ഒാർമകളുടെ ചൂളംവിളി

  • ഷൊർണൂർ-നിലമ്പൂർ പാതയില്‍ ഒരു മഴക്കാലത്ത്​

nilambur-train1
ഇന്ത്യയിലെ ഏറ്റവും മനോഹരമായ റൂട്ടുകളിലൊന്നാണ്​ നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍പാത (ചിത്രം: മുസ്​തഫ അബൂബക്കർ)

ഇന്ത്യയിലെ ഏറ്റവും മനോഹരമായ റൂട്ടുകളിലൊന്നാണ്​ നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍പാത. വിദേശികളടക്കമുള്ളവര്‍ വിനോദ സഞ്ചാരത്തിന്​ ഈ പാത തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. ലോകപ്രശസ്തിയാര്‍ജിച്ച തേക്കുകളുടെ നാടായ നിലമ്പൂരിലേക്കുള്ള ഏക റെയില്‍ പാതയാണിത്. പാതക്കിരുവശവും തേക്കും പൂമരങ്ങളാലും സമ്പന്നമാണ്. ഗ്രാമീണ ഭംഗി തുളുമ്പുന്ന കൊച്ചു റെയില്‍വേ സ്​റ്റേഷനുകളും പാതയോരങ്ങളും യാത്രക്കാര്‍ക്ക് നല്‍കുന്ന അനുഭൂതി ചെറുതല്ല. 

ലോക്ഡൗണ്‍ കാരണം ആളനക്കമില്ലാതായ മേലാറ്റൂര്‍ റെയില്‍വേ സ്​റ്റേഷനില്‍ ഗുല്‍മോഹര്‍ പൂക്കള്‍ വീണുകിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേലാറ്റൂര്‍ പുത്തന്‍കുളം സ്വദേശി സയ്യിദ് ആഷിഫ് പകര്‍ത്തിയ ചിത്രങ്ങള്‍ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ അടക്കം പങ്കുവെച്ചു​. വിദേശത്തുനിന്ന് ലീവില്‍ നാട്ടിലെത്തിയ ഒരു മഴക്കാലത്ത് നയനമനോഹരമായ റെയില്‍പാതയിലൂടെ സഞ്ചരിച്ചതി​​​​​െൻറ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയാണ് പ്രവാസിയും സഞ്ചാരിയുമായ പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഷബീര്‍ ഷാനി പുക്കൂത്ത്...

യാത്രകള്‍ എന്നും ഹരമാണെനിക്ക്. അനേകം നാടുകളില്‍ കാഴ്ചകള്‍ തേടി അലഞ്ഞിട്ടുണ്ട്. എത്ര ദൂരേക്ക് സഞ്ചരിച്ചാലും നാടി​​​​​െൻറ കാഴ്ചകള്‍ ഗൃഹാതുരമായ ഓര്‍മകള്‍ കൂടിയാണ്. വീടിന് സമീപത്തുകൂടി കടന്നുപോകുന്ന നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാതയിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയൊന്നും മറ്റേതൊരു വിനോദസഞ്ചാര കേന്ദ്രവും നല്‍കിയിട്ടില്ല. വിദേശത്ത്​ ജോലികിട്ടി പോകുന്നതിന് മുമ്പ് തൃശൂരിലേക്ക് ദിവസേന ഈ പാതയിലൂടെ യാത്ര ചെയ്ത ഓര്‍മകളുണ്ട്​. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള ഈ യാത്ര ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്ക്​ കൂടിയാണ്. 

nilambur-train2
പാതക്കിരുവശവും തേക്കും പൂമരങ്ങളാലും സമ്പന്നമാണ് 
 

കാര്‍മേഘങ്ങൾ മൂടിക്കെട്ടിയ ഒരു പ്രഭാതത്തില്‍ ഷൊർണൂരിൽനിന്നാണ്​​ യാത്രയുടെ തുടക്കം. എത്ര കണ്ടാലും മതിവരാത്ത ദൃശ്യങ്ങൾ കാണാൻ ജനൽവാതിലിന്​​ അരികിൽ തന്നെ ഇടംപിടിച്ചു. വെറും 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയാണിത്. 20 രൂപ മുടക്കിയാല്‍ ഒന്നര മണിക്കൂര്‍ മനോഹര കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം. പഴയ രണ്ട് നാട്ടുരാജ്യങ്ങളുടെ സംസ്കാരത്തെയും പച്ചപ്പിനെയും സമന്വയിപ്പിച്ച് ട്രെയിന്‍ ചൂളം വിളിച്ച്​ പാഞ്ഞുതുടങ്ങി. 

ഒരുപാട് ചരിത്രങ്ങള്‍ പറയാനുണ്ട് ഈ പാതക്ക്. ദക്ഷിണ റെയില്‍വേയുടെ ഭാഗമായ പാലക്കാട് ഡിവിഷനില്‍പെട്ട അതിസുന്ദരമായ ഈ ​ബ്രോഡ്ഗേജ് പാത നിര്‍മിച്ചത് 1927ല്‍ ബ്രിട്ടീഷുകാരാണ്. നിലമ്പൂർ കാടുകളിലെ തേക്കും ഇൗട്ടിയുമെല്ലാം കടത്താനാണ്​ അവർ ഇൗ പാത നിർമിച്ചത്​. രണ്ടാം ലോക മഹായുദ്ധക്കാലത്ത്​ ഏക്കർകണക്കിന്​ മരങ്ങൾ ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടുപോയി​. പിന്നീട്​ യുദ്ധത്തിന്​ ഇരുമ്പ്​ ആവശ്യം വന്നപ്പോൾ പാളം തന്നെ മുറിച്ചുകൊണ്ടുപോയി. സ്വാതന്ത്ര്യത്തിനുശേഷം 1954ലാണ് ഇതുവഴി​ ഗതാഗതം പുനഃസ്​ഥാപിക്കുന്നത്​. ഇന്ന് നിലമ്പൂര്‍-തിരുവനന്തപുരം എക്സ്പ്രസ് രാജ്യറാണിയുള്‍പ്പെടെ 14 സർവിസാണ് ഈ ഒറ്റവരി പാതയിലൂടെ കൂകിപ്പായുന്നത്. 

nilambur-train8
ഗ്രാമീണ ഭംഗി തുളുമ്പുന്ന കൊച്ചു റെയില്‍വേ സ്​റ്റേഷനുകൾ യാത്രക്കാര്‍ക്ക് നല്‍കുന്ന അനുഭൂതി ചെറുതല്ല
 

കൊങ്കണ്‍ ഭാഗത്തേക്ക്​ പോകുന്ന പാതയിലൂടെ ഏകദേശം ഒരു മൈല്‍ പിന്നിട്ടതോടെ തേക്ക് മരങ്ങള്‍ക്കിടയിലൂടെ വണ്ടി പച്ചപ്പിലേക്ക് ഊളിയിട്ടു. സംസ്കാരത്തി​​​​​െൻറ കളിത്തൊട്ടിലായ വള്ളുവനാടി​​​​​െൻറ മണ്ണില്‍നിന്ന്​ ചരിത്രമുറങ്ങുന്ന ഏറനാട്ടിലേക്കുള്ള പാത ഇവിടെ തുടങ്ങുന്നു. വള്ളുവനാടി​​​​​െൻറയും ഏറനാടി​​​​​െൻറയും കൃഷിയും ഗ്രാമീണ ജീവിതവും മാത്രമല്ല, അതി​​​​​െൻറ ജീവനാഡികളായ പുഴകളെയും പരിചയപ്പെടാം സഹ്യ​​​​​െൻറ മടിത്തട്ടില്‍ ചെന്നവസാനിക്കുന്ന ഈ ഗ്രാമീണ പാതയിൽ. 

ഷൊർണൂർ കഴിഞ്ഞാൽ ആദ്യമെത്തുക വാടാനാംകുര്‍ശ്ശി സ്​റ്റേഷനാണ്​. പട്ടാമ്പി-പാലക്കാട് റോഡിനോട് ചേര്‍ന്ന പാലക്കാടന്‍ ഗ്രാമത്തിലെ കൊച്ചുസ്​റ്റേഷനില്‍ കുറച്ചാളുകള്‍ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. ഇവിടം വിട്ടാല്‍ പിന്നെ കേരളത്തി​​​​​െൻറ നെല്ലറയായ പാലക്കാടി​​​​​െൻറ ഗ്രാമഭംഗിയാണ്. നോക്കെത്താദൂരം പരന്നുകിടക്കുന്ന നെല്‍വയലുകള്‍ക്ക് നടുവിലൂടെ കുഞ്ഞുതോടുകള്‍, കര്‍ഷകര്‍, മറ്റു കൃഷിയിടങ്ങള്‍. സ്കൂളില്‍ പഠിച്ച ‘നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’ എന്ന വരികള്‍ ഓര്‍ത്തുപോയി. വണ്ടിയുടെ സ്പീഡ് കുറഞ്ഞുവന്നു. അടുത്ത സ്​റ്റേഷന്‍ എത്താറായി.

nilambur-train9
നോ​െക്കത്താദൂരം പരന്നുകിടക്കുന്ന നെല്‍വയലുകള്‍ക്ക് നടുവിലെ കുഞ്ഞുതോടുകളും കര്‍ഷകരും, ഫോ​ട്ടോ: വി.കെ. ഷമീം.
 

ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച വല്ലപ്പുഴ സ്​റ്റേഷന്‍ കാഴ്ചയിലേക്ക് കയറിവന്നു. സമൃദ്ധമായ നെല്‍പാടങ്ങള്‍ക്ക് നടുവിലായി പട്ടാമ്പി-ചെര്‍പ്പുളശ്ശേരി റോഡില്‍നിന്ന് അല്‍പം മാറിയുള്ള ഈ സ്​റ്റേഷനെത്തുമ്പോള്‍ മാഞ്ഞുപോകാത്ത വള്ളുവനാടന്‍ കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചകള്‍ കാണാം. വണ്ടി വീണ്ടും നീങ്ങിതുടങ്ങി. തേക്കുമരങ്ങള്‍ പതിയെ പതിയെ പിറകിലേക്ക് ഓടിമറയുന്നു. പച്ചപ്പാര്‍ന്ന നെല്‍വയലുകള്‍ പിന്നിട്ട്​ കുതിക്കുന്ന വണ്ടിയില്‍നിന്ന് കാണാം വള്ളുവനാടന്‍ വീടുകളിലെ കുടുംബ കാവുകളും വയലുകൾക്ക്​ നടുവിലായി കുളങ്ങളോട് ചേര്‍ന്ന നമസ്കാര പള്ളികളുമൊക്കെ. 

വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ജനങ്ങള്‍ പങ്കുവെക്കുന്ന സൗഹൃദ വലയത്തി​​​​​െൻറ കാഴ്ചകള്‍ കാണാം ഈ ഗ്രാമപ്രദേശങ്ങളില്‍. വള്ളുവനാട്ടില്‍ ജനിച്ചുവളര്‍ന്ന ഞാനിപ്പോഴും ആസ്വദിക്കുന്നത് മനുഷ്യര്‍ പരസ്പരം സ്നേഹിക്കുന്ന വള്ളുവനാട്-ഏറനാട് സംസ്കാരമാണ്. രസകരമായ കാഴ്ചകള്‍ കണ്ടിരിക്കുമ്പോള്‍ അടുത്ത സ്​റ്റേഷനായ കുലുക്കല്ലൂരെത്തി. തീര്‍ത്തും ഉള്‍ഗ്രാമത്തിലാണ് സ്​റ്റേഷന്‍. ബസ് റൂട്ട് കുറവായ ഈ നാട്ടുകാര്‍ക്ക് പ്രധാന ആശ്രയം ട്രെയിനാണ്. പഴയ പ്രതാപം വിളിച്ചോതുന്ന മൂന്ന്​ തട്ടുള്ള ഓടിട്ട വീടുകളും അതിനിടയില്‍ വയലിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന കൊച്ചുവീടുകളും. ചാണകം മെഴുകിയ മുറ്റങ്ങള്‍ പറയുന്നത് കൂട്ടായ്മയുടെ വിജയങ്ങള്‍ കൂടിയാണ്.

nilmabur-train-4
അങ്ങാടിപ്പുറം റെയിൽവേ സ്​റ്റേഷന്​ സമീപം 93 വർഷങ്ങൾക്ക്​ മുമ്പ്​ ബ്രിട്ടീഷുകാർ നിർമിച്ച അഞ്ചുകണ്ണി പാലം
 

കുലുക്കല്ലൂര്‍ കഴിയുന്നതോടെ വയലേലകളില്‍ ജലസമൃദ്ധിയായി. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിര് പങ്കിടുന്ന കുന്തിപ്പുഴ മുറിച്ചുകടന്നു. നിശ്ശബ്​ദ താഴ്വരയില്‍ നിന്നൊഴുകുന്ന ഈ നദി ഭാരതപ്പുഴയുടെ പ്രധാന പോഷകനദി കൂടിയാണ്. എ​​​​​െൻറ ജീവിതത്തി​​​​​െൻറ കൂടി ഭാഗമായിരുന്ന ഈ പുഴ സമ്മാനിച്ച ഓര്‍മകള്‍ മായുന്നതല്ല. കുന്തിപ്പുഴ ഉല്‍ഭവിക്കുന്ന പ്രദേശത്തുവരെ പോയി കണ്ടിട്ടുമുണ്ട്.

കുന്തിയെ പിന്നിലാക്കി നീലവണ്ടി കുതിച്ചുപായുമ്പോള്‍ വേഗത കുറയാന്‍ ആഗ്രഹിച്ചുപോകും. കാരണം ലോകത്താദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്​റ്റ്​ ചരിത്ര പുരുഷനായ ഇ.എം.എസി​​​​​െൻറ ജന്മനാടായ ഏലംകുളം ഗ്രാമത്തിലൂടെയാണ് യാത്ര. ചരിത്ര പുരുഷന് ജന്മം കൊടുത്ത മണ്ണ് പിന്നിടുമ്പോള്‍ മലപ്പുറം ജില്ലയിലെ ആദ്യ സ്​റ്റേഷനായ ചെറുകരയാണ്. എല്ലാ സൗകര്യങ്ങളുമുള്ള ചെറിയൊരു സ്​റ്റേഷന്‍. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഏക്കര്‍കണക്കിന് സ്ഥലത്ത് വന്‍മരങ്ങള്‍ കാടി​​​​​െൻറ പ്രതീതിയാണ്. പ്ലാറ്റ്ഫോമിലേക്ക് തൂങ്ങിനില്‍ക്കുന്ന ആല്‍മരങ്ങളുടെ വള്ളികളില്‍നിന്ന് ഇടക്കെത്തിയ ചാറ്റല്‍മഴത്തുള്ളികള്‍ ഊര്‍ന്നിറങ്ങുന്നു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാത മുറിച്ച് കടന്നുപോകുമ്പോള്‍ എത്തുന്നത് വള്ളുവനാടി​​​​​െൻറ തലസ്ഥാന നഗരമായ അങ്ങാടിപ്പുറത്ത്.

nilambur-train6
മഹാകവി പൂന്താനം നമ്പൂതിരിപ്പാടി​​​​​െൻറ ജന്മഗൃഹത്തിനടുത്താണ് പട്ടിക്കാട്​ സ്​റ്റേഷന്‍
 

തിരുമാന്ധാംകുന്ന് ദേവീ ക്ഷേത്രവും തളി ക്ഷേത്രവും പുത്തനങ്ങാടി പള്ളിയും നിലകൊള്ളുന്ന മതസൗഹാര്‍ദത്തി​​​​​െൻറ ഈറ്റില്ലമാണിവിടം. വള്ളുവനാട്ടുകാരുടെ ധീരത വിളിച്ചോതുന്ന മാമാങ്കത്തി​​​​​െൻറ ചാവേര്‍തറയും മറ്റും ഇവിടെയാണ്. ജില്ലയിലെ പ്രധാന നഗരമായ പെരിന്തല്‍മണ്ണ വളരെ അടുത്തായതിനാല്‍ ഈ റൂട്ടിലെ പ്രധാന സ്​റ്റേഷനാണിത്. ഇവിടെയായിരുന്നു കമൽ സംവിധാനം ചെയ്​ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ.

വീണ്ടും പച്ചയാര്‍ന്ന ഭൂപ്രകൃതി ആസ്വദിക്കുന്നതിനിടയില്‍ അടുത്ത സ്​റ്റേഷന്‍. എ​​​​​െൻറ ഗ്രാമമായ പട്ടിക്കാട്. തൃശൂര്‍-മൈസൂര്‍ റോഡിനെ മുറിച്ചുകടക്കുമ്പോള്‍ കാണാം അടിമുടി മാറിയ ഞങ്ങളുടെ സ്വന്തം സ്​റ്റേഷന്‍. എ​​​​​െൻറ ജീവിതവുമായി വളരെ ബന്ധമുണ്ട് ഈ പാതക്ക്. കുട്ടിക്കാലത്ത്​ ട്രെയിനുകൾ പോകുന്നതിന്​ അനുസരിച്ചായിരുന്നു​ ഞങ്ങൾ സമയം പോലും നിശ്ചയിച്ചിരുന്നത്​. മഹാകവി പൂന്താനം നമ്പൂതിരിപ്പാടി​​​​​െൻറ ജന്മഗൃഹത്തിനടുത്താണ് ഈ സ്​റ്റേഷന്‍.

nilmbur-train-10
ഗുൽമോഹർ പൂക്കൾ ചുവപ്പണിയിച്ച മേലാറ്റൂർ​ സ്​റ്റേഷൻ, ഫോ​ട്ടോ: സയ്യിദ് ആഷിഫ്.
 

പട്ടിക്കാട് കഴിയുന്നതോടുകൂടി സഹ്യന്‍ തലപൊക്കി നില്‍ക്കുന്നത് കാണാം. ഒരു പാട് തെങ്ങിന്‍തോപ്പുകളും വയലുകളും ചെറുതും വലുതുമായ തോടുകളും ഗ്രാമങ്ങളുമൊക്കെ പിന്നിട്ടാല്‍ വെള്ളിയാര്‍ പുഴയുടെ ചാരെ നില്‍ക്കുന്ന മേലാറ്റൂര്‍ ടൗണ്‍. പശ്ചിമഘട്ടത്തില്‍ നിന്നുല്‍ഭവിച്ച് കടലുണ്ടി പുഴയില്‍ ചേരുന്ന ഈ പുഴയും എ​​​​​െൻറ ബാല്യകാല ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നു. വള്ളുവനാട്ടിലെ അവസാന സ്​േ​റ്റഷനാണ് മേലാറ്റൂര്‍.

കൂകിപ്പായുന്ന നീലവണ്ടി ഏറനാട്ടിലേക്ക് എത്തുന്നതോടുകൂടി കാലാവസ്ഥയിലും മണ്ണിലുമൊക്കെ വരുന്ന മാറ്റങ്ങള്‍ പ്രകടമാകും. കൃഷിയും വിളകളും കഴിഞ്ഞാല്‍ കടലുണ്ടിയുടെ മറ്റൊരു പ്രധാന ജലവാഹിനിയായ ഒലിപ്പുഴയെത്തി. പിന്നീട് വരുന്നത് ഖിലാഫത്ത് പ്രസ്ഥാനത്തി​​​​​െൻറ പോര്‍ഭൂമികകളിലൊന്നായ തുവ്വൂര്‍.

nilambur-train-7
ലോക്​ഡൗൺ കാലത്ത്​ ഗുൽമോഹർ പൂക്കൾ നിറഞ്ഞ തുവ്വൂർ റെയിൽവേ സ്​റ്റേഷൻ പരിസരം, ഫോട്ടോ: സുനീഷ് തുവ്വൂർ  
 

രാജ്യസ്നേഹം ചോദ്യചിഹ്നമാകുന്ന ഈ കാലത്ത് വാരിയംകുന്നത് കുഞ്ഞഹമ്മദ്​ ഹാജിയെ പോലുള്ളവര്‍ക്ക് ജന്മം നല്‍കിയ ഏറനാട്​​. പോരാട്ടവീര്യം വെള്ളക്കാര്‍ക്കുനേരെ അഴിച്ചുവിട്ട ധീരന്മാരായ ആളുകള്‍ നടന്നുപോയ മണ്ണ്. ഇവയെല്ലാം കാണാനുള്ള അവസരമാണ് ഈ ഹരിത റെയില്‍പാത നല്‍കുന്നത്.

ചെമ്മണ്ണും റബര്‍കൃഷിയും ഒക്കെയായി മുന്നോട്ടുപോകുന്ന വണ്ടി കൊണ്ടെത്തിക്കുക തൊടികപ്പുലം സ്​റ്റേഷനില്‍. ഈ പാതയിലെ ചെറിയ സ്​റ്റേഷനും ഇതുതന്നെ. പച്ചപ്പ് എത്ര കണ്ടിട്ടും മതിവരാതെ ഓടുകയാണ് വണ്ടി. വലിയ സ്​റ്റേഷനായ വാണിയമ്പലം എത്തിയതോടെ ആളുകള്‍ കുറഞ്ഞുതുടങ്ങി. കരിമ്പുഴ നീന്തികടക്കുന്ന വണ്ടി പിന്നീട് നീലഗിരി കുന്നുകളുടെ ദൃശ്യഭംഗിയിലലിഞ്ഞ നിലമ്പൂരിലേക്ക്. അവസാന സ്​റ്റേഷനായ നിമ്പൂരില്‍നിന്ന് മൈസൂരിലേക്ക്​ റെയില്‍പാത നീട്ടണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

nilambur-train-5
പോരാട്ടവീര്യം വെള്ളക്കാര്‍ക്കുനേരെ അഴിച്ചുവിട്ട ധീരന്മാരായ ആളുകള്‍ നടന്നുപോയ മണ്ണാണ്​ ഏറനാടി​േൻറത്​
 

ജൈവ വൈവിധ്യം കൊണ്ട് നിറമാര്‍ന്ന സഹ്യ​​​​​െൻറ താഴ്വരായാണ് നിലമ്പൂര്‍. നീലഗിരിയില്‍നിന്ന് ഉല്‍ഭവിക്കുന്ന ചാലിയാര്‍ ഈ നാടി​​​​​െൻറ ഹൃദയമാണ്. കനോലി തേക്ക് തോട്ടം ലോക പ്രശസ്തം. ആഢ്യന്‍പാറ വെള്ളച്ചാട്ടവും നെടുങ്കയവും കക്കാടന്‍പൊയിലും നിലമ്പൂര്‍ കോവിലകവും ഈ ചെറുപട്ടണത്തിന്​ മാറ്റുകൂട്ടുന്നു. ചോലനായ്ക്ക വിഭാഗത്തില്‍പെട്ട ആദിവാസികളുള്ള നിലമ്പൂര്‍ കാടുകളില്‍ കടുവയും പുലിയും ഉള്‍പ്പെടെ വന്യജീവി സമ്പത്തുമുണ്ട്.

nilambur-train-3
പട്ടിക്കാട് കഴിയുന്നതോടുകൂടി സഹ്യന്‍ തലപൊക്കി നില്‍ക്കുന്നത് കാണാം
 

മുമ്പ് ജോലിയാവശ്യാര്‍ഥം സീസണ്‍ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര എനിക്ക് തന്ന സൗഹൃദങ്ങളുടെ എണ്ണം വലുതാണ്. എല്ലാ പ്രായത്തിലുമുള്ള യാത്രക്കാരുമായി വലിയ സൗഹൃദ വലയമുണ്ടായിരുന്നു. വെറും ഇരുപത് രൂപ മുടക്കിയാൽ കാണുന്നത് പച്ചയാർന്ന കാഴ്ചകളും ഗ്രാമവിശേഷങ്ങളും മാത്രമല്ല, ധീരത കൊണ്ട് ഇന്നും യശ്ശസുയർത്തി നിൽക്കുന്ന പഴയ രണ്ട്​ നാട്ടുരാജ്യങ്ങളായ വള്ളുവനാടി​​​​​െൻറയും ഏറനാടി​​​​​െൻറയും ഒരിക്കലും അസ്തമിക്കാത്ത ചരിത്രം കൂടിയാണ്. നിലമ്പൂരില്‍നിന്ന് നാട്ടിലേക്ക് അതേ ട്രെയിനില്‍ മടക്കമാരംഭിക്കുമ്പോഴും ചാറ്റൽമഴ തോർന്നിട്ടില്ല. ജനാലയിലൂടെ വീശിയത്തെുന്ന കാറ്റിനെയും മഴത്തുള്ളികളെയും കൂട്ടുപിടിച്ചുള്ള മടക്കയാത്ര.

nilambur-train-12
എ​​​​​െൻറ ജീവിതവുമായി വളരെ ബന്ധമുണ്ട് ഈ പാതക്ക് - ഷബീർ ഷാനി പുക്കൂത്ത്
 

 

Loading...
COMMENTS