ചാർപ്പ, എന്തൊരു ചാരുത!
text_fieldsമഴയെ തുടർന്ന് സജീവമായ ചാർപ്പ വെള്ളച്ചാട്ടം
അതിരപ്പിള്ളി: വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ സജീവമായതോടെ ചാർപ്പ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് ആകർഷകമായി. വേനൽക്കാലത്ത് വറ്റിവരണ്ട ചാർപ്പ കഴിഞ്ഞ രണ്ടു മാസമായി സഞ്ചാരികൾക്ക് മുന്നിൽ തെളിഞ്ഞും മെലിഞ്ഞും പ്രത്യക്ഷപ്പെട്ടിരുന്നു. മാറി നിന്ന മഴ വീണ്ടും പെയ്തതോടെ ചാർപ്പ സജീവമാകുകയായിരുന്നു. അതിരപ്പള്ളി 65 എം.എം., വെറ്റിലപ്പാറ 82 എം.എം എന്നിങ്ങനെയാണ് ഈ മേഖലയിലെ മഴയളവുകൾ.
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലെ മഴക്കാല വിസ്മയമാണ് ചാർപ്പ വെള്ളച്ചാട്ടം. ആനമല പാതയിൽ അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലാണ് ചാർപ്പ വെള്ളച്ചാട്ടം. ഈ മേഖലയിലെ നാലാമത്തെ പ്രധാന ആകർഷണമാണ് ചാർപ്പ. വനാന്തരങ്ങളിൽനിന്ന് ഉദ്ഭവിച്ച് പാറക്കെട്ടുകളിലൂടെ ചാടിയിറങ്ങി ആനമലറോഡ് കടന്ന് ചാലക്കുടിപ്പുഴയിലേക്ക് പോകുന്നിടത്താണ് ചാർപ്പ. അതിന്റെ സൗന്ദര്യം പ്രത്യേക പ്രവേശന ടിക്കറ്റൊന്നും കൂടാതെ വാഹനങ്ങളിലിരുന്ന് തന്നെ കാണാനാവും.
ചാർപ്പയെ കൺനിറയെ ആസ്വദിക്കാൻ സമീപകാലത്ത് ഒരു മഴവിൽ പാലം പൂർത്തീകരിച്ചിരുന്നു. ഇതിന്റെ തടസ്സം മൂലം സഞ്ചാരികൾക്ക് പഴയ ദർശന സുഖം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. സഞ്ചാരികൾക്ക് കുറച്ചു കൂടി അടുത്തുനിന്ന് വെള്ളച്ചാട്ടം കാണാമെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് സർക്കാർ ലക്ഷങ്ങൾ മുടക്കി മഴവിൽപ്പാലം നിർമിച്ചത്. എന്നാൽ മലമുകളിൽ അതിതീവ്ര മഴ പെയ്ത് ചാർപ്പ നിറഞ്ഞ് കലങ്ങി ഒഴുകുമ്പോൾ പാലത്തിൽ കയറുക സാഹസികമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

