Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightകപ്പല്‍ വരാൻ വൈകിയാല്‍...

കപ്പല്‍ വരാൻ വൈകിയാല്‍ കലഹിക്കുന്നവരായി ലക്ഷദ്വീപുകാർ മാറിക്കഴിഞ്ഞു

text_fields
bookmark_border
chetlath Dweep
cancel
camera_alt????? ????????? ????? ??????????? ??????????? ?????????? ???????????? ??? ???????????? ???????????? ?????? ??????? ?????????????????? ?????????????? ??????????????? ?????? ?????? ????? ??????????

ചെത്‌ലാത്ത് ദ്വീപി​​​​​െൻറ തെക്കെ അറ്റത്ത് വാലുപോലെ നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പുണ്ട്. വെളുത്ത പവിഴമണല്‍ വെട്ടിത്തിളങ്ങുന്ന സുന്ദരമായ പ്രദേശം. കടല്‍പ്പൊയ്കയാല്‍ ചുറ്റപ്പെട്ട, ആളൊഴിഞ്ഞ, ഈ മണല്‍പ്പരപ്പിലിരുന്ന് മിസ്ബാഹ് ‘ഏഴാംതിര’യുടെ കഥ പറഞ്ഞു. വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയില്‍ ഈ മണല്‍ത്തിട്ടയിലിരുന്ന് ഏഴ് നിറങ്ങളിലുള്ള തിരകളെ കാത്തിരിക്കുന്ന ഉണ്ണികളുടെ കഥ. കഥയല്ലിത്, കാര്യം തന്നെ.

റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച ചെത്‌ലാത്ത് ദ്വീപി​​​​​െൻറ ഈ കരയിലിരുന്ന് ഏഴ് നിറങ്ങളിലായി വന്നെത്തുന്ന തിരകളെ കാണാന്‍ ചെറുപ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും സുബ്ഹി കഴിഞ്ഞ ഉടന്‍ തന്നെ ഓടിയെത്തും. പാട്ടും കഥയും കളിയുമായി അവര്‍ തിരകളെ കാത്തിരിക്കും. ദ്വീപിലെ ആറ് മുതല്‍ പത്ത് വരെ പ്രായമുള്ള ഏതാണ്ട് മുഴുവന്‍ കുട്ടികളും അവിടെ ഉണ്ടായിരിക്കും. അവരോട് കഥകള്‍ പറയാനും തിരകളെ കാട്ടിക്കൊടുക്കാനുമായി പ്രായമായ രണ്ടോ മൂന്നോ മുത്തശ്ശിമാരും. അസർ ബാങ്കി​​​​​െൻറ സമയമാകുമ്പോഴേക്കും കുട്ടികള്‍ ഏതാണ്ട് വാടിത്തളര്‍ന്നിരിക്കും. അവരെ പതുക്കെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അമ്മമാരും അപ്പോഴേക്ക് എത്തിയിരിക്കും.

ഏഴ് നിറങ്ങളിലുള്ള തിരകളെ അവര്‍ കാണുന്നുണ്ടാകുമോ? അറിയില്ല, പക്ഷേ എല്ലാ വര്‍ഷവും കുട്ടികളും അമ്മമാരും ഇവിടെയെത്തും. വിശുദ്ധ വെള്ളിയാഴ്ചയിലെ സൂര്യാസ്തമയം വരെ വ്രതം നീട്ടിക്കൊണ്ടുപോകേണ്ടതുണ്ട്. ഉമ്മമാര്‍ക്ക് ഏറ്റവും പ്രയാസമേറിയ സമയം. പക്ഷേ നോമ്പിന്റെ പുണ്യം കുട്ടികള്‍ക്ക് ലഭിച്ചേ മതിയാകൂ. മഗ്‌രിബ് വരെ അവര്‍ കുഞ്ഞുങ്ങളെസമാധാനിപ്പിച്ച് നിര്‍ത്തും. കുഞ്ഞുങ്ങളെക്കൊണ്ട് നോമ്പ് വീട്ടിക്കാന്‍ ആരോ കണ്ടുപിടിച്ച ഒരുപായം.

Drying Tuna Fishes
ഉണക്കാനിട്ടിരിക്കുന്ന ട്യൂണ മത്സ്യങ്ങൾ ലക്ഷദ്വീപി​​​​​െൻറ പൊതു കാഴ്​ചയാണ്​
 

ചെത്‌ലാത്ത് ദ്വീപ് വാസിയായ മിസ്ബാഹ് കഥാകാരന്‍ മാത്രമല്ല, പരിസ്ഥിതിയെക്കുറിച്ചും നാവിഗേഷനെക്കുറിച്ചും ദ്വീപി​​​​​െൻറ ചരിത്രത്തെക്കുറിച്ചും അവിടുത്തെ ജൈവവൈവിധ്യത്തെക്കുറിച്ചും നല്ല ധാരണയുള്ള വ്യക്തി. കരവാസികളായ ആമകള്‍ കടലാമകളായി മാറിയതിനെക്കുറിച്ചും, സന്യാസി ഞണ്ടുകള്‍ (ഹെര്‍മിറ്റ് ക്രാബ്) രാത്രിയാകുമ്പോള്‍ കരയിലേക്ക് ഇഴഞ്ഞെത്തുന്നതും ഒക്കെ സംബന്ധിച്ച നൂറുനൂറു കഥകളുണ്ട് അദ്ദേഹത്തി​​​​​െൻറ കൈയിൽ. ദ്വീപുവാസികളുടെ നാവിഗേഷന്‍ സംബന്ധിച്ച കേള്‍വി അറബ് രാജ്യങ്ങള്‍ വരെ എത്തിയത് സംബന്ധിച്ച ചരിത്ര കഥകളും, നഷ്ടമായിക്കൊണ്ടിരിക്കുന്ന സമുദ്ര ജൈവവൈവിധ്യത്തെ സംബന്ധിച്ചും ഒക്കെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

students cleaning kawaratti gandhi parak
കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി കവരത്തി ബി.എഡ്​ സ​​​​െൻററിലെ വിദ്യാർഥികൾ ഗാന്ധി പാർക്ക്​ വൃത്തിയാക്കുന്നു
 

കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ ദൂരത്തില്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന 36ഓളം ദ്വീപുകളാണ് ലക്ഷദ്വീപുകളെന്ന പേരില്‍ അറിയപ്പെടുന്ന ദ്വീപ് സമൂഹം. കവറത്തിയും മിനിക്കോയിയും അടങ്ങുന്ന പത്തോളം ദ്വീപുകളില്‍ ആള്‍പ്പാര്‍പ്പുണ്ട്. ബംഗാരം ദ്വീപ് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി മാത്രമായി ഒരുക്കിയിരിക്കുന്നു. ഈ ദ്വീപുകളില്‍ കവറത്തി, ചെത്‌ലാത്ത്, ബിത്ര എന്നീ മൂന്ന് ദ്വീപുകളില്‍ അധ്യാപക വിദ്യാര്‍ത്ഥികളുമായി സംവദിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി. കാലാസ്ഥ വ്യതിയാനത്തെയും സുസ്ഥിരതയെയും സംബന്ധിച്ച് നടത്തിപ്പോരുന്ന സംവാദത്തി​​​​​െൻറ തുടര്‍ച്ച എന്ന നിലയില്‍. അവിടെ നിന്നാണ് മിസ്ബാഹ് എന്ന സാമൂഹ്യപ്രവര്‍ത്തകനെ പരിചയപ്പെടാനും ‘ഏഴാംതിര’യുടെയും ദ്വീപി​​​​​െൻറയും കഥയും കാര്യങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞതും.

misbah a social worker
കഥാകാരനും സാമൂഹ്യ പ്രവർത്തകനുമായ മിസ്​ബാഹ്​
 

കേരളത്തെ വിറപ്പിച്ച് കടന്നുപോയ ‘ഓഖി’ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടലി​​​​​െൻറ നടുവില്‍ കഴിയുന്ന ദ്വീപുകാരുടെ അവസ്ഥയെക്കുറിച്ച് അറിയാനുള്ള ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് കാണുന്ന ദ്വീപുവാസികളോടൊക്കെ അതേക്കുറിച്ചായിരുന്നു ചോദ്യം. കൊടുങ്കാറ്റുകളും ചുഴലികളും വന്‍തിരമാലകളും കണ്ട് വളര്‍ന്ന അവരെ സംബന്ധിച്ചിടത്തോളം ഓഖി കൊടുങ്കാറ്റിന് എന്തെങ്കിലും പ്രത്യേകതയുള്ളതായി അനുഭവപ്പെട്ടിട്ടേയില്ലെന്ന് തോന്നി. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടുത്ത കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചായിരുന്നു പലരുടെയും വേവലാതി. മിസ്ബാഹി​​​​​െൻറ തന്നെ വാക്കുകളില്‍: ‘വന്‍കരയില്‍ നിന്ന് സാധനങ്ങളുമായി വരാന്‍ കപ്പല്‍ ഒരാഴ്ച വൈകിയാല്‍ അജിറ്റേറ്റ് ചെയ്യുന്ന ജനതയായി ദ്വീപുവാസികള്‍ മാറിക്കഴിഞ്ഞു’. ഇത്രയും പറഞ്ഞപ്പോഴേക്കും മിസ്ബാഹി​​​​​െൻറ ശബ്ദം ഇടറിയിരുന്നു. ഭക്ഷണമടക്കമുള്ള എല്ലാ അടിസ്ഥാനാവശ്യങ്ങള്‍ക്കും കരയെ ആശ്രയിക്കേണ്ടി വന്ന ഒരു ജനതയായി ദ്വീപുവാസികള്‍ മാറിയതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഉത്കണ്ഠ. ഈ ആശങ്ക യാഥാര്‍ത്ഥ്യബോധത്തോടുകൂടിയുള്ളതാണെന്നും വൈകിയാണെങ്കിലും ദ്വീപ് ജനത അത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും പിന്നീടുള്ള ഓരോ ദിവസത്തെയും അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി.

agricultural camp at kawarathi
സുസ്​ഥിര കൃഷിയെക്കുറിച്ച്​ ​ദ്വീപവാസികളുമായി നടത്തിയ ചർച്ച
 

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂര കേന്ദ്രങ്ങളിലൊന്നാണ് കവറത്തി ആസ്ഥാനമാക്കിയുള്ള ബി.എഡ്. സ​​​​െൻറർ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തുടര്‍ച്ചയായി സ്ഥായിത്വത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും, സുസ്ഥിര കൃഷിയെയും സംബന്ധിച്ച സെമിനാറുകളും പഠനക്ലാസുകളും ക്യാമ്പുകളും അവര്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതും ദ്വീപ് ജീവിതത്തി​​​​​െൻറ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് അനുമാനിക്കാം. ഒരു കാലത്ത് നെല്ലും മുത്താറിയും അടക്കമുള്ള ധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്തിരുന്ന ദ്വീപ് ഇന്ന് ഗവണ്‍മെന്റ് സബ്‌സിഡികളെയും കരയില്‍ നിന്നെത്തുന്ന ഭക്ഷണസാധനങ്ങളെയും ആശ്രയിച്ചു നില്‍ക്കേണ്ടി വരുന്നതിനെ ഉത്കണ്ഠയോടെ തന്നെയാണ് പുതുതലമുറ നോക്കിക്കാണുന്നതെന്ന് തോന്നുന്നു. കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിദ്രുതങ്ങളായ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളുടെ ആവര്‍ത്തിച്ചുള്ള വരവും അവരുടെ ഉത്കണ്ഠകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്​.

Bitra island
​ബിത്ര ദ്വീപ്​
 

അതിസുന്ദരങ്ങളായ കടല്‍പ്പൊയ്കകളും (ലഗൂണുകള്‍) പവിഴപ്പാറകളും (കോറല്‍സ്) കടല്‍പ്പൊയ്കകളിലെ സസ്യ ജന്തുജാലങ്ങളിലെ വൈവിധ്യങ്ങളും ചേര്‍ന്ന് ജൈവസമൃദ്ധി കാഴ്ചവെക്കുന്ന ദ്വീപുകള്‍ കരയില്‍ നിന്ന് വരുന്നവരെ സംബന്ധിച്ചിടത്തോളം ഒരേസമയം അത്ഭുതത്തിനും ആശങ്കയ്ക്കും വകനല്‍കുന്ന ഒന്നാണ്. കടല്‍പ്പൊയ്കകളുടെ മനോഹാരിതയും ലഗൂണ്‍ മത്സ്യങ്ങളുടെയും ചിപ്പി ജീവികളുടെയും വൈവിധ്യങ്ങളും നമ്മെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുമ്പോള്‍ കൊടുങ്കാറ്റുകള്‍ക്കും ചുഴലികള്‍ക്കും സുനാമികള്‍ക്കും മുന്നില്‍ കടലിന് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ദ്വീപുകളെക്കുറിച്ചോര്‍ത്ത് ആശങ്കയും ഒരേസമയം നമ്മിലേക്ക് ഓടിയെത്തും. പക്ഷേ നൂറ്റാണ്ടുകളായി ഇവിടെ ജീവിതം നയിച്ചുപോരുന്ന ദ്വീപുവാസികളെ സംബന്ധിച്ചിടത്തോളം പ്രകൃതി ക്ഷോഭങ്ങളെന്നത് വലിയ ഉത്കണ്ഠകള്‍ക്കുള്ള കാരണമായി തോന്നാറേയില്ല. കൊടുങ്കാറ്റുകളെയും ചുഴലികളെയും നേരിടാന്‍ പ്രകൃതി തന്നെ ഒരുക്കിക്കൊടുത്ത സുരക്ഷാവലയത്തിലാണവര്‍ ജീവിക്കുന്നത്. കീലോമീറ്ററുകളോളം പരന്നു കിടക്കുന്ന കടല്‍പ്പൊയ്കകളും അവയില്‍ ഉയര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കടല്‍പ്പുല്ലുകളും ഒക്കെച്ചേര്‍ന്ന് കൊടുങ്കാറ്റില്‍ നിന്നും വന്‍തിരമാലകളില്‍ നിന്നും ദ്വീപിനെ സംരക്ഷിച്ചുനിര്‍ത്തുന്നു. കടലിലെ മത്സ്യങ്ങളും (പ്രധാനമായും ചൂരയും ലഗൂണ്‍ മത്സ്യങ്ങളും) അവരുടെ സാമ്പത്തിക സ്രോതസ്സുകളാണ്.

mosque at Bitra dweep
ബിത്ര ദ്വീപിലെ നമസ്​കാര പള്ളി
 

പൊതുവില്‍ ദാരിദ്ര്യമോ അതിനോട് അനുബന്ധിച്ച് വരുന്ന മോഷണങ്ങളോ കലഹങ്ങളോ ഒന്നും ഇല്ലാത്ത ഒരു സമൂഹമാണ് ലക്ഷദ്വീപിലേതെന്ന് പറയാം. ജയിലുകള്‍ക്കും പോലീസ് സംവിധാനങ്ങള്‍ക്കും ഒന്നും ഇവിടെ കാര്യമായ ജോലികളൊന്നും തന്നെയില്ല. വളരെ ശാന്തപ്രകൃതരായ ജനങ്ങള്‍. ജീവിതത്തി​​​​​െൻറ മത്സരയോട്ടങ്ങള്‍ നിരന്തരമായി അനുഭവിച്ചുപോന്നവര്‍ക്ക് കടലിന് നടുവിലെ ഇവരുടെ ജീവിതം ഒഴുക്കില്ലാത്ത കടല്‍ജലം പോലെ നിശ്ചലമാണെന്ന തോന്നലുണ്ടാക്കും. എന്നാല്‍ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ വൈവിധ്യങ്ങളും കൊടുക്കല്‍ വാങ്ങലുകളും കൊണ്ട് ഒറ്റപ്പെടലിനെയും നിശ്ചലതയെയും അവര്‍ അതിമനോഹരമായി തന്നെ മറികടക്കുന്നുണ്ട്.

Solar PArk at Bitra
ബിത്ര ദ്വീപിലെ സോളാർ പാർക്ക്​
 

മത്സ്യം, കൃഷി എന്നിവ പ്രധാന ജീവനോപാധിയായ ദ്വീപ് ജനത ഇന്ന് ഉത്കണ്ഠാകുലരാകുന്നത് തകര്‍ന്നുപോയ്‌ക്കൊണ്ടിരിക്കുന്ന അവരുടെ സ്വാശ്രയത്വത്തെ ചൊല്ലിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും നയങ്ങളും ഒരു ജനതയെ ചെറിയൊരു കാലയളവുകൊണ്ട് പരാശ്രിതരാക്കിയത് എങ്ങിനെയെന്ന് തിരിച്ചറിയാന്‍ അവരില്‍ ചിലര്‍ക്കെങ്കിലും ഇന്ന് കഴിയുന്നു എന്നതാണ് മിസ്ബാഹിനെപ്പോലുള്ള സാമൂഹ്യപ്രവര്‍ത്തകരുടെ വേവലാതി നിറഞ്ഞ വാക്കുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഒരുകാലത്ത്, നെല്ലും ചേമ്പും ചേനയും ഒക്കെ കൃഷി ചെയ്തിരുന്ന ദ്വീപുകളില്‍ അവയൊന്നും തന്നെ കണികാണാന്‍ പോലും ഇപ്പോഴില്ല. സൗജന്യങ്ങള്‍ വാരിക്കോരിനല്‍കി കൃഷിയില്‍ നിന്ന് പതുക്കെ അവരെ അടര്‍ത്തി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. ‘കൃഷി ചെയ്താല്‍ സൗജന്യങ്ങള്‍ ലഭ്യമാകില്ല’ എന്നുവരെ അവരെ ബോദ്ധ്യപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. പക്ഷേ ആവര്‍ത്തിച്ചുവന്നുകൊണ്ടിരിക്കുന്ന വന്‍പ്രകൃതി ക്ഷോഭങ്ങളും കപ്പല്‍ ഗതാഗതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങളും അവരുടെ കണ്ണുതുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

A board wriiten JASIRI
മഹൽ ഭാഷയിലെ ബോർഡ്​
 

ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ ജീവിതരീതികളല്ല അവര്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പല പാരിസ്ഥിതിക ഭീഷണികള്‍ക്കും കാരണമായിട്ടുള്ളത്. കരയിലെ മനുഷ്യരുടെ ആര്‍ത്തിപിടിച്ച ജീവിതമാണ്. അന്തരീക്ഷ താപത്തിലെ വര്‍ദ്ധനവും കടലിലെ അമ്ലീകരണത്തിന്റെ ഉയര്‍ച്ചയും ദ്വീപ് ഇക്കോളജിയെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്ന കോറല്‍ ബ്ലീച്ചിംഗ് എന്ന പ്രതിഭാസം ലക്ഷദ്വീപിലും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത അവരെ ഭയപ്പെടുത്തുന്നുണ്ട്. പവിഴപ്പുറ്റുകളുടെ നാശം ദ്വീപ് ജനതയുടെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. ഈയൊരു പ്രശ്‌നത്തെ ഗൗരവമായി പരിഗണിക്കാന്‍ നാമിനിയും തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്. ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് ഏറ്റവും സമ്പന്നവും സംതൃപ്തവുമായ ജീവിതം നയിക്കുന്ന ഒരു ജനതയെ അരക്ഷിതത്വത്തിലേക്ക് തള്ളിവിടാതിരിക്കുക എന്നത് പ്രാഥമികമായ കടമയാണ്. വൈകിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ നാം തയ്യാറാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travellakshadweepbitra dweepchetlath dweepsustainable agriculture
News Summary - the changing life of the people of lakshadweep
Next Story