീതി. ഇരുട്ടു പരക്കുമ്പോൾ അടുത്തുള്ള ചെറുപട്ടണങ്ങളിലെ വൈദ്യുത വെളിച്ചവും വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള വെളിച്ചവും താഴ്‌വരയെ ദീപക്കടലാക്കി മാറ്റും.

സൂര്യോദയത്തി​െൻറയും അസ്തമയത്തി​െൻറയും കാഴ്ചകൾ ആരെയും അതിശയിപ്പിക്കും

കണ്ണൂരിലെ കോട്ടയം

മധ്യകേരളത്തിൽനിന്ന്​ കുടിയേറിയ കർഷകർ നട്ടുവളർത്തുന്ന റബർ, കൊക്കോ മരങ്ങളുടെ നിരയാണ് പാലക്കയം തട്ടി​െൻറ അടിവാരം. പരിസരത്തെ താമസക്കാരേറെയും കോട്ടയം ജില്ലക്കാരായതിനാൽ കോട്ടയം തട്ട് എന്നാണ് താഴ്‍വാരത്തി​െൻറ വിളിപ്പേര്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട്. തട്ടിലേക്ക് കയറുന്ന വഴിയരികിലാണ്​ ഏവരെയും ആകർഷിക്കുന്ന ജാനകിപ്പാറ വെള്ളച്ചാട്ടം​.

ചരിത്ര പ്രസിദ്ധമായ അയ്യന്മട ഗുഹയിൽനിന്ന്​ ഒന്നര കിലോമീറ്റർ മാറിയാണ്​ ഇൗ വെള്ളച്ചാട്ടം. വളരെ ഉയരത്തിൽനിന്ന്​ താഴേക്ക് പതിക്കുന്ന കാഴ്ച മനസ്സിനെയും ഫ്രെയിമുകളെയും ഒരുപോലെ നിറക്കുന്നതാണ്​. ജില്ലയിലെ മറ്റു വെള്ളച്ചാട്ടങ്ങളിൽനിന്നും വ്യത്യസ്തമായി ഇതി​െൻറ മുകളിൽ പോകാൻ സാധിക്കും. അടുത്തുനിന്നുള്ള കാഴ്ച കഴിഞ്ഞാൽ, തിരിച്ചുവരുമ്പോൾ മണ്ഡലം-പുലിക്കുരുമ്പ റോഡിൽ നിന്നുള്ള വെള്ളച്ചാട്ടത്തി​െൻറ വിദൂര ദൃശ്യവും കണ്ടിരിക്കേണ്ടതുതന്നെ.

പരിസരത്തെ താമസക്കാരേറെയും കോട്ടയം ജില്ലക്കാരായതിനാൽ കോട്ടയം തട്ട് എന്നാണ് താഴ്‍വാരത്തി​െൻറ വിളിപ്പേര്

200 മീറ്റർ നീളമേറിയതും സ്വാഭാവികമായി പരിണമിച്ചതുമായ ഗുഹയാണ് അയ്യൻമട. നൂറ്റാണ്ടുകൾക്ക് മുമ്പ് ബുദ്ധസന്യാസി ഇവിടെ ധ്യാനമിരുന്നതായി വിശ്വാസമുണ്ട്​. അപൂർവ ജൈവ വൈവിധ്യത്തി​െൻറ സംഭരണശാല കൂടിയാണ് ഈ അത്ഭുത ഗുഹ.

കാട്ടിലെ കരിംപാലർ

പാലക്കയം തട്ടി​െൻറ താഴ്‌വാരത്ത് കരിംപാലർ എന്ന വിഭാഗത്തിൽപ്പെട്ട ആദിവാസി സമൂഹം വസിക്കുന്നുണ്ട്. പുറത്തുനിന്നുള്ള മനുഷ്യ​െൻറ പാദസ്‌പർശമോ നിഴലോ പതിയാത്ത അതിനിഗൂഢവും പരിപാവനവുമായ കാടാണ്​ ഇവിടം. പണ്ട് പുറംലോകവുമായി ബന്ധമില്ലാത്ത ഇവർ മറ്റ് ആദിവാസി കേന്ദ്രങ്ങളിലേക്ക് പോയിരുന്നത്​ പാലക്കയം തട്ടിന് മുകളിൽ കൂടിയായിരുന്നു. അങ്ങനെയൊരു നിഗൂഢമായ പാരമ്പര്യത്തിൽ നിന്നുമാണ് ഇന്ന്​ കാണുന്ന വിനോദസഞ്ചാരത്തി​െൻറ പൊലിമയിലേക്ക് പാലക്കയം തട്ട് രൂപാന്തരപ്പെട്ടത്.

പാലക്കയം തട്ടിലെ രാത്രി കാഴ്​ച

വെട്ടി ഒതുക്കിയ കൽപടവുകൾ ഇറങ്ങി പാലക്കയത്തി​െൻറ തെക്കു ഭാഗത്തേക്ക്​ പോയാൽ ടെൻറ്​ ക്യാമ്പുകളാണ്. മുള്ളുവേലി കെട്ടി സുരക്ഷിതമാക്കിയ നിരപ്പായ സ്ഥലത്ത് സിമ​ൻറ്​ തറയുണ്ടാക്കി അതിന്​ മുകളിലാണ് ടെൻറുകൾ സ്ഥാപിച്ചിട്ടുള്ളത്. അസ്തമയ സൂര്യനെയും കണ്ട് ഏറെ വൈകിയാണ് മലയിറങ്ങുന്നതെങ്കിൽ മലയുടെ അടിവാരത്ത് താമസിക്കാൻ റിസോർട്ടുകൾ ലഭ്യമാണ്. പ​െക്ഷ, നേരത്തേ ബുക്ക് ചെയ്യണമെന്നുമാത്രം. ഭക്ഷണവും അവിടെ ലഭ്യമാണ്​.

മലമുകളിൽ ചായയും വെള്ളവും ലഭിക്കുന്ന ഒരു ചെറിയ കട മാത്രമാണുള്ളത്. രാവിലെ ഒരു ചായ മാത്രം കുടിച്ചതിനാൽ തന്നെ എല്ലാവർക്കും നല്ല വിശപ്പുണ്ടായിരിന്നു. മലമുകളിൽ നല്ലൊരു ഭക്ഷണശാലയില്ലാത്തത്​ കുറവായി തോന്നി. തിരിച്ചുപോകും വഴി ഭക്ഷണം കഴിക്കാമെന്ന് തീരുമാനിച്ച് നല്ലൊരു ദിനം സമ്മാനിച്ച പാലക്കയത്തോട് യാത്രയും പറഞ്ഞ് പതുക്കെ മലയിറങ്ങി.

നനുത്ത കാറ്റും മൂടൽമഞ്ഞും നൂൽപോലെ പെയ്യുന്ന മഴയുമെല്ലാം ഒരുമിക്കുന്ന മായാലോകമാണിത്​

എത്തിച്ചേരാന്‍

കണ്ണൂരിൽനിന്ന്​ 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ട മലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയം തട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെനിന്ന്​ മലയിലേക്ക് ജീപ്പ് ലഭിക്കും. ഒരുവിധം എല്ലാ ഇടത്തരം-ചെറുവാഹനങ്ങളും പാലക്കയം വരെ എത്തും.

പാലക്കയം തട്ടിലെ വിവിധ വിനോദങ്ങൾ

തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽനിന്നും പാലക്കയം തട്ടിലേക്ക് ടാക്‌സി ജീപ്പ് സർവിസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.


ലേഖകനും സുഹൃത്തുക്കളും പാലക്കയം തട്ടിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelkannurpalakkayam thattuhillstation
News Summary - palakkayam thattu is one of the beautiful place in kannur
Next Story