Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുഴയുടെ മടിത്തട്ടിലൂടെ തോണി തുഴഞ്ഞ്
cancel
Homechevron_rightTravelchevron_rightNaturechevron_rightപുഴയുടെ മടിത്തട്ടിലൂടെ...

പുഴയുടെ മടിത്തട്ടിലൂടെ തോണി തുഴഞ്ഞ്

text_fields
bookmark_border

കുട്ടിക്കാലത്തെ ഒഴിവുവേളകളെല്ലാം കടലുണ്ടിപ്പുഴക്കുള്ളതായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം മതിവരുവേളം നീന്തിത്തുടിച്ചും മീന്‍ പിടിച്ചും മണല്‍പരപ്പില്‍ പന്തുകളിച്ചും രാവിരുട്ടുവോളം പുഴയില്‍ തന്നെയാകും. അകലെ മലനിരകളില്‍നിന്നെവിടെനിന്നോ ചെറുചോലയായി തുടങ്ങി, അറബിക്കടലില്‍ അവസാനിക്കുന്നുവെന്ന വിവരം മാത്രമേ കടലുണ്ടിപ്പുഴയെ കുറിച്ച് അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. 'ഈ പുഴയുടെ അറ്റം കാണണം'. അന്നിടക്കിടെ പരസ്പരം പറഞ്ഞുകൊണ്ടിരുന്ന മോഹമായിരുന്നു അത്. ആ ആഗ്രഹം വഴിയിലെവിടെയോ വെച്ച് മറന്നുപോയെങ്കിലും ഉള്ളിലെവിടെനിന്നോ ഇടക്കിടെയത് പുറത്ത് വന്നുകൊണ്ടിരുന്നു.

പഴയ ആ മോഹത്തിന്‍െറ സാക്ഷാല്‍കാരമായിരുന്നു ഈ പെരുന്നാള്‍ ദിനത്തിലെ ഞങ്ങളുടെ യാത്ര. കടലുണ്ടിപ്പുഴയുടെ അറ്റം തേടിയുള്ള പുറപ്പാട്. യാത്രക്ക് കൂട്ടായുള്ളത് അന്നത്തെ പുഴക്കൂട്ടുകാരും കുടുംബവും. കടലുണ്ടി റിവര്‍ ടൂറിസവുമായി ബന്ധപ്പെട്ട തോണിയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നു. അത് ലക്ഷ്യമാക്കിയാണ് യാത്ര. കടലുണ്ടി റെയില്‍വേ ഗേറ്റിനോട് ചാരിയുള്ള റോഡിലൂടെ കയറി നേരെ ചെറുപാലത്തിലൂടെ ചെറുതുരുത്ത് ദ്വീപിലേക്ക്. ടൂറിസം ഓപ്പറേറ്റര്‍ സനോജ് മാഷും അദ്ദേഹത്തിന്‍െറ അച്ഛന്‍ രാജേട്ടനും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ ദ്വീപിലാണ് അവരുടെ വീട്. തൊട്ടടുത്തായി ഇത്തരം നാലോ അഞ്ചോ ദ്വീപുകള്‍ കടലുണ്ടിപ്പുഴയിലുണ്ട്. അഞ്ച് ഏക്കോറാളം വിസ്തൃതിയുള്ള കുഞ്ഞുദ്വീപായ ചെറുതുരുത്തില്‍ പതിനാല് കുടുംബങ്ങളാണ് താമസിക്കുന്നത്. ദൂരെനിന്ന് കണ്ടാല്‍ തെങ്ങിന്‍ തോട്ടമെന്നേ തോന്നൂ. ചുറ്റിലും നിശബ്ദമായൊഴുകുന്ന പുഴയും വന്നുംപോയും കൊണ്ടിരുന്ന ചെറുകാറ്റും കൂട്ടായത്തെിയ സായാഹ്ന വെയിലും ചേര്‍ന്ന് ചെറുതുരുത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

പുഴയോട് ചേര്‍ന്നുള്ള ദ്വീപിന്‍െറ സംരക്ഷണ ഭിത്തിയില്‍ പ്രത്യേക തരം പുറ്റുകള്‍ പതിഞ്ഞ് കിടപ്പുണ്ട്. പുഴയില്‍ സമൃദ്ധമായ 'മുരു' എന്ന ജീവിയുടെ തോടാണത്. കല്ലുമ്മക്കായ പോലുള്ള ഭക്ഷ്യവസ്തുവാണ് 'മുരു'. കല്ലുമ്മക്കായയെ പോലെ തന്നെ കറിവെച്ചാല്‍ ഉഗ്രന്‍ രുചിയും. സനോജ് മാഷിന്‍െറ വീട്ടില്‍നിന്ന് ചായ കുടിച്ച് വൈകീട്ട് മൂന്നരയോടെ ഞങ്ങള്‍ തോണിയില്‍ കയറി. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 13 പേരുണ്ട് യാത്രസംഘത്തില്‍. പേടിയൊട്ടും കൂടാതെ എല്ലാവരും തോണിയില്‍ കയറിയിരിപ്പായി. 15 പേര്‍ക്ക് സുഖമായിരുന്ന് ഈ തോണിയില്‍ യാത്ര ചെയ്യാം. രാജേട്ടനാണ് തോണി തുഴയുന്നത്. സ്ത്രീകളില്‍ പലരും ആദ്യമായി തോണിയില്‍ കയറുകയാണ്. അവരെ പരീക്ഷിക്കാന്‍ തോണി ഇടക്കൊന്നാടും. നിങ്ങള്‍ എന്ത് കളിച്ചാലും തോണി മറിയില്ളെന്ന് രാജേട്ടന്‍ തറപ്പിച്ച് പറഞ്ഞതോടെ അവരുടെ പേടിയൊക്കെ കടലുണ്ടി കടന്നു. തോണി തുഴയുന്നതിനിടെ രാജേട്ടനില്‍നിന്ന് ദ്വീപിനെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അദ്ദേഹം ജനിച്ചതും വളര്‍ന്നതുമെല്ലാം ഈ കുഞ്ഞുദ്വീപിലാണ്. മഴക്കാലത്ത് പോലും പുഴ കരകവിഞ്ഞ് ദ്വീപില്‍ വെള്ളം കയറാറില്ലത്രെ. സുനാമി വന്നപ്പോള്‍ മാത്രമാണ് ദ്വീപില്‍ വെള്ളം കയറിയത്. അന്ന് ദ്വീപ് നിവാസികളെയെല്ലാം സര്‍ക്കാര്‍ താല്‍കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. നേരത്തെ മണലെടുക്കാന്‍ ഉപയോഗിച്ചിരുന്ന തോണിയാണിത്. മണലൂറ്റല്‍ നിരോധിച്ചതോടെ മീന്‍പിടിക്കാനായി തോണികളുടെ ഉപയോഗം. എന്നാല്‍, മീനുകളുടെ ലഭ്യതയില്‍ കാര്യമായ കുറവ് വന്നതോടെ ഇന്നാട്ടുകാര്‍ക്ക് നിത്യവൃത്തിക്ക് വേറെ മാര്‍ഗമില്ലാതായി. അങ്ങനെയാണ് ഇത്തരമൊരു ടൂറിസം പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതും തുടക്കമിടുന്നതും.

കടലുണ്ടിപുഴയുടെ ഓളങ്ങളേ

'കടലുണ്ടിപ്പുഴയുടെ ഓളങ്ങളേ, ഓര്‍മതന്‍ മണിച്ചെപ്പ് തുറന്നിടുമോ'.. കടലുണ്ടിപ്പുഴയെ കുറിച്ച് പെരിമ്പലം ക്രസന്‍റ് സ്കൂളിലെ കുഞ്ഞിമുഹമ്മദ് മാഷ് എഴുതിയ ഗാനം അന്ന് കുട്ടികളുടെ ഇടയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കിടയിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. കരിമ്പുഴയെന്നും ഒറവാന്‍പുരപ്പുഴയെന്നും ചിലര്‍ വിളിക്കാറുണ്ട്. പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറേയതിര്‍ത്തിയില്‍നിന്ന് ഉല്‍ഭവിച്ച് സൈലന്‍റ് വാലിയിലൂടെ പടിഞ്ഞാറോട്ടൊഴുകുന്ന കടലുണ്ടിപ്പുഴയുടെ സിംഹഭാഗവും മലപ്പുറം ജില്ലയിലാണ്. ഓലിപ്പുഴ, വെള്ളിയാര്‍ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴക്കുള്ളത്. ഓലിപ്പുഴയും വെള്ളിയാറും ചേര്‍ന്നാല്‍ കടലുണ്ടിയായി. 130 കിലോമീറ്റര്‍ നീണ്ട പുഴ ഞങ്ങളുടെ നാടടക്കം 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം നല്‍കുന്നു. കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയാണ് ഓലിപ്പുഴ. സൈലന്‍റ് വാലി മലനിരകളിലൂടെ രൂപംകൊണ്ട് തിരുവിഴാംകുന്ന്നിന്നാരംഭിച്ച് കടലുണ്ടിപ്പുഴയില്‍ ചേരുന്ന പുഴയാണ് വെള്ളിയാര്‍പ്പുഴ. ഇത് ഉത്ഭവിക്കുന്നത് ഇരട്ടക്കൊമ്പന്‍ മലയില്‍ നിന്നാണ്. ഒലിപ്പുഴ, വെള്ളിയാര്‍ പുഴ എന്നിവയാണ് കടലുണ്ടിപ്പുഴയുടെ പ്രധാന സ്രോതസ്സുകള്‍. കടലുണ്ടിപ്പുഴ ലക്ഷ്യ സ്ഥാനത്ത് എത്തുംമുമ്പ് രണ്ട് കൈവഴികളിലായി പിരിഞ്ഞ് ഒന്ന് വടക്കുമ്പാട്ട് പുഴ എന്ന പേരില്‍ ചാലിയാറുമായി സന്ധിച്ച് ബേപ്പൂര്‍ അഴിമുഖത്തും രണ്ടാമത്തേത് കടലുണ്ടിപ്പുഴ എന്ന പേരില്‍ തന്നെ ചെറു തുരുത്തുകള്‍ സൃഷ്ടിച്ച് കടലുണ്ടിക്കടവ് അഴിമുഖത്തും അറബിക്കടലിലും ചേരുന്നു. ഈ രണ്ടു നദികള്‍ക്കുമിടയില്‍ ഏതാണ്ട് ഒരു തുരുത്തുപോലെയാണ് കടലുണ്ടി ഗ്രാമം.

തോണി ചെറുതുരുത്ത് ദ്വീപ് പിന്നിട്ടിരിക്കുന്നു. ദ്വീപിന്‍െറ ആകൃതിയും രൂപവും ഒരു കപ്പല്‍ നങ്കൂരമിട്ടതുപോലെ തോന്നിക്കുന്നു. ഇടക്ക് ചെറുതോണികളില്‍ മീന്‍ പിടുത്തക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. പലഭാഗത്തും വലവിരിച്ചത് കാണാം. കാഴ്ചകള്‍ ഒന്നിനു പിറകെ ഒന്നായെ ഞങ്ങളെ സ്വാഗതം ചെയ്യുകയാണ്. അപ്പുറത്ത് ബാലാതുരുത്തി ദ്വീപ് കാണാം. ബാലാതുരുത്തി മലപ്പുറം ജില്ലയിലും ചെറുതുരുത്ത് കോഴിക്കോട് ജില്ലയിലുമാണ്. ഇരു ദ്വീപുകളെയും ചുറ്റിയൊഴുകാന്‍ എല്ലാവരുടെതുമായ കടലുണ്ടിപ്പുഴയും. ഒഴുക്ക് കുറവാണെങ്കിലും ആഴം നല്ളോണമുണ്ട്. കടലോടടുക്കുന്ന ഭാഗമായതിനാല്‍ ഉപ്പുരസമാണ് വെള്ളത്തിന്. ആകാശത്ത് പരുന്തുകൂട്ടം വട്ടമിട്ട് പറക്കുന്നുണ്ട്. പുഴയെ കവച്ച്വെച്ചൊരു റെയില്‍ പാലം കടന്നുപോകുന്നുണ്ട്. പാലത്തിന്‍െറ ഒത്ത നടുവിലത്തെിയപ്പോഴാണ് ചുളം വിളി കേള്‍ക്കുന്നത്. വൈകാതെ തീവണ്ടി ഞങ്ങളുടെ തലക്ക് മുകളിലൂടെ ഇരമ്പിയാര്‍ത്ത് കടന്നുപോയി. തീവണ്ടിയിലെ യാത്രക്കാര്‍ ജനല്‍ പാളികളിലൂടെ ചെറുകൗതുകത്തോടെ ഞങ്ങളെ നോക്കുകയാണ്. 'പെണ്ണുങ്ങളും കുട്ടികളുമൊക്കെയായി ഇവരീ തോണിയില്‍ എങ്ങോട്ട് പോകുന്നു' എന്നതാകാം അവരുടെ കൗതുകത്തിന്‍െറ കാരണം. കുട്ടികള്‍ തീവണ്ടി യാത്രക്കാരെ കൈവീശി അഭിവാദ്യം ചെയ്യുന്നുണ്ട്. തീവണ്ടി യാത്രികരായ കുട്ടികള്‍ തിരിച്ചും കൈയുയര്‍ത്തുന്നു. തൊട്ടുപിറകെ മറ്റൊരു തീവണ്ടിയും കുതിച്ചത്തെി.

ദേശാടനപക്ഷികള്‍ കരയുകയാണ്

പുഴയുടെ ഓളങ്ങളെ പിന്നിലാക്കി തോണി പതിയെ മുന്നോട്ടുനീങ്ങി. കുറച്ചകലെ മണ്‍തുരുത്ത് കാണാം. ഒരുവശത്തായി വലിയ കണ്ടല്‍ കാടും. ദേശാടനപക്ഷികളുടെ പറുദീസയാണ് ഞങ്ങളെ കാത്തിരിക്കുന്നത്. കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വും പക്ഷി സങ്കേതവുമാണത്. കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്തോട് ചേര്‍ന്ന 15 ഹെക്ടറോളമുള്ള സംരക്ഷിത പ്രദേശം. തോണി തീരമടുപ്പിച്ച് ഞങ്ങള്‍ തുരുത്തിലിറങ്ങി. ചെറിയ പൊടിമണ്ണില്‍ എല്ലായിടത്തും നീളത്തിലും കുറുകെയും ചെറിയ വരകള്‍ കാണാം. പക്ഷികളുടെ കാല്‍പാദമാണിത്. പക്ഷി നിരീക്ഷകരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും സ്വര്‍ഗഭൂമിയാണിവിടം. എവിടെതിരിഞ്ഞൊന്ന് നോക്കിയാലും പറന്നുല്ലസിക്കുന്ന പക്ഷിക്കൂട്ടം മാത്രം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ദേശാടനപക്ഷികള്‍ കൂട്ടത്തോടെ വിരുന്നു വരാറുള്ളത്. നൂറിലേറെ തദ്ദേശീയ പക്ഷി വര്‍ഗ്ഗങ്ങളും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ ആ സമയങ്ങളില്‍ കാണാം. സീസണ്‍ അല്ളെങ്കിലും പക്ഷികള്‍ക്കൊട്ടും കുറവില്ല ഇപ്പോഴുമിവിടെ. വെള്ളത്തോട് ഒട്ടിപ്പറക്കുന്ന വെളുത്ത കിളിക്കൂട്ടം പെട്ടെന്നെവിടെ നിന്നോ പറന്നുയര്‍ന്നു. വരിവരിയായി പ്രത്യേക താളത്തില്‍ ഉയര്‍ന്നും താഴ്ന്നും വായുവില്‍ അവരെന്തോ വരച്ചുകൊണ്ടിരുന്നു. മണല്‍തട്ടില്‍ കൂട്ടമായിരുന്ന് സൊറ പറഞ്ഞുകൊണ്ടിരുന്ന പരുന്തിന്‍കൂട്ടമായിരുന്നു അടുത്ത കാഴ്ച. കുറച്ചൊന്നും പരുന്തുകളല്ല. ആളുകള്‍ പുഴയില്‍ തള്ളുന്ന അറവുമാലിന്യങ്ങളുടെ ബാക്കി തുരുത്തില്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്. ഇതാണ് പരുന്തുകളുടെ പ്രധാന ഭക്ഷണം.

മലിനീകരണത്തിന്‍െറ തോത് കൂടിയത് ദേശാടന പക്ഷികളുടെ വരവ് കുറയാന്‍ കാരണമായിട്ടുണ്ടെന്ന് രാജേട്ടന്‍ പറഞ്ഞു. മുമ്പ് സെപ്തംബര്‍- ഒക്ടോബര്‍ മാസമായാല്‍ പക്ഷികളുടെ കൂട്ടക്കലപ്പിലയായിരിന്നു ഇവിടെ. നിര്‍ബാധം തുടരുന്ന അറവുമാലിന്യം തള്ളല്‍ പുഴയെ മാത്രമല്ല നശിപ്പിച്ചുകൊണ്ടിരിക്കുന്നത്; ദേശാടന പക്ഷികളുടെ ഈ ഒഴിവുകാലവസതിയെ കൂടിയാണ്. പുഴ മലിനീകരിക്കപ്പെട്ടതോടെ പക്ഷി സങ്കേതത്തിന്‍റെ നിലനില്‍പ്പ് ഭീഷണിയിലാണ്. മലിനീകരണം കാരണം വര്‍ഷാവര്‍ഷം ഇവിടെ എത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. കടലുണ്ടിയുടെ തീരങ്ങളില്‍ നിന്ന് പക്ഷിക്കൂട്ടം മറ്റിടങ്ങളിലേക്കു പതിയെപ്പതിയെ ചേക്കേറുകയാണ്.

പുഴയുടെ ശാന്തതയും കടലിന്‍െറ സംഹാരഭാവവും

മണല്‍പരപ്പിലൂടെ ഇച്ചിരി ദൂരം നടന്നുപോയാല്‍ കടലുണ്ടിക്കടവ് അഴിമുഖമാണ്. പുഴയായ പുഴകളെല്ലാം ഒരുമിച്ചൊരു വലിയ പുഴയായി കടലിന്‍െറ മാറിടത്തില്‍ ചെന്നണയുന്ന അതിമനോഹര കാഴ്ച. പുഴയുടെ ശാന്തതയും കടലിന്‍െറ സംഹാരഭാവവും ഒരുമിച്ചു കണ്ണില്‍ പതിയുന്ന അപൂര്‍വയിടം. അടിച്ചുകയറുന്ന തിരമാലകള്‍ക്കെതിരെനിന്ന് എന്നെയെടുത്തോളൂ എന്ന ഭാവത്തില്‍ വിനീത വിധേയനായി നില്‍ക്കുന്ന പുഴയെ നമുക്കവിടെ കാണാം. സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. അസ്തമയക്കാഴ്ച അതിന്‍െറ എല്ലാ മനോഹാരിതകളോടെയും ആസ്വദിക്കാന്‍ ഇവിടെനിന്നാകും. കടലുണ്ടിക്കടവ് പാലമാണ് മുകളില്‍. പാലത്തിന് മുകളിലും താഴെയുമായി ധാരാളം സഞ്ചാരികള്‍ സൂര്യനെ കടല്‍ വിഴുങ്ങുന്ന കാഴ്ചക്കായി കാത്തിരിപ്പുണ്ട്. തിരിച്ചുനടന്നപ്പോള്‍ നേരത്തെ മണല്‍ പരപ്പായിരുന്നിടത്തെല്ലാം വെള്ളം കയറിയിരിക്കുന്നു. വേലിയേറ്റ സമയമാണ്. വെള്ളം കരയിലേക്ക് കയറുകയാണ്. തീവണ്ടി ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഒരു തീവണ്ടിയുടെ മുന്‍ഭാഗവും ഏറ്റവുമൊടുവിലെ ബോഗിയും ഒരുമിച്ച് കാണുന്നത് ആദ്യമായി ഇവിടെ നിന്നാണ്. കടലുണ്ടി പാലത്തിലൂടെ നീണ്ടുനിവര്‍ന്ന് പെട്ടിക്കൂട്ടം കണക്കെ കുതിച്ചുപായുന്ന തീവണ്ടി വിസ്മയ കാഴ്ച തീര്‍ത്തു.

യാത്രികര്‍ തോണിയില്‍

കണ്ടല്‍ കാടുകള്‍ക്കിടയിലൂടെ

വീണ്ടും തോണിയിലേക്ക്. അഴിമുഖത്ത്നിന്ന് കണ്ടല്‍കാടുകള്‍ക്കിടയിലൂടെയാണ് യാത്ര. പുഴയും കടലും ചേരുന്ന അഴിമുഖങ്ങളിലും ലവണാംശമുള തീരപ്രദേശങ്ങളിലും സമൃദ്ധമായി വളരുന്ന നിത്യഹരിത വനമേഖലയാണ് കണ്ടല്‍വനങ്ങള്‍. തീരസംരക്ഷണത്തില്‍ അതിപ്രധാന പങ്കാണ് കണ്ടല്‍ വനങ്ങള്‍ക്കുള്ളത്. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതമായും കാണപ്പെടുന്ന കണ്ടല്‍ വനങ്ങള്‍ തീരപ്രദേശമായ കടലുണ്ടിക്ക് ഹരതഭംഗി നല്‍കുന്നതോടൊപ്പം ഞണ്ടുകള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയുടെ പ്രജനനത്തിനും വളര്‍ച്ചക്കുമുള്ള കേന്ദ്രമായി കൂടി വര്‍ത്തിക്കുന്നു. വിവിധയിനം പക്ഷികളുടെയും ഉരഗങ്ങളുടെയും ആവാസകേന്ദ്രമായ ഇവിടം ജൈവവൈവിധ്യത്തിലെ അപൂര്‍വ കലവറയാണ്. ചില ഭാഗത്ത് കണ്ടല്‍ വെച്ച് പിടിപ്പിച്ചതാണെന്ന് സനോജ് മാഷ് പറയുന്നു. ഇടക്ക് കണ്ടലിന്‍െറ നിറം കടുംപച്ചയായി മാറി. ചുള്ളിക്കണ്ടല്‍, ഉപ്പട്ടി,കണ്ണാം പൊട്ടി, ചെറു കണ്ടല്‍, പീക്കണ്ടല്‍, കുറ്റിക്കണ്ടല്‍, ചെറു ഉപ്പട്ടി, ഒതളം, ചക്കരക്കണ്ടല്‍ തുടങ്ങി ഒമ്പതിലേറെ ഇനത്തില്‍ പെട്ട കണ്ടലുകള്‍ കൊണ്ട് സമ്പന്നമത്രെ ഇവിടം.

ദുരന്തയോര്‍മകളെ തേടി

ഇത്രയേറെ മനോഹര കാഴ്ചകളുടെ ഇടമാണെങ്കിലും കടലുണ്ടി എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമത്തെുക ഒരു ദുരന്തസ്മൃതിയാണ്. 14 വര്‍ഷം മുമ്പ് ഒരു ജൂണ്‍ മാസത്തില്‍ പുഴയുടെ ആഴങ്ങളിലേക്ക് പതിച്ച മംഗലാപുരം - ചെന്നൈ മെയിലും അന്ന് പൊലിഞ്ഞ 70 ഓളം ജീവിതങ്ങളും നെഞ്ചിലൊരു നീറ്റലായി കടന്നുവന്നു. ആ ദുരന്ത സ്മാരകങ്ങളെ ലക്ഷ്യമാക്കിയാണ് തോണി നീങ്ങുന്നത്. 140 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷ് ഭരണ കാലത്ത് പണികഴിപ്പിച്ച കടലുണ്ടിപ്പാലം 2001 ലെ ട്രെയിന്‍ ദുരന്തത്തിലാണ് തകരുന്നത്. അന്ന് തകര്‍ന്ന പാലത്തിന്‍െറ തൂണുകളും ദുരന്തകാരണം കണ്ടത്തൊന്‍ സ്ഥാപിച്ച കിണറും ഇവിടെ കാണാം. പുതിയ പാലത്തിലൂടെ തീവണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരുന്നു.

രാവിരുട്ടാന്‍ തുടങ്ങിയിരിക്കുന്നു. കാക്കക്കൂട്ടത്തിന്‍െറ കൂട്ടക്കലപിലയാണ് അന്തരീക്ഷമഖിലം. കാക്കകള്‍ ഒരു തുരുത്തുലക്ഷ്യമാക്കി പറന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്തുള്ള കാക്കകളുടെ എല്ലാം രാത്രിവാസം ഈ ചെറു ദ്വീപിലായതുകൊണ്ട് കാക്കത്തുരുത്ത് എന്നാണത്രെ ദ്വീപിന്‍െറ പേര്. കരയോട്ചേര്‍ന്നിരുന്ന് ഒറ്റക്കാലില്‍ തപസ്സ് ചെയ്യുന്ന കൊക്കുകള്‍ ഇടക്ക് കണ്ണുതുറന്ന് ഞങ്ങളെ നോക്കിച്ചിരിച്ചു. മീന്‍ പിടിത്തക്കാര്‍ തോണി കരക്കടുപ്പിച്ച് വലയില്‍ കുടുങ്ങിയ മീനുകള്‍ ശേഖരിക്കുകയാണ്. 'എട്ട' എന്ന മത്സ്യമാണ് കൂടുതലും. തോണിയില്‍ കിടന്ന് പിടക്കുന്ന മീനുകളെ കണ്ടപ്പോള്‍ കുറച്ച് വാങ്ങിയാലെന്താ എന്ന് തോന്നി. നൂറ് രൂപക്ക് അവര്‍ ഞങ്ങള്‍ക്ക് തന്നത് രണ്ട് കിലോയിലധികം പിടിക്കുന്ന മീനുകള്‍.

വൈകുന്നേരമാകുമ്പോള്‍ പുഴയിലെ മീനുകളും പറക്കാന്‍ തുടങ്ങും. 'മീന്‍ചാട്ടം' എന്ന ഈ രസകരമായ കാഴ്ച തന്ന കൗതുകം ചെറുതല്ല. വെള്ളത്തില്‍നിന്ന് ഉയര്‍ന്ന് ചാടുന്ന മീനിനെ ഞൊടിയിടയില്‍ താഴ്ന്നിറങ്ങി ഒരു പരുന്ത് കാലിലിറുക്കി പറന്നുയര്‍ന്നു. ചാടുന്ന മീനുകളെ കാത്ത് പരുന്തുകള്‍ ഞങ്ങളുടെ തലക്ക് മുകളില്‍ തലങ്ങും വിലങ്ങും പറന്നുനീങ്ങുകയാണ്. ഞങ്ങളുടെ യാത്ര മൂന്ന് മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. അസ്തമയച്ചുവപ്പ് പുഴവെള്ളത്തിനും കൈവന്നിട്ടുണ്ട്. പുഴയും ആകാശവുമെല്ലാം ചെഞ്ചായമണിഞ്ഞ് ഉറങ്ങാന്‍ പോവുകയാണ്. രാജേട്ടന്‍ തോണി കരയോടടുപ്പിച്ചു. പതിയെ തുരുത്തിലേക്ക് തിരിച്ചുകയറിയെങ്കിലും മനസ്സ് പുഴയോടകലാന്‍ കൂട്ടാക്കിയില്ല. കാരണം, ആ കിളിക്കൂട്ടം ചേക്കേറിയത് ഞങ്ങളുടെ ഹൃദയങ്ങളിലായിരുന്നു, അവര്‍ കൂടുകൂട്ടിയത് ഞങ്ങളുടെ മനസ്സകത്തായിരുന്നു. ഈ പുഴയും മീനും ഞെണ്ടും തോണിക്കാരനും തുഴയും തോണിയുമെല്ലാം അടുത്തകാലത്തൊന്നും മനസ്സിലെ യാത്രാതുരുത്തില്‍നിന്ന് ഇറങ്ങാന്‍ സാധ്യതയില്ല. മനസ്സിനെ ആ തുരുത്തിനും പുഴക്കുമായി പകുത്തുനല്‍കി രാജേട്ടനോടും കുടുംബത്തോടും യാത്ര പറഞ്ഞ് ഞങ്ങള്‍ തിരിച്ചുനടന്നു.

വിശദ വിവരങ്ങള്‍ക്ക്: കടലുണ്ടി റിവര്‍ ടൂറിസം സനോജ്: 99 47 44 24 93

യാത്ര: കോഴിക്കോട്നിന്ന് 21 km
മലപ്പുറത്ത്നിന്ന് 39 km

ചിത്രങ്ങള്‍: ഫവാസ് തറയില്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadalundikkadavtravel#kadalundi#bird sanctury
Next Story