Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightകാടിതു കണ്ടായോ...

കാടിതു കണ്ടായോ .......?

text_fields
bookmark_border
കാടിതു കണ്ടായോ .......?
cancel

‘എന്തിന് താലി...? അതുകൊണ്ടെന്തു കാര്യം...? ഞാനതു വീട്ടിൽ വെച്ചു... കാട്ടിൽ കയറി പണിയെടുക്കണം, സാ ധനങ്ങൾ മേടിക്കണം, ചോറും പപ്പുച്ചാറും ( പരിപ്പുകറി) കഴിച്ചുറങ്ങണം. കുട്ടികളെ നോക്കുന്നുണ്ട്, ഭർത്താവിനും വീട്ടി ലെ പ്രായമായവർക്കും ചോറു വിളമ്പുന്നുണ്ട്, താലിയിട്ടിട്ട് എന്തു കാര്യം...?’
തലയിൽ വിസ്തരി ഇലക്കെട്ടുമായി നിന് ന് അവൾ സംഗീതാത്മക തെലുഗുവിൽ ചോദിച്ചു. കഴുത്തിലെ വിചിത്രാകൃതിയിലുള്ള മാല തൊട്ട് ചോദിച്ചതായിരുന്നു ഞാൻ. അവളുടെ ഒരു കണ്ണിനെന്തോ പരിക്കുപറ്റി കേടുവന്നതു പോലെ.. അടുത്ത കൂട്ടുകാരിയോടെന്ന പോലെ എന്റെ കൈയിലമർത്തിയും തോളിൽ കളിയ ായി തല്ലിയും ചേർത്തു പിടിച്ചും ഏറെ കാര്യങ്ങൾ ഒറ്റശ്വാസത്തിൽ പറയാൻ ശ്രമിക്കുകയായിരുന്നു. കാട്ടുവള്ളികൾ ചുറ്റ ിവരിഞ്ഞ കാടിനകത്ത് നട്ടുച്ചയുടെ മൗനം കനത്തു കിടന്നിരുന്നു, മുളങ്കൂട്ടങ്ങൾ മാത്രം ഇടക്കിടെ പച്ചമണമുള്ള ദീർഘ ന ിശ്വാസങ്ങൾ ഉതിർത്തു.

ദേവാരപ്പള്ളിയിലേക്കുള്ള പച്ച വഴികൾ

ഇന്നലെ രാത്രിയിൽ കാട്ടുപോത്തുകള ുടെ കനത്ത വിയർപ്പു മണക്കുന്ന ചലനങ്ങൾ ശ്വാസം വിടാതെ നോക്കി പെരുവഴിയരികിൽ നിൽക്കവെ ഇടതു ഭാഗത്തെ മലയുടെ ഉച്ചിയി ലേക്ക് ഇഴഞ്ഞു കയറുന്ന തീ നാഗങ്ങളെ ഞങ്ങൾ കണ്ടിരുന്നു. പുറം കരിഞ്ഞ് പുകയൂതി കിടക്കുന്ന മലമ്പാതയിലൂടെ ഇന്നു ഇവി ടേക്കു വരുമ്പോൾ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലായിരുന്നു. ചുവന്നൊട്ടുന്ന മൺപാതയിലേക്ക് പൊള്ളിയടർന്ന കൈയും കാ ലും നീട്ടി നീണ്ടൊരു നിലവിളി കരുവാളിച്ച മുഖവുമായി കാട്ടുച്ചെടികൾ പലയിടത്തും വഴി തടഞ്ഞു നിന്നു. രാത്രി പെയ്ത കാ ട്ടുമഴയിൽ മരങ്ങളുടെ തലയോടികൾ നനഞ്ഞു പുകഞ്ഞു കിടക്കുകയാണ്​. മുളങ്കൂടു കമഴ്ത്തിയ പോലുള്ള വീട്ടുമുറ്റത്തു നിന് നയാൾ, ‘ഈ വഴി എങ്ങോട്ടു പോകും ...?’ എന്ന ചോദ്യത്തിലേക്ക് വരണ്ട ചിരി ചിരിച്ചു. തലവകഞ്ഞതു പോലെ കൊടുങ്കാടുകൾക്കുള്ളി ൽ അങ്ങിങ്ങ് കണ്ടിരുന്ന പല വഴികളിൽ ഒന്നായിരുന്നു അത് .
‘അതങ്ങിനെ അങ്ങോട്ടു പോകും ...’ അയാൾ തീരെ ഉറപ്പില്ലാതെ പറ ഞ്ഞു, പക്ഷേ, പേടിക്കാനൊന്നുമില്ല ... അയാൾക്കതിൽ നല്ല ഉറപ്പാണെന്നു തോന്നുന്നു.

ഗോദാവരി നദിയിലെ പാപികൊണ്ട റിസർവോയർ

കരിഞ്ഞ പാടുകൾക്കിടയിലൂടെ കാടിൻെറ അരണ്ട കണ്ണുകളും നക്കിയുണക്കുന്ന കാറ്റിന്റെ നാവും ഓർത്തു തേങ്ങുന്ന മുളകളും പിന്നിട്ട് നല്ലൊരു പാതയിലേക്ക് കയറി ഒരിടത്തിരുന്നതായിരുന്നു ഞങ്ങൾ. വീണു കിടന്നൊരു വലിയ മരത്തിന്റെ തടി മുഴുവൻ ചിതൽപ്പുറ്റു നിറഞ്ഞിരുന്നു, പഴയൊരു ഓർമയുടെ കെട്ടു വിടാതെ കുറെ തടിയൻ വള്ളികൾ അതിനെ അപ്പോഴും ചുറ്റി വരിഞ്ഞിട്ടുണ്ട്​. അടുത്തെവിടേയോ ഒഴുക്കിന്റെ നനുത്ത കാലടിയൊച്ചയും ആരോ ഞെരിക്കുന്നതു പോലെ കാട്ടുമരങ്ങളുടെ പായാരം പറച്ചിലും കേട്ട് താഴ്ന്നൊരു മരക്കൊമ്പിലിരിക്കുകയായിരുന്നു ഞങ്ങൾ. കടുത്തൂവക്കാടുകൾ വകഞ്ഞു മാറ്റുന്ന ചലനങ്ങൾ അപ്പോഴാണ് ശ്രദ്ധിച്ചത്. കൈയിലൊരു വില്ലും തോളിലെ മുളങ്കൂടിൽ കുറേ അമ്പുകളും ചരടുകെട്ടിയൊരു നരച്ച പ്ലാസ്റ്റിക് പാത്രവുമായി അങ്ങിനെയാണയാൾ മുന്നിൽ വന്നു പെട്ടത്. മുഖാമുഖം കണ്ട് ഒരു നിമിഷം അയാൾ തറഞ്ഞു നിന്നു. പുക ചൂടിയ കണ്ണുകളിൽ ഒരു തരം വിഭ്രാന്തിയും അങ്കലാപ്പും പടർന്ന് വഴിമുട്ടിയതുപോലെ. പെട്ടെന്ന് ഒഴിഞ്ഞു പോകാനോങ്ങിയതു പോലെ.
‘മുയൽവേട്ടക്കാണോ ...?’
ഞങ്ങളുടെ അന്വേഷണത്തിലേക്ക് അയാൾ അടുത്തതേയില്ല. ദണ്ഡകാരണ്യത്തിലെ ചിത്രകൂട വനത്തിൽ ഉച്ചിയിൽ കുടുമ കെട്ടി കോണകമുടുത്ത് മുയൽവേട്ടക്കായി കുലച്ച വില്ലുകളുമായി കാടു വളയുന്ന ഏകലവ്യൻമാരെ കണ്ടിട്ടുണ്ട് .
‘അല്ല ,മീൻ പിടിക്കാനാണ് ....’
‘ഇത് കുടിവെള്ളമാണോ ..?’
‘അല്ല ,കള്ളാണ് ...’

ശങ്കദുരക്കൊപ്പം

ഞാനയാളുടെ മുളങ്കൂട്ടിലെ അമ്പിന്റെ കൂർത്ത പല്ലിൽ തൊട്ടു. അതിന് ചെമ്പൻ പക്ഷിത്തൂവൽ കൊണ്ട് ചിറകു പിടിപ്പിച്ചിരുന്നു. എന്റെ ഓരോ ചലനങ്ങളും അയാൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നതായി തോന്നി. ഇടക്കിടെ കാടിനകത്തു പരതുന്ന കണ്ണുകളിൽ നിറയുന്ന ചാര നിറം. വില്ലിൽ അമ്പു തൊടുത്തു നിർത്താനുള്ള എൻെറ ശ്രമങ്ങൾക്കിടക്ക് അയാളുടെ കള്ളു പാത്രം താഴെ വീണു, വല്ലാത്തൊരു അസ്വസ്ഥതയോടെ അയാൾ ചുറ്റും പരതി നോക്കി നിന്നു. വില്ല് വലിക്കുന്നത് നല്ല ശ്രമമാണ്, ഞാനതയാൾക്ക്‌ തിരിച്ചു കൊടുത്തു. ഉരുളക്കിഴങ്ങ്​ ചിപ്സിന്റെ ഒരു പാക്കറ്റ് കൊടുത്തത് കൈയിൽ പിടിച്ച് ഒരു കുട്ടിയെപ്പോലെ അയാൾ മിഴിച്ചു നിന്നു. ശങ്കദുര സ്വയം വാറ്റിയ കള്ളുമായി മീൻ പിടിക്കാനുള്ള യാത്രയിലാണ്.
‘ഇത്രയും കനത്ത അമ്പുകളെയ്ത് പിടിക്കാൻ മാത്രം വലിയ മീനുകൾ എവിടെയുണ്ട്..’
‘അവിടെയുണ്ട് ....’
ഇരുണ്ട കാട്ടിലേക്കു ചൂണ്ടി ശങ്കദുര മന്ത്രം പോലെ പറഞ്ഞു. ചുവന്ന കുരുമുളകു തിരി പോലുള്ള പൂക്കൾ ചൂടി നിന്നിരുന്ന മരത്തിനടിയിലൂടെ രണ്ടു സ്ത്രീകൾ നടന്നു വന്നു. അതിലൊരാൾ മുള്ളുവള്ളികളും ചിതൽപ്പുറ്റും ചാടിക്കടന്ന് കാറ്റുപോലെ പാഞ്ഞു പോയി. അവൾക്കൊപ്പം ശങ്കദുരയും. ഏറ്റവും പിന്നിൽ വന്നവൾ പതുക്കെയടുത്തു വന്നു, അളന്നു തൂക്കി നോക്കി നിന്നു, വലിയ ഇലക്കെട്ടിനടിയിലൂടെ ചിരിച്ചു, എന്റെ നീട്ടിയ കൈയിൽ പിടിച്ചു.
‘പോലീസാന്നു കരുതിയാണവർ ഓടീത്.. അതെന്റെ ഭർത്താവും അമ്മായിയമ്മയുമാണ് ...’
ചിരിയടക്കാൻ കഴിയാതെ അവളെന്റെ തോളോടു ചേർന്നു..
‘എന്നെ കണ്ടാൽ പോലീസെന്നു തോന്നുമോ ...?’
‘അതിപ്പൊ ആരെക്കണ്ടാലും ... പോലിസു മാത്രമല്ല മറ്റുള്ളവരും ....’

മാരി ഗംഗമ്മ

ആന്ധ്രയിലെ കിഴക്കൻ ഗോദാവരി തീരത്തെ പാപികൊണ്ട മരട് മല്ലി വനങ്ങളിൽ പാർക്കുന്നവർക്ക് ആരെക്കണ്ടാലും സംശയമാണ്. പോലീസ് എന്നവർ പറയുന്നത് അതിവിദഗ്ധസേനയെയാണ്. ‘മറ്റുള്ളവർ’ എന്നതിൽ, ചുവന്ന ഇടനാഴികളും അതിലൂടെ മുന്നോട്ടും പിന്നോട്ടും ഒരേ സമയത്ത് മാർച്ചു ചെയ്യുന്നവരും വിള്ളലുകളിൽ കുത്തി നിർത്തിയ കറുത്ത തലകളും ചുവന്ന ഇരുട്ടിലേക്ക് തള്ളിയിട്ട കറുത്തു ശോഷിച്ച നിഴലുകളും തിരിവുകളിൽ കവണയും കല്ലുമായി നിൽക്കുന്നവരും പാതിവെന്ത മണ്ണു കുഴച്ച് ഉടഞ്ഞ പാത്രങ്ങൾ ഉണ്ടാക്കുന്നവരും മുഖത്തും കൈയിലും ഒട്ടിപ്പിടിക്കുന്ന കാണാ വലകളും അടിവയറ്റിൽ ആഞ്ഞു പതിക്കുന്ന അധികാര ദണ്ഡും .....

ദേവാരപ്പള്ളിയിലെ കാടു മറഞ്ഞിരുന്നു കലമ്പുന്ന വെള്ളച്ചാട്ടത്തിനരികിലെ പാറക്കുണ്ടുകളിൽ നെഞ്ചത്ത് വെടി കൊണ്ടും മുതുകത്ത് വെട്ടുകൊണ്ടും വീണു കിടക്കുന്നവർ. ഈച്ചയൊട്ടുന്ന പലഹാരങ്ങളും മുടിപ്പൂക്കളും അലൂമിനിയ പാത്രങ്ങളും ചക്കരയും ചൂലും കള്ളും വിൽക്കുന്ന മരട് മല്ലി ചന്തക്കു നടുവിൽ കബന്ധങ്ങളായി തൂങ്ങി നിൽക്കേണ്ടി വന്നവർ. നെഞ്ചു തകർത്തവനും തല വെട്ടിയവനും ഒരേ സമയം രക്ഷകനും ശിക്ഷകനുമാവുന്ന അവസ്ഥ. രക്ഷിക്കാനും ഉദ്ബുദ്ധരാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇരു ചേരികൾക്കിടയിൽ പെട്ടു പോയി നിൽക്കാനിടം ഇല്ലാതായവർ. ഇരുകൂട്ടരും ചേർന്ന് തള്ളിത്തള്ളി കാടിന്റെ വക്കത്തു കൊണ്ടു ചെന്നു കെട്ടിയിട്ടവർ. വിജനമായ കാട്ടുപാതയോരത്ത് പാൻമസാല വിൽക്കാനിരിക്കുന്നവനായും ചന്തയിൽ കറുത്ത ആടിനു വില പേശുന്നവനായും കാട്ടിൽ തേൻകൂടു തിരയുന്നവനായും കണ്ണു കൂർപ്പിച്ചിരിക്കുന്നവരിൽ നിന്ന് രക്ഷപ്പെട്ട് മുള്ളുവള്ളികൾ ചാടിക്കടന്ന് കടുത്തൂവക്കാടുകൾക്കിടയിലൂടെ അരി തേടി പായുന്നവർ.

മരട് മല്ലി വന മേഖല

രമ്പചോദാവരത്തെ അതിപ്രാചീന ശിവക്ഷേത്രം ഞങ്ങൾ ചെല്ലുമ്പോൾ അടഞ്ഞു കിടക്കുകയായിരുന്നു. അടുത്തൊന്നും മനുഷ്യവാസ ലക്ഷണങ്ങളില്ല. ക്ഷേത്രമുറ്റത്ത് അമ്പും വില്ലുമായി നിൽക്കുന്ന അല്ലൂരി സീതാരാമ രാജുവിന്റെ നീണ്ടു നിവർന്ന പ്രതിമ. ഈസ്റ്റ് ഗോദാവരി കാടുകളിൽ സാമ്പ്രദായിക കാർഷിക വൃത്തിക്കും അടിമ വ്യാപാര നിർമാർജനത്തിനും വെള്ളപ്പട്ടാള ഉച്ചാടനത്തിനുമായി പൊരുതിയ, ചിന്തപ്പള്ളിയിലെ കാട്ടുമരത്തിൽ വെള്ളക്കാർ കെട്ടിത്തൂക്കിക്കൊന്ന, മരട്​മല്ലിയിലെ ലംബാസിങ്കിയിലെ പാപികൊണ്ടയിലെ ഈറൻ മലകൾ പോലും വണങ്ങുന്ന, മാന്യം വീരഡുവിന്റെ (കാട്ടു നായകൻ) പ്രതിമ കാലഭൈരവനെക്കാളും ഉയർന്നു നില്ക്കുന്ന ഒരിടത്താണ്, പുതിയ ആയുധങ്ങളും പഴയ പ്രത്യയശാസ്ത്രങ്ങളും വരഞ്ഞു കീറിയ ഉടലുകളുമായി ശങ്കദൂര ഓടി മറയുന്നത്. ഒരിക്കൽ കിഴക്കൻ ഘട്ടത്തിന്റെ ഇടതൂർന്ന നിബിഡ വനങ്ങളിൽ കഴിഞ്ഞിരുന്നവരുടെ ഗ്രാമങ്ങൾ പാതിയും ഒഴിഞ്ഞു കിടക്കുകയാണ്. ഈസ്റ്റ് ഗോദാവരിക്കാടുകളിൽ മാത്രമല്ല, ആന്ധ്രയിലെ ഏജൻസി മേഖലകളിലെല്ലാം തന്നെ ഭൂമിയുടെ ഉടയോൻ ആദിവാസി മാത്രമാണ്. അരക്കു താഴ്വരയിലും മറ്റും കൂണു പോലെ മുളച്ചു പൊന്തുന്ന സുഖവാസയിടങ്ങളെല്ലാം ഏതെക്കേയോ ശങ്കദൂരമാരുടെ പേരിലാണ്. വിനോദസഞ്ചാര വഴിത്താരകൾ ഇനിയും അധികം വെട്ടിത്തെളിഞ്ഞിട്ടില്ലാത്ത കിഴക്കൻ ഗോദാവരിയിലെ രമ്പചോദാവരം എന്ന മലയിടുക്കിലെ ഞങ്ങൾ താമസിച്ച ‘ബേർഡ്സ് നെസ്റ്റ്’ എന്ന ഇടം തദ്ദേശവാസികളുടെ കൂട്ടുത്തരവാദിത്ത സംരംഭമാണ് (Local Community Maintained Social Entrepreneurship).

നിശ്ശബ്ദ കാനന രാത്രി

ചെറിയൊരു നീർച്ചോലക്കരികിൽ മൂന്നുവശവും മലകൾ മറഞ്ഞ് ആഢംബരങ്ങൾ ഒഴിഞ്ഞ് ഉറക്കം തൂങ്ങി നിൽക്കുന്ന ഒരിടം. തെളിച്ചം കുറഞ്ഞ ഭക്ഷണമുറിയുടെ മുക്കിലിരുന്ന് അവിടെ കിട്ടുന്ന ഒരേയൊരു ടി.വി ചാനലിൽ ഇന്ത്യ പാക് ക്രിക്കറ്റുകളി കണ്ടു കൊണ്ടിരിക്കുന്ന യുവാക്കൾക്ക് ഉറക്കം തൂങ്ങുന്ന മുഖമാണ്. വലിയൊരു പ്ലാവിനു കീഴെ എരിയുന്ന കനലടുപ്പിനരികിൽ ഇരിക്കുന്ന ഒരു സ്ത്രീയും പുരുഷനും ഞങ്ങളവിടെ തങ്ങിയ മൂന്നു ദിവസവും പ്രതിമകൾ പോലെ അനങ്ങാതിരിക്കുകയാണെന്നു തോന്നി. വീക്കെൻഡ് ആഘോഷിക്കാനെത്തിയ ആണുങ്ങളുടെ ഒരു സംഘം മാത്രം ചോലയോരത്തെ പാറപ്പുറത്ത് നിലാവു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അങ്ങാടികളിലെ കനലടുപ്പുകളിൽ തിരുകിയ മുളങ്കുറ്റികളിൽ നിറച്ചു വേവിച്ചെടുക്കുന്ന ബാംബു ചിക്കനും പഴുത്ത കാട്ടു ചക്കച്ചുളകൾ പറിച്ച് ഇലക്കൂടുകളിലാക്കിയും വിറ്റു പതുക്കെ നീങ്ങുന്ന ജീവിതങ്ങൾ.

‘അപ്പോ, മാരി ഗംഗമ്മാ നിങ്ങൾക്കെന്താണ് പോലീസിനെയും ‘മറ്റുള്ളവരെയും’ പേടിയില്ലാത്തത് ...?’
‘ഞാനെന്തിന് പേടിക്കണം...? അവർ പണിയെടുക്കുന്നു ഭക്ഷണം കഴിക്കുന്നു.. ഞാനും പണിയെടുക്കുന്നു പപ്പുച്ചാറു കൂട്ടി ചോറുണ്ണുന്നു. എനിക്കും അവർക്കും തമ്മിലെന്ത്...?’
അന്തിമയങ്ങുന്ന നേരത്ത് വിളമ്പുന്ന ചോറിലും പരിപ്പു കറിയിലും ഒതുങ്ങുന്ന മാരി ഗംഗമ്മയുടെ ജീവിത സമസ്യകൾ ....
അവൾക്കെന്നെ വളരെ ഇഷ്ടമായെന്നു പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ടു സംസാരിച്ചതിൽ സന്തോഷമുണ്ടത്രെ. അല്ലാതെ നമുക്കു തമ്മിലെന്ത് ...?
‘വിസ്തരി ഇല കടയിൽ കൊടുത്താൽ 15 രൂപ കിട്ടും. ശങ്കദുര കുടിക്കും. അമ്മായിയമ്മ വഴക്കുണ്ടാക്കും. എന്നാലും സന്തോഷമാണ്.
നിങ്ങൾക്ക് എന്നോട് സംസാരിക്കാനും വിശേഷങ്ങൾ ചോദിക്കാനും തോന്നി. അതല്ലേ സ്നേഹം...അല്ലാതെ നമ്മൾ തമ്മിലെന്ത് ..?’

ഇജ്ജല്ലൂരിലൊരു മരത്തിൽ തറച്ചു വെച്ച പോത്തിന്റെ തലയോട്

ഇജ്ജല്ലൂരിലെ കുഞ്ഞു പാലത്തിൻ മുകളിൽ കുറച്ചു പേർ കൂടി നിൽക്കുന്നു. താഴെ പുഴക്കരയിൽ മെലിഞ്ഞൊരു ചെറുപ്പക്കാരൻ നീണ്ട മുളകൊണ്ട് പാറയിടുക്കിൽ പരതുന്നു. കുളിക്കാനിറങ്ങിയ അവന്റെ രണ്ടു കൂട്ടുകാരെ കാണാനില്ല .
‘ഇവിടെയിറങ്ങിയാൽ പൊങ്ങില്ല, കയമാണ് ....’ അടുത്തു നിന്ന സ്ത്രീ പറഞ്ഞു .
മെലിഞ്ഞൊതുങ്ങി ഒഴുകുന്ന ആ പുഴയിലെ അടിത്തട്ടുകാണുംവിധം തെളിഞ്ഞ വെള്ളത്തിനടിയിൽ രണ്ടു യുവാക്കൾ കുടുങ്ങി കിടക്കുന്നുവെന്ന് വിശ്വസിക്കാനാവില്ല. ഇത്രയും വലിയ കെണി ഒളിഞ്ഞിരിക്കുന്നതെവിടെയെന്ന് നോക്കിനിൽക്കെ പോക്കറ്റിൽ വാക്കി ടോക്കി തിരുകി ബൈക്കിൽ വന്ന പോലീസുകാരൻ ഉച്ചത്തിൽ ആരേയോ വഴക്കു പറയുന്നുണ്ടായിരുന്നു. പാലത്തിനരികിലെ ഒറ്റക്കുടിലിനു മുന്നിലെ ചായ്പിലിരുന്ന് പച്ചമാങ്ങ വിറ്റിരുന്ന വട്ടമുഖമുള്ള പെൺകുട്ടി വീടിനുള്ളിലേക്കു വലിഞ്ഞു. പാലത്തിനു മുകളിലുള്ളവരും ഒഴിഞ്ഞു. മുളങ്കമ്പു താങ്ങി വിഷണ്ണനായ പയ്യനും രോഷാകുലനായ പോലീസുകാരനും കള്ളത്തരം മറച്ചു നിൽക്കുന്ന പാറയിടുക്കും പിന്നെ ഞങ്ങളും ...

ലേഖികയും കുടുംബവും രംപചോദാവരത്ത്​

രമ്പചോദാവരത്തെ രാവ് നിശ്ശബ്​ദമാണ്. നിഴലനക്കങ്ങളും ഇല്ല. നീർച്ചോല പോലും മൗനം. പാപികൊണ്ട റിസർവോയറിൽ മുങ്ങി തോർത്തി നിൽക്കുന്ന പനകൾക്കിടയിലൂടെ വിളർത്ത ചന്ദ്രൻ. അരയോളം വെള്ളത്തിൽ നിൽക്കുന്ന മരിച്ച മരങ്ങൾ. മല ഉച്ചിയിലേക്ക് ഇന്നും തീ നാഗങ്ങൾ ഇഴഞ്ഞു കയറുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andhraEast Godavari
News Summary - Papikonda Marad Forest of East Godavari Andhra - Travelogue
Next Story