മലനാടന്‍ സൗന്ദര്യവുമായി കക്കാടംപൊയില്‍

കക്കാടം പൊയില്‍ (ഫോട്ടോ: സംഗീത ചേനംപുല്ലി)

വര്‍ധിച്ചുവരുന്ന മലയാളിയുടെ യാത്രാപ്രേമത്തിന്‍റെ 'ഇരകളായി' നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാറിതുടങ്ങിയിട്ട് കുറച്ചുകാലമായി. പ്രകൃതിയോട് ചേര്‍ന്നുനിന്ന് അതിന്റെ അത്ഭുതങ്ങള്‍ ആസ്വദിക്കുന്നതിനേക്കാള്‍ നമുക്കിഷ്ടം മാലിന്യങ്ങളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞും, ബഹളം വെച്ച് വന്യമൃഗങ്ങളെ വിരട്ടിയും യാത്രക്ക് വേണ്ടി മാത്രം യാത്രചെയ്യാനാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ മുങ്ങിയ ചെറുനഗരങ്ങളായി മാറിയതോടെ യാത്രാപ്രേമികള്‍ അത്ര സാധാരണമല്ലാത്ത ഇടങ്ങള്‍ തേടി അലയാന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തുന്ന പ്രകൃതിസുന്ദരമായ സ്ഥലമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍. കാടിന്റെ വന്യസൗന്ദര്യത്തോടൊപ്പം വെള്ളച്ചാട്ടത്തിന്‍റെ കുളിര്‍മ്മ കൂടി ഇവിടെ അനുഭവിക്കാം. ഒറ്റ ദിവസയാത്രക്ക് അനുയോജ്യമായസ്ഥലമാണെങ്കിലും കാടിന്റെ കുളിരില്‍ രാത്രിചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിസോര്‍ട്ടുകളില്‍ താമസിക്കാനുള്ള സൗകര്യവും ഉണ്ട്.


 തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നനവില്‍, കോടമൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയില്‍ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥമാണ് കക്കാടംപൊയില്‍. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് മുക്കം, കാരമൂല കൂടരഞ്ഞി വഴിയും, മലപ്പുറം ഭാഗത്ത് നിന്ന് നിലമ്പൂര്‍ അകമ്പാടം വഴി മൂലേപ്പാടം പാലം കടന്നും കക്കാടംപൊയിലില്‍ എത്താം. രണ്ടു വഴിക്കും കെ.എസ്.ആര്‍.ടി.സി ബസുകളുണ്ട്.  
മഴപെയ്യുന്ന ഒരു ഞായറാഴ്ച കക്കാടംപൊയിലിലേക്ക് ഞങ്ങള്‍ പുറപ്പെട്ടത്. എന്‍.ഐ.ടിയില്‍ നിന്നായത് കൊണ്ട് ഓമശ്ശേരി, കാരമൂല . കൂടരഞ്ഞി വഴിയായിരുന്നു യാത്ര. മഴയത്ത് കുതിച്ചൊഴുകുന്ന അരുവികള്‍ കണ്ടും വ്യൂ പോയന്റുകളില്‍ വണ്ടി നിര്‍ത്തി ഉയരങ്ങളില്‍ നിന്ന് താഴ് വാര ഭംഗി ആസ്വദിച്ചും ( യഥാര്‍ത്ഥ ജീവിതത്തില്‍ ആര്‍ക്കും താഴേക്ക് നോക്കാനേ ഇഷ്ടമല്ലെങ്കിലും) ഒട്ടും തിരക്ക് പിടിക്കാതെ ഒരു യാത്ര. ഇടയ്ക്കിടെ ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ വെള്ളിനാട നിവര്‍ത്തിയിട്ടപോലെ ചെറുവെള്ളച്ചാട്ടങ്ങള്‍ കാണാം. നേര്‍ത്ത തണുപ്പും ചുറ്റും നിറയുന്ന പച്ചപ്പും തിരക്കുകളുടെ ഓര്‍മകളില്‍ നിന്ന് തല്ക്കാലത്തേക്കെങ്കിലും ചേര്‍ത്ത് പിടിക്കും. വഴി ചോദിച്ചുചോദിച്ച് മുകളിലെത്തിയപ്പോള്‍ ഒന്നോ രണ്ടോ ചെറുപീടികകള്‍ മാത്രമുള്ള കക്കാടംപോയില്‍ ടൗണ്‍ ആദ്യം നിരാശപ്പെടുത്തി.


വാശിപിടിച്ച് പോന്നിട്ട് ഇവിടെ കാണാനൊന്നുമില്ലെങ്കില്‍ അട്ടപ്പാടി, മുള്ളി വഴി നീലക്കുറിഞ്ഞി തേടിപ്പോയ യാത്രപോലെ ഒരാഴ്ച ചെവിയില്‍ പഞ്ഞിതിരുകേണ്ടി വരുമല്ലോ എന്ന് പലവട്ടം മനസ്സിലോര്‍ത്തു. അല്ലെങ്കില്‍ തന്നെ എത്തിയ ലക്ഷ്യങ്ങളേക്കാള്‍ ഓര്‍മ്മയില്‍ തങ്ങുക പലപ്പോഴും അങ്ങോട്ടുള്ള വഴികളല്ലേ എന്നൊക്കെ ജാട ഇറക്കി രക്ഷപ്പെടാം എന്നും സമാധാനിച്ചു.

കോഴിപ്പാറ വെള്ളച്ചാട്ടം
 


എന്നാല്‍ കോഴിപ്പാറ വെള്ളച്ചാട്ടം ആശങ്കകളെ ആനന്ദത്തിലേക്ക് വളരെയെളുപ്പം വഴിമാറ്റി. നിലമ്പൂര്‍കാടുകളുടെ വന്യതയും തണുപ്പും കൊണ്ട് ഒഴുകിവരുന്ന കുറവന്‍പുഴ പല തട്ടുകളിലായി പാല്‍നുരകള്‍ തീര്‍ത്ത് അരക്കിലോമീറ്റര്‍ ആഴത്തിലേക്ക് പതിക്കുന്നു. മഴക്കാലമായത് കൊണ്ട് വെള്ളത്തിലിറങ്ങാന്‍ കര്‍ശനനിരോധനം ഉണ്ടായിരുന്നു. ഇക്കിളികൂട്ടുന്ന തണുപ്പില്‍ കാലുമുക്കിയും മുഖം കഴുകിയുമൊക്കെ സങ്കടം തീര്‍ത്തു. പുഴയോരത്തുള്ള നനഞ്ഞ പാറയിലാകെ റോസ് നിറമുള്ള ഏതോ കാട്ടുപൂക്കള്‍ പടര്‍ന്നുകിടന്നിരുന്നു. പുഴക്കക്കരെയുള്ള കാടുകളിലേക്ക് നോക്കി എന്നെങ്കിലും ഞാന്‍ ട്രക്കിംഗിനുവരും എന്ന് ആശിച്ചു.


ബ്രിട്ടീഷ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിനിടയില്‍ പഴശ്ശിരാജാവ് ഒളിവില്‍ താമസിച്ചിരുന്ന ഗുഹകള്‍ ഈ മലമുകളിലുണ്ടെന്ന് പറയപ്പെടുന്നു. മഴക്കാലമായത് കൊണ്ട് അങ്ങോട്ടും പ്രവേശനം ഇല്ലത്രെ. വിലാസിനിയുടെ ഏതോ നോവലില്‍ നിന്നു പാം ഓയില്‍ വേര്‍ത്തിരിച്ചെടുക്കുന്ന എണ്ണപ്പനയും വേര്‍ത്തിരിച്ചെടുക്കല്‍ രീതിയുമൊക്കെ പരിചിതമാണെങ്കിലും എണ്ണപ്പന ഇത് വരെ കണ്ടിട്ടുണ്ടായിരുന്നില്ല. ഇവിടത്തെ ഒരു സൗകാര്യ റിസോര്‍ട്ടിലുള്ള  തോട്ടം അതിനും അവസരംതന്നു.
 

നിലമ്പൂര്‍ റൂട്ടില്‍ അല്‍പ്പദൂരം പോയപ്പോള്‍, താഴ് വരയില്‍ ദൂരെ ചാലിയാര്‍ കണ്ടു. നിലമ്പൂര്‍ വഴിയുള്ള യാത്രയാണത്രേ കൂടുതല്‍ സുന്ദരം. വഴിയരികിലുള്ള കൊക്കോ മരത്തില്‍ നിന്ന് അപ്പുവിനു വേണ്ടി ഒരു കൊക്കോപ്പഴവും ചോദിച്ചുവാങ്ങി, തോട്ടില്‍ ഇറങ്ങാനുള്ള അവന്റെ വാശി തല്‍ക്കാലം അനുവദിക്കാതെ മടക്കയാത്ര തുടങ്ങി. വഴിയിലുള്ള അഗസ്റ്റിന്‍ ജോസഫ് മാഷിന്റെ വീട്ടില്‍ നിന്ന് കാട്ടില്‍ നിന്ന് ശേഖരിച്ച മൂട്ടില്‍പ്പുളി, ചക്കഹല്‍വ ഒക്കെ കഴിച്ചും, ടീച്ചര്‍ തന്ന രാമച്ചം, നാടന്‍കാപ്പിപ്പൊടി, ഔഷധസസ്യത്തൈകള്‍ എന്നിവ സന്തോഷപൂര്‍വ്വം സ്വീകരിച്ചും ഞായറാഴ്ചപ്പര്യടനത്തിന് തല്‍ക്കാലം വിരാമമിട്ടു. അടുത്ത കക്കാടംപൊയില്‍യാത്ര നിലമ്പൂര്‍ വഴിക്കാവട്ടെ.

Loading...
COMMENTS