കക്കയം കാഴ്ചകള്‍

ഷീബ ഇ.കെ
15:28 PM
02/10/2017
കക്കയം ഡാമിലെ ബോട്ടിങ് (ചിത്രങ്ങൾ: ഷീബ ഇ.കെ)
 മഴ വിട്ടുനിന്ന ഒരു ഞായറാഴ്ചയാണ് കക്കയത്തേക്കു പുറപ്പെട്ടത്.  രാവിലെ 10 മണിക്കാണ് കോഴിക്കോട്ടു നിന്ന് പുറപ്പെട്ടത്. കക്കയത്ത് എത്തിയപ്പോൾ 12 മണിയായി. ഡാം സൈറ്റിലേക്കു പോകുന്ന വഴിയരികിലൊക്കെയും അതിമനോഹരമായ കാഴ്ചകളാണ്. സൂയിസൈഡ് പോയിന്റിനെ ഓര്‍മ്മിപ്പിക്കുന്ന താഴ്വരകളില്‍ തെളിഞ്ഞ പുഴയുടെ വെള്ളിത്തിളക്കങ്ങള്‍. ഇടയ്ക്ക് മൂടിപ്പൊതിയുന്ന കോട. സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ എന്ന് ആരെക്കൊണ്ടും പാടിപ്പിക്കുന്ന കാഴ്ച. ഡാമിനു മുകളിലേക്ക്  സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നില്ല. ഉരക്കുഴി വെളളച്ചാട്ടമാവട്ടെ വേണ്ടത്ര സംരക്ഷണഭിത്തികളും സൗകര്യങ്ങളുമില്ലാതെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. വഴുക്കുന്ന പാറക്കല്ലുകളിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അഗാധമായ കൊക്കയിലേക്കു പതിക്കാനിടയുണ്ട്. തൂക്കുപാലം തുരുമ്പിച്ചതിനാല്‍ ഇവിടെയും സഞ്ചാരികള്‍ നിരാശരാവും.
കക്കയാം ഡാം
 

ഡാം സൈറ്റിലെ ഹൃദയഹാരിയായ പ്രകൃതി, ഇരുണ്ടവനം, തണുത്തുറഞ്ഞ കാട്ടാറിലെ തെളിനീര്‍,  പേരറിയാമരത്തിലെ പൂത്തുലഞ്ഞ വെണ്ണനിറപ്പൂക്കളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം, പെട്ടെന്നോടിയെത്തുന്ന പൊടിമഴപ്പെയ്ത്ത്. കുന്നിറങ്ങി വരുന്ന കോടമഞ്ഞിന്റെ നാണം... എല്ലാറ്റിനുമിടയിലും ഭയപ്പെടുത്തുന്നതെന്തോ മറഞ്ഞിരിക്കുന്നുവെന്ന തോന്നല്‍. 
ഡാം മറ്റൊരു കാഴ്ച
 

കക്കയത്തെ പഴയ പൊലീസ് ക്യാമ്പിനെക്കുറിച്ചും  ഭീകരാവസ്ഥയെക്കുറിച്ചും 'മഞ്ഞനദികളുടെ സൂര്യന്‍' നോവലില്‍ അല്പം വിശദമായിത്തന്നെ എഴുതിയതാണ്.  കാട്ടുപാതയിലൂടെ നടക്കുമ്പോള്‍ ഓരോ മണ്‍തരിയ്ക്കും ഒരുപാടു കഥകള്‍ പറയാനുണ്ടെന്ന വെമ്പല്‍. വേര്‍തിരിച്ചെടുക്കാനാവാത്ത  അസ്വസ്ഥതയോടെയാണ് ഓരോ ചുവടും നടന്നത്. അടിയന്തരാവസ്ഥക്കാലവും നക്‌സല്‍ വേട്ടയും രാജന്റെ തിരോധാനവും കക്കയം ക്യാമ്പും ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും തീപ്പിടിച്ചു വെന്തു. പൊടിഞ്ഞിറങ്ങുന്ന മഴയില്‍ ഹൃദയം തകര്‍ന്നൊരച്ഛന്റെ കണ്ണീരു രുചിച്ചു. പഴയ പൊലിസ് ക്യാമ്പ് ഇപ്പോള്‍ ഫോറസ്റ്റ്   ക്യാമ്പാണ്.
ഫോറസ്റ്റ് ക്യാംപ്
 

"വിസ്മൃതിയുടെ കയങ്ങളില്‍ നിങ്ങളൊരിക്കലും പതിക്കരു"തെന്ന് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ മുന്നറിയിപ്പു ബോര്‍ഡില്‍ കുറിച്ചിട്ടിരിക്കുന്നു. ഇല്ല.. ഒന്നും വിസ്മൃതിയിലേക്കു മറയുന്നില്ല. എത്ര നിലവിളികള്‍ ഇവിടെ മണ്ണിലമര്‍ത്തപ്പെട്ടിരിക്കും. എത്ര ചോരച്ചാലുകള്‍ പടര്‍ന്നൊഴുകിയിരിക്കും. വെള്ളച്ചാട്ടത്തിനു മുകളില്‍ തുമ്പികളായിപ്പറക്കുന്നത് ആരുടെയാത്മാക്കളാവും..
ഇതുവരെ കണ്ടിട്ടില്ലാത്ത വിചിത്രമായൊരു ചിത്രശലഭം കണ്‍വെട്ടത്തു ചുറ്റിക്കളിച്ചു.
"നിനക്കെന്നെ തിരിച്ചറിയാനായില്ലേ ?".  ചെവിയില്‍ മന്ത്രിക്കും പോലെ അതിന്റെ കറുത്ത ചിറകുകള്‍ ചലിച്ചു കൊണ്ടിരുന്നു.
കക്കയം പുഴ
 


കക്കയത്ത് എത്താൻ:

കോഴിക്കോടു നിന്നും ഓരോ മണിക്കൂറിലും കക്കയത്തേക്ക് പ്രൈവറ്റ്  ബസ് ഉണ്ട്. വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര  അത്ര സുഖകരമല്ല എന്നു മാത്രം. ലോക്കല്‍ ബസില്‍ ഏകദേശം ഒന്നര -രണ്ടു മണിക്കൂര്‍ യാത്ര വരും കക്കയത്തേക്ക്. സ്വന്തം വാഹനത്തിലാണെങ്കിൽ ഒന്നേകാൽ മണിക്കൂർ മതിയാകും. ബസിറങ്ങിയാൽ 14 കിലോമീറ്ററാണ് ഡാം സൈറ്റിലേക്ക്. ഒരാള്‍ക്ക് 100 രൂപ നിരക്കില്‍ ഓട്ടോറിക്ഷകള്‍ ഉണ്ട്. ഒന്നു രണ്ടു മണിക്കൂര്‍ അവര്‍ കാത്തു നില്‍ക്കുകയും ചെയ്യും. അതിനാൽ ഈ യാത്ര സൗകര്യപ്രദമാണ്. ഭക്ഷണത്തിനും സൗകര്യമുണ്ട്. ബസിറങ്ങുന്നിടത്തും ഡാം സൈറ്റിലും ഭക്ഷണം ലഭ്യമാണ്. സരങ്ങളിലായി താമസ-ഭക്ഷണസൗകര്യവും ഉണ്ട്.

COMMENTS