സൈരന്ധ്രിയുടെ താഴ്​വരയിലേക്ക്​

(;ചിത്രങ്ങൾ ഉണ്ണി സി മണ്ണാർമല)

മനുഷ്യസ്പര്‍ശമേല്‍ക്കാത്ത തെളിനീരുറവകള്‍ ഒഴുകുന്ന ഇടങ്ങളാണ് വനങ്ങള്‍. തണല്‍വിരിച്ച് നില്‍ക്കുന്ന മരങ്ങള്‍ക്ക് ചുവട്ടിലൂടെ അവ ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു. നാട്ടിൽ പ്രകൃതിചൂഷണത്തിന് ഇരയായി ജലാശയങ്ങളെല്ലാം വറ്റിവരണ്ടു തുടങ്ങിയപ്പോള്‍ മനുഷ്യന്‍ കാട്ടിലെ ജലാശയങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യൻെറ സ്പർശനമേൽക്കാൻ തുടങ്ങിയതോടെ മലകളും കാടുകളുമെല്ലാം പ്ലാസ്റ്റിക് മാലിന്യത്താലും പ്രകൃതിചൂഷണത്താലും നശിച്ചുതുടങ്ങി. സഞ്ചാരികളുടെ ഒഴുക്കില്ലാത്തതും പ്രകൃതിയുടെ മടിത്തട്ടിലൂടെ തെളിനീർ തട്ടിത്തെറിച്ച് ഒഴുകുന്നതുമായ ഒരിടത്തേക്കായിരുന്നു ഇത്തവണ പുറപ്പെടുന്നത്.

പ്രകൃതിയുടെ വശ്യത
 


പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സൈലൻറ്വാലിയിലൂടെ ഒഴുകിയെത്തുന്ന കുന്തിപ്പുഴയുടെ ഭാഗമായ കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം (വിര്‍ജിന്‍ വാലി) എന്ന ജലസൗന്ദര്യത്തെ പുല്‍കാനാണ് യാത്ര. കുംഭച്ചൂടില്‍ വെന്തുരുകുന്ന ഒരു നട്ടുച്ചക്ക് ഒളിച്ചോടാന്‍ പറ്റിയ ഒരിടം ഇതല്ലാതെ വേറെയില്ല. 10 വര്‍ഷം മുമ്പാണ് കുരുത്തിച്ചാൽ സന്ദര്‍ശിക്കുന്നത്. പിന്നീട്, പലതവണ സുഹൃത്തുക്കള്‍ കൂട്ടുവിളിച്ചെങ്കിലും തിരക്കുകള്‍ കാരണം പോകാന്‍ കഴിഞ്ഞിരുന്നില്ല. അവധിദിനത്തിൻെറ ആലസ്യത്തില്‍ വീട്ടിലിരിക്കുമ്പോള്‍ ഉച്ചക്ക് 11 മണിയോടെയാണ് അപ്രതീക്ഷിതമായി സുഹൃത്തിൻെറ ഫോണ്‍കോൾ വന്നത്.
 

പാത്രക്കടവിലേക്കുള്ള വഴി
 

ചൂടുകാറ്റടിക്കുന്ന പകലില്‍ ശരീരത്തെ തണുപ്പിക്കാനും മനസ്സിനെ കുളിര്‍പ്പിക്കാനും ഇതിലും നല്ലൊരിടം വേറെയുണ്ടാവില്ല. നാട്ടില്‍നിന്ന് വെറും 30ഓളം കിലോമീറ്റര്‍ മാത്രമുള്ള കുരുത്തിച്ചാലിലേക്ക് അലനല്ലൂരില്‍നിന്ന് മണ്ണാര്‍ക്കാട് റോഡ് വഴിയാണ് സഞ്ചാരം. മണ്ണാർക്കാട് ടൗൺ എത്തുന്നതിന് മുമ്പ് ‘കല്ല്യാണക്കാപ്പ്’ എന്ന കവലയില്‍നിന്ന് ചെറിയൊരു റോഡിലേക്ക് പ്രവേശിച്ചുവേണം പോകാന്‍. മണ്ണാർക്കാട് ടൗണിൽനിന്ന് മറ്റു വഴികളും ഇവിടേക്കുണ്ട്. ദൂരം പോകുന്തോറും റോഡിന് വീതികുറവും ഗ്രാമീണതയുടെ സൗന്ദര്യം കൂടിവരുന്നതും കണ്ടുതുടങ്ങി. മൈലാമ്പാടം എന്ന ഉള്‍നാടന്‍ കവലയില്‍നിന്ന് അല്‍പം കൂടി സഞ്ചരിച്ചാല്‍ കുരുത്തിച്ചാലിലെത്താം.


മലയോര കാര്‍ഷിക പ്രദേശമാണിവിടം, കുടിയേറ്റ കര്‍ഷകരുടെ നാട്. റോഡരികില്‍ വണ്ടി ഒതുക്കിനിര്‍ത്തി. ഇവിടുന്ന് അല്‍പം ഇടവഴിയിലൂടെ നടക്കണം. ഇരുഭാഗത്തും വളര്‍ന്നുനില്‍ക്കുന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കുറച്ചകലെയായി കാട്ടുചോലയുടെ വിളി കേട്ടുതുടങ്ങി. 10 വര്‍ഷങ്ങള്‍ക്കിപ്പുറം വഴികള്‍ക്ക് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും കുരുത്തിച്ചാല്‍ കാട്ടരുവിയുടെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല. നാട് കടുത്ത വേനലിൽ ഉരുകുമ്പോഴും വെളുത്തുതുടുത്ത് പതഞ്ഞൊഴുകുകയാണ് നിശ്ശബ്ദ താഴ്വരയിൽനിന്ന് ഉൽഭവിക്കുന്ന ജലധാര. വലുതും ചെറുതുമായി ഉരുണ്ടു കിടക്കുന്ന പാറക്കെട്ടുകൾക്കിടയിലൂടെ നടന്ന് വെള്ളത്തിൽ തൊട്ടു. മുനുഷ്യസ്പർശനമേൽക്കാത്ത ശുദ്ധമായ വെള്ളം.


മരം കോച്ചുന്ന തണുപ്പാണ് ഇൗ വെള്ളത്തിെൻറ പ്രത്യേകത. ചൂടിനെ പ്രതിരോധിക്കാനായി കാട്ടുചോലയിൽ കുളിക്കുകയെന്ന ലക്ഷ്യത്തിലാണ് കൂടുതൽ പേരും ഇവിടെയെത്തുന്നത്. എന്നാൽ, ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള മണ്ണാണിത്. സൈരന്ധ്രിയെന്ന് വിളിപ്പേരുള്ള സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പാത്രക്കടവ് വെള്ളച്ചാട്ടത്തിലൂടെ ഒഴുകിയെത്തുന്നതാണ് ഇൗ ജലാശയം. പശ്ചിമഘട്ടമലനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശത്തിലൂടെയാണിതിൻെറ പ്രയാണം. ഇൗ വെള്ളത്തിൻെറ തണുപ്പനുഭവിക്കാൻ ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഇവിടം പ്രകൃതിഭംഗികൊണ്ടും ശ്രദ്ധേയമാണ്. കൂടുതലാളുകളും ഇവിടെയെത്തുന്നത് പാത്രക്കടവ് വെള്ളച്ചാട്ടം പ്രദേശം എന്ന തെറ്റിദ്ധാരണയിലാണ്. എന്നാൽ, കുരുത്തിച്ചാലിൽനിന്ന് ഏറെ ദൂരം വനത്തിലൂടെ സഞ്ചരിക്കണം പാത്രക്കടവിലേക്ക്. ഇവിടേക്ക് എത്തിപ്പെടുകയെന്നത് ശ്രമകരമാണ്. നിഗൂഢത നിറഞ്ഞ ഇൗ പ്രദേശം അടുത്തുനിന്ന് കണ്ടവരായി ആരുമിെല്ലന്നും പറയുന്നുണ്ട്.


1975ൽ സംസ്ഥാന വൈദ്യുതി വകുപ്പ് പാത്രക്കടവ് ഭാഗത്ത് അണക്കെട്ട് നിർമിക്കാൻ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, പ്രമുഖ പരിസ്ഥിതി പ്രവർത്തകരും സംഘടനകളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അണക്കെട്ട് നിർമിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ അറിയപ്പെടുന്ന ഹെക്ടർ കണക്കിന് മഴക്കാടുകൾ വെള്ളത്തിനടിയിലായി നശിക്കുമായിരുന്നു. 1984-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് പദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിച്ചത്. അപൂർവയിനം ഒൗഷധസസ്യങ്ങളുടെ കലവറയുമാണ് ഇൗ വനപ്രദേശം. കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചെങ്കിലും സംസ്ഥാന വൈദ്യുതി വകുപ്പ് പാത്രക്കടവ് വൈദ്യുത പദ്ധതി പൂർണമായും ഉപേക്ഷിച്ചിട്ടില്ല. പാത്രക്കടവിലോ പരിസരപ്രദേശങ്ങളിലോ അണക്കെട്ട് നിർമിച്ചാൽ അത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴക്കാടുകളുള്ള പ്രദേശമായ ദേശീയോദ്യാനത്തിന് ഭീഷണിയാകുമെന്നതിൽ സംശയമില്ല.
 

വർഷക്കാലത്ത് കുത്തിയൊലിച്ചെത്തുന്ന വെള്ളം ഇരുകരമുട്ടി രൗദ്രഭാവത്തിലാണ് ഒഴുകുക.  മഴക്കാലത്താണ് കുരുത്തിച്ചാൽ കൂടുതൽ സുന്ദരിയാവുക. സൂക്ഷിച്ചില്ലെങ്കിൽ ഏറ്റവും അപകടം നിറഞ്ഞ പ്രദേശമാണിത്. ഇരുഭാഗത്തും ഉയർന്നുനിൽക്കുന്ന മലകളിൽ ചൂടിെൻറ കാഠിന്യം മൂലം മരങ്ങൾ ഉണങ്ങിനിൽക്കുന്നുണ്ട്. വെള്ളത്തിൽ ചാടിക്കുളിച്ചും വനങ്ങളെ തൊട്ടറിഞ്ഞും സമയം പോയതറിഞ്ഞില്ല. പകൽ ഇരുട്ടിലേക്ക് യാത്രയാകാൻ തുടങ്ങിയ നേരത്ത് ഞങ്ങളും മടക്കയാത്രക്കൊരുങ്ങി.  സമയം കിട്ടുമ്പോഴൊക്കെ ഇനിയും വരണം, ഇൗ കാനനഭംഗിയിലിരുന്ന് കുളിര് അനുഭവിക്കണം എന്നായിരുന്നു തിരിച്ചുപോരുേമ്പാൾ മനസ്സു നിറയെ.

 

COMMENTS