ആകാശത്തുനിന്ന് ചിറകുവിരിച്ചൊരു കൂറ്റൻ പരുന്ത്; മായക്കാഴ്ച് നിറഞ്ഞ പരുന്തുംപാറയിലേക്ക് ഒരു യാത്ര
text_fieldsചില സ്ഥലങ്ങളുണ്ട്. അവിടെയെത്തുമ്പോൾ സംസാരിക്കണമെന്ന തോന്നലില്ല. വെറുതെ നിന്നാൽ മതി. കാറ്റ് സംസാരിക്കും, മേഘങ്ങൾ കഥ പറയും, മലകൾ നിശ്ശബ്ദമായി നമ്മളെ നോക്കി ചിരിക്കും. ഇടുക്കിയിലെ പരുന്തുംപാറ അങ്ങനെയൊരു ഇടമാണ്. രാവിലെ മഞ്ഞിന്റെ പുതപ്പ് ഇനിയും പൂർണമായി മാറിയിട്ടില്ലാത്ത നേരത്താണ് ഞങ്ങൾ മല കയറിത്തുടങ്ങിയത്. വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡ്. ഓരോ വളവും പിന്നിടുമ്പോഴും പുതിയൊരു കാഴ്ച തുറന്നുവരും. ചിലയിടങ്ങളിൽ മലകൾ മേഘങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കും. അടുത്ത നിമിഷം അവ പതിയെ പുറത്തുവന്ന് വീണ്ടും മുഖം കാണിക്കും. പ്രകൃതി ഒളിച്ചുകളിക്കുകയാണോ എന്ന് തോന്നിപ്പോകും.
കുട്ടിക്കാനത്ത് നിന്ന് 11.5 കിലോമീറ്റർ അകലെയാണ് പരുന്തുംപാറ. കോട്ടയം - കുമളി റൂട്ടിൽ (കെ.കെ റോഡ്) കുട്ടിക്കാനത്തിനും പീരുമേടിനും സമീപത്തെന്ന് പറയാം. പശ്ചിമഘട്ടത്തിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന പരുന്തുംപാറ ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ പതിയുന്ന സ്ഥലമാണ്. ചിറകുവിരിച്ച് പറക്കാൻ ഒരുങ്ങുന്ന പരുന്തിന്റെ രൂപം ഓർമിപ്പിക്കുന്ന ഭീമൻ പാറയാണ് ഈ പേരിന് പിന്നിൽ. പിന്നൊരു കാര്യം, ആകാശ ദൃശ്യങ്ങളിലാണ് ഇത് കാണാനാകൂ. അല്ലാതെ അവിടെ പോയിട്ട് "പരുന്ത് എവിടെ? പാറയിൽ പരുന്തിനെ കണ്ടില്ല" എന്നൊന്നും പരാതി പറയരുത്. ഏകദേശം 3,600 അടി ഉയരത്തിൽ നിൽക്കുന്ന ഈ മലമുകളിൽ എത്തുമ്പോൾ താഴെ വിരിഞ്ഞുകിടക്കുന്ന താഴ് വരകളും തേയിലത്തോട്ടങ്ങളും കണ്ണുകൾക്ക് അളക്കാനാകാത്ത ദൂരത്തോളം നീണ്ടുകിടക്കുന്നത് കാണാം.
പരുന്തുംപാറയുടെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ കാഴ്ചകൾ മാത്രമല്ല, അവ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒരു നിമിഷം എല്ലാം തെളിഞ്ഞുകാണാം. അടുത്ത നിമിഷം കോടമഞ്ഞ് വന്ന് എല്ലാം മൂടും. കുറച്ച് കഴിഞ്ഞ് കാറ്റ് മഞ്ഞിനെ പതിയെ നീക്കും. വീണ്ടും കാഴ്ചകൾ തെളിഞ്ഞുവരും. ഒരേ കാഴ്ച തന്നെ വീണ്ടും വീണ്ടും പുതുതായി കാണിച്ചുതരുന്ന ഒരു മാന്ത്രികത ഈ മലമുകളിലുണ്ട്. വ്യൂ പോയിന്റിന്റെ അരികിൽ നിന്നപ്പോൾ കാറ്റിന്റെ ശക്തി ശരിക്കും അനുഭവപ്പെട്ടു. താഴെനിന്ന് മലമുകളിലേക്ക് കയറിവരുന്ന തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ നഗരജീവിതത്തിന്റെ ക്ഷീണം പതിയെ ഇറങ്ങിപ്പോകുന്നതുപോലെ തോന്നി. ആരും ആരോടും അധികം സംസാരിക്കുന്നില്ല. എല്ലാവരും മൊബൈൽ ക്യാമറകൾ ഉയർത്തുന്നുണ്ടെങ്കിലും, ഒടുവിൽ ക്യാമറ താഴ്ത്തി ആ കാഴ്ച കണ്ണുകൊണ്ട് തന്നെ ആസ്വദിക്കുകയാണ്.
ഇവിടുത്തെ സൂയിസൈഡ് പോയന്റും ഏറെ ശ്രദ്ധയാകർഷിക്കുന്ന ഇടമാണ്. പേരുപോലെ തന്നെ അഗാധമായ കൊക്കയാണ് താഴെ. സുരക്ഷയ്ക്കായി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അതിനരികിൽ നിൽക്കുമ്പോൾ പ്രകൃതിയുടെ മഹത്വവും മനുഷ്യന്റെ നിസ്സാരതയും ഒരേസമയം മനസ്സിലാകും. പരുന്തുംപാറയിലേക്കുള്ള യാത്രയും ലക്ഷ്യസ്ഥാനം പോലെ മനോഹരമാണ്. റോഡരികിലെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ, ഇടയ്ക്കിടെ മലകളെ പൊതിഞ്ഞിറങ്ങുന്ന മേഘങ്ങൾ, ദൂരെയുള്ള വെള്ളച്ചാട്ടങ്ങൾ, വളവുകൾ നിറഞ്ഞ മലമ്പാതകൾ....യാത്രയെ മടുപ്പില്ലാത്ത അനുഭവമാക്കുന്നു ഇവയെല്ലാം.
ഏറ്റവും സന്തോഷം തോന്നിയ കാര്യം, ഇവിടെ പ്രവേശനത്തിനോ പാർക്കിങ്ങിനോ പ്രത്യേക ഫീസ് ഇല്ല എന്നതാണ്.
ഒരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ചില സ്ഥലങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞുപോകും. ചിലത് വീണ്ടും വിളിക്കും. പരുന്തുംപാറ രണ്ടാമത്തെ കൂട്ടത്തിലാണ്. അവിടത്തെ കാറ്റും കോടമഞ്ഞും മലകളുടെ നിശ്ശബ്ദതയും ഒരിക്കൽ അനുഭവിച്ചവർക്ക്, വീണ്ടും ആ വഴി വരാൻ തോന്നും, തോന്നലല്ല അത്, വന്നിരിക്കും.
എങ്ങനെ എത്തിച്ചേരാം?
കൊച്ചിയിൽ നിന്ന്: ഏകദേശം 130–135 കിലോമീറ്റർ
കോട്ടയം- കുമളി കെ.കെ റോഡ് വഴി പീരുമേട് – പരുന്തുംപാറ
പീരുമേട്ടിൽ നിന്ന്: ഏകദേശം 6 കിലോമീറ്റർ
തേക്കടിയിൽ നിന്ന്: ഏകദേശം 24 കിലോമീറ്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

