Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightവേരുകള്‍ കൊണ്ടൊരു...

വേരുകള്‍ കൊണ്ടൊരു പാലവും ചിറാപൂഞ്ചി മഴയും

text_fields
bookmark_border
living route
cancel
camera_alt

ലിവിങ് റൂട്ട് ബ്രിഡ്ജസ്

ഹരിതാഭമായ കുന്നിന്‍ചെരിവുകള്‍, കളകളാരവം പൊഴിക്കുന്ന തെളിനീരുറവള്‍, കണ്ണെത്താ ദൂരത്തോളം പറന്നുകിടക്കുന്ന പുല്‍മേടുകള്‍, പിന്നെ മേഘങ്ങള്‍ക്കിടയിലൂടെയുള്ള വീഥികളും -ഇതാണ് മേഘാലയ. ആസാമിലെ പ്രധാന നഗരമായ ഗുവാഹട്ടിയില്‍നിന്ന് നൂറു കിലോമീറ്റര്‍ ദുരെയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്. പ്രധാനമായും ഖാസി, ഗാരോ, ജൈന്തിയ എന്നു പേരുള്ള മൂന്ന് കുന്നുകള്‍, അതില്‍ ചിതറികിടക്കുന്ന 11 ജില്ലകള്‍.

എഴുപതു ശതമാനത്തിലധികം വനപ്രദേശം. വേനല്‍കാലത്ത് 15 ഡിഗ്രി - 30ഡിഗ്രി, മഞ്ഞുകാലത്ത് 4 ഡിഗ്രി - 24 ഡിഗ്രി സെല്‍ഷ്യസ് ഇതാണ് താപനില. വര്‍ഷത്തിലുടനീളം മഴപെയ്യും. അതിന്റെ ഗാംഭീര്യം കൂടിയും കുറഞ്ഞുമിരിക്കും. പ്രധാനമായും മൂന്ന് ഗോത്രവര്‍ഗക്കാരാണ്. ഇവിടത്തെ നിവാസികള്‍. ഖാസി, ഗാരോ, ജൈന്തിയ. ഓരോ ഗോത്രത്തിനും അവരുടെതായ വേഷം. ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍. ഇപ്പോള്‍ ഇവരില്‍ മിക്കവരും ക്രിസ്തുമത്തിലേക്ക് മാറിയിട്ടുണ്ട്. പക്ഷേ, മതം മാറിയാലും സ്വന്തം ആചാരാനുഷ്ഠനങ്ങള്‍ വിടാതെ പിന്തുടരുന്നനവരാണ് ഇവര്‍. ഇംഗ്ളീഷാണ് ഔദ്യോഗിക ഭാഷ. അത്യാവശ്യം ഹിന്ദിയും സംസാരിക്കും.


ഗുവാഹട്ടിയില്‍നിന്ന് കാലത്ത് ഞങ്ങള്‍ ഷില്ലോങ്ങിലേക്ക് യാത്ര തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു ഇനി ഒരു കിലോമീറ്ററോളം ദൂരം റോഡിനു വലതുവശത്ത് മേഘാലയയാണ്. പക്ഷേ ഇടതുവശത്ത് ആസാം ആണെന്ന്. വഴിയില്‍ ചെക്ക് പോസ്റ്റുകള്‍ ഒന്നുമില്ല. ആസാമില്‍ പലപ്പോഴും 48 മണിക്കൂറും 72 മണിക്കൂറും ബന്ദ് പ്രഖ്യാപിക്കുമ്പോള്‍ മറുവശത്ത് മേഘാലയയില്‍ ജനജീവിതം സുഗമമായി മുന്നോട്ട് പോവുന്നുണ്ടാവും. മാത്രമല്ല മേഘാലയയില്‍ പെട്രോളിനും ഡിസലിനും വിലക്കുറവായ കാരണം സമീപ പ്രദേശങ്ങളില്‍ പലരും അവിടെപ്പോയി പെട്രോള്‍ അടിക്കാറാണത്രെ പതിവ്.

വീതിയേറിയ കുണ്ടുകുഴികളില്ലാത്ത നല്ല ഹൈവേ റോഡിനിരുവശവും പച്ചപിടിച്ചു നില്‍ക്കുന്ന കുന്നുകള്‍. വേനല്‍കാലമാണെങ്കിലും ഇടക്കിടെ മഴ പെയ്യുന്നതു കാരണം ഹരിതഭംഗിക്കൊരു കുറവുമില്ല. കുറേദൂരം പോയപ്പോള്‍ റോഡ് സൈഡില്‍ ചക്ക, മാങ്ങ, പൈനാപ്പിള്‍ പിന്നെ മത്തന്‍, കുമ്പളം, പയര്‍, ചേന, ചേമ്പ്, കാച്ചില്‍ മുതലായവ വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടു. മഞ്ഞുകാലം ഒഴിച്ച് ബാക്കിയുള്ള മാസങ്ങളിലൊക്കെ ഏതാണ്ട് കേരളത്തിലെ കാലാവസ്ഥയാണ് ഇവിടെ. അതുകൊണ്ടായിരിക്കും നാട്ടിലെ കാര്‍ഷിക വിളകളൊക്കെ ഇവിടെയും കാണുന്നത്.

ഉമിയം തടാകം

ഷില്ലോങ്ങില്‍ എത്തുന്നതിന് ഏകദേശം 14 കിലോമീറ്റര്‍ മുമ്പായി ഒരു വലിയ തടാകമുണ്ട്. ഉമിയം തടാകം ദൂരെ നിന്നുതന്നെ കാണാം തെളിവെള്ളമുള്ള ഈ തടാകം. ബോട്ടിങ്, റിവര്‍ റാഫ്റ്റിങ്, ബാക്കി എല്ലാ തരത്തിലുമുള്ള വാട്ടര്‍ സ്പോര്‍ട്ട്സിനുമുള്ള സൗകാര്യങ്ങളുണ്ട് ഇവിടെ. ആര്‍മിക്കാര്‍ക്ക് വേണ്ടി പ്രത്യേകമായുള്ള ബോട്ടിങ് ക്ളബിലേക്കാണ് ഞങ്ങള്‍ പോയത്. തിരക്കും ബഹളങ്ങളും ഒന്നുമില്ലാതെ നല്ല അടുക്കും ചിട്ടയുമുള്ള സ്ഥലം. കുറച്ചുദൂരം അവിടെയിരുന്ന് തടാകത്തിന്റെയും ചുറ്റുമുള്ള പ്രകൃതിയുടെയും ഭംഗി ആസ്വദിച്ചു. അപ്പോഴേക്കും വേറെ ഒരു കുടുംബം കൂടി എത്തി. ഇനി ഒന്നിച്ച് ബോട്ടിങിന് പോവാമെന്ന് ബോട്ട്മാന്‍ പറഞ്ഞു. അര മണിക്കൂര്‍ നേരംകൊണ്ട് തടാകം മുഴുവന്‍ ചുറ്റിവന്നു.

മറുകരയിലായി വലിയൊരു ബംഗ്ളാവ് കണ്ടു. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ആ ബംഗ്ളാവിന് ആള്‍ത്താമസമില്ലെന്ന് അറിഞ്ഞു. ഒരു നവീകരിച്ചാല്‍ അതൊരു നല്ല ടൂറിസ്റ്റ് കേന്ദ്രമാക്കാം. ഉച്ചയോടെ ഞങ്ങള്‍ ഷില്ലോങ്ങിലെത്തി. ഊണ് കഴിഞ്ഞ് ഞങ്ങള്‍ അവിടത്തെ ലോക്കല്‍ മാര്‍ക്കറ്റിലൊക്കെ ഒന്നു ചുറ്റിനടന്നു. മുളകൊണ്ട് ഉണ്ടാക്കിയ കുറെ കരകൗശല സാധനങ്ങളുണ്ട്. പിന്നെ തുണിത്തരങ്ങളും. നാലുമണി ആയതോടെ നല്ല മഴ തുടങ്ങി. രാത്രി ആയതോടെ തണുപ്പും വേഗം രാത്രി ഭക്ഷണം കഴിച്ച് ഞങ്ങള്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ കയറി.

മോസൻറാം

രാവിലെ എഴുന്നേറ്റപ്പോള്‍ മഴക്കാറൊക്കെ ഒഴിഞ്ഞ് നല്ല തെളിഞ്ഞ ആകാശം. നല്ല വെയില്‍. ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങള്‍ ലോകത്ത് ഏറ്റവും അധികം മഴ ലഭിക്കുന്ന ചിറാപുഞ്ചി കാണാന്‍ പോയി. ഷില്ലോങ്ങില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ചിറാപുഞ്ചി. അവിടെ കാണാന്‍ പറയത്തക്കതായി ഒന്നുമില്ല. ഒരു മാസത്തില്‍ ഏറ്റവും അധികം മഴ രേഖപ്പെടുത്തുന്നത് ഇവിടെയാണ്. അതിനടുത്തുള്ള ഗ്രാമമാണ് മാസിൻ റാം. ഒരു വര്‍ഷം മൊത്തമായി എടുത്താല്‍ ഏറ്റവുമധികം മഴ ലഭിക്കുന്നത് അവിടെയാണ്. ഏതായാലും ഞങ്ങള്‍ ചെന്നപ്പോള്‍ ഈ രണ്ടു സ്ഥലത്തും മഴയൊന്നും ഉണ്ടായിരിന്നില്ല. വേനല്‍ക്കാലമായതുകൊണ്ട് വൈകുന്നേരത്തോടെ മാത്രമേ മഴ പെയ്യുകയുള്ളൂ എന്ന് തദ്ദേശവാസികള്‍ പറഞ്ഞു.


മേഘാലയയില്‍ ഒരുപാട് ഗുഹകളുണ്ട്. 1350 ലധികം ഗുഹകള്‍ മനുഷ്യര്‍ കണ്ടുപിടിച്ചത്. കാടുകള്‍ക്കുള്ളില്‍ എത്രയോ ഗുഹകള്‍ വേറെയുമുണ്ട്. ചില ഗുഹകളില്‍ വളരെ അപൂര്‍വവും അന്യംനിന്നുപോയതുമായ ഗുഹാജീവികളുണ്ട്. പ്രത്യേകിച്ച് പലതരം വവ്വാലുകള്‍. അവയെക്കുറിച്ച് അറിയാന്‍ പലപ്പോഴും വിദേശിയര്‍ വരാറുണ്ടെന്ന് അവിടുള്ളവര്‍ പറഞ്ഞു. നമുക്ക് ഏതായാലും ഈ ഗുഹകളിലൊന്നും കയറാന്‍ പറ്റില്ല. അതുകൊണ്ട് സഞ്ചാരയോഗ്യമായ രണ്ടു വലിയ ഗുഹകള്‍ കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു. മൗസ്യാരം എന്ന സ്ഥലത്താണ് ആദ്യത്തേത്. ഗുഹാകവാടം വളരെ വലുതാണെങ്കിലും കുറച്ചുദൂരം ഉള്ളിലേക്ക് നടകഴിഞ്ഞാല്‍ പിന്നെ ഇടുങ്ങി വെള്ളം നിറഞ്ഞ വഴിയാണ്. പല സ്ഥലത്തും പാറക്കല്ലുകള്‍ക്ക് വഴുക്കലുണ്ട്. ചിലയിടങ്ങളില്‍ തലകുനിച്ചുവേണം നടക്കാന്‍.ഴ ഗുഹയില്‍ ഉടനീളം ലൈറ്റ് ഇട്ടിട്ടുണ്ട്. മാത്രമല്ല ചുണ്ണാമ്പകല്ലിന്റെ ഗുഹയായതു കാരണം അകത്ത് ജീവജാലങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട് പേടിക്കാതെ നടക്കാം. ഏകദേശം അര കിലോമീറ്ററോളം നടന്നു കഴിഞ്ഞാല്‍ ഒരു ചെറിയ വിടവിലൂടെ പുറത്തേക്ക് കടക്കാം. കുറച്ചുദൂരം നടന്ന് ഇനിയങ്ങോള്ള വഴി ദുര്‍ഘകം പിടിച്ചതാണെന്നു കണ്ട് എല്ലാവരും തിരിച്ചുനടക്കാന്‍ തുടങ്ങി. എന്റെ മകനും വേറെ രണ്ടു പേരും മാത്രം മുന്നോട്ടു നടന്ന് ആ ദ്വാരത്തിലൂടെ പുറത്തെത്തി. ഏതായാലും നിങ്ങള്‍ വരാഞ്ഞത് നന്നായി. ഒരിടത്ത് ഞാന്‍ തന്നെ വഴുതിവീണു അവന്‍ പറഞ്ഞു.


പിന്നീട് ഞങ്ങള്‍ പോയത് മൗസ്മായ ഗുഹയിലേക്കാണ്. കാറില്‍ നിന്നിറങ്ങി ഏകദേശം ഒരു കിലോ മീറ്ററോളം നടക്കണം അവിടെ എത്താന്‍. കുന്നിന്റെ വശങ്ങളില്‍ കെട്ടിയ മനോഹരമായ നടപ്പാത. ഒരു വശത്ത് ചെങ്കുത്തായ കുന്ന്, മറുവശത്ത് അഗാധമായ ഗര്‍ത്തങ്ങള്‍, അവിടേത്ത് വീഴാതിരിക്കാന്‍ മുളകൊണ്ട് കെട്ടിയ ചെറിയ ബാരിക്കേഡുകള്‍ മാത്രം. ഇവിടെ ഗുഹക്കുള്ളിലേക്ക് നമ്മളെ കൊണ്ടുപോകാന്‍ ടൂറിസ്റ്റ് ഗൈഡുകളുണ്ട്. കുറേകൂടി നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയതാണ് ഈ ഗുഹ. ഉള്ളില്‍ കയറിയാല്‍ പുറത്തെ ചൂട് തീരെ അനുഭവപ്പെടില്ല. എ.സി റൂറമി്യ കയറിയ പ്രതീതി. ഉള്ളില്‍ നിറയെ വെള്ളച്ചാലകുള്‍. ഈ ഗുഹയും ചുണ്ണമ്പുകല്ലിന്റെതായതിനാല്‍ ജലജീവികള്‍ ഒന്നുമില്ല, പക്ഷേ ഒരു കാലത്ത് ഉണ്ടായിരുന്നിരിക്കണം. കാരണം, ഗൈഡ് ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി ചെറിയ ചെറിയ ജലജീവികളുടെ ഫോസിലുകള്‍ കാണിച്ചുതന്നു. മീനുകള്‍, ഞണ്ട്, കക്ക മുതലായവ. ഏകദേശം അര കിലോമീറ്റര്‍ ദൂരം ഗുഹക്കുള്ളിലൂടെ നടക്കാം, ചില സ്ഥലങ്ങളില്‍ തല കുനിച്ചും, ചെരിഞ്ഞുമൊക്കെ നടക്കണം.

ഉള്ളിലേക്ക് പല കൈവഴികളുമുണ്ട് കൂടാതെ ചിലയിടങ്ങളില്‍ വെളിച്ചം തീരെ കുറവ്. ഏതായാലും തനിയെ പോയാല്‍ കുടുങ്ങിയതുതന്നെ. പുറത്തേക്ക് കടക്കാന്‍ വഴിയില്ല. വന്നവഴി തന്നെ തിരിച്ചു നടക്കണം. അവിടെനിന്ന് തിരിച്ചുവരുമ്പോള്‍ സെവന്‍ സിസ്റ്റേഴ്സ് ഫാള്‍സ് (ടല്ലി ശെtെേr െഎമഹഹ)െ കാണാം. കുന്നിന്‍ ചെരിവിലൂടെ ഒഴുകുന്ന ഏഴ് വെള്ളച്ചാട്ടങ്ങള്‍. വെനല്‍കാലമായതുകൊണ്ട് ചിലതൊക്കെ വളരെ ശോഷിച്ചിരിക്കുന്നു. എന്നാലും അതൊരു കാണേണ്ട കാഴ്ച തന്നെയാണ്. ചിലപ്പോള്‍ മേഘശകലങ്ങള്‍ വന്ന് മൂടിയും മറ്റു ചിലപ്പോള്‍ തെളിഞ്ഞും കാണാവുന്ന പ്രകൃതിയുടെ വന്യഭംഗി. വാഹനത്തില്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പലപ്പോഴും മുന്നില്‍ മേഘക്കൂട്ടങ്ങള്‍ വന്നു നിറയും. മുന്നിലേക്കുള്ള കാഴ്ച മറയും. ഞൊടിയിടക്കുള്ളില്‍ ആ പഞ്ഞിക്കെട്ടുകള്‍ എങ്ങോ ഓടിമറയും. ആകാശത്തുകൂടിയല്ലാതെ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുക അപൂര്‍വം.


കാഴ്ചകളൊക്കെ കണ്ടുകഴിഞ്ഞ് തിരിച്ച് മുറയിലെത്തിയപ്പോഴേക്കും വൈകുന്നേരമായി. ടൗണില്‍ ഒന്നുരണ്ട് പുരാതനമായ കൃസ്ത്യന്‍പള്ളികള്‍ ഉണ്ട്. അതൊക്കെ ഒന്ന് നടന്നുകണ്ടു. നല്ല വാസ്തുഭംഗി, ഉള്ളിലുള്ള കൊത്തുപണികളും കമനീയമാണത്രെ. പക്ഷേ വൈകുന്നേരങ്ങളില്‍ തുറക്കാത്തതുകൊണ്ട് അകത്തുകയറാന്‍ പറ്റിയില്ല. പിറ്റേ ദിവസം രാവിലെ ഷില്ലോങ്ങില്‍നിന്ന് 85 കിലോമീറ്റര്‍ ദൂരെ ബംഗ്ളാദേശ് ബോര്‍ഡറിലുള്ള ഡോകി എന്നു പേരുള്ള നദി കാണാന്‍ പുറപ്പെട്ടു. ഒരു പത്തുമുപ്പത് കിലോമീറ്റര്‍ ദൂരം പോയിക്കഴിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിലുടെ പോകുന്ന പ്രതീതി.

നിറയെ തെങ്ങും കവുങ്ങും മാവും പ്ലാവും കശുമാവും തേക്കും വാഴയും വെറ്റിലയും കുരുമുളകും മാത്രമല്ല കേരളത്തിലെപ്പോലെ നല്ല ചൂറും നാഷനല്‍ ഹൈവേ 40ലൂടെ അറ്റത്താണ് ഡോകി. അപ്പുറത്ത് ബംഗ്ളാദേശ്. വെറുതെയല്ല ബംഗ്ളാദേശികള്‍ നമ്മുടെ നാട്ടില്‍ വന്നാല്‍ തിരിച്ചുപോവാത്തത്. സാധാരണ അതിര്‍ത്തികളില്‍ കാണാറുള്ളപോലെ ഇവിടെ പട്ടാളത്തിന്റെ സാന്നിധ്യം തീരെയില്ല. ബംഗ്ളാദേശുമായി നമ്മുടെ രാജ്യത്തിനുള്ള നല്ല നയതന്ത്രബന്ധം കാരണം ഇവിടെ ബി.എസ്.എഫിന്റെ ചെക്കുപോസ്റ്റുകള്‍ മാത്രമേയുള്ളൂ. ബംഗ്ളാദേശില്‍നിന്ന് നിറയെ വാണിജ്യ വസ്തുക്കള്‍ കയറ്റിയ ട്രക്കുകള്‍ വരുന്നത് കണ്ടു. അവിടേക്കുള്ള പ്രധാന വാണിജ്യപാതയാണ് ഇത്.

ഡോകി നദി
തെളിഞ്ഞ വെള്ളമുള്ള നദിയാണ് ഡോകി. നദിക്കരയിലിരുന്ന് തദ്ദേശവാസികള്‍ മീന്‍ പിടിക്കുന്നു. ടൂറിസ്റ്റുകളുടെ അതിപ്രസരം കാരണം ഇവിടെ കാലുകുത്താന്‍ ഇടമില്ല. നദിയിലൂടെ കുറച്ചുദൂരം പോയാല്‍ ഒരു ദ്വീപുണ്ട്. അവിടെ വലിയ തിരക്കില്ലെന്ന് തോണിക്കാരന്‍ പറഞ്ഞു. സമയം നട്ടുച്ച ആണെങ്കിലും തോണിയില്‍ കയറാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. പങ്കായംകൊണ്ട് തുഴയുന്ന ചെറിയ വഞ്ചി. കുട്ടികളോട് ഇളകാതെ ഇരിക്കണം. ഇളകിയാല്‍ തോണിമറിയും. നല്ല ആഴമുള്ള വെള്ളമാണ് എന്ന് അയാള്‍ പ്രത്യേകം പറഞ്ഞു. കരയില്‍നിന്ന് കുറച്ചുദൂരം പോയാല്‍ രണ്ടുഭാഗത്തും ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് യാത്ര. ഏതോ പുരാതന കാലത്തെ മനുഷ്യവാസമില്ലാത്ത ഏതോ പ്രദേശത്ത് എത്തിപ്പെട്ട പ്രതീതി. ആ യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.
അവിടന്ന് ഷില്ലോങിലേക്കുള്ള മടക്കയാത്രയിലാണ് ലിവിങ് റൂട്ട് ബ്രിഡ്ജസ്. നദിക്കരയിലുള്ള കൂറ്റന്‍ മരങ്ങളുടെ വേരുകള്‍കൊണ്ട് ഗോത്രവര്‍ഗക്കാര്‍ നദിക്ക് കുറുകെ നിര്‍മിച്ച പാലം. ജീവനുള്ള മരങ്ങളുടെ വേരുകള്‍ പതുക്കെപ്പതുക്കെ നദിക്ക് കുറുടെ വളര്‍ത്തി പത്തിരുപത് കൊല്ലംകൊണ്ട് അതൊരു ഉറപ്പുള്ള പാലമാക്കി മാറ്റും. ഏതാണ്ട് 500 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ പാലം. എത്ര പേര്‍ കയറിയാലും പാലത്തിന് ഒരു കുലുക്കവമില്ല. കൂടുതല്‍ ഉറപ്പിനുവേണ്ടി വേരുകള്‍ക്കിടയില്‍ കല്ലുകള്‍ പാകിയിട്ടുണ്ട്. ഇതിനടുത്തു തന്നെയാണ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം.

കുറച്ചു വീടുകള്‍, ചെറിയ കടകള്‍, ഒരു പള്ളി - ഇത്രയും അടങ്ങിയ ഗ്രാമം. ഓരോ വീടിനു മുന്നിലും ചെറിയ പൂന്തോട്ടം പുറകില്‍ പച്ചക്കറി കൃഷി വീടിനുത്തു തന്നെ കന്നുകാലകള്‍ക്കുള്ള തൊഴുത്ത്. എവിടെയും ചപ്പുചവറുകളോ മാലിന്യക്കൂമ്പാരങ്ങളോ ഒന്നുമില്ല. ധാരാളം മഴപെയ്യുന്ന പ്രദേശമാണെങ്കിലും എവിടെയും ചെളിവെള്ളം കെട്ടികിടക്കുന്നില്ല. കല്ലിട്ട നടപ്പാതയുടെ രണ്ടു വശത്തും വെള്ളം ഒഴുകിപ്പോവാന്‍ ചാലുകള്‍ കീറിയിട്ടുണ്ട്. വലിയ വിദ്യഭ്യാസമോ, ലോകപരിചയമോ, ജീവിത സൗകര്യങ്ങളോ ഒന്നുമില്ലാത്ത സാധാരണ മനുഷ്യര്‍. പക്ഷേ, ഒരു ഗ്രാമം ശുചിത്വ പൂര്‍ണമാക്കി വെക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelliving root bridge meghalaya
Next Story