മയില്‍മൈതാനത്തേക്ക് പോയാല്‍
text_fieldsകാമ്പസുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് കൂട്ടംകൂടിനടക്കുന്ന സുന്ദരീസുന്ദരന്മാരെയാണ്. അവരുടെ ചടുലതയും പ്രതീക്ഷകളും നിറയുന്ന സജീവമായ ഇടമാണത്. കലാലയങ്ങളിലെ പ്രകൃതിയും ഊഷ്മളമാണ്. ചില കോളജുകളുടെ പരിസരങ്ങളും മനസ്സില്‍നിന്ന് പോകില്ല. ഏതോ ഒരുക്കുമുറിയില്‍നിന്ന് ചന്തമിട്ട് ഇറങ്ങിവരുന്നതുപോലെ ആദ്യകാഴ്ചയില്‍തന്നെ ഉള്ളിലുടക്കിപ്പോകും. വിവിധ ചെടികളും മരങ്ങളുമൊരുക്കുന്ന പച്ചത്തുരുത്തുകള്‍, പൂന്തോട്ടങ്ങള്‍. നന്നായി പരിപാലിക്കപ്പെടുന്ന അത്യപൂര്‍വമായ വള്ളിച്ചെടികള്‍. പൊയ്കകള്‍, കുളങ്ങള്‍. ചില വിദ്യാലയങ്ങള്‍ കായല്‍ത്തണുപ്പേറ്റാണ് മയങ്ങുന്നത്.
കുട്ടികളിരമ്പുന്ന കൂറ്റന്‍ കെട്ടിടങ്ങളെ ഒരു വന്മലയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്നുവെച്ചാലോ? വിശാലമായ കോളജ് മൈതാനത്തിന്‍െറ അങ്ങേയറ്റത്തുള്ള ഓഡിറ്റോറിയത്തിലേക്ക് നമ്മള്‍ നടക്കുന്നു. അന്നേരത്ത് അടിവെച്ചടിവെച്ച് മുന്നോട്ട കലുന്നത് പശ്ചിമഘട്ട മലനിരകളാണ്. മേഘപാളികളെ തൊട്ടുരുമ്മി നീലിമയില്‍ കുളിച്ച മാമലകളെ പൊതിഞ്ഞുകിടക്കുന്നത് പുകമഞ്ഞിന്‍ പാളികളാണ്. കാഴ്ചയിലും അനുഭവത്തിലും അങ്ങനെ ഓരോ കലാലയ പരിസരവും വ്യത്യസ്താനുഭൂതികള്‍ ചൊരിയുന്നു. കേരളത്തിലെ കാമ്പസുകള്‍ മഴ നനയുന്ന കാലമാണിത്. ശില്‍പഭംഗികൊണ്ടും വ്യതിരിക്ത പശ്ചാത്തല ഭംഗിയിലും അവയോരോന്നും വ്യത്യസ്തതകള്‍ പുലര്‍ത്തുന്നു.
കാമ്പസുകള്‍ക്ക് മഴക്കാലം അത്യപൂര്‍വചാരുതയാണ് തീര്‍ത്തുകൊടുക്കുന്നത്. മാറിമാറി കടന്നുവരുന്ന കാഴ്ചകള്‍ കൊണ്ടവ ആവര്‍ത്തന വിരസമല്ലാത്ത ചാരുതകള്‍ മെനയും. വിശാലമായ കളിസ്ഥലത്തിലൂടെ ചെറുമഴയില്‍ രണ്ടു കുട്ടികള്‍ കുടചൂടി പതുക്കെ സഞ്ചരിക്കുന്നു. അവര്‍ മൈതാനത്തിന്‍െറ അതിരും കടന്നുമറയുമ്പോള്‍ ആരുടെയും കണ്ണുകള്‍ ആകാശത്തേക്ക് തിരിയും. മാനത്ത് മഴമേഘങ്ങള്‍ കുടപിടിക്കുമ്പോള്‍ മയില്‍പ്പറ്റമാണ് നിങ്ങളുടെ കോളജ് മൈതാനിയില്‍ എത്തുന്നതെങ്കിലോ?
നിശ്ശബ്ദം നോക്കിനിന്നുപോകും. ഒപ്പം, ചുറ്റിലുമുള്ള വൃക്ഷലതാതികളും അവയിലേക്ക് കണ്ണുകള്‍ തിരിക്കുന്നു. എല്ലാം ചേര്‍ന്നവിടം ഭംഗിയുടെ പച്ചക്കടലായി മാറാന്‍ അധികനേരം വേണ്ടെന്നു ചുരുക്കം. പ്രണയാതുരനായി ഇണയെ വിളിക്കുകയും പീലിവിടര്‍ത്തി ആവരെ സന്തോഷിപ്പിക്കുകയുംകൂടി ചെയ്യുമ്പോഴോ? ആചന്തത്തില്‍ പരിസരമപ്പാടെ മുങ്ങിപ്പോകുന്നു. പീലികളുടെ വെട്ടിത്തിളക്കം. ചടുലമായ പുരുഷചലനങ്ങള്‍. അനിര്‍വചനീയമായ കാഴ്ചയില്‍ മുഴുകി നിമിഷങ്ങള്‍ പതുക്കെ അലിഞ്ഞുപോകുന്നത് അറിയുകയേയില്ല. മയിലുകള്‍ മേയുന്ന മൈതാനമാണ് പാലക്കാട് ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജിന്‍െറ പ്രത്യേകത.
ഫുഡ്ബാളിന്‍െറയും ക്രിക്കറ്റിന്‍െറയും ആരവമില്ലാത്ത കളിയിടത്തിന്‍െറ ശൂന്യതയെ ചിലനേരങ്ങളില്‍ ഒരു നൃത്തംകൊണ്ട് നിറച്ചുകളയും. ആ മയിലുകള്‍ പ്രിയതമമാരെച്ചൊല്ലി നടത്തുന്ന ശണ്ഠകള്‍ അവിടെ തമാശക്കളിതീര്‍ക്കും. ഗോള്‍പോസ്റ്റിന്‍െറ മുന്നിലാവും ചിലനേരത്ത് മയില്‍പ്പോര്് നടക്കുന്നത്. ഗോളികള്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമാണുള്ളതെന്ന് പറഞ്ഞാല്‍ അതൊരു പച്ചക്കള്ളമാണെന്ന് ഈ മയില്‍ക്കാഴ്ചകള്‍ ശരിവെക്കും. കളിമൂക്കുമ്പോള്‍ പന്തടിക്കാതെ എല്ലാം മറന്ന് മയില്‍പ്പെണ്ണുങ്ങള്‍ ഗോള്‍മുഖത്ത് ഒരേ കണ്ണോടെ നോക്കിനില്‍ക്കും. പ്രണയക്കളിയില്‍ തോറ്റവന്‍ തലതാഴ്ത്തി പതിയെ മൈതാനം വിട്ടകലുന്നു. അതൊരു അത്യപൂര്‍വകാഴ്ചയാണ്.
ചിലപ്പോള്‍ മയിലുകളുടെ പെരുമാറ്റം തീര്‍ത്തും കോളജ് കുട്ടികളുടെ സ്റ്റൈലിലാവും. അന്നേരത്ത് മയില്‍പ്പേടകള്‍ കുസൃതിപ്പിള്ളേരെ മാതിരി ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരുന്നുകളയും. പൊടിമഴ മുഴുവനും ഒറ്റയിരുപ്പില്‍ നനയും. മഴയൊന്നുതോരട്ടെ. അടുത്ത ഗെയിമിനു വേണ്ടിയാണ് അവരവിടെ കാത്തിരിക്കുന്നത്. അപ്പോള്‍ അവരുടെ പ്രാണനാഥന്‍ അടുത്ത മരത്തിലുണ്ടാവും. പീലിവാലും താഴേക്ക് നീട്ടിയുള്ള അന്തസ്സുള്ള ഒരിരുപ്പ്. അത്യപൂര്‍വ സെല്‍ഫിക്കുവേണ്ടിയുള്ള ഒരു പോസിങ്.
കരിമേഘങ്ങള്‍ പടര്‍ന്ന പ്രഭാതത്തില്‍ പ്രണയിനികളെയുംകൂട്ടി അവന്‍ അവിടെയത്തെുന്നത് അപ്രതീക്ഷിതമായിട്ടാണ്. പത്തിവിടര്‍ത്തിയ സര്‍പപ്പത്തിനെ അനുകരിച്ച് നാദസ്വരക്കഴുത്ത് താഴ്ത്തിയും ഉയര്‍ത്തിയും ഗോഗോ. വിളിക്കാന്‍ തുടങ്ങിയാല്‍ ക്ളാസ്മുറിയുടെ ജനാലയിലൂടെ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഏതു നിമിഷവും മൈതാനത്തിന്‍െറ ഓരത്തിലെ കാട്ടുചെടിയെ സാക്ഷിയാക്കി അവന്‍ പീലിവിടര്‍ത്താനുള്ള സാധ്യതയുണ്ട്. അതുകാണാനും വേണം ഭാഗ്യം! ഇവനാരാണ് പ്രണയവിവശനായ നളനോ? കഥകളിവേഷത്തിന്‍െറ ചലനങ്ങളെ പീലിവീശിയ മയിലുകള്‍ ഓര്‍മിപ്പിക്കാറുണ്ട്. തനിക്കിണങ്ങിയവന്‍ ഇവന്‍ തന്നെയാണോ? മൈതാനത്തിലെ പുല്ലുകള്‍ക്കിടയില്‍ തീറ്റതെരയുന്ന കാമിനികള്‍ നേര്‍ക്കണ്ണിലൂടെയല്ല തങ്ങളുടെ കാമനെ തെരഞ്ഞെടുക്കുത്. അവയുടെ ചരിഞ്ഞനോട്ടം. കാമ്പസുകിടാങ്ങളെ ഓര്‍മിപ്പിക്കുന്നു. അത് കോളജ് കാമിനിമാരില്‍നിന്ന് കടമെടുത്തതാണോ? മയിലുകള്‍ നിറഞ്ഞ ശ്രീകൃഷപുരത്തേക്ക് വരൂ. മണ്ണമ്പറ്റയിലെ എന്‍ജിനീയറിങ് കാമ്പസിലത്തെിയാല്‍ അവ പഠിക്കുകയും കളിക്കുകയും ചെയ്യുന്നതുകൂടി കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
