Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഇന്ത്യന്‍ രക്തത്തില്‍...

ഇന്ത്യന്‍ രക്തത്തില്‍ നിന്നൊരു ഗ്രാമം

text_fields
bookmark_border
ഇന്ത്യന്‍ രക്തത്തില്‍ നിന്നൊരു ഗ്രാമം
cancel
camera_alt??? ???????? ??????????????? ??????????????? ?? ??????? ??????????? ???????? ???????

പ്രകൃതീമനോഹരി ഇത്രയും കനിഞ്ഞരുളിയ മറ്റൊരു ഭൂഭാഗം ലോകത്തിലുണ്ടോ എന്നു നമുക്കു സംശയം തോന് നും സൈമണ്‍ പട്ടണത്തിലെത്തിയാല്‍. ഗുഡ് ഹോപ്പ് മുനമ്പിനു കിഴക്കുവശത്തുള്ള അതിസുന്ദര ഗ്രാമമാണ്​ സൈമണ്‍ പട്ടണം. കേപ്പ് പോയിന്റിലേക്ക് ചാഞ്ഞുയര്‍ന്നുകിടക്കുന്ന ഗിരിനിരകളാണ് പടിഞ്ഞാറന്‍ അതിര്‍ത്തി. കിഴക്കാണെങ്കില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്‍െറ മനോജ്ഞനീലിമയും. ഇടയില്‍ ഒരു അർധചന്ദ്രപ്രദേശത്ത് കുനുകുനാ കൊച്ചുകെട്ടിടങ്ങള്‍. ആ കാന്‍വാസില്‍ ചിതറിയെഴുതിയ ഹരിതവർണപ്പൊട്ടുകളും. അലസമായൊരു പഴമയുടെ നിഴല്‍ വീണുകിടപ്പുണ്ട് ആ കാഴ്ചയില്‍. കല്ലുകള്‍ പാകിയ തെരുവുകളും പ്രകൃതിഭംഗിക്കൊട്ടും പോറലേൽപിക്കാത്തവണ്ണം പുതുക്കിനിർമിച്ച കൊച്ചുകെട്ടിടങ്ങളും മലഞ്ചെരിവിലേക്കേറുന്തോറും കട്ടികൂടിവരുന്ന പച്ചപ്പും മറുവശത്തെ പ്രശാന്തസാഗരനീലിമയും. ‘ഹോ! എത്രദിവസം വേണമെങ്കിലും ഇവിടെത്തന്നെ കൂടിക്കളഞ്ഞാലോ...’ എന്ന ചിന്തയാണാദ്യത്തെ നോട്ടത്തില്‍ ഉള്ളില്‍ നിറഞ്ഞത്. അത്രയ്ക്കും മനസ്സോടു ചേര്‍ന്നുനിന്നു ആ സുന്ദരചിത്രം.

സൈമണ്‍ പട്ടണത്തി​ന്‍െറ കടല്‍ത്തീരക്കാഴ്ച

ആധുനികമനുഷ്യന്‍ താമസമുറപ്പിച്ചകാലം മുതലേ ഇതൊരു ദക്ഷിണാഫ്രിക്കന്‍ നാവികപട്ടണമാണ്. അതിനെ തെളിയിക്കുന്നവണ്ണം ഒരുപാടു കപ്പലുകള്‍ തീരത്തിനടുത്തായി നങ്കൂരമടിച്ചുകിടപ്പുണ്ട്. നീലനിറത്തിലാരോ വെളുത്തപൊട്ടുകള്‍ വാരിയിട്ടതുപോലെ. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി ഇത് നാവികകപ്പലുകളുടെ വിശ്രമകേന്ദ്രവും തയ്യാറെടുപ്പുസ്ഥലവുമാണ്. 17 ാം നൂറ്റാണ്ടില്‍ കേപ്പ് കോളനിയില്‍ ഡച്ചുകാര്‍ കൂട്ടംകൂട്ടമായി പാര്‍പ്പു തുടങ്ങിയപ്പോള്‍ ഇവിടെ കമാന്‍ഡറായി എത്തിയ സൈമണ്‍ ഫാന്‍ഡര്‍ സ്‌റ്റെല്‍ എന്നൊരു മിടുക്കനുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഈ പ്രദേശത്തെ ആദ്യത്തെ ഡച്ച്​ ഗവര്‍ണ്ണര്‍. ആ സൈമൺന്‍െറ ഒാറമയ്ക്കായാണത്രെ ഈ ഗ്രാമത്തിനു ‘സൈമണ്‍ പട്ടണം’ എന്നു പേരിട്ടത്. സൈമണിന്‍െറ കഥ നല്ല രസമാണ്. ഡച്ച് ഈസ്റ്റിന്‍ഡ്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന അഡ്രിയാന്‍െറ മകനായിരുന്നു സൈമണ്‍. മൗറീഷ്യസ് ദ്വീപുകളിലായിരുന്നു അദ്ദേഹത്തിനു ആദ്യത്തെ പോസ്റ്റിങ്​ കിട്ടിയത്. അതിനിടെ ഡച്ചുകാര്‍ ഗോവയില്‍നിന്നും പിടിച്ചുകൊണ്ടുവന്ന ഒരിന്ത്യന്‍ പെണ്‍കുട്ടിയോട് വലിയ അടുപ്പം തോന്നിയത്രെ അഡ്രിയാന്. മരിയ ലീവന്‍സ് എന്നായിരുന്നു ആ അടിമപ്പെണ്ണിന്‍െറ പേര്. അഡ്രിയാന്‍ അവരെ സ്വതന്ത്രയാക്കി. ‘ഗോവന്‍ തീരത്തെ മോണിക്ക’ എന്ന വിളിപ്പേരും ഇട്ടുകൊടുത്തു. പിന്നെയങ്ങോട്ടു പ്രണയമായിരുന്നു. കപ്പലില്‍ വെച്ചത് പൂർണതയിലുമെത്തി. അവര്‍ക്കൊരു മകനും ജനിച്ചു. കടലില്‍ വെച്ചു ജനിച്ചവന്‍ നാവികനായില്ലെങ്കിലല്ലേ അത്ഭുതമുണ്ടാവേണ്ടതുള്ളൂ. ആ സാഗരജനനമായിരുന്നു ഈ ഗ്രാമത്തിന്റെ പേരില്‍ നിറയുന്ന സൈമണ്‍.

ബോള്‍ഡര്‍ ബീച്ചിലേക്കുള്ള കവാടം

അങ്ങനെ ഒരിന്ത്യന്‍ ബന്ധം ഈ പ്രദേശത്തിനുണ്ടല്ലോ എന്ന് ഞാന്‍ കൗതുകത്തോടെയോര്‍ത്തു. ഇന്ത്യന്‍ രക്തത്തിൽ പിറന്നവന്‍െറ പേരിലൊരു ദക്ഷിണാഫ്രിക്കന്‍ ഗ്രാമം. ആ അടിമപ്പെണ്ണിന്‍െറ ലാവണ്യമായിരിക്കണം ഇവിടെ വഴിഞ്ഞൊഴുകുന്നത് എന്നു വേണമെങ്കില്‍ മേനിയും പറയാം.
17 ാം നൂറ്റാണ്ട് ഡച്ചുകാര്‍ ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറാന്‍ വെമ്പല്‍കൊണ്ടിരുന്ന കാലം. അന്നവിടെയെങ്ങും പാര്‍ത്തിരുന്നത് ഖോയ്‌ഖോയ്കള്‍. സ്വാഭാവികമായും ലോകത്തെവിടയ​ും സംഭവിച്ചതുപോലെ അധിനിവേശക്കാരും നാട്ടുകാരായ ഗോത്രവാസികളും തമ്മില്‍ ഏറ്റുമുട്ടി. നേരിട്ടും പതിയിരുന്നുമുള്ള പരസ്പരാക്രമണങ്ങള്‍ തെക്കന്‍ മുനമ്പിലാകമാനം പുകഞ്ഞുനിന്നു. 1652ലായിരുന്നു ജാന്‍ വാന്‍ റീബക്ക് എന്ന ഡച്ച്​ കമാന്‍ഡറുടെ നേതൃത്വത്തില്‍ ഡച്ച്​ ഈസ്റ്റിന്‍ഡ്യാ കമ്പനി ആദ്യമായി ഗുഡ് ഹോപ്പ് മുനമ്പ് പിടിച്ചെടുത്തതും കാലുറപ്പിച്ചതും. റീബക്കിന്റെ സമയം മുതല്‍ 1679 വരെ, അതായത് 27 വര്‍ഷം വേറെ എട്ടുപേര്‍കൂടി ഡച്ചു കമാന്‍ഡര്‍മാരായി ദക്ഷിണാഫ്രിക്കയിലെത്തി. ഇവര്‍ക്കെല്ലാം ഖോയ്‌ഖോയ്കളുമായുള്ള യുദ്ധമായിരുന്നു മുഴുവന്‍ സമയ ജോലി. ഇക്കാലത്ത്, തുരുതുരാ കമാന്‍ഡര്‍മാര്‍ മാറിയതില്‍നിന്നും മനസ്സിലാക്കാമല്ലോ ഇവര്‍ക്കാര്‍ക്കും കാര്യമായ വിജയങ്ങളൊന്നും അവിടെ നേടാനായില്ല എന്ന്.

ഖോയിഖോയി വംശജർ

മാത്രവുമല്ല, ഖോയ്‌ഖോയ്കളുടെ ആക്രമണങ്ങളില്‍ അവര്‍ പരിഭ്രാന്തരും ഭീതിതരുമായിരുന്നു. ഡച്ചുകമ്പനിക്ക്​ ഒട്ടും ആശ്വാസം തരുന്നതുമായിരുന്നില്ല അവരുടെ നടപടികളും പെരുമാറ്റവും. സഹസ്രാബ്ദങ്ങളോളമായി തെക്കന്‍ മുനമ്പില്‍ കഴിഞ്ഞിരുന്ന ഖോയ്‌ഖോയ്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ തറവാട്ടുമുറ്റത്തു കയറി തോന്ന്യാസം കാണിക്കുന്നവരായിരുന്നു വെള്ളക്കാര്‍. എല്ലാ അധിനിവേശങ്ങളിലുമെന്നപോലെ അതേറെക്കുറെ സത്യവുമായിരുന്നൂതാനും. ഡച്ചുകാര്‍ ഖോയ്‌ഖോയ്കളെ ഹോട്ടന്‍ടോട്ട് എന്നായിരുന്നു വിളിച്ചിരുന്നത്. ആ പേര് വീണതോ, തദ്ദേശികളുടെ സംസാരരീതിയില്‍ നിന്നും. വളരെ ധൃതിയില്‍ പാത്രങ്ങള്‍ മുട്ടിയും ഇളക്കുകയും ചെയ്യുന്നതുപോലെ ശബ്ദങ്ങളുണ്ടാക്കിയാണത്രെ ഖോയ്‌ഖോയ്കള്‍ സംസാരിച്ചിരുന്നത്. ഏതാണ്ട് വിക്കുള്ളവരെപ്പോലെ. അതുകൊണ്ടാണ് ‘ഹോട്ടും ടോട്ടും’ എന്ന അസംബന്ധ വാക്കുകളില്‍ നിന്ന് ഹോട്ടന്‍ടോട്ട് എന്ന പദം ജനിച്ചത്.

പെൻഗ്വിനുകളുടെ ചിത്രമെടുക്കുന്ന ലേഖകൻ

ഡച്ചുകാര്‍ വരുന്നതിനുമുമ്പ്, ഖോയ്‌ഖോയ്കള്‍ തങ്ങളുടെ താവളങ്ങള്‍ വിട്ട് കാര്യമായി നീങ്ങാത്തവരും, ഗോത്രങ്ങളെ ഒരുമിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ ഏകീകരണമൊന്നും ഇല്ലാത്തവരുമായിരുന്നു. ഡച്ചുകാരുടെ ആദ്യവരവുകള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണു പോയത്. തങ്ങളുടെ കന്നുകാലികളെയൊക്കെ ഡച്ചു കപ്പലുകളില്‍ കൊണ്ടുപോയി കൈമാറ്റക്കച്ചവടം നടത്താനൊന്നും ഖോയ്‌ഖോയ്കള്‍ക്കു മടിയുമുണ്ടായിരുന്നില്ല. പക്ഷേ, വെള്ളക്കാരുടെ ഉദ്ദേശ്യങ്ങള്‍ കൂടുതല്‍ വെളിവായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അതിനു തുടക്കമിട്ടത്, യാന്‍ റീബക്ക് തന്നെയായിരുന്നു. അദ്ദേഹമാണ് കേപ്പിലെ താമസത്തിനു സൗകര്യമൊരുക്കാന്‍ വലിയ കൃഷിസ്ഥലങ്ങളുണ്ടാക്കിയത്. അതോടെ, ഖോയ്‌ഖോയ്കള്‍ അവരുടെ സ്ഥലത്തുനിന്നും അൽപാൽപമായി നിഷ്‌കാസിതരാവാന്‍ തുടങ്ങി. സ്വാഭാവികമായും അവരതിനെതിരെ പ്രതികരിച്ചു. അതു കൂടുതല്‍ ഡച്ച്​ കൈയേറ്റങ്ങളിലേക്കാണ് വഴിവെച്ചത്. ഖോയ്‌ഖോയ്കള്‍ ചിതറിമാറാന്‍ തുടങ്ങി. തുറന്ന യുദ്ധത്തിലേക്കുതന്നെ അതു നയിച്ചു. വെള്ളക്കാര്‍ക്ക് വളരെ മികച്ച ആയുധങ്ങളുണ്ടായിരുന്നു. തോക്കുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ആഫ്രിക്കയിലെ പാവം കറുത്തവർഗക്കാര്‍ക്കു കഴിഞ്ഞില്ലെന്ന്​ പ്രത്യേകിച്ചു പറയേണ്ടല്ലോ.

ബോള്‍ഡര്‍ ബീച്ച്

ഖോയ്‌ഖോയ്കളെ വടക്കും പടിഞ്ഞാറുമുള്ള അത്രയും ഫലഭൂയിഷ്ടമല്ലാത്ത ഭൂമികളിലേക്ക് വെള്ളക്കാര്‍ തള്ളിവിട്ടു. അങ്ങനെ, മുനമ്പിലെ ഭൂമി പൂര്‍ണ്ണമായും വെള്ളക്കാരന്‍െറ നിയന്ത്രണത്തിലായി. നാടോടികളെപ്പോലെ കഴിഞ്ഞിരുന്ന ഒരു സമൂഹം ഭയപ്പാടാലും ബലപ്രയോഗത്താലും ചെറുസ്ഥലങ്ങളിലേക്കു ഒതുങ്ങിക്കൂടി. മാത്രമോ, യുദ്ധങ്ങളില്‍ തോറ്റപ്പോള്‍ അവരില്‍ പലരും അടിമകളും വെള്ളക്കാരന്‍െറ കൂലിവേലക്കാരുമായി മാറി. തീ തുപ്പുന്ന ആയുധങ്ങളോടുള്ള പേടി പാവം ഗോത്രവാസികളെ മറ്റൊരു ജൈവാവസ്ഥയിലെത്തിച്ചു. ജീവസന്ധാരണത്തിനുള്ള കന്നുകാലികളും ഭൂമിയും വെള്ളക്കാര്‍ തട്ടിയെടുത്തുകഴിഞ്ഞിരുന്നു. അതോടെ അധിനിവേശക്കാരന്‍ യജമാനന്മാരും, യഥാര്‍ഥ ഭൗമാവകാശികള്‍ അടിമകളുമായിത്തീരുന്ന പ്രതിഭാസം പൂർണമായി. ദക്ഷിണ-മധ്യ അമേരിക്കകളിലെ സ്പാനിഷ് കീഴടക്കലുകള്‍ ആസ്‌ടെക്കുകളേയും മയന്മാരേയും ഇങ്കാകളെയും തകര്‍ത്തെറിഞ്ഞതിനു സമാനമായിരുന്നു ഖോയ്‌ഖോയ്കളുടെ കീഴ്‌പ്പെടല്‍. യഥാര്‍ഥ അവകാശികള്‍, പട്ടിണിക്കാരും അടിമകളുമായി മാറുന്ന ലോകചരിത്രം ഒരിക്കല്‍ക്കൂടി ആഫ്രിക്കന്‍ മുനമ്പില്‍ ആവര്‍ത്തിക്കപ്പെട്ടു.

യുദ്ധങ്ങളൊക്കെ ഏതാണ്ട് കെട്ടടങ്ങി, തങ്ങളുടെ നിര്‍ദ്ദയമായ വിധി ഏറെക്കുറെ ഖോയ്‌ഖോയ്കള്‍ അംഗീകരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് സൈമണ്‍ ഫാന്‍ ഡെര്‍ സ്‌റ്റെൽ മുനമ്പിലേക്കെത്തുന്നത്​. ഒരിന്ത്യക്കാരി അടിമപ്പെണ്ണിന്‍െറ മകനായതുകൊണ്ടായിരിക്കണം സൈമണ്‍ ഖോയ്‌ഖോയ്കളോടു ഏറെ സഹാനുഭൂതിയുള്ളയാളായിരുന്നു. കാട്ടുജാതിക്കാരുടെ കൂടെ ജീവിച്ച് തന്‍െറ സുഖജീവിതം തുലയ്ക്കാന്‍ തയാറാകാതിരുന്ന യൊഹാന്നയായിരുന്നു സൈമണിന്‍െറ ഭാര്യ. അവര്‍ ആഫ്രിക്കയിലേക്കു വരാതെ ഹോളണ്ടില്‍ത്തന്നെ താമസിച്ചു. സൈമണാകട്ടെ കൃത്യമായി അവര്‍ക്കു പണമയച്ചുകൊടുക്കുകയും തന്‍െറ ജീവിതകാലം മുഴുവനും മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്തു. ഖോയ്‌ഖോയ്കള്‍ക്കുവേണ്ടി ഒരു പള്ളിക്കൂടവും അവരുടെ സുഖസൗകര്യങ്ങള്‍ അന്വേഷിക്കുന്ന സ്ഥാപനവും സൈമണ്‍ മുനമ്പില്‍ ഏര്‍പ്പാടാക്കുകയുണ്ടായി. ഗോത്രവാസികളുമായി ഇടപഴകുന്നതിനു സൈമണ് യാതൊരു മടിയുമുണ്ടായിരുന്നില്ല. പതുക്കെ അവരുടേയും ഇഷ്ടനായകനായി അദ്ദേഹം മാറി. ആദ്യമായി സമാധാനത്തോടെ മുനമ്പില്‍ കഴിയാനായതിന്‍െറ ആശ്വാസം ഡച്ചുകാര്‍ക്കുമുണ്ടായിരുന്നു. സൈമണ്‍ ഹോളണ്ടിന്‍െറയും കണ്ണിലുണ്ണിയായി മാറാന്‍ താമസമുണ്ടായില്ല. അങ്ങനെയാണ്​ മുനമ്പിലെ ആദ്യ ഗവർണർ സ്ഥാനം സൈമണെ തേടിവന്നത്.

ആഫ്രിക്കന്‍ പെന്‍ഗ്വിന്‍

മുനമ്പില്‍ നല്ലൊരു ഭരണസംവിധാനവും സുരക്ഷിതമായ ജീവിതവും സൈമണ്‍ ഉറപ്പുവരുത്തി. സൈമണ്‍ താമസിച്ചിരുന്ന മനോഹര ഭവനത്തിലെ ചുമരുകളില്‍ തൂക്കുവാനായി യൊഹാന്ന, ചിത്രങ്ങളും യവനികകളും അയച്ചുകൊടുക്കുമായിരുന്നുവത്രെ. ഈ ദമ്പതികളുടെ മക്കളാകട്ടെ അച്ഛന്‍െറ പകുതിപോലും കഴിവുള്ളവരുമായിരുന്നില്ല. സൈമണു ശേഷം വില്യം എന്ന പുത്രനെ ഭരണം ഏല്‍പിച്ചെങ്കിലും, അയാളുടെ കെടുകാര്യസ്ഥത കാരണം ഡച്ചുകാർക്ക്​ നാണക്കേടുണ്ടാവുകയും ഒടുവില്‍ ഹോളണ്ടിലേക്കു തിരിച്ചുവിളിക്കേണ്ട ഗതികേടുമുണ്ടായത്രെ. സൈമണിന്‍െറ കഴിവുകള്‍ ഇന്ത്യക്കാരിയായ അടിമപ്പെണ്ണിൽ നിന്നായിരുന്നുവെന്ന് ഡച്ചുകാര്‍ ഇന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്നത് ഞാന്‍ അഭിമാനത്തോടെയാണു മനസ്സിലാക്കിയത്. അദ്ദേഹത്തിന്‍െറ കീഴില്‍ ദക്ഷിണാഫ്രിക്കയിലെ മുന്തിരി വ്യവസായം തഴച്ചുവളരുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ നല്ലൊരു ഭരണകര്‍ത്താവും ന്യായാധിപനും സംഘാടകനുമായിരുന്നതിനൊപ്പം, നല്ലൊരു സസ്യശാസ്ര്തജ്ഞനും, കര്‍ഷകനുമൊക്കെയായിരുന്നു സൈമന്‍ വാന്‍ ഡെര്‍ സ്‌റ്റെല്‍. ഡച്ചുകാരുടെ ആധിപത്യം ദക്ഷിണമുനമ്പില്‍ ഏറ്റവും ശക്തമായ കാലഘട്ടവുമായിരുന്നു അത്. വെറുതെയല്ല, ഈ മനോഹരതീരത്തിനും ഗ്രാമത്തിനും ഡച്ചുകാര്‍ സൈമണിന്‍െറ പേരു നൽകി ആദരിച്ചത്.

സൈമന്‍ വാന്‍ ഡെര്‍ സ്‌റ്റെലിൻറെ പെയിൻറിങ്​

ഫ്രഞ്ചു വിപ്ലവനേതാവായ ഷാങ് ഷാക്ക് റൂസ്സോ തന്‍െറ സമത്വത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ സൈമണിന്‍െറയും ഇന്ത്യക്കാരിയായ അമ്മയുമായുള്ള ബന്ധത്തെക്കുറിച്ചും അതേത്തുടര്‍ന്ന് അദ്ദേഹത്തിന്‍െറ സ്വഭാവത്തിലും മനോഭാവത്തിലും സംഭവിച്ച വ്യത്യാസത്തെക്കുറിച്ചും പറയുന്നുണ്ട്. പക്ഷേ, സൈമൺ തന്‍െറ സ്വന്തക്കാര്‍ക്കും സമക്കാര്‍ക്കുമടുത്തേക്കു തിരിച്ചുപോയി എന്ന റൂസ്സോ പരാമര്‍ശം യഥാര്‍ഥത്തില്‍ ഒരു ഇകഴ്ത്തലായിരുന്നോ എന്ന സംശയവും നിരാശയും എനിക്കുണ്ടായി എന്നു പറയാതെ വയ്യ. മാത്രവുമല്ല, സൈമണിന്‍െറ അമ്മയെ റൂസ്സൊ, ഹോട്ടന്‍ഹോട്ട് എന്നു വിശേഷിപ്പിക്കുന്നതിലൂടെ അത് കൂടുതല്‍ വ്യക്തമാവുകയും ചെയ്യുന്നുണ്ട്. മഹത്തരമായ ഫ്രഞ്ചുവിപ്ലവാദര്‍ശങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇവയൊക്കെ എത്രമാത്രം സങ്കുചിതമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് യൂറോപ്യന്‍ ചിന്തകര്‍പോലും വരച്ചിടുന്നതെന്നു ഞാനോര്‍ത്തു.

സൈമൺ നഗരത്തിലെ ജസ്റ്റ് ന്യൂയിസന്‍സ് എന്ന മഹാശ്വാനൻറെ പ്രതിമ

ഗുഡ് ഹോപ്പ് മുനമ്പിലേക്കു പോകുന്ന വഴിക്കായിരുന്നു ഞാന്‍ സൈമണ്‍ പട്ടണത്തില്‍ പ്രവേശിച്ചത്. ആരും ആദ്യനോട്ടത്തില്‍ തന്നെ അനുരക്തരായിപ്പോകുന്ന വശ്യഭംഗി. നേരം ഉച്ചയായിട്ടില്ല. നല്ല തെളിഞ്ഞ സൂര്യവെളിച്ചത്തില്‍ തെരുവുകളും കെട്ടിടങ്ങളും തിളങ്ങിനിന്നു. ഗ്രാമത്തില്‍ പലതും കാണാനുണ്ടായിരുന്നു. വണ്ടിയിറങ്ങി തെരുവുകളിലൂടെ നടന്നു. തിരക്കു നന്നേ കുറവാണ്. ഗ്രാമം കാണാനിറങ്ങിയ സന്ദര്‍ശകര്‍ മാത്രം അങ്ങുമിങ്ങും ചിതറിനടപ്പുണ്ട്. ജൂബിലിസ്‌ക്വയറില്‍ വലിയൊരു ശ്വാനന്‍െറ പ്രതിമ കണ്ടപ്പോള്‍ ഒട്ടൊരത്ഭുതം തോന്നി. അന്വേഷിച്ചപ്പോഴാണ് സംഗതി മനസ്സിലായി. ഈ സൈമണ്‍ പട്ടണത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന ഒരു നായയുണ്ടായിരുന്നത്രെ. ‘ഗ്രേറ്റ് ഡേന്‍’ ആണ്. നല്ല പൊക്കവും വലിപ്പവുമുള്ള ഇനം. രണ്ടു കാലും ഒരു പാറപ്പുറത്തു കയറ്റിവെച്ച് ദൂരേയ്ക്കു നോക്കുന്ന വിധത്തിലാണ് ശില്പത്തിന്‍െറ രൂപകൽപന. ‘ജസ്റ്റ് ന്യൂയിസന്‍സ്’ എന്നായിരുന്നുവത്രെ ഈ ശ്വാന പ്രമുഖന്‍െറ പേര്. ‘വെറും ശല്യം’ എന്നൊരു നായയ്ക്ക് പേരിടുന്നതിലെ യുക്തി എനിക്ക്​ എത്ര ആലോചിചിട്ടും പിടികിട്ടിയില്ല.

നാവിക സൈനികരുടെ പരിലാളനകൾക്കിടയിൽ ജസ്റ്റ് ന്യൂയിസന്‍സ്

ബെഞ്ചമിന്‍ ചേനി എന്നൊരാള്‍ വാങ്ങിച്ച നായ്ക്കുട്ടിയായിരുന്നു വളരെ പെട്ടെന്നൊരു കൂറ്റന്‍ ശ്വാവായി വളര്‍ന്നത്. എല്ലാവരോടും വളരെ കൂട്ടായിരുന്നു അവന്‍. സൈമണ്‍ പട്ടണത്തില്‍ നങ്കൂരമടിക്കുന്ന കപ്പലുകളില്‍ നിന്നിറങ്ങുന്ന നാവികരുടെ കൂടെയൊക്കെ അവന്‍ ചുറ്റിയടിക്കാന്‍ പോകുമായിരുന്നു. ഒരുപോലെ വേഷം ധരിച്ചിരുന്ന അവരെയെല്ലാവരേയും അവന്‍ ഒരുപോലെ ഇഷ്ടപ്പെട്ടു. മാത്രമോ, കൂട്ടുകെട്ട് ശക്തമായപ്പോള്‍ അവന്‍െറ ഉറക്കംപോലും കപ്പലുകളിലും ഡോക്ക്‌യാഡുകളിലുമായി മാറി. കപ്പലിലേക്കു കയറാനും ഇറങ്ങാനുമായി വെച്ചിട്ടുള്ള പടികള്‍ ഉറപ്പിച്ച പലകയിലായിരുന്നു അവന്‍ കൂടുതല്‍ സമയവും കിടന്നിരുന്നത്. അവന്‍െറ മുകളിലൂടെയല്ലാതെ ആര്‍ക്കും കപ്പലിനകത്തേക്കു കയറാനോ, അവിടെനിന്നു ഇറങ്ങാനോ സാധിക്കുമായിരുന്നില്ല. തമാശയെന്നോണം അതില്‍ പരിഭവിച്ച ഏതോ ഒരു നാവികനായിരിക്കണം ആ ഗ്രേറ്റ് ഡേനിനെ ‘ജസ്റ്റ് ന്യൂയിസന്‍സ്’ അഥവാ ‘വെറും ശല്യം’ എന്നു വിളിച്ചത്. എന്തായാലും ആ പേര്​ അവനില്‍ പതിഞ്ഞു. എല്ലാവരുടേയും ഇഷ്ടഭാജനമായ ശല്യക്കാരനായി അവന്‍ മാറി. പിന്നീട് ഇവന്‍ സ്ഥിരമായി തീവണ്ടി യാത്രയും തുടങ്ങിയത്രെ.

നാവികരാണവനെ അതു പഠിപ്പിച്ചത്. കൃത്യമായി സ്‌റ്റേഷന്‍ നോക്കി കയറാനും ഇറങ്ങാനും അവന്‍ മിടുക്കനായിരുന്നു. ഇവന്‍െറ ടിക്കറ്റില്ലാ യാത്ര റെയില്‍വേ അധികൃതര്‍ക്കു രസിച്ചില്ലത്രെ. ശല്യക്കാരന്‍ ശ്വാനനെ തീവണ്ടിയില്‍ കയറ്റരുതെന്നു ഓർഡറും വന്നു. അതിനെതിരെ സൈമണ്‍ പട്ടണത്തിലെ മുഴുവന്‍ ജനങ്ങളും ഇളകിമറിഞ്ഞു. അവര്‍ നടത്തിയ സമരം റെയില്‍വെക്കാരെ അമ്പരപ്പിച്ചു. റോയല്‍ നേവിയും പല നാട്ടുകാരും ജസ്റ്റ് ന്യൂയിസന്‍സിന്‍െറ ട്രെയിന്‍ യാത്ര ആജീവനാന്തകാലത്തോളം സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറായത്രെ. ഒന്നു നോക്കണേ, ആ നായസ്‌നേഹം പോയപോക്ക്. താമസിയാതെ, 1939 ല്‍ അവനെ റോയല്‍ നേവി ഔദ്യോഗികമായിത്തന്നെ ഒരു സൈനികനായി ചേര്‍ത്തു. അതോടെ ലോകത്തിലേത്തന്നെ ഏറ്റവും പ്രസിദ്ധനായ ശ്വാനനായി ജസ്റ്റ് ന്യൂയിസന്‍സ് മാറി. പതുക്കെ പതുക്കെ നേവി അവന് പ്രമോഷനും, റേഷനും, സ്വന്തം മുറിയുമൊക്കെ അനുവദിച്ചുകൊടുത്തു. അവശ നിലയിലോ മദ്യപാനത്തിലോ പെട്ടുപോകുന്ന നാവികരെ സുരക്ഷിതമായി അവരുടെ താമസസ്ഥലങ്ങളിലെത്തിക്കുക അവന്‍െറ സ്ഥിരം ജോലിയായിരുന്നുവത്രെ. പിന്നീട് ‘അഡിണ്ട’ എന്ന ഗേറ്റ് ഡേനുമായുള്ള വിവാഹം നാവികസേന ആഘോഷമായി നടത്തി.

സൈനികനുമായി വിനോദത്തിലേർപ്പെട്ട ജസ്റ്റ് ന്യൂയിസന്‍സ്

ദമ്പതികള്‍ക്കു അഞ്ചു നായ്ക്കുട്ടികളുമുണ്ടായി. പക്ഷേ, ആ മഹാശ്വാനന്‍െറ അന്ത്യം അതിദാരുണമായിരുന്നു. ഒരു വാഹനാപകടത്തില്‍പ്പെട്ടു അവന്‍െറ കാലുകള്‍ തളര്‍ന്നുപോയി. നടക്കാന്‍ പോലും കഴിയാതെ ഒരു ജീവച്ഛവം പോലെ കഴിയാനായിരുന്നു ആ നാവികന്‍െറ വിധി. ഒടുവില്‍ 1944 ല്‍ മിലിട്ടറി ഹോസ്പിറ്റലില്‍ വെച്ച് അതിലൊരു തീരുമാനമായി. ജസ്റ്റ് ന്യൂയിസന്‍സിന്‍െറ ദയാവധം നടപ്പാക്കപ്പെട്ടു. സര്‍വ സൈനിക ബഹുമതികളോടും കൂടി ആ വീരന്‍െറ മൃതദേഹം സംസ്‌കരിച്ചു. ഇന്നും ആ ശ്വാനന്‍െറ കഥകള്‍ പറഞ്ഞു നടക്കുന്നുണ്ട് സൈമണ്‍ പട്ടണത്തിലെ കുട്ടികളും വലിയവരും ഒരുപോലെ. എന്തിനേറെ, എല്ലാ ഏപ്രില്‍ ഒന്നിനും അവന്‍െറ മരണദിവസത്തില്‍ ജസ്റ്റ് ന്യൂയിസന്‍സ് മെമ്മോറിയല്‍ പരേഡുപോലും അരങ്ങേറാറുണ്ടത്രെ ഈ സൈമണ്‍ പട്ടണത്തില്‍. ലോകത്തിൽ ഒരൊറ്റ നായ്ക്കുപോലും ഇത്രയും കൊണ്ടാടപ്പെട്ട ജീവിതവും ചരിത്രവും ലഭിച്ചിട്ടുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല.

ആ മഹാശ്വാനന്‍െറ പ്രതിമയെ നോക്കി ഏറെ നേരം ഞാന്‍ നിന്നുപോയിരുന്നു. ഒടുവില്‍ അവനോടു വിടപറഞ്ഞ്, ബോള്‍ഡര്‍ ബീച്ച് ലക്ഷ്യമാക്കി നടന്നു. സൈമണ്‍ പട്ടണത്തിന്‍െറ തെക്കേയറ്റത്താണ് ബോള്‍ഡര്‍ ബീച്ച്. രണ്ടു വലിയ പാറക്കെട്ടുകള്‍ക്കിടയിലുള്ള മനോഹര കടല്‍ത്തീരമാണിത്. അമ്പതിലധികം കോടി വര്‍ഷങ്ങള്‍ പഴക്കമുണ്ടത്രെ ഈ വമ്പന്‍ കരിങ്കല്‍ പാറക്കെട്ടുകള്‍ക്ക്. ബോള്‍ഡര്‍ കടല്‍ത്തീരത്തിന്‍െറ ചരിത്രം വിനോദസഞ്ചാര ഭൂപടത്തില്‍ അദ്യമായി എഴുതപ്പെട്ടിട്ട് അധിക കാലമൊന്നുമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ 1982-ല്‍ ഇവിടേയ്ക്കു കയറിവന്ന രണ്ടു ജോഡി ആഫ്രിക്കന്‍ പെന്‍ഗ്വിനുകളാണ് ആ പ്രസിദ്ധിയ്ക്ക് തുടക്കമിട്ടത്. എന്തുകൊണ്ടോ, അന്നു തമ്പടിച്ച ആ നാലുപക്ഷികള്‍ ഈ കടല്‍ത്തീരം വിട്ടുപോയില്ല. ആയിടെ, ബോള്‍ഡര്‍ ബീച്ച് ഉള്‍പ്പെടുന്ന ഫാത്സ് ഉല്‍ക്കടലില്‍ ട്രോളിങ്​ നിയന്ത്രണങ്ങള്‍ ശക്തമായതോടെ , മത്തി, ആങ്കവി എന്നീ ചെറുമത്സ്യങ്ങള്‍ ധാരാളമായി ഈ കടലില്‍ മുട്ടയിട്ടു പെരുകാന്‍ തുടങ്ങി. ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഇഷ്ട ഭക്ഷണമാണ്​ ഇവയെന്നോര്‍ക്കണം. സസുഖം ഭക്ഷണമെത്തിയതോടെ, പെന്‍ഗ്വിനുകളും പെറ്റുപെരുകാന്‍ തുടങ്ങി. നല്ല ഭക്ഷണം, ശല്യങ്ങളില്ലാത്ത മികച്ച പരിസരം, യോജിച്ച താപനിലയുള്ള അല്ലലില്ലാത്ത കടൽ. ഒരു വന്‍ പെന്‍ഗ്വിന്‍ സാമ്രാജ്യം പടര്‍ന്നു പന്തലിക്കാന്‍ വേറെയെന്തു വേണം. എന്തായാലും നാലുപക്ഷികളില്‍ തുടങ്ങിയ ഈ ബോള്‍ഡര്‍ ബീച്ചില്‍ ഇന്നു പെന്‍ഗ്വിനുകളുടെ എണ്ണം മുവ്വായിരം കവിയും. ആഫ്രിക്കയില്‍ ഇവിടെയും അല്‍പസ്വല്‍പം നമീബിയയിലും മാത്രമാണ് പെന്‍ഗ്വിനുകളെ കാണുന്നത്.

സൈനികർക്കൊപ്പം ഉറങ്ങുന്ന ജസ്റ്റ് ന്യൂയിസന്‍സ്

തെരുവിനു തൊട്ടുതന്നെയാണ് ബീച്ച്. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാന്‍ കടല്‍ത്തീരത്തേക്കു നടന്നു. നല്ല നനുത്ത പഞ്ചാരമണല്‍ വിരിച്ചിട്ട തീരവും അതില്‍ പതിയെ അലയടിക്കുന്ന നീലക്കടലും കണ്ണിനിമ്പമേറുന്ന കാഴ്ചയായിരുന്നു. അതിലും കൗതുകം തരുന്ന ദൃശ്യങ്ങളായിരുന്നു ആ മണല്‍പ്പരപ്പിലും പാറക്കൂട്ടങ്ങളിലൂടേയും തുള്ളിച്ചാടി നടന്നിരുന്ന പെന്‍ഗ്വിനുകള്‍ തന്നത്. പെന്‍ഗ്വിനുകള്‍ക്ക് ശല്യമുണ്ടാക്കാത്ത വിധം സന്ദര്‍ശകര്‍ക്കു നടക്കാനായി, മരപ്പലകകളുപയോഗിച്ചുള്ള നടപ്പാതകള്‍ പണികഴിപ്പിച്ചു വെച്ചിട്ടുണ്ട.് ഇടതടവില്ലാതെ കാമറ ചിമ്മിത്തുറക്കാന്‍ ഇതിലും മെച്ചപ്പെട്ടൊരു സ്ഥലമുണ്ടെന്നു തോന്നുന്നില്ല. ഇതിനു മുമ്പ്​ ആസ്​ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലായിരുന്നു ഇത്രയധികം പെന്‍ഗ്വിനുകളെ ഒരുമിച്ചു കണ്ടത്​. പെന്‍ഗ്വിനുകളുടെ കൂട്ടത്തില്‍ തീരെ ചെറുതാണ് ആസ്​ട്രേലിയൻ ഇനങ്ങള്‍. ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍ക്ക് ഏതാണ്ട് രണ്ടടിയിൽ കൂടുതൽ പൊക്കം കാണും. ഈ പറക്കാപ്പക്ഷികളുടെ ഒച്ച മാത്രം സഹിക്കില്ല. ഏതാണ്ടൊരു കഴുത അമറുന്നതുപോലെയൊക്കെ തോന്നും. അതുകൊണ്ടിതിനെ ‘കഴുതപ്പെന്‍ഗ്വിനുകള്‍’ എന്നൊരു വിളിപ്പേരുണ്ടത്രെ. നല്ല കറുത്തിരുണ്ട കാലുകളുള്ളതിനാല്‍ കരിങ്കാലന്‍ പെന്‍ഗ്വിനുകള്‍ എന്നും ചിലര്‍ വിളിക്കാറുണ്ട്.

ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ പുറം എണ്ണക്കറുപ്പാണ്. നെഞ്ചത്തു കട്ടിയുള്ള കറുപ്പും വെളുപ്പും വരകള്‍. അവിടവിടെ കറുത്ത കുത്തുകളും കാണാം. ആ കുത്തുകളും വരകളുമൊക്കെ ഓരോ പക്ഷിക്കും വേറെവേറെയാണ്. നമ്മുടെ കൈരേഖകള്‍ പോലെ വ്യത്യസ്തം. വയറിന്‍െറ ഭാഗം പൊതുവെ വെള്ള തന്നെ. കണ്ണിനു മുകളിലുള്ള ഇളം ചുവപ്പ്​ ഗ്രന്ഥി അതിന്​ ഏറെ പ്രധാനപ്പെട്ടതാണ്. അതുപയോഗിച്ചാണത്രെ പെന്‍ഗ്വിനുകള്‍ ഈ ശീതക്കടലില്‍ താപനിലനില നിയന്ത്രിച്ചെടുക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം മനസ്സിലാവും. ആണ്‍പക്ഷികള്‍ അൽപം വലുതാണ്. കൊക്കുകളുടെ നീളവും കൂടുതല്‍.

ബോള്‍ഡര്‍ ബീച്ചിൽ വിഹരിക്കുന്ന പെന്‍ഗ്വിനുകള്‍

നല്ല കുടുംബസ്ഥരാണ് ഈ പെന്‍ഗ്വിനുകള്‍. ജീവിതകാലം ഒരൊറ്റ ഇണയേ ഉണ്ടാവൂ. പക്ഷി കാഷ്​ടങ്ങള്‍ക്കിടയിലോ മണലില്‍ക്കുഴിച്ചോ കുറ്റിക്കാട്ടിലോ ഒക്കെയാണ് മുട്ടയിടുന്നത്. പൊതുവെ രണ്ടെണ്ണമാണ് ഒരു സമയത്തിടുക. ആണും പെണ്ണും മാറിമാറി അടയിരിക്കും. നാൽപതു ദിവസത്തില്‍ മുട്ടവിരിയും. കൊച്ചുകുഞ്ഞുങ്ങളെ ആദ്യ മാസത്തില്‍ ആരെങ്കിലുമൊരാള്‍ തന്നോടു ചേര്‍ത്തു സംരക്ഷിക്കുമത്രെ. ആ സമയം മറ്റേയാള്‍ ഇര തേടാന്‍ പോകും. ഒരു മാസം കഴിഞ്ഞാല്‍ മറ്റുകുഞ്ഞുങ്ങള്‍ക്കൊപ്പം വിടും. നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസമൊക്കെപ്പോലെ. അപ്പോൾ അവറ്റകൾ നല്ലപോലെ നീന്താനും ഇരതേടാനുമൊക്കെ പഠിക്കും. ഇന്നും വംശനാശഭീഷണി നേരിടുന്ന പക്ഷിയാണ് ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍. രണ്ടായിരാമാണ്ടില്‍ തെക്കന്‍ കടലില്‍ കേപ്പ് ടൗണിനടുത്ത് ഒരു എണ്ണക്കപ്പല്‍ മറിഞ്ഞപ്പോള്‍ ആയിരക്കണക്കിനു ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍ ചത്തൊടുങ്ങി. അത്രയും ലോലമായൊരു പാരിസ്ഥിതികാവസ്ഥയിലാണ് ബോള്‍ഡര്‍ ബീച്ചില്‍ ഈ പറക്കാപ്പക്ഷികള്‍ പച്ചപിടിക്കുന്നതെന്നോര്‍ത്തപ്പോള്‍ ഏറെ സന്തോഷം തോന്നാതിരുന്നില്ല.

കടലിൽ നീന്തിത്തുടിക്കുന്ന പെൻഗ്വിൻ

ആ കൊച്ചുകടല്‍ത്തീരത്തെ പാറക്കെട്ടുകളിലും മണല്‍പ്പരപ്പിലുമെല്ലാം ഏണ്ണിയാലൊടുങ്ങാത്തത്രയും പെന്‍ഗ്വിനുകളും അവയുടെ കുഞ്ഞുകുട്ടികളും സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. ചിലതൊക്കെ മുട്ടകള്‍ക്ക് അടയിരിക്കുകയാണ്. ആ മുട്ടകളെ റാഞ്ചിയെടുക്കാനായി തക്കം പാര്‍ത്തു നടക്കുന്ന കടല്‍ക്കാക്കകള്‍ വല്ലാത്തൊരു കാഴ്ചയായിരുന്നു. അനുനിമിഷം കടല്‍ക്കാക്കകളെ ഓടിച്ചുവിട്ടുകൊണ്ടാണ് അമ്മപ്പക്ഷിയും അച്ഛന്‍ പക്ഷിയും തന്‍െറ ഭാവിമക്കളെ കണ്‍പാര്‍ത്തുനില്‍ക്കുന്നത്. പക്ഷേ, ദീര്‍ഘോദ്യമികളായ കടല്‍ക്കാക്കകള്‍ ഒരു തരിമ്പും വിട്ടുകൊടുക്കാതെ അവയുടെ പരിസരത്ത്​ ചുറ്റിക്കളിച്ചു നില്‍ക്കും. അമ്മയുടേയോ അച്ഛന്‍െറയോ ജാഗ്രത നഷ്ടപ്പെടുന്ന ഒരൊറ്റ നിമിഷം മാത്രം മതി അവറ്റയ്ക്കു ഒരു ദിവസത്തേക്കുള്ള ഭക്ഷണം കുശാലാക്കാന്‍. ഞാന്‍ നോക്കിനില്‍ക്കെ, അമ്മപ്പക്ഷി ഒന്നു പിന്തിരിഞ്ഞുനോക്കിയ ലാക്കിനു ആ വെളുമ്പന്‍ പക്ഷി പെന്‍ഗ്വിന്‍ മുട്ടയെ റാഞ്ചിയെടുത്തു. ഒരൊറ്റ നിമിഷത്തിന്‍െറ അശ്രദ്ധ! പാറക്കെട്ടിനേറ്റവും മുകളിലേക്കു പറന്നകന്നിട്ട്, ആ കടല്‍ക്കാക്ക മുട്ട തല്ലിപ്പൊട്ടിച്ചു ആര്‍ത്തിയോടെ കൊത്തിവലിക്കുന്നതു കണ്ടപ്പോള്‍ എനിക്കു സഹതാപവും സങ്കടവുമൊക്കെ തോന്നി. എങ്കിലും വിശാലമായ ഈ ജൈവ ലോകത്തിന്‍െറ നിലനില്‍പ്പു തന്നെ ഇത്തരത്തിലുള്ള നിതാന്ത ജാഗ്രതയുടെയും അശ്രദ്ധകളാല്‍ സംഭവിക്കുന്ന നഷ്ടത്തിന്‍െറ, ചൂഷണത്തിന്‍െറ, ആകെത്തുകകളിലൂടേയാണല്ലോ എന്ന സത്യം അവിടെ തെളിഞ്ഞുനിന്നു.

കടൽക്കരയിലൂടെ നടന്നു​നീങ്ങുന്ന ഇണപെൻഗ്വിനുകൾ

എന്തായാലും അപൂര്‍വ്വമായി മാത്രം കാണാനവസരം ലഭിക്കുന്ന പെന്‍ഗ്വിന്‍ പക്ഷികളെ കണ്ണുനിറയെ കണ്ടിട്ടാണ് ഞാന്‍ ബോള്‍ഡര്‍ ബീച്ചില്‍ നിന്നുമിറങ്ങിയത്. തെരുവില്‍ ഖോയ്‌ഖോയ്കളുടെ പിന്‍ഗാമികളായ കറുത്തവര്‍ഗക്കാര്‍ പാട്ടുപാടിയും പതിയെ ചുവടുവെച്ചും വിദേശികളായ സഞ്ചാരികളെ ആകര്‍ഷിക്കുന്നതു കണ്ടു. എല്ലാവരും അവര്‍ക്കു കുറച്ചൊക്കെ പൈസയും കൊടുക്കുന്നുണ്ട്. ഈ ഭൂമിയുടെ യഥാര്‍ത്ഥ അധിപന്മാരായ ഖോയ്‌ഖോയ്കളുടെ ഇന്നത്തെ അവസ്ഥ കണ്ടപ്പോള്‍ എനിക്കു സങ്കടം തോന്നി. ഭൂമിയിലെങ്ങും ഇത്തരം അധിനിവേശങ്ങള്‍ മണ്ണിന്‍െറ ആദ്യാവകാശികളെ നിഷ്‌കാസിതരാക്കിയ ചരിത്രമാണല്ലോ ആവര്‍ത്തിക്കുന്നതെന്നു ഞാനോര്‍ത്തു. തെക്കനമേരിക്കയിലാണെങ്കിലും ആസ്​ട്രേലിയയിലാണെങ്കിലും ഇവിടെ ഈ ദക്ഷിണാഫ്രിക്കന്‍ ഭൂമിയിലാണെങ്കിലും സ്വദേശികള്‍ കൈയ്യേറ്റക്കരാല്‍ അടിച്ചമര്‍ത്തപ്പെട്ടും അവകാശങ്ങളില്ലാതെയും ദാരിദ്ര്യത്തില്‍ മുങ്ങിപ്പൊങ്ങിയും ജീവിച്ചുതീര്‍ക്കുന്നു. അവരുടെ സംസ്‌കാരവും സംഗീതവും കൈവേലകളും പാശ്ചാത്യവവത്​കരണത്തിന്‍െറ വേലിയേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ തമസ്‌കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇനിയുമേറെ മണ്ടേലകള്‍ ഇവിടെ ജനിച്ചുവരേണ്ടതുണ്ടെന്ന തോന്നലായിരുന്നു ആ പാവം ഖോയ്‌ഖോയ്​കളുടെ മുഖത്തെ ദൈന്യതയില്‍നിന്നും ഞാന്‍ വായിച്ചെടുത്തത്.

(സമാപിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Africa tourAfrican SafariSimon's TownSimon Van der Stel
News Summary - A journey to Simon's Town of South African - Travelogue
Next Story