Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightവൈതല്‍കോന് വണക്കം

വൈതല്‍കോന് വണക്കം

text_fields
bookmark_border
വൈതല്‍കോന് വണക്കം
cancel

വൈതല്‍കോന്‍ രാജാവിന്‍െറ തെരഞ്ഞെടുപ്പ് ഗംഭീരം. തന്‍െറ സാമ്രാജ്യത്തിലേക്കുള്ള ഏതൊരു കടന്നകയറ്റവും കാതങ്ങള്‍ക്കകലെവെച്ചുതന്നെ അറിയാന്‍ കഴിയുന്ന ‘പ്രകൃതിദത്ത കോട്ട’ തന്‍െറ ആവാസകേന്ദ്രമായി തെരഞ്ഞെടുത്ത ആ ആദിവാസി രാജാവിന്‍െറ സ്ട്രാറ്റജിക് സെലക്ഷന് ഒരു സല്യൂട്ട് നല്‍കി വേണം വൈതല്‍ മല കയറിത്തുടങ്ങാന്‍.

ഉത്തരമലബാറിലെ ഏറ്റവും ഉയരത്തില്‍ വിരാജിക്കുന്ന, സമുദ്ര നിരപ്പില്‍നിന്ന് 4500 അടി ഉയരെ പച്ചമൂടിക്കിടക്കുന്ന വൈതല്‍മല കാണുമ്പോള്‍ ഇംഗ്ളിഷ് ഹൈലാന്‍ഡുകളുടെ ദൃശ്യങ്ങളാണ് മനസ്സില്‍ ഓടിയത്തെുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ, കേരള-കര്‍ണാടക അതിര്‍ത്തി വനാന്തരത്തിലാണ് വൈതല്‍മല. ലോകജൈവഭൂപടത്തില്‍ ഇനിയും കയറിപ്പറ്റിയിട്ടില്ലാത്ത അനേകം സസ്യ വര്‍ഗങ്ങളെ ഇന്നും ഒളിപ്പിച്ചുവെക്കുന്ന പശ്ചിമഘട്ടമെന്ന മഹാദ്ഭുതത്തിന്‍െറ ഭാഗമാണ് ഇതും. കേരളത്തില്‍ അപൂര്‍വമായ ഇനിയും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ട്രെക്കിങ് കേന്ദ്രം, വിശാലമായ പുല്‍മേടുകള്‍, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി ജൈവവൈവിധ്യത്തിന്‍െറ മനോഹര കാഴ്ചകളെല്ലാം ഇവിടെ ദര്‍ശിക്കാം.
കണ്ണൂര്‍-തളിപ്പറമ്പ്-ശ്രീകകണ്ഠപുരം-ചെമ്പേരി-കുടിയാന്‍മല-പൊട്ടന്‍പ്ളാവ് വഴി വൈതല്‍ താഴ്വരയിലത്തൊം. ഇതു കൂടാതെ തളിപ്പറമ്പില്‍നിന്ന് ഒടുപള്ളി, നടുവില്‍-പുലിക്കുരുമ്പ വഴിയും എത്താം.
ഫോട്ടോ കടപ്പാട്: ഹരികൃഷ്ണന്‍. ബി
വൈതല്‍ താഴ്വരയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം മലയുടെ ചുവട്ടിലത്തൊന്‍. കുടക് വനാന്തരത്തിലേക്ക് നീളുന്ന ഈ ഭാഗം ആനയടക്കം ധാരാളം വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. ഇരുട്ട്വീണാല്‍ ഈ വഴി തിരിച്ചുവരല്‍ അപകടരമാണ്.
അരയാള്‍പൊക്കത്തിലും നിലംപറ്റിയും മുറ്റിത്തഴുത്തു നില്‍ക്കുന്ന പുല്‍കൂട്ടങ്ങളെ വകഞ്ഞുനീക്കി രണ്ടു കിലോമീറ്റര്‍ ട്രക്കിങ് ആരംഭിച്ചു. ആകാശത്തേക്കെന്നവണ്ണം മേലാട്ടു നീണ്ടുനീണ്ടു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ, പുലര്‍കാല മഞ്ഞുകണങ്ങള്‍ നനയിച്ച കാലുകളുമായി അടിവെച്ചു നീങ്ങുമ്പോള്‍ ക്ഷീണമറിയുന്നില്ല. ഉദ്ഭവം എവിടെയെന്നറിയാത്ത വെള്ളച്ചാലുകള്‍ പലയിടത്തും തിളങ്ങുന്നു. പേരറിയാത്ത പുല്‍നാമ്പുകളും തീക്ഷ്ണനിറമുള്ള പൂക്കളും അതിരിട്ട ഒറ്റവരിയിലൂടെ അങ്ങനെ മുകളിലേക്ക്...
വൈതല്‍കോന്‍ രാജാവിന്‍െറ സാമ്രാജ്യത്തിന്‍െറ അവശേഷിപ്പെന്നു കരുതുന്ന, കിണറിന്‍െറ അവശിഷ്ടങ്ങള്‍ പാതയില്‍നിന്ന് അല്‍പം മാറി കിടപ്പുണ്ട്. അടുത്ത കാലം വരെ ഇവിടെയൊരു തറയുണ്ടായിരുന്നുവത്രെ. ഇപ്പോളതൊന്നും കാണാനില്ല.
ഒരു പോതി കേരളത്തിനും മറുപാതി കര്‍ണാടക്കും നല്‍കിയാണ് വൈതലിന്‍െറ കിടപ്പ്. നെറുകയില്‍നിന്ന് മറുവശത്തേക്കിറങ്ങുന്നത് കുടക് വനമേഖലയിലെ ചെയ്യന്തണ ഭാഗത്തേക്കാണ്. പക്ഷെ കാല്‍നടപോലും ദുഷ്കരമായ ഇടതൂര്‍ന്ന വനത്തിലൂടെ അങ്ങനെയൊരു സഞ്ചാരം ആഗ്രഹിക്കാതിരിക്കുന്നതാണ് നല്ലത്.
4500 അടി ഉയരെ, മേഘക്കൂട്ടങ്ങക്കൊപ്പം വൈതലിന്‍െറ നെറുകയിലാണിപ്പോള്‍. നേരിയ കോടയില്‍ പച്ചമേഘങ്ങളായിരിക്കുകയാണ് പുല്‍മേട്. അതാ അകലെ വാച്ച് ടവര്‍ കണ്ണില്‍പെട്ടു. അതു ലക്ഷ്യമാക്കി നടന്നപ്പോള്‍ പുല്‍മേടുകളില്‍ മൂന്നുനാലു ടെന്‍റുകള്‍. കോഴിക്കോട്ടെ ഒരു കോളജിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പ്രകൃതി ക്യാമ്പാണ് സംഭവം. ആകാശഗോപുരത്തില്‍ ഉറങ്ങിയെഴുന്നേറ്റതിന്‍െറ ത്രില്ലിലാണ് ആ വിദ്യാര്‍ഥികള്‍. ഉറക്കച്ചടവിലും ഓടിക്കളിച്ച് കാറ്റിനോട് എതിരുനില്‍ക്കാന്‍ ശ്രമിക്കുന്നു. ഇടുക്കിയിലെ രാമക്കല്‍മേടിനെ അനസ്മരിപ്പിക്കുന്ന, കാറ്റിന്‍െറ നിലക്കാത്ത മഹാപ്രവാഹം. വെയിലുദിച്ചിട്ടും തണുപ്പാണ് വീശുന്നത്. ഇവിടെ കാറ്റാടി വൈദ്യുതിക്കുള്ള പദ്ധതി ആലോചനയിലുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.
വാച്ച് ടവറില്‍നിന്നുള്ള കാഴ്ചയുടെ പരപ്പ് അപാരം തന്നെ. അറബിക്കടല്‍വരെ കാഴ്ച നീളുന്നു. കണ്ണൂര്‍ ജില്ലയുടെ ഏതാണ്ടെല്ലാം ഭാഗങ്ങളിലേക്കും കണ്ണു പാഞ്ഞു. ദിശയൊന്നു മാറി നോക്കിയപ്പോള്‍ പേരറിയാത്ത അനേകം നാടുകളുടെ ആകാശദൃശ്യവും കണ്ടു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ നിയന്ത്രണത്തിലാണ് വൈതല്‍മല. എങ്കിലും വാച്ച് ടവറാല്ലാതെ സഞ്ചാരികള്‍ക്ക് വേണ്ട മറ്റൊന്നും ഇക്കണ്ട വഴിയിലെങ്ങും കണ്ടില്ല. താഴ്വാരത്ത് സര്‍ക്കാര്‍ കോടികള്‍ മുടക്കി റിസോര്‍ട്ട് പണിത് തീര്‍ത്തിട്ടുണ്ടെങ്കിലും ഇതു വരെ തുറന്നു കൊടുത്തിട്ടില്ല. അതേസമയം, വൈതലിന്‍െറ പരിസരങ്ങളിലായി പത്തിലേറെ റിസോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. മലമുകളില്‍ ടെന്‍റ് കെട്ടി താമസിക്കാന്‍ ചില റിസോര്‍ട്ടുകള്‍ സൗകര്യം ചെയ്തു കൊടുക്കാറുണ്ട്. എന്നാല്‍, പ്ളാസ്റ്റിക്കും മറ്റും കൊണ്ട് മേഖല മലിനമാക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിന് ചില നിയന്ത്രണങ്ങളും ഉണ്ട്.
കാറ്റിനോട് കലഹിച്ചും കുളിരിനോട് കൂട്ടുകൂടിയും വൈതലിന്‍െറ മുകളില്‍ വൈതല്‍കോന്‍ രാജാവിനെ പോലെ ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ കൊതിച്ചു. ഒരു തയാറെടുപ്പും കൂടാതെയായിരുന്നു ഈ യാത്രയെന്നതിനാല്‍ ആ ആഗ്രഹം നീട്ടിവെച്ച് മലയിറങ്ങിത്തുടങ്ങി.
District Tourism Promotion Council (DTPC) Kannur: 0497 972706336
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story