Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightമരുക്കാറ്റിൽ...

മരുക്കാറ്റിൽ പൊഴിഞ്ഞുവീണ നന്മകൾ

text_fields
bookmark_border
മരുക്കാറ്റിൽ പൊഴിഞ്ഞുവീണ നന്മകൾ
cancel

കളിമണ്ണ്​ പാകിയ ഗ്രാമീണ വീടുകൾ, പച്ചപ്പി​​​െൻറ വസന്തം തീർക്കുന്ന കൃഷിയിടങ്ങൾ, കുറ്റിച്ചെടികൾ നിറഞ്ഞ തരിശുനിലങ്ങൾ, കാലികൾ മേയുന്ന പുൽമേടുകൾ, കൂടെ മരുക്കാറ്റും വീശിയടിക്കുന്നു... ട്രെയിനിലെ ജാലകത്തിൽ കാഴ്​ചകൾ മാറിമറിയുകയാണ്​​. ജോധ്​പൂരിൽനിന്ന്​ െജയ്​സാൽമീരിലേക്കുള്ള യാത്രയിലാണുള്ളത്​​. രാജസ്​ഥാനി​െലത്തിയിട്ട്​ നാല്​​ ദിവസമായി. ബഡ്​ജറ്റ്​ ട്രിപ്പായതിനാൽ കഴിഞ്ഞദിവസം പതിവുപോലെ റെയിൽവേ സ്​റ്റേഷനിലായിരുന്നു ഉറക്കം. രാവിലെ ​ട്രെയിനിൽ കയറു​േമ്പാഴും ഉറക്കം വി​​െട്ടാഴിഞ്ഞിട്ടുണ്ടായിരുന്നില്ല. പാസഞ്ചർ ട്രെയിനിലെ ഒഴിഞ്ഞുകിടക്കുന്ന ബോഗിയിൽ നീണ്ടുനിവർന്ന്​ കിടന്നു. നല്ലവണം ഉറങ്ങി കുറെ ദിവസത്തെ കടം അങ്ങ് തീർത്തു. 

ഉച്ചക്ക് എണീക്കു​േമ്പാൾ ആകെ ഒരു കുടുംബം മാത്രമാണ്​ കമ്പാർട്ട്മ​​െൻറിലുള്ളത്​. ​െജയ്സാൽമീർ എത്തുന്നത് വരെ​ ഞാനും സുഹൃത്ത്​ ഇൻസാഫും അവരോട് സംസാരിച്ചിരുന്നു. ​െ​ജയ്​സാൽമീരിലേത്​ ചെറിയൊരു സ്​റ്റേഷനാണ്. ട്രെയിൻ ഇറങ്ങിയപ്പോൾ തന്നെ ഒരുപാട് ആൾക്കാർ വന്ന്​ താർ മരുഭൂമിയിലെ പാക്കേജുകൾ വിവരിക്കാൻ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് താർ. ‘സം’ മണൽക്കൂനകളിൽ ട​​െൻറടിച്ച്​ അസ്തമയവും സൂര്യോദയവും കാണുക എന്ന സ്വപ്​നവുമായാണ്​ ഇൗ നഗരത്തിൽ വന്നിറങ്ങിയത്​.

jaisalmer-11
രാജസ്​ഥാനിലെ ഗ്രാമീണ വീട്​
 

സാധാരണ താറിലേക്ക് ആരും ഒറ്റക്ക് പോവാറില്ല. മുൻകൂട്ടി ഏതെങ്കിലും പാക്കേജ് ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ ഇവിടെ എത്തിയിട്ട് ഏജൻറുമാർ വഴി പോവുകയോ ആണ്​ പതിവ്. അല്ലാതെയുള്ള യാത്ര അത്യാവശ്യം സാഹസികമാണ്​. പക്ഷെ, സ്വന്തമായിട്ട് സ്ലീപിങ്​ ബാഗും ട​​െൻറുമുള്ള ഞങ്ങൾക്കെന്തിനാ പാക്കേജ് എന്ന ഭാവത്തിൽ അവരെയൊക്കെ അവഗണിച്ച്​ മുന്നോട്ടുനടന്നു. സ്​റ്റേഷന്​ സമീപത്തെ കടയിൽ കയറി ഭക്ഷണം കഴിച്ച്​ ഒരു പ്ലാൻ ഉണ്ടാക്കാനായിരുന്നു വിചാരിച്ചത്. പക്ഷെ കയറിയ കടയാവട്ടെ, ഇങ്ങനെയൊരു പാക്കേജ് നടത്തുന്ന ആളുടേതും. കുറച്ചുനേരം നമ്മളെയൊന്നിരുത്തി സംസാരിച്ചാൽ ഒരു ട്രിപ്പ് കിട്ടും എന്ന പ്രതീക്ഷയിൽ ആ സ്​ത്രീ മരുഭൂമിയിൽ ഒറ്റക്ക് പോവുന്നതി​​​െൻറ പ്രശ്നങ്ങളൊക്കെ വിവരിച്ചുതന്നു. എല്ലാം കേട്ടിട്ടും ഞങ്ങൾക്ക്​ ഒരു കുലുക്കവും ഇ​െല്ലന്ന് കണ്ടപ്പോൾ ദേഷ്യംപിടിച്ച്​ അവിടെനിന്ന്​ ഇറങ്ങിപ്പോകാൻ പറഞ്ഞു.

അപ്പോഴാണ് അവിടെ വേറൊരാൾ ഇരിക്കുന്നത് ശ്രദ്ധിച്ചത്. ആളെ കൈയിലെടുത്ത്​ കാര്യങ്ങൾ അറിയാം എന്ന് കരുതി ഇൻഫാസ് എന്നെ അയാള​ുടെ അടുത്തേക്ക് തള്ളിവിട്ടു. പലയിടങ്ങളിലും രണ്ടാമതായി പോകുന്ന പെണ്ണ് ഒന്നാമതാവുന്നത് ഇത്തരം ചില സന്ദർഭങ്ങളിലാണ്. അറിയാത്ത ഒരിടത്ത് ആണുങ്ങൾ പോയി സഹായം ചോദിക്കുന്നതും പെണ്ണ് ചോദിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. കൂടുതൽ വ്യക്​തമായിട്ട്​ ആളുകൾ കാര്യങ്ങൾ പറഞ്ഞുതരും. പക്ഷെ, അതവളോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും ചെയ്യുന്നതാണെന്ന് മാത്രം. ഒരുപാട് യാത്രകളിൽനിന്ന്​ എനിക്കത് മനസ്സിലായിട്ടുണ്ട്. മറിച്ചുള്ള അനുഭവങ്ങൾ ഇല്ലാതെയില്ല എന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു.

jaisamer-with-harkesh-(hotel)
ജെയ്​സാൽമീരിൽനിന്ന്​ പരിചയപ്പെട്ട ഹർകേഷിനൊപ്പം ലേഖികയും സുഹൃത്തും
 

സംസാരിച്ച്​ തുടങ്ങിയപ്പോഴാണ് ആൾ ട്രാൻസ്ജെൻഡർ ആണെന്ന് മനസ്സിലായത്. സഞ്ചാരികളാണെന്ന്​ അറിഞ്ഞതോടെ അയാൾക്ക്​ പ്രത്യേക താൽപ്പര്യമായി. കൃത്യമായി അവിടേക്ക്​ പോവേണ്ട റൂട്ട് പറഞ്ഞുതന്നു. പിന്നെയും ഞങ്ങളെ അവിടെയിരുത്തി ഒരുപാട് സംസാരിച്ചു. യാത്രകൾ പോവുന്നതിനെ ഒരുപാട് പ്രശംസിച്ചു. ഒരുപാട്‌ യാത്രകൾ പോവാൻ ഇഷ്​ടമാണെന്നും വീട്‌ നാഗ്പുരിലാണെന്നും മുംബൈ വരുമ്പോൾ എന്തായാലും വീട്ടിലേക്ക് വരണമെന്നൊക്കെ പറഞ്ഞു. ഒരു കുന്നോളം സ്നേഹം തന്നാണ് ഞങ്ങളെ പറഞ്ഞയച്ചത്.

അവിടെനിന്ന് ഒരു ഓട്ടോ എടുത്ത്​ അയാൾ പറഞ്ഞതുപോലെ താറിലേക്ക് ഷെയർ ജീപ്പ്​ കിട്ടുന്ന ഹനുമാൻ സർക്കിളിലേക്ക് പോയി. ഓട്ടോകാരനും നല്ല കമ്പനിയായിരുന്നു. വീട്ടിലെ കഥയൊക്കെ പറഞ്ഞ്​ അയാളും ഫുൾ ചില്ലായി. ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ചുരുങ്ങിയ ചെലവിൽ നല്ല ഭക്ഷണം കിട്ടുന്ന കട കാണിച്ച്​ തന്നു. ഒാ​േട്ടായിൽനിന്ന്​ ഇറങ്ങി പിന്നെ അയാൾ പറഞ്ഞ കടയിൽ തന്നെ ഭക്ഷണത്തിന്​ കയറി. ചാവലും ദഹിയും മാത്രമാണ് പറഞ്ഞത്. സാധാരണ കടക്കാർ ആണെങ്കിൽ അത്തരക്കാരെ മര്യാദക്ക്​ പരിഗണിക്കുക പോലുമില്ല. ഇവരാണെങ്കിൽ നേരെ മറിച്ചും. നമ്മുടെ അടുത്ത് വന്നിരുന്നു എവിടെനിന്നാണ്​ വരുന്നതെ​ല്ലാം ചോദിച്ചു. കേരളത്തിൽനിന്നാണെന്നും രാജസ്​ഥാനിലെ കാഴ്​ചകൾ കാണാൻ​ വന്നതാണെന്നും പറഞ്ഞപ്പോൾ അവർക്കും ഭയങ്കര സന്തോഷം.

സത്യം പറഞ്ഞൽ എന്നെ അദ്​ഭുതപ്പെടുത്തിയത് ഈ മനുഷ്യരാണ്. ഒരു കാര്യവും ഇല്ലെങ്കിലും ഒരുപാട് കാര്യങ്ങൾ ചോദിച്ചും പറഞ്ഞുമെല്ലാം വല്ലാതെയങ്ങ് സുരക്ഷിതമാക്കുന്നു. ഒരുപാട് സന്തോഷിപ്പിക്കുന്നു. എ​​​െൻറ ഓരോ അരക്ഷിത യാത്രകളുടെയും ഏറ്റവും സുരക്ഷിതമായിട്ടുള്ള ഭാഗമാണിത്. അവിടെനിന്ന് 100 രൂപക്ക് രണ്ടുപേരും വയറ്​ നിറയെ കഴിച്ച്​ ഷെയർ ജീപ്പ് കിട്ടുന്നയിടത്തേക്ക് പോയി. ഞങ്ങളെ കൂടാതെ ഒരുപാട്​ ഗ്രാമീണരും അവിടെയുണ്ടായിരുന്നു. വാഹനം ലഭിക്കാൻ ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നു. 

jaisalmer-2
താർ മരുഭൂമിയിലെ ഒരു ഗ്രാമം
 

താർ മരുഭൂമിയിൽ
താർ മരുഭൂമി കാണാൻ പോകുന്നവർ ആരും ഷെയർ ജീപ്പിൽ പോകാറില്ലത്രേ. മിക്കവരും ഏതെങ്കിലും പാക്കേജ് എടുത്ത്​ പോവാറാണെന്ന്​ അവിടെയുണ്ടായിരുന്നവർ പറഞ്ഞു. പക്ഷെ, ഞങ്ങൾക്ക് ഇതെല്ലാമാണല്ലോ ശീലം. അവിടെ മുഖം മറച്ച്​ വണ്ടി കാത്തിരുന്ന ഓരോ പെണ്ണും എനിക്ക് അദ്​ഭുതമായിരുന്നു. ഇന്നും ഒരു സംസ്കാരത്തെ ഇങ്ങനെ കാത്തുസൂക്ഷിക്കുന്ന, അത് യാതൊരു കോട്ടവും തട്ടാതെ അടുത്ത തലമുറക്ക്​ പകർന്നു കൊടുക്കുന്ന ഒരുകൂട്ടം മനുഷ്യർ. എല്ലാവർക്കും ഞങ്ങളോട്​ ഒരു പ്രത്യേക അനുകമ്പയായിരുന്നു. ഒരാണും പെണ്ണും ഇത്രയും ദൂരം ഒറ്റക്ക്​ വന്നോ എന്ന അതിശയം ഉണ്ടായിരുന്നു അവരുടെ ചോദ്യങ്ങളിൽ. ഞാൻ പെങ്ങളാണോ  ഭാര്യയാണോ എന്ന ചോദ്യമാവും ഇൻഫാസ് ഈ  യാത്രക്കിടയിൽ  ഏറ്റവും കൂടുതൽ കേട്ടിട്ടുണ്ടാവുക. ഞാൻ നേരെ തിരിച്ചും.

രണ്ടുമല്ല, ഞങ്ങൾ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞാൽ പിന്നെ അടുത്ത ചോദ്യങ്ങൾ എത്രയോ ആണ്. ‘വീട്ടിൽ പ്രശ്നമല്ലേ? നാട്ടിൽ പ്രശ്നം ഉണ്ടാവില്ലേ’ എന്നതെല്ലാമാണ് അതിൽ പ്രധാനം. ആ മനുഷ്യരുടെ നിഷ്കളങ്കതയും അവരുടെ ചെറിയെ ലോകവുമാണ് ആ ചോദ്യങ്ങൾ നിറയെ. ആദ്യത്തെ വണ്ടി വന്നപ്പോൾ തന്നെ ആകെ കിളി പോയി. ജീപ്പ് എന്നൊക്കെ പറഞ്ഞുവന്നത് നമ്മുടെ നാട്ടിലെ ഗുഡ്സ് പോലെയൊരു വണ്ടിയാണ്. അതിൽ തന്നെ എട്ടോ പത്തോ ആൾക്കാർക്കാണ്​ കയറാൻ കഴിയുക. ഒരുപാട്​ പേർ അതിൽ ചാടിക്കയറി. ആദ്യത്തെ വണ്ടിയിൽ തള്ളിക്കയറാൻ ഞങ്ങളെകൊണ്ട് സാധിച്ചില്ല. പക്ഷേ രണ്ടാമത്തേതിൽ സർവശക്തിയുമെടുത്തുള്ള പരിശ്രമം വിജയിച്ചു. എല്ലാവരും കയറിയതോടെ വാഹനം നീങ്ങാൻ തുടങ്ങി. നഗരം കഴിഞ്ഞതോടെ വിജനമായ പ്രദേശങ്ങളായി എങ്ങും. വല്ലപ്പോഴും ഗ്രാമങ്ങൾ കടന്നുവന്നാലായി. അങ്ങനെ 35 കിലോമീറ്റർ ആ വണ്ടിയുടെ പിന്നിൽ കൂടെയുണ്ടായ ആൾക്കാരോട് വർത്തമാനമെല്ലാം പറഞ്ഞ്​, പാട്ടൊക്കെ പാടി, ഫോട്ടോയും വിഡിയോയും എല്ലാം എടുത്തു നല്ല ഒാളമുണ്ടാക്കി. ഒരുപാട് സ്നേഹമുള്ള മനുഷ്യൻമാരായിരുന്നു കൂടെയുണ്ടായിരുന്നത്​. ‘ഇങ്ങനെ കുറെ ദൂരം വരുമ്പോഴൊക്കെ സൂക്ഷിക്കണം, എന്നെ നല്ലവണ്ണം നോക്കണം’ എന്നെല്ലാം അവർ ഒാർമിപ്പിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറിനകം ഞങ്ങളുടെ ലക്ഷ്യസ്​ഥാനമെത്തി.

jaisalmer-Thar-desert
താർ മരുഭൂമി
 

മരുഭൂമിയുടെ നടുക്ക്​ ഞങ്ങളെയിറക്കി ആ വാഹനം ഏതോ ഗ്രാമവും ലക്ഷ്യമാക്കി കൺമുന്നിൽനിന്ന്​ മറഞ്ഞു. ഞങ്ങളെ കണ്ടതോടെ ഏതാനും കുട്ടികൾ വന്ന് ചുറ്റുംകൂടി. ഒട്ടക സഫാരി ആണ് ഉദ്ദേശം. ഒരാൾക്ക് 100 രൂപ പറഞ്ഞ്​ തുടങ്ങിയത്‌ അവസാനം അവർ തമ്മിലെ വിലപേശലിനൊടുവിൽ ഒരു കിലോമീറ്ററിന് 10 രൂപ എന്നാക്കി കുറച്ചു. നമ്മൾ ആണെങ്കിൽ ഫുൾ ഹാപ്പി. സവാരിക്കിടെ ആ പയ്യൻ​ ത​​​െൻറ കൊച്ചുജീവിതം ഞങ്ങൾക്ക്​ മുന്നിൽ തുറന്നിട്ടു. സ്കൂളിൽ പോവാറുണ്ടെന്നും ഇപ്പോൾ അവധിയാണെന്നും പറഞ്ഞു. ഒട്ടകത്തിന് ഭയങ്കര ചെലവാണ്, ഭക്ഷണത്തിന് തന്നെ നല്ല പൈസയാവും എന്നെല്ലാം അവൻ വിശദീകരിച്ചു. 

സൂര്യാസ്​തമയം കാണാൻ കഴിയുന്ന നല്ലൊരു സ്​ഥലത്ത്​ ഞങ്ങളെയും ഇറക്കി അടുത്ത സവാരിക്കാരരെയും തിരഞ്ഞ്​ അവൻ പോയി. കുറെനേരം ഞാനവനെ നോക്കി നിന്നുപോയി. ഏകദേശം 15 വയസ്സുണ്ടാവും അവന്​. എന്നാലും എത്ര വ്യക്​തമായിട്ടാണ്, എത്ര പക്വതയോടെയാണ് അവൻ പെരുമാറുന്നത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ എത്ര കഷ്​ട​പ്പാടാണ്​ അവൻ സഹിക്കുന്നത്​.

ഇന്ത്യയിലെ തന്നെ മികച്ച അസ്​തമയ കാഴ്​ചയാണ്​ താർ മരുഭൂമിയിലേത്​. മറ്റൊന്നും ആലോചിക്കാതെ കണ്ടിരുന്നു പോവും. ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച. സൂര്യനെ നോക്കിയിരുന്ന്​ ഇരുട്ട് വന്നത് അറിഞ്ഞതേയില്ലായിരുന്നു. തിരിഞ്ഞുനോക്കു​േമ്പാൾ എല്ലാ ആളുകളും പോയി തുടങ്ങുകയാണ്. അവിടെ ബാക്കിയുണ്ടായിരുന്നവർ താമസം ബുക്ക്​ ചെയ്​തവരും പാക്കേജിൽ വന്നവരുമെല്ലാമാണ്​. വല്ലാത്തൊരു പേടി മനസ്സിനെ പിടികൂടാൻ തുടങ്ങി. ആടുജീവിതത്തിലെ നജീബിനെയും ഹക്കീമിനെയുമെല്ലാം ഒാർമവന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു യാത്രക്കിടയിൽ അങ്ങനെയൊരു അരക്ഷിതാവസ്​ഥ അനുഭവപ്പെടുന്നത്. എന്തായാലും ആ മരുഭൂമിയിൽ ട​​െൻറടിച്ച്​ കിടന്നാൽ സമാധാനം ഉണ്ടാവില്ലന്ന് ഉറപ്പായി. തിരിച്ച്​ ജെയ്​സാൽമീർ പോകാൻ ആണെങ്കിൽ യാതൊരു മാർഗവുമില്ല. 

jaisalmer-thar-desert-Sunset
ഇന്ത്യയിലെ തന്നെ മികച്ച അസ്​തമയ കാഴ്​ചയാണ്​ താർ മരുഭൂമിയിലേത്
 

എന്ത് ചെയ്യും എന്ന് ആലോചിച്ച്​ നിൽക്കുമ്പോഴാണ് കുറച്ച് ആളുകൾ അടുത്തേക്ക് വന്ന് കാര്യം ചോദിച്ചത്. ആദ്യം പറഞ്ഞില്ലേലും വീണ്ടും ചോദിച്ചപ്പോൾ ഇൻഫാസ് മറുപടി പറഞ്ഞു. പക്ഷെ, പൈസ കൊടുത്ത്​ അവരുടെ ട​​െൻറിൽ നിൽക്കേണ്ടിവരും എന്നുള്ളത്​ കൊണ്ടും പുറത്ത് ട​​െൻറടിച്ച് കിടന്നാൽ കള്ളന്മാരുടെ ശല്യമുണ്ടാകുമോ എന്നും പേടിച്ച്​ ഞാൻ പഴ്സ്‌ ട്രെയിനിൽനിന്ന്​ മോഷണം പോയെന്നുള്ള നുണ തട്ടിവിട്ടു. എ​​​െൻറ മുഖത്തെ പേടി കണ്ടാൽ ആരും അത് വിശ്വസിക്കാതിരിക്കാൻ വഴിയില്ല. അവർക്കാണെങ്കിൽ ഇതും കൂടെ കേട്ടപ്പോൾ പിന്നെ ഞങ്ങളോട് പ്രത്യേക കരുതലായി.

അവരുടെ കടയുടെ അടുത്ത് ട​​െൻറടിച്ച് കിടന്നോളാൻ പറഞ്ഞു. അവിടെ ശല്യപ്പെടുത്താൻ ആരും വരില്ലെന്നും ഒന്നും പേടിക്കേ​ണ്ടെന്നും പറഞ്ഞു ഞങ്ങളെ പരമാവധി സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവരുടെ വക ചായയും തയാറാക്കി തന്നു. നാളെ പോവാൻ നേരം പകൽ നല്ല വെയിലാവും, ഒരുപാട് വെള്ളം കുടിക്കണം എന്നു പറഞ്ഞു രണ്ട് കുപ്പി വെള്ളവും സൗജന്യമായി തന്നു. എൻറെ പടച്ചോനേ! ആ സമയത്ത് ഉള്ളിലൂടെ കടന്നുപോയ ചിന്തകളും മുഖങ്ങളും എത്രയാണ്. ആദ്യമായിട്ട് കാണുന്ന രണ്ടുപേരെ ഇവരിങ്ങനെ സഹായിക്കുന്നത് എന്തിനാണ്? സ്നേഹിക്കുന്നത് എന്തിനാണ്? കുടുംബങ്ങൾ തമ്മിൽ പോലും ഭിന്നിപ്പുണ്ടാകുന്ന ഇക്കാലത്ത് ഇവരെപ്പോലുള്ള മനുഷ്യർ എത്ര വലിയ അദ്​ഭുതമാണ്? എത്ര വലിയ അനുഗ്രഹാണ്? പോവാൻ ഇറങ്ങിയപ്പോൾ കൂട്ടത്തിലൊരാൾ തിരിച്ചുവന്നു. നിങ്ങളെ ഒറ്റക്കാക്കി പോവാൻ തോന്നുന്നില്ലെന്നും റിസോർട്ടിന്​ സമീപം താമസസൗകര്യം ഉണ്ടെന്നും അവിടെ കിടന്നാൽ മതിയെന്നും പറഞ്ഞ്​ ഞങ്ങളെ നിർബന്ധിച്ച് അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയി.

jaisalmer-113
മിക്ക റിസോർട്ടുകളിലും ട​​െൻറ്​ സ്​റ്റേയാണുള്ളത്​​
 

റിസോർട്ടി​​​െൻറ ഉടമസ്​ഥനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനും ഒരുപാട് സന്തോഷം. ഇത്തരത്തിൽ ഒരുപാട്​ റിസോർട്ടുകൾ താർ മരുഭൂമിയിൽ കാണാം. മിക്കവയിലും ട​​െൻറ്​ സ്​റ്റേയാണ്​. ഒട്ടക സഫാരി, മരുഭൂമിയിലൂടെ ജീപ്പ്​ സഫാരി എന്നിവയെല്ലാം ഇവർ ഒരുക്കിത്തരും. ഇത്​ കൂടാതെ രാത്രി നാ​േടാടി നൃത്തവും ഇത്തരം റിസോർട്ടുകളിലുണ്ടാവും. അന്നവിടെ സഞ്ചാരികൾ ആരുമില്ല. ഏതാനും ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്​. രാത്രി ഞങ്ങൾക്കും അവർ ഭക്ഷണമെല്ലാം പാകം ചെയ്​ത്​ തന്നു. അവരെല്ലാവരും വന്ന് ഞങ്ങളോട് ഒരുപാട് നേരം സംസാരിച്ചു. ഞങ്ങളുടെ കഥകളൊക്കെ വലിയ ആവേശത്തിൽ ഇരുന്നു കേട്ടു. അപ്പോഴും എ​​​െൻറയുള്ളിൽ വല്ലാത്തൊരു കുറ്റബോധം ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാവും  ഒരു കള്ളം പറഞ്ഞതിന് ഞാൻ ഇത്രയും സങ്കടപ്പെടുന്നത്. പ്രിയപ്പെട്ട ആരെയൊക്കെയോ വഞ്ചിക്കുന്നതുപോലെ. 

അടുത്തദിവസം രാവിലെ സൂര്യോദയം കാണാൻ വന്ന് വിളിച്ച്‌, അത്‌ കഴിഞ്ഞ്​ അന്നത്തെ പ്രഭാത ഭക്ഷണവും നൽകി ഞങ്ങളെ തിരിച്ച്​ വണ്ടിയിൽ കയറ്റി വിടുമ്പോൾ, അവരുടെ മുഖത്ത് വല്ലാത്തൊരു സന്തോഷമുണ്ടായിരുന്നു. എങ്ങനെ പറഞ്ഞുതീർക്കണം എന്ന് അറിയാത്തത്ര നന്ദിയും കടപ്പാടും ആയിരുന്നു ഞങ്ങളുടെ ഉള്ളു നിറയെ. ഇന്നും ആ ഭയ്യയുമായിട്ട്​ ബന്ധം പുലർത്തുന്നുണ്ട്. പരസ്പരം വിശേഷങ്ങളും സന്തോഷങ്ങളും അറിയിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ ഒരുവട്ടം പോലും കാണാത്തവർ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരായി മാറിയ നിമിഷങ്ങളായിരുന്നു അതെല്ലാം. 

jaismer-fort-entry
ജെയ്​സാൽമീർ കോട്ടയുടെ കവാടം
 

ജെയ്​സാൽമീർ കോട്ടയിലേക്ക്​
ജെയ്​സാൽമീർ നഗരത്തിലെ ഹനുമാൻ സർക്കിളിൽ ഇറങ്ങി നേരെ പോയത് കഴിഞ്ഞദിവസം ഭക്ഷണം കഴിച്ച കടയിലേക്ക് ആയിരുന്നു. നഗരം ചുറ്റിക്കറങ്ങി തിരിച്ചുവരുന്നത് വരെ ലഗ്ഗേജ്​ അവിടെ സൂക്ഷിക്കാൻ കഴിയുമോ എന്ന്​ ചോദിക്കാനായിരുന്നു അത്. അങ്ങനെയാണെങ്കിൽ പിന്നെ ബാക്കി സ്ഥലങ്ങളൊക്കെ സ്വസ്​ഥമായി നടന്നുകാണാം. ഇതൊക്കെ എന്താ ഇത്ര ചോദിക്കാൻ എന്നും പറഞ്ഞ്​ ഞങ്ങളുടെ ലഗ്ഗേജ് ആ കടയിലെ ഏറ്റവും ഭദ്രമായ സ്ഥലത്തുതന്നെ​ അവർ വെച്ചു.

അവർ പറഞ്ഞതനുസരിച്ച്​ ജെയ്​സാൽമീർ കോട്ട ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. നല്ല വെയിൽ ഉണ്ടായിരുന്നെങ്കിലും പുതിയ കാഴ്​ചകൾ തേടിയുള്ള യാത്രയിൽ അതൊന്നും വിഷയമേ ആയില്ല. നഗരത്തിലെ വീഥികളിൽ വലിയ തിരക്കൊന്നുമില്ല. പോകുന്ന വഴിയിൽ ഇടക്ക്​ പട്ടാള വാഹനങ്ങളെല്ലാം കാണാം. പാകിസ്​താൻ അതിർത്തിയുമായി അടുത്തുനിൽക്കുന്ന നഗരമായതിനാൽ തന്ത്രപ്രധാനമായ പ്രദേശം കൂടിയാണിത്.

jaisalmer-traditional-thalappav
പാതയോരത്ത്​ വിൽപ്പനക്ക്​ വെച്ചിരിക്കുന്ന രാജസ്​ഥാനി തലപ്പാവുകൾ
 

റോഡി​​​െൻറ ഇരുവശത്തും സഞ്ചാരികളെ കാത്ത്​ ഒരുപാട്​ കടകളുണ്ട്​. അവയെല്ലാം അവഗണിച്ച്​ ഞങ്ങൾ കോട്ടയുടെ അകത്തേക്ക്​ പ്രവേശിച്ചു. രാജസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന കോട്ടയാണ് ജെയ്​സാൽമീരിലേത്​. എ.ഡി 1156ൽ അന്നത്തെ ഭരണാധികാരിയായ രാജ്പുത് റാവൽ ജൈസൽ നിർമിച്ച കോട്ട. 17ാം നൂറ്റാണ്ടിൽ നഗരത്തിലെ ജനസംഖ്യ വർധിച്ചപ്പോൾ ഈ കോട്ടയിൽ പൊതുജനങ്ങളെയും താമസിപ്പിക്കാൻ തുടങ്ങി. ലോകത്തിലെതന്നെ ആൾതാമസമുള്ള വളരെ ചുരുക്കം കോട്ടകളിലൊന്നാണിത്. 

അവിടെ നിന്നാണ് ഞങ്ങൾ ഇംഗ്ലണ്ടുകാരായ 75 വയസ്സുള്ള റിച്ചാർഡിനെയും 67 വയസ്സുകാരി ആനിയെയും പരിചയപ്പെടുന്നത്. രണ്ടുപേരും രണ്ട്​ മാസമായിട്ട് ഇന്ത്യയിലുണ്ട്. ഇതിനുമുമ്പും എത്രയോ വട്ടം വന്നിട്ടുണ്ട്. പ്രായം വെറും അക്കങ്ങൾ മാത്രമായിട്ട്  തോന്നിയത് അവരെ കണ്ടപ്പോൾ ആയിരുന്നു. ജീവിതം ഇത്രയേറെ ആസ്വദിക്കുന്ന വേറെ ആരും ഇല്ലെന്ന് വരെ എനിക്ക് തോന്നിപ്പോയി. അത്രക്ക്​ ഉൗർജ്ജസ്വലവും സാന്തോഷവാൻമാരുമായിരുന്നു രണ്ടുപേരും. കോട്ടയുടെ അകത്ത്​ നിരവധി ഹോട്ടലുകളും കച്ചവട കേന്ദ്രങ്ങളുമെല്ലാമുണ്ട്​. മുകളിൽനിന്ന്​ നോക്കിയാൽ വിശാലമായ നഗരം കാണാം. സ്വർണ നിറത്തിന്​ സമാനമായ കല്ലുകൾ ഉപയോഗിച്ചാണ്​ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്​. അതുകൊണ്ട്​ തന്നെ ഗോൾഡൻ സിറ്റി എന്ന പേരും ജെയ്​സാൽമീരിനുണ്ട്​.

jaismer-golden-City
കെട്ടിടങ്ങൾക്ക്​ സ്വർണ നിറമായതിനാൽ ഗോൾഡൻ സിറ്റി എന്ന പേരും ജെയ്​സാൽമീരിനുണ്ട്​
 

കോട്ടയിൽനിന്നിറങ്ങി ഗഡിസാഗർ തടാകം കാണാനാണ്​ പോയത്​. മനുഷ്യനിർമിത തടാകമായ ഗഡിസാഗർ പതിനാലാം നൂറ്റാണ്ടിലാണ്​ നിർമിക്കുന്നത്. പണ്ട് കാലത്ത് ജനങ്ങൾ വെള്ളം ശേഖരിച്ചിരുന്നത് ഈ തടാകത്തിൽ നിന്നായിരുന്നു. ഇന്ന് ബോട്ട് സവാരിയും പ്രശാന്തമായ അന്തരീക്ഷവുമെല്ലാമായി ഇൗ തടാകം യാത്രക്കാരെ ആകർഷിക്കുന്നു. ഇവിടെനിന്ന്​ തിരിച്ചുവരു​േമ്പാൾ വെള്ളം സംഭരിക്കാൻ നിർമിച്ച നിരവധി ഹവേലികൾ കാണാം. രാജസ്ഥാനിൽ തന്നെ ഏറ്റവുമധികം ഹവേലികളുള്ളത് ജെയ്​സാൽമീരിലാണ്. എല്ലാം കണ്ട് തിരിച്ച് ബാഗുകൾ സൂക്ഷിച്ച കടയിൽ എത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞിട്ടുണ്ട്​. തലേന്നത്തെ പോലെ തന്നെ ചാവലും ദഹിയും ഒരിക്കൽകൂടി കഴിച്ചു. അടുത്ത പ്ലാൻ എന്താണെന്ന്​ ചോദിച്ചു അവർ. പ്രത്യേകിച്ച്​ ഒന്നുമില്ലെന്ന്​ പറഞ്ഞപ്പോൾ സമീപത്ത്​ വ്യാസ് ചത്രി എന്ന അസ്​തമയം കാണാൻ പറ്റിയ സ്​ഥലമുണ്ടെന്ന്​ അറിയിച്ചു.

പക്ഷേ അവിടെ എത്തിയപ്പോഴാണ് അകത്ത്​ കയറാൻ ടിക്കറ്റ് വേണമെന്ന് അറിയുന്നത്. കഴിഞ്ഞദിവസം മനോഹരമായ അസ്​തമയം മരുഭൂമിയിലിരുന്ന്​ കണ്ടതാണ്​. ഇനി പൈസ കൊടുത്ത്​ വീണ്ടുമൊരു അസ്​തമയം കാണേണ്ടെന്ന്​ വിചാരിച്ചു. മികച്ച ഫോ​േട്ടാകൾ എടുക്കാൻ പറ്റിയ സ്​ഥലമാണ്​ വ്യാസ് ചത്രി. മഹാഭാരതം രചിച്ച വ്യാസമുനിയുടെ പേരിലുള്ള മനോഹരമായ സ്​മാരകമാണിത്​. അതി​​​െൻറ പുറത്ത് നിക്കുമ്പോഴാണ് അവിടത്തെ സ്ഥിരം പാട്ടുകാരനായ ലാൽ സിങ്ങിനെ പരിചയപ്പെടുന്നത്. എ​​​െൻറ പേരൊക്കെ ചോദിച്ച്‌ അതുപയോഗിച്ച്​ പാട്ടൊക്കെ പാടി ഞങ്ങളെ മൊത്തത്തിലങ്ങ്​ ഹാപ്പിയാക്കി. 

jaisalmer-Gadisagar-lake
ഗഡിസാഗർ തടാകം
 

അദ്ദേഹം പറഞ്ഞപ്പോഴാണ് അവിടെ ഉള്ളവർക്ക് മലയാളികളോട് ഇത്രയധികം ഇഷ്​ടം തോന്നാനുള്ള കാരണം മനസ്സിലാവുന്നത്. രാജസ്​ഥാനിലെ പല ഉൾനാടൻ ക്ലിനിക്കുകളിലും ആശുപത്രികളിലുമെല്ലാം മലയാളി നഴ്സുമാരാണത്രേ കൂടുതലും. ഏത്​ രോഗവുമായെത്തിയാലും ഇൗ നാട്ടുകാരെ വളരെ താൽപ്പര്യത്തോടെയാണ്​ ആ മാലാഖമാർ പരിചരിക്കുന്നത്​. ആ സ്നേഹത്തി​​​െൻറ ഒരു പാതി മാത്രമാണ് അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് തിരിച്ചുകിട്ടിയത്. 

അവിടെനിന്ന്​ വീണ്ടും പഴയ കടയിൽ എത്തി. ബാഗുകൾ എടുക്കാൻ നേരം ‘‘ഞങ്ങൾ ഒരു ചായ തന്നാൽ കുടിക്കോ, പോവാൻ തിരക്കില്ലെങ്കിൽ കുറച്ചുനേരം ഇരുന്ന് സംസാരിച്ചിട്ട്​ പോയാൽ പോരേ’’ എന്നുള്ള ചോദ്യം കേട്ടത്​. ഹർകേഷ്​ ഭയ്യയായിരുന്നു അത്​ ചോദിച്ചത്​​. സത്യം പറഞ്ഞാൽ എന്താ പറയേണ്ടതെന്ന് അറിയുന്നില്ല. സ്നേഹം കൊണ്ട് അത്രയും കടങ്ങൾ ഉണ്ടാക്കിവെച്ച  ഇതുപോലൊരു യാത്ര ഉണ്ടായിട്ടില്ല. അടുത്തദിവസമാണ്​ ഡൽഹിയിലേക്ക് ട്രെയിനുള്ളത്​. രാത്രി അവരോട്​ സംസാരിച്ചിരുന്ന്​ അവിടെത്തന്നെ കൂടി. 

jaisalmer-With-lalsingh
വ്യാസ്​ ചത്രിക്ക്​ സമീപത്തെ ഗായകൻ ലാൽ സിങ്ങിനൊപ്പം
 

രാജസ്ഥാനിൽ തന്നെ ഏറ്റവും മികച്ച അനുഭവങ്ങൾ സമ്മാനിച്ചത്​ ​െജയ്സാൽമീരായിരുന്നു. ഒരുപാട് കഥകൾ പറഞ്ഞ, ഏറെ സ്നേഹം നൽകിയ, നമ്മളെ സുരക്ഷിതരാക്കിയ, പറയാൻ കഴിയാത്തത്രയും സന്തോഷം നൽകിയ മനുഷ്യൻമാരും ദിവസങ്ങളുമായിരുന്നു അതത്രയും. ഡൽഹിയിലേക്ക്​ ട്രെയിൻ കയറിയപ്പോഴും മനസ്സ്‌  മുഴുവൻ ആ മുഖങ്ങളായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങളായിരുന്നുവത്​. തിരിച്ച് ഡൽഹിയിൽ എത്തിയപ്പോൾ മതത്തി​​​െൻറ പേരിൽ സ്വന്തം ചോരയെ വരെ വെട്ടിമുറിക്കുന്നത് മുന്നിൽ കണ്ടപ്പോൾ, പേരും വിലാസങ്ങളും മാറോട്​ ചേർത്തുപിടിക്കുന്ന എല്ലാവരെയും കൂട്ടി അങ്ങോട്ട് ഒന്നുകൂടെ പോകണം എന്നു തോന്നി. 

കാരണം അവിടെയുള്ള ആളുകൾക്കറിയാം, പേര്​ ചോദിക്കാതെ ചിരിക്കേണ്ടതും വിലാസങ്ങൾക്കപ്പുറം സ്നേഹം പങ്കുവെക്കേണ്ടതും എങ്ങനെയാണെന്ന്. ജീവിതത്തെ ഒരുപാട് മാറ്റിമറിച്ച, ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച, ഒത്തിരി സന്തോഷം തന്ന എ​​​െൻറ പ്രിയപ്പെട്ട യാത്രയായിരുന്നു അത്. സ്ഥലങ്ങൾക്കപ്പുറം പച്ചയായ മനുഷ്യരെ കണ്ട, അവരുടെ സ്നേഹവും കരുതലുമറിഞ്ഞ ഏഴു ദിവസങ്ങൾ. ഇതുതന്നെയാണ് ഓരോ യാത്രയിലും ഞാൻ അനുഭവിച്ച ഏറ്റവും മനോഹരമായ കാഴ്ചകൾ, ഏറ്റവും നിഷ്കളങ്കമായ ചിരികൾ. അത് സമ്മാനിക്കുന്ന യാത്രകളെ ഞാനെങ്ങനെ വീണ്ടും വീണ്ടും പ്രണയിക്കാതിരിക്കും.
 

Show Full Article
TAGS:travel jaipur rajasthan jodhpur JAISALMER sam sand dunes 
Next Story