പുതുക്കിപ്പണിഞ്ഞ കാടിൻെറ തിയറ്റർ 

ശബരി വർക്കല
20:17 PM
24/03/2020
17
പെരിയകൊമ്പ് ലോഗ്​ ഹൗസിന്​ മുന്നിലെ സീറ്റിൽ ഇരുന്നാൽ പ്രകൃതിയുടെ സ്​ക്രീനിൽ കാടി​െൻറ മുഴുവൻ കാഴ്​ചകളും ആസ്വദിക്കാം (ഫോട്ടോ: ശബരി വർക്കല)

യാത്ര! വിരസതകൾക്ക്​ വഴി ഒരുക്കാതെ അനുഭവങ്ങൾക്കും അനുഭൂതികൾക്കും ഇട നൽകി ചേക്കേറുന്ന എക്കാലത്തെയും സഹചാരി. ഒന്നിൽ നിന്ന്​ മറ്റൊന്നിലേക്ക്​ വിരൽ ചൂണ്ടുന്ന സഞ്ചാര പാതകൾ. ഒളിഞ്ഞും തെളിഞ്ഞും പ്രതിഭാസം ചിത്രീകരിക്കുന്ന നൈസർഗികത. മായാത്ത ചിത്രങ്ങളും പേറി ക്യാമറയോടൊപ്പം യാത്ര തുടങ്ങു​േമ്പാൾ ഉള്ളിലെന്നും ആവേശവും ആകാംക്ഷയും നിറയുകയാണ്​ പതിവ്​. ഇത്തവണയും മൂന്നാറിൽ നിന്ന്​ ചിന്നാറിലേക്ക്​ പോകു​േമ്പാൾ അതേ ആകാംക്ഷ തന്നെയായിരുന്നു. കാരണം പോകുന്നത്​ കാട്ടിലെ തിയറ്ററിലേക്കാണ്​. നാട്ടിൽ വർഷങ്ങൾക്കിപ്പുറം ഒരു സിനിമ തിയറ്റർ വിപ്ലവം തന്നെ ഉടലെടുത്തിരുന്നു. പഴയ തിയറ്ററുകൾ എല്ലാം തന്നെ പുതുക്കിപ്പണിത്​ എ.സിയും പുഷ്​ബാക്ക്​ സീറ്റും ഡോൾബി അറ്റ്​മോസും കൊണ്ടുവന്നിട്ട്​ കാലങ്ങളേറയായി.

01
ചിന്നാർ വനമേഖലയിൽ നീരാടുന്ന ആന
 

പല കല്യാണമണ്ഡപങ്ങളും തിയറ്ററുകളായി മാറി കാലങ്ങൾ കഴിഞ്ഞിട്ടും കാട്ടിലെ ആ പൊളിഞ്ഞുപോയ തിയറ്ററിനു മാത്രം ഒരു മോക്ഷം കിട്ടിയിരുന്നില്ല. അപ്പോഴാണ്​ അറിയുന്നത്​ പുതിയതായി വന്ന ആ മാനേജറും സംഘവും തിയറ്റർ പുതുക്കിപ്പണിയാൻ തീരുമാനിച്ചു എന്നത്​. അങ്ങനെ കാട്ടിലെ ആ സിനിമ കൊട്ടകക്ക്​ പാ​പമോക്ഷം കിട്ടിയിരിക്കുന്നു. എന്തായാലും പുതുക്കിപ്പണിത ആ തിയറ്ററിലെ ആദ്യ ഷോ കാണാൻ വിളിച്ചത്​ ഞങ്ങളെയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ക്യാമറയും എടുത്ത്​ കോട്ടയംകാരനായ സുഹൃത്ത്​ വിനോദിനൊപ്പം പുറപ്പെട്ടു. ഇനി ആ തിയറ്റർ ഏതാണെന്ന്​ അറിയ​ണ്ടേ, ചിന്നാറിലെ പെരിയകൊമ്പ്​ ​ലോഗ്​ ഹൗസ്​. അതാണ്​ നമ്മുടെ കഥയിലെ നായകൻ. ആ ​ലോഗ്​ ഹൗസിന്​ മുന്നിലെ സീറ്റിൽ ഇരുന്നാൽ പ്രകൃതിയുടെ 70 എം.എം സ്​ക്രീനിൽ കാടി​​​​​​െൻറ മുഴുവൻ കാഴ്​ചകളും ആസ്വദിക്കാം. മൂന്നാർ വൈൽഡ്​ ലൈഫ്​ വാർഡൻ ആയ ലക്ഷ്​മി മാഡം ആയിരുന്നു ഞങ്ങളെ വിളിച്ച ആ കാടി​​​​​​െൻറ മാനേജർ.

03
മെയിൻ റോഡിൽ നിന്നും കാടിനുള്ളിലേക്ക് പ്രവേശിക്കുന്നു
 

മൂന്നാറി​​​​​​െൻറ ഏത്​ ഭാഗത്തുകൂടി കടന്നുപോയാലും മനോഹരമായ കാഴ്​ചകൾ മാത്രമാണ്​ കാണാൻ സാധിക്കുക​. ചിന്നാറിലേക്കുള്ള വഴിയും അങ്ങനെ തന്നെയാണ്​. പർവതങ്ങൾ ചുറ്റികടന്നുപോകുന്ന പാതയിലൂടെ ഏകദേശം 50 കിലോമീറ്റർ പിന്നീട്​ ചിന്നാർ ചെക്ക്​​ പോസ്​റ്റിനടുത്തെ അമിനിറ്റി സ​​​​​െൻററിൽ എത്തു​േമ്പാൾ ഞങ്ങൾക്കുള്ള എല്ലാം ഒരുക്കങ്ങളും തയാറാക്കി കഴിഞ്ഞിരുന്നു. എത്തിച്ചേരുന്ന എല്ലാ സഞ്ചാരികളെയും ഒരു നറുപുഞ്ചിരിയോടെ ഗണേഷനും ബീനയും വരവേൽക്കുന്നു. ഇവർ രണ്ടുപേരുമാണ്​ ചിന്നാറിലെ ഒട്ടുമിക്ക ട്രെക്കിങ്​ പാക്കേജുകൾക്കും സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികളെ കാടുകയറാൻ സഹായിക്കുന്നത്​. എന്തായാലും പതിവിലും വിപരീതമായി രണ്ട്​ ഗൈഡുകളിൽ നിന്ന്​ വ്യത്യസ്​തമായി​ നാല്​ ഗൈഡുകളായാണ്​ ഇത്തവണ കൂട്ടിനായി വിട്ടത്​. വെള്ളത്തി​​​​​​െൻറ ദൗർലഭ്യം പരിഹരിക്കാനും ഏറ്റവും കൂടുതൽ ആന ശല്യം ഉള്ളതും കൊണ്ടുമാണത്രെ നാലുപേരെ കൂടെ വിടുന്നത്​. വിജയൻ, ഇൗശ്വരൻ, പ്രകാശൻ, രംഗസ്വാമി തുടങ്ങി നാലു ഗൈഡുകളും വിനോദ്​, മനു, പ്രശാന്ത്​, പിന്നെ ഞാനും ഉൾപ്പെടെ മൊത്തം എട്ടുപോരായിരുന്നു യാത്രാ സംഘം. അഞ്ച്​ കിലോമീറ്റർ ട്രെക്കിങ്​​ നടത്തി വേണം പെരിയകൊമ്പി​​​​​​െൻറ മുകളിലെത്താൻ. അവിടെ വെള്ളത്തി​ന്​ ബുദ്ധിമുട്ട്​ ഉള്ളതിനാൽ കുറച്ചു കന്നാസുകളിൽ പോകുന്ന വഴി പാമ്പാറിൽനിന്നും ജലം ശേഖരിച്ചു​വേണം യാത്ര തുടരാൻ. 

04
ചിന്നാറിലെ ആദിവാസി കുടുംബങ്ങൾ
 

വൈകുന്നേരം ആയതുകൊണ്ട്​ തന്നെ ആകാശത്തിൽ മഴയുടെ ലാഞ്ചനകളുമുണ്ടായിരുന്നു. എന്നാലും മഴനിഴൽ പ്രദേശമായതിനാൽ മഴക്ക്​ സാധ്യത ഇല്ല എന്ന്​ തന്നെ ഞങ്ങൾ വിശ്വസിച്ചു. കേരളത്തിലെ പല വനം മേഖലകളും കണ്ടിട്ടുള്ളവർക്ക്​ ചിന്നാർ കാടുകൾ ഒരു പുതുമതന്നെ ആയിരിക്കും. കേരളത്തി​ലെ ഏക മഴനിഴൽ കാടുകളാണ്​ ചിന്നാർ വനമേഖല. നേര്യമംഗലത്തും മൂന്നാറിലും സുലഭമായി 5883 മില്ലിലിറ്റർ മഴ കിട്ടു​േമ്പാൾ സഹ്യ​​​​​​െൻറ ഇപ്പുറമുള്ള ചിന്നാറിന്​ വെറും 500 മില്ലി ലിറ്ററിന്​ താഴെ മാത്രമാണ്​ മഴ കിട്ടുക. അതുകൊണ്ട്​ തന്നെ തൊട്ടപ്പുറത്തെ മഴയെ നോക്കി മോഹിക്കുന്ന ഒരു മഴനിഴൽ പ്രദേശമാണ്​ ചിന്നാർ എന്നു പറയാം. വലിയ പ്രശ്​നങ്ങളോ അലച്ചിലുകളോ ഇല്ലാതെ ഞങ്ങൾ യാത്രയയുടെ ആദ്യ ഘട്ടം കടന്നുകഴിഞ്ഞു. അതായത്​ പാമ്പാർ കടന്നിരിക്കുന്നു. പാമ്പാറിന്​ കുറുകെയുള്ള പാലം കടന്നുവേണം പല ആദിവാസി ഉൗരുകളിലേക്കും പോകാനുള്ളത്​. നദിയുടെ തീരത്ത്​ വർഷങ്ങളായി ഒറ്റക്ക്​ ചായക്കട നടത്തുന്ന മയിലമ്മയെ കണ്ട്​ പരിചയം പുതുക്കിയിട്ടാവാം ബാക്കി യാത്ര!

 
08
നാടും കാടും വേർതിരിക്കുന്ന പാമ്പാർ
 

കു​റെ വർഷങ്ങളായി കാടിന്​ നടുവിൽ പാമ്പാറി​​​​​​െൻറ തീരത്ത്​ തനിച്ച്​ ചായക്കട നടത്തി അവിടെതന്നെ കിടന്നുറങ്ങുന്ന മയിലമ്മ. ഇരുകാലികളായ മനുഷ്യൻ ത​​​​​​െൻറ സഞ്ചാരം ഇരുചക്രങ്ങളിലേക്ക്​ വ്യാപിച്ചപ്പോൾ കാട്ടിലും എത്തിയിരുന്നു ആ പരിഷ്​കാരം. പണ്ട്​ കിലോമീറ്ററുകൾ നടന്ന്​ ഉൗരുകളിൽനിന്നും ചിന്നാറിൽ പണിക്കെത്തിയിരുന്ന കാടി​​​​​​െൻറ മക്കൾക്ക്​ ഏക ആശ്വാസം മയിലമ്മയുടെ ചായക്കട ആയിരുന്നു. എന്നാൽ, ഇന്ന്​ ആ ചായ ബൈക്കിലെ പെട്രോളി​​​​​​െൻറ രൂപത്തിലേക്ക്​ മാറിയപ്പോൾ മയിലമ്മയുടെ കച്ചവടവും കുറഞ്ഞു. എന്തായാലും ത​​​​​​െൻറ പഴയ കിടപ്പാടം വിട്ടുപോകാൻ മയിലമ്മ തയാറല്ല. ഇപ്പോൾ കൂട്ടിന്​ കുറച്ച്​ ആട്ടിൻകുട്ടികൾ ഉണ്ട്​. എന്നാലും ചിലർക്കെങ്കിലും തോന്നും ഒരു സ്​ത്രീ ഒറ്റക്ക്​ കാട്ടിൽ കഴിയുമോ എന്ന്​. ശരിയാണ്​ പക്ഷെ, ചില കുറവുകൾ ചിലപ്പോൾ ദൈവം മനുഷ്യന്​ കൊടുക്കുന്നത്​ അതിജീവനത്തിനാകാം എന്നു തോന്നും മയിലമ്മയുടെ കാര്യം കേട്ടാൽ. പുള്ളിക്കാരിക്ക്​ കേൾവി ശക്​തി ഇല്ല. കുറച്ചുകാലം മുന്നെ രാത്രി മയിലമ്മയുടെ കട്ടിലിനടിയിൽ സ്​ഥിരമായി ഒരു ആട്ടിൻകുട്ടിയെ കെട്ടിയിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ആ ആട്ടിൻകുട്ടിയെ കാണാനില്ല. ചുറ്റും രക്​തം. ഒപ്പം പുലിയുടെ പാടുകളും. അന്ന്​ രാത്രി പാവം ആട്ടിൻകുട്ടിയെ പുലി ത​​​​​​െൻറ വിശപ്പടക്കിയിരുന്നു. ഒരു പക്ഷേ, ചെവി കേൾക്കാമായിരുന്നെങ്കിൽ അന്ന്​ മയിലമ്മ ചിലപ്പോൾ പ്രതികരിക്കുകയോ പേടിക്കുകയോ ഒക്കെ ചെയ്​തിരുന്നെങ്കിൽ... ഇവിടെ ഇതൊന്നും അറിയാതെ ആ പാവം കിടന്നുറങ്ങുകയായിരുന്നു. 

12
മയിലമ്മ
 

ഞങ്ങൾ പിന്നീടുള്ള കുറച്ചു ദൂരം ആദിവസി ഉൗരുകളിലൂടെയും അവരു​െട കൃഷി സ്​ഥലങ്ങളിലൂടെയും ആയിരുന്നു യാത്ര ചെയ്​തത്​. അവിടത്തെ മണ്ണും കാർഷിക സംസ്​കാരവും ഒക്കെ ഞങ്ങളെ സംബന്ധിച്ച്​ കൗതുകങ്ങളായിരുന്നു. കൂടാതെ ഗ്രാമവാസികളുടെ വസ്​ത്രധാരണ രീതിയും ശ്രദ്ധിച്ചു. വസ്​ത്രങ്ങൾ എല്ലാം ചെറുതും ദയനീയവും ആയിരുന്നു. കുറച്ചു സമയത്തിനകം തന്നെ മലകയറി തുടങ്ങി. അവിടെനിന്നും അങ്ങേയറ്റം മോശപ്പെട്ട പാതകളായിരുന്നു ആ യാത്രയിൽ ഞങ്ങൾക്ക്​ അഭിമുഖീകരിക്കേണ്ടി വന്നത്​. എന്നാലും ആ പ്രദേശം വളരെ ​മനോഹരമായ ഒരു ഭൂപ്രകൃതി തന്നെ സമ്മാനിച്ചുകൊണ്ടിരുന്നു. ആ കാട്ടുവഴിയിൽ ഞങ്ങൾ വന്യ മൃഗങ്ങളെ ​പ്രതീക്ഷിച്ചു. പെ​െട്ടന്ന്​ തൊട്ടുമുന്നിലായി ഒരു കാട്ടുപോത്ത്​. ശരിക്കും അത്​ ഞങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തി. എല്ലാവരും ചിത്രങ്ങൾ പകർത്താനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, അൽപസമയത്തിനകം തന്നെ അതി​​​​​​െൻറ മൃഗവാസനങ്ങൾ ജാഗ്രത പൂണ്ടു. അധികം താമസിയാതെ ഞങ്ങൾ അവിടന്ന്​ ഒാടി രക്ഷപ്പെടുകയായിരുന്നു. 

 
14
ദുർഘടമായ പാതകളിലൂടെ മല കയറുന്നു
 

ഒടുവിൽ രണ്ട്​ മണിക്കൂർ നീണ്ട ട്രക്കിങ്ങിനുശേഷം ആ കാടി​​​​​​െൻറ തിയറ്ററിൽ എത്തിയിരുന്നു. ആ കുഞ്ഞ്​ ലോഗ്​ഹൗസി​​​​​​െൻറ മുന്നിൽ തീർത്ത ഇരിപ്പിടങ്ങളിൽ ഇരുന്ന്​ കാടി​​​​​​െൻറ 70 എം.എം സ്​ക്രീനിൽ കാഴ്​ചകൾ ആസ്വദിച്ച്​ കണ്ടു. അപ്പോഴാണ്​ ആ സ്​ക്രീനി​​​​​​െൻറ ഒരറ്റത്തായി ത​ലേന്ന്​ ആനകൾ തകർത്തിട്ടിരിക്കുന്ന വാട്ടർടാങ്ക്​ കാണാൻ ഇടയായത്​. അതിൽനിന്നും അവയുടെ സാമീപ്യം അടുത്തെ​വിടെയൊക്കെ തന്നെ ഉണ്ടെന്ന്​ മനസ്സിലായി. പിന്നെ ആ സ്​ക്രീനിൽ തെളിഞ്ഞത്​ താഴ്​വാരങ്ങളിൽ കൊമ്പുകോർക്കുന്ന ഒരുപറ്റം കാട്ടുപോത്തുകളായിരുന്നു. കുറച്ചുനേരം ഞങ്ങളാ കാഴ്​ച ആസ്വദിച്ചുനിന്നു. പെട്ടന്നാണ്​ അവക്കിടയിൽനിന്നും അവൻ ഒരു അദ്​ഭുതംപോലെ ഇറങ്ങിവന്നത്​. അ​തെ, ശരിക്കും അത്​ അദ്​​ഭുതം തന്നെയായിരുന്നു. ‘വെള്ള കാട്ടുപോത്ത്’. ഇന്ത്യയിൽ തന്നെ വളരെ വിരളമായി മാത്രം കണ്ടുവരുന്ന വെള്ള കാട്ടുപോത്ത്​. എന്തായാലും വർഷങ്ങൾക്ക്​ മു​ന്നെ വെള്ള കാട്ടുപോത്തിനെ നഗ്​ന നേത്രങ്ങൾ കൊണ്ട്​ കണ്ട വിജയൻ ചേട്ടനെ വിളിച്ച്​ ആ കാഴ്​ച ഞങ്ങൾ അങ്ങ്​ ഉറപ്പിച്ചു. ആള്​ അവൻ തന്നെയാണെന്ന്​ വിജയൻ ചേട്ടൻ ഉറപ്പിച്ചു പറഞ്ഞു. ഒരു 300 എം.എം ലെൻസ്​ മാത്രമുണ്ടായിരുന്ന എ​​​​​​െൻറ ക്യാമറക്ക്​ എത്തിപ്പിടിക്കാവുന്നതിനുമപ്പുറമായിരുന്നു അവ​​​​​​െൻറ സ്​ഥാനം. എന്നാലും ഒരു തെളിവിന്​ വേണ്ടി അവനെകൊണ്ട്​ ആകുംവിധം എത്തിവലിഞ്ഞ്​ കുറച്ച്​ ചിത്രങ്ങളും വീഡിയോകളും പകർത്തി.

16
വഴിയിൽ കണ്ട കാട്ടുപോത്ത്​
 

വെള്ള കാട്ടുപോത്തിനെ കുറിച്ച്​ വലിയ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല എന്ന്​ പറയാം. അതുകൊണ്ട്​ തന്നെ അധികം ആർക്കും ഇതിനെക്കുറിച്ച്​ അറിവില്ല. ഇതിനെ കണ്ടതായി ആദ്യം റിപ്പോർട്ട്​ ചെയ്യുന്നത്​ ഏതാണ്ട്​ 75 വർഷം​ മുമ്പ്​ ഒരു വെള്ളക്കാരൻ ആയിരുന്നത്രെ. അന്നത്തെക്കാലത്ത്​ റാണിക്കാർ എന്ന വെള്ളക്കാരൻ ആണ്​ ഇതിനെ ആദ്യമായി കണ്ടെത്തിയത്​ എന്ന രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത്​ മഞ്ചപ്പെട്ടി എന്നായിരുന്നത്രെ തമിഴ്​നാടി​​​​​​െൻറ കാടും ചിന്നാറിലെ അതിർത്തി പ്രദേശങ്ങളും അറിഞ്ഞിരുന്നത്​. അതിനാൽ മഞ്ചപ്പെട്ടി പോത്തും എന്നും അറിയപ്പെട്ടിരുന്നു. 2003-2004 കാലഘട്ടത്തിൽ വൈൽഡ്​ ലൈഫ്​ ഫോ​േട്ടാഗ്രാഫർ എൻ.എ. നസീർ, ഗൈഡുകളായ വിജയൻ, ശിവകുമാർ തുടങ്ങിയവർ വെള്ള കാട്ടുപോത്തിനെ കണ്ടെത്തിയിരുന്നു. ജനിതകപരമായ കാരണങ്ങൾകൊണ്ട്​ ഇതി​​​​​​െൻറ നിറം വ്യത്യാസപ്പെടുന്നതായി പറയുന്നു. ആൽബിനിസം എന്നാണ്​ അതിനെ പറയുക. അതിനാൽ Albino gaur എന്നും വിളിക്കുന്നു. എന്തായാലും ആ അദ്​ഭുതകാഴ്​ചകൾ കണ്ട്​ സമയം ​പോയതറിഞ്ഞില്ല. സമയം സന്ധ്യയോട് അടുക്കുന്നു. പതുക്കെ ഗൈഡുകൾ തീ കൂട്ടാൻ തുടങ്ങി. തലേന്ന്​ ആന വന്നതിനാൽ എപ്പോൾ വേണമെങ്കിലും ആനശല്യം ഉണ്ടാകാം. അതിനാൽ രാത്രി മുഴുവൻ തീ കൂട്ടി ഞങ്ങൾക്ക്​ കാവലിരിക്കാൻ അവർ തീരുമാനിച്ചു. 

 
18
ചിന്നാറിലെ വെള്ള കാട്ടുപോത്ത്​
 

കാട്​ അതി​​​​​​െൻറ ശാന്തത വെടിഞ്ഞ്​ രൗദ്രഭാവം കൈക്കൊണ്ടിരിക്കുന്നു. പതുക്കെ ഞങ്ങൾ രാത്രി അത്താഴം കഴിച്ച്​ കുറച്ചു കഥകളും അനുഭവങ്ങുളും പങ്കുവെച്ച്​ തീ കാഞ്ഞ്​ ആ കൂടാരത്തിന്​ മുന്നിൽതന്നെ ഇരുന്നു. ആകാശത്തി​​​​​​െൻറ അറ്റത്ത്​ കാണുന്ന സ്വർഗവാതിൽക്ക​ലേക്ക്​ ഞാനെ​​​​​​െൻറ കണ്ണുകൾ എറിഞ്ഞുനോക്കി. അപ്പോൾ നക്ഷത്രങ്ങളാൽ സമ്പന്നനായ ആകാശം എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. ഒപ്പം ആഴത്തിൽ വന്നുതറച്ച ആ പേടിപ്പിക്കുന്ന ചോദ്യം താഴേക്ക്​ വലിച്ചെറിഞ്ഞു. ‘ഇന്നലെ വാട്ടർ ടാങ്ക്​ ഇന്ന്​.....?’ 

ഇരുട്ട്​ കനക്കുന്തോറും കാട്ടിൽനിന്നും പല പേടിപ്പിക്കു ശബ്​ദങ്ങളും ഞങ്ങളെ തേടിയെത്തി. ആ ദിവസത്തി​​​​​​െൻറ അറ്റം ഞങ്ങളെ നേരിട്ടത്​ ഒരു കൊടും രാത്രിയായിരുന്നു. ഒരു നേർത്ത കാൽപ്പെരുമാറ്റം പോലും വല്ലാതെ ഭയപ്പെടുത്തി. ഒരേ ഒരു കുഞ്ഞു സോളാർ വെളിച്ചത്തിന്​ കീഴിൽ നിന്നും പതുക്കെ കൂടാരത്തിനുള്ളിലേക്ക്​ കയറി. എല്ലാം മറന്ന്​ ഉറങ്ങാനുള്ള ശ്രമത്തെ താഴെ മാനി​​​​​​െൻറയും മ്ലാവി​​​​​​െൻറയും കുരങ്ങന്മാരുടെയും വിളികൾ പരാജയപ്പെടുത്തിക്കൊണ്ടേയിരുന്നു. ചെണ്ട മദ്ദളത്തോട്​ സങ്കടം പറയുന്ന അവസ്​ഥയായിരുന്നു ഞങ്ങൾക്ക്​ തമ്മിൽ. എന്നാലും കൂരാകൂരിരുട്ടിൽ തീ കാഞ്ഞ്​ പുറത്ത്​ കിടന്നുറങ്ങുന്ന ഗൈഡുകളെ ഒാർമിച്ചപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ ഉറക്കത്തിൽ ആണ്ടു​. 
 
25
പെരിയകൊമ്പ് ലോഗ്​ ഹൗസിൽനിന്നുള്ള പ്രഭാതം
 

അടുത്ത പ്രഭാതത്തിൽ മറ്റൊന്നും സംഭവിക്കാതെ തന്നെ ഞങ്ങൾ ഉണർന്നു. ആദ്യത്തെ വെളിച്ചം കണ്ടപ്പോൾ തന്നെ പതുക്കെ കതക്​ തുറന്ന്​ പുറത്തേക്ക്​ വന്നു. വിശേഷിച്ച്​ യാതൊരു മാറ്റവും കൂടാതെ തന്നെയുണ്ടായിരുന്നു അവിടം​. എ​​​​​​െൻറ ഉറക്കത്തെ ആക്രമിക്കാനെത്തിയ പേടി സ്വപ്​നങ്ങളെ എല്ലാം വലിച്ചെറിഞ്ഞ്​ പതുക്കെ അവിടെ ചുറ്റി നടന്നുകാണാൻ തീരുമാനിച്ചു. ത​​​​​​െൻറ പ്രോജ്ജ്വലമായ രൂപഭംഗിയുടെ വളരെ ചെറിയൊരു ഭാഗം മാത്രമായിരുന്നു ചിന്നാർ ഇത്രയും കാലം കാണിച്ചു തന്നിരുന്നത്​. എന്നാൽ, ഇത്തവണ തന്നെ തേടിയെത്തിയ സഞ്ചാരികളെ ഒരുപോലെ വിസ്​മയിപ്പിക്കുകയായിരുന്നു ചിന്നാർ​. പെരിയ കൊമ്പിൽനിന്നും ചിന്നാറി​​​​​​െൻറ ഒരു പ്രത്യേക സൗന്ദര്യം പ്രകടമായിരുന്നു. ഒരു വലിയ ചിത്രശാലയിൽ എത്തിയ കൗതുകമായിരുന്നു ഞങ്ങൾക്കവിടെ അനുഭവപ്പെട്ടത്​. ആനകൾ, കാട്ടുപോത്തുകൾ, സിംഹവാലൻ കുരങ്ങുകൾ, പേരറിയാത്ത കിളികൾ, മാൻ, മ്ലാവ്​ തുടങ്ങി നിരവധി കാഴ്​ചകളായിരുന്നു അന്നത്തെ മോർണിങ്​​ ഷോയിൽ അരങ്ങേറിയത്​. ഞങ്ങൾക്ക്​ മുകളിൽ മേഘങ്ങൾ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. സൂഷിച്ചു നോക്കിയാൽ പർവതങ്ങളുടെ വിടവിലൂടെ ആകാശത്തേക്ക്​ ഒളിച്ചിരിക്കുന്ന വെള്ള മേഘങ്ങളെ കണ്ടെത്താൻ കഴിയും. തൂവെള്ള നിറത്തിൽ ആകാശത്തെ മൂടിയ മേഘപാളികൾ. 

27
ലോഗ് ഹൗസിന്​ മുന്നിൽ നിന്നുള്ള ചിന്നാർ കാഴ്ച
 
പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു പർവതത്തിന്​ മുകളിലായിരുന്നു പെരിയകൊമ്പ്​ ലോഗ്​ ഹൗസ്​ സ്​ഥിതി ചെയ്യുന്നത്​. അതുകൊണ്ട്​ തന്നെ സൂര്യൻ നേരിട്ട്​ ഭൂമിയിലേക്ക്​​ നോക്കുംപോലെയാണ്​ അവിടെനിന്നുള്ള കാഴ്​ച അനുഭവപ്പെട്ടത്​. എന്താലും കാട്ടിലെ തിയറ്ററി​​​​​​െൻറ സിനിമ സമയം അവസാനിക്കാറായിരിക്കുന്നു. രാവിലെ പത്തിന്​​ തന്നെ ചിന്നാർ എത്തണം. അവിടെയാണ്​ പ്രഭാത ഭക്ഷണം. വെയിൽ കനക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി. മലയുടെ മുകളിൽ നിന്ന്​ ഇറങ്ങിവന്ന പാമ്പാറിനെ ഞങ്ങൾക്കൊപ്പം ചേർത്തു.​ പതുക്കെ അവളുടെ കുളിരണിഞ്ഞ്​ ചിന്നാറെത്തി യാത്ര അവസാനിപ്പിച്ചു. 
 
28
ലേഖകനും യാത്രാ സംഘവും
 

പെരിയകൊമ്പ്​ ലോഗ്​ ഹൗസ്​ ബുക്കിങ്ങിന്​ Munnarwildlife.com എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുക. രണ്ട്​ പേർക്ക്​ 3060 രൂപയാണ്​ ചാർജ്.​ അധികമുള്ള ഓ​രോ വ്യക്​തിക്കും 1000 രൂപ. പരമാവധി അഞ്ച്​ പേർക്ക്​ താമസിക്കാം. താമസം, ഭക്ഷണം, ട്രെക്കിങ്​​​ ഉൾപ്പെടെയാണ്​ ഇൗ നിരക്ക്​​. വൈകുന്നേരം മൂന്നിന്​​ തന്നെ എത്തുക. അഞ്ച്​ കിലോമീറ്റർ ആണ്​ ദൂരം. കൂടുതൽ വിവരങ്ങൾക്ക്​ Munnar eco ​tourism office: 8301024187, 8547609199. ട്രക്കിങ്ങിനായി ചിന്നാർ ഫോറസ്​റ്റ്​ ചെക്​പോസ്​റ്റിനടുത്തുള്ള അമിനിറ്റി സ​​​​​െൻററിലാണ്​ എത്തേണ്ടത്​.
 
Loading...
COMMENTS