കോടമഞ്ഞിനൊപ്പം കാടിറങ്ങിയ മഴ

  • മഴയിൽ നനഞ്ഞുലഞ്ഞ വയനാട്ടിലൂടെ ഒരു സഞ്ചാരം

കോടമഞ്ഞിനൊപ്പം മലയിറങ്ങിവരുന്ന മഴ കാണാൻ വയനാട്ടിലേക്ക്​ വരൂ...

പെയ്തിട്ടും പെയ്തിട്ടും കൊതിതീരാതെ മഴ അങ്ങനെ ആര്‍ത്തലച്ച് പെയ്യുകയാണ്. രണ്ട് ദിവസത്തെ അവധിക്ക് വയനാട്ടിലെത്തിയപ്പോഴാണ്​ മഴ ഇത്രയും  ശക്തമാണെന്ന് അറിയുന്നത്​. എല്‍.പി ക്ലാസില്‍ പഠിക്കുമ്പോള്‍ ബാഗും തൂക്കി കുഞ്ഞുവര്‍ണക്കുടയുമായി വീടി​​​െൻറ വരാന്തയില്‍ സ്‌കൂളിലേക്ക് പോകാന്‍ മടിച്ചു നിന്ന ബാല്യകാലത്തി​​​െൻറ മങ്ങിയ ചിത്രം മഴത്തുള്ളിക്കൊപ്പം പറന്നു വന്നു. ‘തുള്ളിക്കൊരു കുടം’ എന്ന പഴംചൊല്ലിനെ പൂർണമാക്കി പെയ്തിരുന്ന മഴ പതിറ്റാണ്ടുകൾക്കു ശേഷം തിരിച്ചു വന്നിരിക്കുന്നു. ചായ്പ്പിലെ ചാക്കില്‍ കൂട്ടിവെച്ചിരുന്ന കപ്പലണ്ടിയും ചക്കക്കുരുവും ചുട്ടുതിന്ന് വല്യമ്മയോടൊപ്പം തീകാഞ്ഞിരുന്നത് കഴിഞ്ഞ ജന്‍മത്തിലൊന്നുമായിരുന്നില്ല എന്ന ഓര്‍മപ്പെടുത്തലായിരുന്നു ഇത്തവണത്തെ മഴ.

വൈകിയുണരുന്ന പ്രഭാതങ്ങളും ഇരുട്ടുമ്പോള്‍ തന്നെ കരിമ്പടക്കെട്ടിനുള്ളില്‍ ഒളിക്കുന്ന രാവുകളും കടന്നുപോയിട്ട് കാലമേറയായിട്ടില്ല. മഴ തിമിര്‍ക്കുമ്പോള്‍ നാളെ കലക്ടര്‍ അവധി പ്രഖ്യാപിക്കണേയെന്ന പ്രാര്‍ഥനയോടെ ആയിരിക്കും ഓരോ രാത്രിയും കിടക്കാന്‍ പോകുന്നത്. പല ദിവസങ്ങളിലും ആ പ്രാര്‍ഥന കേള്‍ക്കാന്‍ കൂട്ടാക്കാത്ത ദൈവത്തോട് ഇന്നുമുണ്ട്​ പരിഭവം. വീടി​​​െൻറ ഇറയത്തു നിന്നും മുറ്റത്തിറങ്ങി റോഡെത്തുന്നതുവരെയേ മഴയും തണുപ്പുമൊക്കെയുള്ളു. റോഡിലൂടെ കുത്തിയൊഴുകുന്ന വെള്ളം തെറിപ്പിച്ചും കുട വട്ടം കറക്കിയും ആഘോഷമായി സ്‌കൂളിലെത്തുമ്പോഴേക്കും പകുതിയിലധികം നനഞ്ഞിരിക്കും. ആ നനവിന്റെ ഗൃഹാതുരത്വം വന്നതിനാലാകാം, മഴ നനഞ്ഞ്  യാത്രപോകണമെന്ന മോഹം ഒാരോ ചെറു മഴയിലും തളിർത്തുവരുന്നത്​.

കാറ്റി​​​െൻറയും മഴത്തുള്ളിയുടേയും പോക്ക് കണ്ടാല്‍ പ്രണയിച്ചവര്‍ ഒളിച്ചോടുന്നതു പോലെയോ അതിസുന്ദരിയായ മഴത്തുള്ളിയെ കാറ്റ് തട്ടിക്കൊണ്ടുപോകുന്നതുപോലെയോ തോന്നിച്ചു
 

വിളിക്കേണ്ട താമസം ബൈക്കുമായി എത്താന്‍ സുഹൃത്ത് സജിത്തിന് അധികം ആലോചിക്കേണ്ടി വന്നില്ല. പഴയ  ത്രീഫോര്‍ത്തും ഷര്‍ട്ടുമിട്ട് അതിന് മുകളില്‍ മഴക്കോട്ടുമിട്ട് യാത്ര തുടങ്ങി. മാനന്തവാടിയായിരുന്നു ലക്ഷ്യം. അവിടെ നിന്നും എങ്ങോട്ട് പോകണമെന്ന് തീരുമാനമൊന്നുമുണ്ടായിരുന്നില്ല. ശക്തമായ മഴയില്‍ ബൈക്ക് വളരെ പതുക്കെയേ ഓടിക്കാന്‍ കഴിയുന്നുള്ളു. കാറ്റിനൊപ്പം ചീറിവരുന്ന മഴത്തുള്ളികള്‍ മുഖത്തേക്ക് അടിച്ചു കയറി. കാറ്റി​​​െൻറയും മഴത്തുള്ളിയുടേയും പോക്ക് കണ്ടാല്‍ പ്രണയിച്ചവര്‍ ഒളിച്ചോടുന്നതു പോലെയോ അതിസുന്ദരിയായ മഴത്തുള്ളിയെ കാറ്റ് തട്ടിക്കൊണ്ടുപോകുന്നതുപോലെയോ തോന്നിച്ചു. എങ്ങോട്ടാണ് ഇത്രയും തിരക്കിട്ട് ഇവര്‍ പായുന്നത്... പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കോട്ടിനുള്ളിലൂടെ മഴവെള്ളം ഇറങ്ങി പലയിടത്തും നനവ് അനുഭവപ്പെട്ടു തുടങ്ങി. കണ്ണട ഉണ്ടായിരുന്നതുകൊണ്ട് കണ്ണിലേക്ക് നേരിട്ട് വെള്ളം അടിച്ചു കയറിയില്ലെങ്കിലും നെറ്റിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങി. റോഡില്‍ നിറയെ വെള്ളമായിരുന്നതിനാല്‍ മറ്റ് വണ്ടികള്‍ പോകുമ്പോള്‍ ദേഹത്തേക്ക് ചെളിവെള്ളം അടിച്ചു കയറുന്നുണ്ടായിരുന്നു.

വയലുകളിലും പുഴകളിലുമെല്ലാം ജലസമൃദ്ധി. നൂലുപോലെ ഒഴുകിയിരുന്ന, പലപ്പോഴും ഒഴുക്ക് നിലച്ചിരുന്ന പുഴകള്‍ അഹങ്കാരത്തോടെ, ഭീതിപ്പെടുത്തിക്കൊണ്ട് കുത്തിമറിഞ്ഞ് ഒഴുകുകയാണ്. വയലുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചെറിയ കുഴികള്‍ തീർത്തുകൊണ്ട് മഴത്തുള്ളികള്‍ വീണ്ടും പെയ്തിറങ്ങുന്നു. പാഞ്ഞുപോകുന്ന കാറ്റില്‍ വെള്ളക്കെട്ടില്‍ പൊന്തിവരുന്ന ഓളങ്ങള്‍ കാറ്റിനൊപ്പം സഞ്ചരിക്കാന്‍ കൈയെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതു പോലെ തോന്നി. അപൂര്‍വമായി മാത്രം കാണുന്ന കാഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തണമെന്ന് ആഗ്രഹിച്ചെങ്കിലും സാധ്യമല്ലായിരുന്നു. കവറിനുള്ളില്‍ പൊതിഞ്ഞുകെട്ടി ഭദ്രമാക്കി വെക്കിച്ചിരിക്കുന്ന മൊബൈല്‍ പുറത്തെടുത്താല്‍ നനയുമെന്ന് ഉറപ്പാണ്. ബൈക്ക് നിര്‍ത്തി പുറംകണ്ണാലും അകക്കണ്ണാലും ആവുന്നത്ര ചിത്രങ്ങളെടുത്ത് യാത്ര തുടര്‍ന്നു.

തലപ്പുഴ കഴിഞ്ഞപ്പോഴേക്കും മഴയുടെ സ്വഭാവം മാറി. ആരോടൊക്കെയോ വൈരാഗ്യമുള്ളതുപോലെ തല്ലിയലച്ച് പെയ്യുകയാണ്
 

മലബാര്‍ മാന്വലിൽ വില്യം ലോഗന്‍ പറയുന്നത് വിലകുറഞ്ഞതും വൃത്തികെട്ടതുമായ സ്ഥലമാണ് മാനന്തവാടി എന്നാണ്. മാനന്തവാടി വളരെ സുപരിചിതമായിരുന്ന സ്ഥലമായിരുന്നിട്ടുപോലും വില്യം ലോഗന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായിരുന്നില്ല. ആ പറഞ്ഞതില്‍ എന്തെങ്കിലും കാര്യം ഉള്ളതായി തോന്നിയത്  ഈ യാത്രയിലാണ്. ടൗണിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഓരോ കുഴിയിലും കയറിയിറങ്ങി വാഹനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നതോടെ കനത്ത ബ്ലോക്കും. ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെട്ട് കണിയാരം എത്തിയപ്പോഴേക്കും ചായകുടിക്കാന്‍ നിര്‍ത്തി. ബൈക്ക് ഒതുക്കി വെച്ച് ചെറിയ കുമ്മട്ടിക്കടയുടെ ചാര്‍ത്തിലേക്ക് കയറി നിന്നു. സ്വെറ്ററിട്ട് കട്ടന്‍ ബീഡിയും വലിച്ച് പ്രായമായ ഒരു ചേട്ടന്‍ കടക്കുള്ളില്‍ ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എന്ത് വേണമെന്ന് അയാള്‍ ചോദിക്കുന്ന ലക്ഷണമില്ലെന്ന് തോന്നിയതുകൊണ്ട് രണ്ട് ചായ വേണമെന്ന് പറഞ്ഞു. ഒന്നും പറയാതെ അയാള്‍ ചായ ഉണ്ടാക്കാന്‍ ആരംഭിച്ചു.

റെയിൻ കോട്ട് ഊരി നോക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞു ഷര്‍ട്ടും ത്രീഫോര്‍ത്തുമെല്ലാം പകുതിയിലധികം നനഞ്ഞുവെന്ന്. ചൂടുചായ ഉൗതിക്കുടിക്കുമ്പോള്‍ പുറത്ത് മഴ തകർക്കുകയാണ്​. കുമ്മട്ടിക്കടയുടെ വാതിതില്‍ ചാരി നിന്ന് ചേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞു ‘ഇതുടനെയൊന്നും പോകുന്ന ലക്ഷണമില്ല’. അയാളുടെ വേഷവും വാക്കുകളും പത്തിരുപത് വര്‍ഷം മുമ്പുള്ള വയനാടന്‍ മഴക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആഴ്ചകളോളം നിര്‍ത്താതെ പെയ്യുന്ന മഴ. വീടിനുള്ളില്‍ നിന്നും അത്യാവശ്യത്തിനു പോലും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന കാലം. ഉണക്കക്കപ്പയും റേഷനരിക്കഞ്ഞിയുമായിരുന്നു പ്രധാനം ഭക്ഷണം. ഉപ്പിലിട്ട മാങ്ങയോ, ചമ്മന്തിയോ കറിയായി കാണും. കടയില്‍ നിന്നും എന്തെങ്കിലും വാങ്ങി കറിവെക്കാന്‍ മാത്രം സാമ്പത്തികശേഷി അന്ന് പലര്‍ക്കും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ തീകാഞ്ഞും ഉറങ്ങിയും തള്ളിനീക്കിയ മഴക്കാലം.

ചുരം വളവുകളിൽ മഴയും കോടയും ചേർന്നൊരുക്കുന്ന സൗന്ദര്യത്തിന്​ ഭയത്തി​​​െൻറ മേലങ്കിയുണ്ട്​....
 

നെല്ലും കപ്പയുമെല്ലാം കൃഷി ചെയ്തിരുന്ന വയലിലേക്ക് കുടിയേറിയ വാഴകൃഷിയാണ് രണ്ട് പതിറ്റാണ്ട് കൊണ്ട് വയനാടി​​​െൻറ മുഖച്ഛായ തന്നെ മാറ്റിയെടുത്ത്. കണ്ണെത്താ ദൂരത്തോളം കിടന്നിരുന്ന വയലുകളില്‍ ഇത്തിള്‍ക്കണ്ണിപോലെ വാഴകൃഷി വ്യാപിച്ചു. കെട്ടിനിര്‍ത്തിയിരുന്ന മഴവെള്ളമത്രയും ചാല് കീറി വിടാന്‍ തുടങ്ങി. ടിമിറ്റും ഫുരുഡാനും അടിച്ച് പത്തും ഇരുപതും കിലോവീതമുള്ള വാഴക്കുല ഉത്പ്പാദിപ്പിച്ചു. ലാഭം മാത്രം നോക്കി കൃഷിയിറക്കിയപ്പോള്‍ നഷ്ടപ്പെട്ടത് ഒരു നാടി​​​െൻറ തുടിപ്പുകളായിരുന്നെന്ന് മനസ്സിലാക്കാന്‍ ഏറെ വൈകി.

തലപ്പുഴ കഴിഞ്ഞപ്പോഴേക്കും മഴയുടെ സ്വഭാവം മാറി. ആരോടൊക്കെയോ വൈരാഗ്യമുള്ളതുപോലെ തല്ലിയലച്ച്  പെയ്യുകയാണ്. കൂടെ പാഞ്ഞുവരുന്ന കാറ്റ് മഴത്തുള്ളിയുമായി കലഹിച്ച് പായുന്നു. നോക്കിനില്‍ക്കുമ്പോള്‍ ഭീതിപ്പെടുത്തിക്കൊണ്ട് കോടയുമെത്തി. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡില്‍ വാഹനങ്ങള്‍ നന്നെ കുറവ്. ബോയ്‌സ് ടൗണില്‍ നിന്നും പാല്‍ച്ചുരത്തേക്ക് തിരിഞ്ഞു. ഇടവഴിയില്‍ നിന്നും പെരുവഴിയില്‍ നിന്നുമെത്തുന്ന വെള്ളം കുത്തിയൊലിച്ച് പാല്‍ച്ചുരത്തിലെ തോട്ടിലേക്കെത്തുന്നു. മഴയുടെ കനത്ത ശബ്ദത്തേയും ഭേദിച്ചുകൊണ്ട് പാല്‍ച്ചുരത്തിന് സമാന്തരമായി ഒഴുകുന്ന തോട്ടിലൂടെ വെള്ളം ആര്‍ത്തലച്ച് പോകുന്നു. ചെളികലര്‍ന്ന വെള്ളം പാറക്കെട്ടുകളില്‍ തല്ലി ചിതറുകയാണ്. മഴക്കാലം കഴിഞ്ഞാല്‍ ഈ തോടിന് പാല്‍ നിറമാകും. കുത്തനെയുള്ള പാറക്കെട്ടുകളില്‍ കുത്തിയൊഴുകുന്ന വെള്ളം ഏതോ പെണ്ണി​​​െൻറ കാലില്‍ നിന്ന് ഊര്‍ന്നുവീണ വെള്ളിക്കൊലുസ് പോലെ തോന്നും. തോടിനടുത്ത് ബൈക്ക് നിര്‍ത്തി  കുറച്ചു നേരം നോക്കി നിന്നു.  ചുരം റോഡില്‍ നിറയെ വെള്ളമാണ്. പെയ്ത്ത് വെള്ളത്തിനൊപ്പം റോഡരികില്‍ നിന്ന് ഉറവ വെള്ളവും ചേര്‍ന്ന് കുന്നിറങ്ങുകയാണ്. പാഞ്ഞുപോകുന്ന വെള്ളത്തിനൊപ്പമെത്താന്‍ ബൈക്കിനായില്ല. വെള്ളത്തിനൊപ്പം പായാന്‍ നിന്നാല്‍ തോട്ടില്‍കിടക്കുമെന്നുറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ ചിലപ്പോള്‍ എല്ല് പോലും പെറുക്കാന്‍കിട്ടില്ല.

കുത്തനെയുള്ള പാറക്കെട്ടുകളില്‍ കുത്തിയൊഴുകുന്ന വെള്ളം ഏതോ പെണ്ണി​​​െൻറ കാലില്‍ നിന്ന് ഊര്‍ന്നുവീണ വെള്ളിക്കൊലുസ് പോലെ തോന്നും
 

ചുരത്തിന് പകുതിയെത്തിയപ്പോള്‍ കുറച്ചാളുകള്‍ ചേര്‍ന്ന് റോഡിലേക്ക് വീണ മരം വെട്ടി നീക്കുന്നു. ജെ.സി.ബി ഉപയോഗിച്ച് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്നു. കാടി​​​െൻറ വന്യതയും മഴയുടെ ശബ്ദവും കോടയും കൂടിയായപ്പോല്‍ ലോകത്തി​​​െൻറ മറ്റേതോ കോണിലെത്തിപ്പെട്ട പ്രതീതി. വല്ലാത്തൊരു ഭീതി അവിടമാകെ നിഴലിട്ടുനിന്നു. പിന്നെയും താഴേക്ക് പോയി തോട് കാണാന്‍ കഴിയുന്നിടത്ത് ബൈക്ക് നിര്‍ത്തി. എന്നാല്‍ കനത്ത കോട മൂലം തോട് കാണാന്‍ കഴിഞ്ഞില്ല. അവിടെ നിന്നും മടക്കയാത്ര തുടങ്ങുമ്പോള്‍ കാട്ടിലൊളിച്ച കോടയും മഴയും ലാസ്യഭാവത്തില്‍ കുന്നിറങ്ങി വരുന്നുണ്ടായിരുന്നു.

തലപ്പുഴയുള്ള മുനീശ്വരന്‍ കുന്നിലേക്ക്​ പോകാമെന്നുറച്ചായിരുന്നു മടക്കം. വേനല്‍ക്കാലത്ത് പോലും കയറിപ്പോകാന്‍ ദുര്‍ഘടം പിടിച്ച വഴിയിലൂടെ മുനീശ്വരന്‍ മലയുടെ മുകളിലെത്താന്‍ കഴിയുമോ എന്ന്​ സംശയമായിരുന്നു. തലപ്പുഴയില്‍ നിന്നും ഇടവഴിയിലേക്ക് കയറിയപ്പോള്‍ വീണ്ടും കാടി​​​െൻറ  വന്യത ചൂഴ്ന്നു നോകുന്നു. മുന്നോട്ട് പോയപ്പോള്‍ പുഴ, റോഡ് സൈഡിലൂടെ കുതിച്ചെത്തുന്നുണ്ട്​. ഏതു നിമിഷവും റോഡിലേക്ക് കയറാം എന്ന ഭീഷണി ആ കുത്തൊഴൂക്കിനുണ്ടായിരുന്നു. പുഴയരികിലെ കുഞ്ഞുമരങ്ങളെയും ഓടകളെയും പോണ പോക്കില്‍ മലവെള്ളം വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. കുന്നുകയറാന്‍ തുടങ്ങിയപ്പോള്‍ എതിരെ വന്ന ചേട്ടനോട് വഴി ചോദിച്ചു. ഒന്നിരുത്തി നോക്കിയശേഷം ആയാള്‍ പറഞ്ഞു ‘നേരേ പോയാമതി. അല്ല, ഈ പെരുമഴയത്ത് എന്നാ കാണാനാ ഇപ്പൊ അങ്ങോട്ട് പോണേ. വഴി മുഴുവന്‍ കല്ലും ചെളിയുമാണ് പോകാന്‍ പറ്റില്ല’. അയാളെ നോക്കി വെളുക്കെ ചിരിച്ച ശേഷം ‘പോയിനോക്കട്ടെ...’ എന്നു പറഞ്ഞു.  കനത്തിലൊന്ന് മുളിയ ശേഷം അയാള്‍ നടന്നു പോയി. മഴയത്ത് പുറത്തിറങ്ങാന്‍ മടിച്ചിരിക്കുമ്പോളാണ് രണ്ട് പ്രാന്തമാര്‍ മുനീശ്വരന്‍ മല കയറാന്‍ പോകുന്നതെന്ന് അയാളുടെ മൂളലില്‍ നിന്ന് വ്യക്തം.

പകൽപോലും ഇരുട്ട്​ പരക്കുന്ന കാനനഭംഗി മഴയിൽ തിളങ്ങിനിന്നു...
 

ബൈക്ക് പിന്നേയും മുന്നോട്ട് പോയി. കുത്തനെയുള്ള കയറ്റം. ടാറ് ചെയ്യാത്ത വഴി നിറയെ കല്ലും ചെളിയും വെള്ളവുമാണ്. സാഹസപ്പെട്ട് കുറച്ചു ദൂരം പോയി. ഒടുവില്‍ രണ്ട് പാലരുവികൾ സംഗമിക്കുന്നിടത്ത് ബൈക്ക് നിര്‍ത്തി. മലയില്‍ നിന്നും പതഞ്ഞൊഴുകി വരുന്ന അരുവികള്‍, ബഷീർ പറഞ്ഞപോലെ ഒന്നും ഒന്നും ചേര്‍ന്ന് ‘ഇമ്മിണി വല്ല്യ ഒന്നായി’ താഴേക്ക് കുതിച്ചു. മഴത്തുള്ളികള്‍ ഇലത്തുമ്പുകളില്‍ നൃത്തം ചവിട്ടി കുണുങ്ങിക്കുണുങ്ങി താഴേക്ക് പതിക്കുകയാണ്. തലയില്‍ ഒരു കെട്ടും കെട്ടി കമ്പിയൊടിഞ്ഞ കുടയും ചൂടി പാല്‍പ്പാത്രവുമായി ഒരാള്‍ കുന്നിറങ്ങി വന്നു. അയാള്‍ക്ക് വഴികാട്ടിയെന്നോണം ഒരു പട്ടിയും മുമ്പിലുണ്ടായിരുന്നു. റോഡിലേക്ക് നോക്കി കുനിഞ്ഞു നടന്ന അയാള്‍ ഞങ്ങളെ കണ്ടപ്പോള്‍ തലയുയര്‍ത്തി നോക്കി. പട്ടിയും നിന്നു. അയാള്‍ ഒന്നും ചോദിച്ചില്ലെങ്കിലും പലതും ചോദിക്കാനുണ്ടെന്ന് ഉറപ്പായിരുന്നു. അതറിഞ്ഞുകൊണ്ട് അങ്ങോട്ട് ചോദിച്ചു ‘ചേട്ടാ മേലേക്ക് പോകാന്‍ പറ്റുമോ...?’
‘ഈ പെരുമഴയത്ത് അങ്ങോട്ട് നടന്നുപോലും പോകാന്‍ പറ്റില്ല. തിരിച്ചുപൊക്കോ..’
കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിക്കാതെ അയാള്‍ മുന്നോട്ട് നടന്നു. കൂടെ പട്ടിയും. ഇത്രയും ദൂരം കയറി വന്നത് വളരെ പണിപ്പെട്ടാണ്. ഈ മഴക്കാലത്ത് ഉരുണ്ട് വീണ് കയ്യും കാലുമൊടിഞ്ഞ് കിടക്കാന്‍ വലിയ താല്‍പര്യമില്ലാത്തകൊണ്ട് മടങ്ങാന്‍ തീരുമാനിച്ചു.

കുന്നിറങ്ങി പകുതി എത്തിയപ്പോഴേക്കും കോട കനത്തു. ഒപ്പം മഴയും. കുന്നിറങ്ങുമ്പോള്‍ ദൂരെ താഴെ ഒരു മൈതാനം കോടമഞ്ഞില്‍ അവ്യക്തമായി കാണാം.  അതി​​​െൻറ ഒരു വശത്തായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒറ്റമരം. കുന്നിറങ്ങി ചാഞ്ഞും ചരിഞ്ഞും കുതിച്ചെത്തുന്ന മഴ ആ മൈതാനത്തേക്ക് ഒരു ആട്ടിന്‍കുട്ടിയേപ്പോലെ തുള്ളിച്ചാടിയിറങ്ങി. മൈതാനം ഈ മഴക്കാലത്ത് മഴത്തുള്ളികള്‍ക്ക് ഓടിക്കളിക്കാനും തലകുത്തി മറിയാനും നീക്കിവെച്ചപോലെ തോന്നി.  അല്‍പ്പം നിരന്ന സ്ഥലത്തെത്തിയപ്പോള്‍ ഒന്നു രണ്ട് കടകള്‍ കണ്ടു. മടക്കയാത്ര ചായകുടിച്ചിട്ടാകാം എന്ന പറഞ്ഞ് സജിത് ബൈക്ക് നിര്‍ത്തി. ചായക്കടയില്‍ വലിയ പ്രായമൊന്നുമില്ലാത്ത  സുന്ദരിയായ ചേച്ചിയുണ്ടായിരുന്നു. ചായക്ക് പറഞ്ഞ് ഞങ്ങള്‍ ബഞ്ചിലിരുന്നു. ചായയുമായ വന്ന അവര്‍ ചോദിച്ചു ‘നിങ്ങളെവിടെപ്പോയതാ...?’
‘ചുമ്മാ മുനീശ്വരന്‍ മലേല്‍ പോകാന്നു കരുതി വന്നതാ. നടന്നില്ല...’. ആ സ്​ത്രീ വല്ലാതെ ഒന്നു ചിരിച്ചു. ഊതിക്കുടിച്ചുകൊണ്ടിരുന്ന ചായയേക്കാള്‍ ചൂട് ആ ചിരിക്കായിരുന്നു....

Loading...
COMMENTS