ഗംഗോത്രി മുതല്‍ ഗോമുഖ്​ വരെ

  • സാഹസികമായ ഹിമാലയൻ യാത്രയുടെ വിവരണം

himalayan travelogue
ഹിമാലയൻ പർവ്വതം (ചിത്രങ്ങൾ: ഡോ. ഹരികൃഷ്ണൻ)

മഞ്ഞുറഞ്ഞ ഹിമാലയശൃംഗങ്ങള്‍ക്കിടയിലെ ഒരു കൊച്ചുപട്ടണമാണ് ഗംഗോത്രി. താന്താങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം മാത്രം ജീവിതത്തെ കൊണ്ടുനടക്കുന്ന ഒരു കൊച്ചുകൂട്ടം ജനത പാർക്കുന്ന മനോഹരമായ സ്ഥലം. പാറക്കഷണങ്ങളില്‍ ചിതറിത്തെറിച്ച്, കുപ്പിവളകള്‍ കിലുങ്ങുന്ന പോലെ പൊട്ടിച്ചിരിക്കുന്ന ഭാഗീരഥിയുടെ തലോടലുകളില്‍ മയങ്ങുകയും, ഹിമഭൂവിൽ പ്രതിഫലിക്കുന്ന ഉദയസൂര്യനാല്‍ ഉണരുകയും ചെയ്യുന്ന ക്ഷേത്രനഗരം. നിഷ്‌കളങ്കരാണ് ജനങ്ങള്‍. അവരനുഭവിക്കുന്ന ആന്തരികമായ ശാന്തി അവര്‍ക്കിടയിലൂടെ നടന്നുനീങ്ങുമ്പോള്‍ നമ്മളും അറിയും. മന്ത്രധ്വനികളാലും മണി മുഴക്കങ്ങളാലും അവരുയര്‍ത്തുന്ന പ്രശാന്തതാളം നമ്മിലും പതിഞ്ഞുയരും. പക്ഷേ, അതില്‍നിന്നെല്ലാം നമ്മെ കുലുക്കിയുണര്‍ത്തുന്നത് ബഹളം വെയ്ക്കുന്ന തീര്‍ഥാടകരാണ്. ഗംഗോത്രിയുടെ നിതാന്തമായ സ്വഛതയിലേക്ക് ഇഴുകിച്ചേരാത്തവരാണ് ഇവിടേക്ക് വരുന്ന മിക്കവാറും യാത്രക്കാര്‍ എന്ന്​ തോന്നിയിട്ടുണ്ട്​. ക്ഷുഭിതലോകത്തു നിന്നെത്തുന്നവര്‍ ഈ അക്ഷുബ്​ധതയിലിണങ്ങാനും അലിയാനും ഏറെ സമയമെടുക്കുന്നതു പോലെ. ഗംഗോത്രിക്കാർ എന്നും അവരുടേതു മാത്രമായ ലോകത്തിലാണ്​. നേര്‍ക്കുനേര്‍ ദൃഷ്ടിപായിച്ചാല്‍പ്പോലും കണ്ണില്‍പ്പെടാതെ വരുന്നു അവര്‍ക്കപരരെല്ലാം.

ഇതൊന്നുമറിയാത്ത ഭാവത്തിലാണ് ഭാഗീരഥിയുടെ ഒഴുക്ക്. തീരം ബഹളത്താല്‍ മുഖരിതമായാലും, ശാന്തിയാല്‍ നിശ്ശബ്ദമായാലും എന്നും ഒരേ ഭാവം. ഒരേ താളം. ഒന്നിനേയും കൂസാതെ, പരശ്ശതം വര്‍ഷങ്ങള്‍ കൊണ്ട് വന്നുപതിച്ച ഭീമന്‍ ശിലാഖണ്ഡങ്ങളില്‍നിന്നൊക്കെ കുതറിമാറി, താഴേക്കവള്‍ കുതിച്ചുപായുന്നു. നിമിഷങ്ങള്‍ക്കകം സ്വര്‍ണ്ണച്ചായത്താലണിയിച്ചൊരുക്കിയ സൂര്യകുണ്ഡമെന്ന മനോഹര ശിലാവ്യൂഹത്തിനുള്ളിലേക്കാഴ്ന്നിറങ്ങി, ഒട്ടൊന്നു രുദ്രയായിത്തന്നെ പുറത്തേക്ക് പ്രവഹിക്കുന്ന ആ സുന്ദരി തൊട്ടപ്പുറത്ത് അഗാധതയിലെ ഗൗരീകുണ്ഡമെന്ന വിഭൂതിവര്‍ണ്ണശിലകള്‍ക്കിടയിലൂടെ അകലേക്ക്​ സ്വഛമായി പാഞ്ഞൊഴിയുന്നതുമൊക്കെ എത്ര കണ്ടുനിന്നാലാണു മതിവരിക.

himalayan travelogue
ഗംഗോത്രി പട്ടണം
 


ശിവൻറെ ജടയിലൂടെ ഗംഗയെ ഇവിടേക്ക്​ പ്രവഹിപ്പിച്ചു കൊണ്ടുവന്നു എന്ന് പുരാണം പറയുമ്പോഴെല്ലാം, എനിക്ക് ഭഗീരഥനെ ഗംഭീരനായ ഒരു എഞ്ചിനീയറായി മാത്രമേ തോന്നാറുള്ളൂ. ജലദൗര്‍ലഭ്യം പരിഹരിക്കാൻ ഒരു മഹാനദിയെ വഴിതെളിച്ചെത്തിച്ച അതിമാനുഷനായ ഒരു പുരാതന്ത്രജ്ഞാനി. ജനനന്മയ്ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഒരു നാടുവാഴി. ആ സുകര്‍മ്മമല്ലേ, അവനിലൂടേ ലക്ഷങ്ങളാല്‍ ആരാധിക്കപ്പെടുന്നത്. ഇത്തരം കഥകളെല്ലാം എന്നെ എക്കാലവും ആവേശം കൊള്ളിച്ചിരുന്നു. അതിലെ സത്യസാധ്യതകള്‍ കൊണ്ടൊന്നുമല്ല, മറിച്ച് അവ ഇത്തരം യാത്രകളില്‍ പകര്‍ന്നു തന്നിരുന്ന അവാച്യമായ തീവ്രത കൊണ്ട്. യാത്രാനുഭവങ്ങളേ പുരാസഞ്ചാരങ്ങളായി കാണാനും, ഒപ്പമവയെ ആധുനികതയിലൂടെ വിശ്ലേഷിക്കാനുമൊക്കെ സാധിക്കുമ്പോഴത്തെ ഒരു തിമിര്‍പ്പുണ്ട്. എന്റെ യാത്രകള്‍ക്കതെന്നും ഒരു ഉൗർജമായിരുന്നു.

ഒരു നാൽവർ സംഘമായിരുന്നു ഞങ്ങളുടേത്. പിന്നെ, സഹായത്തിന് രണ്ടു ഷെര്‍പ്പകളും. തപിരാജ് എന്ന മിടുമിടുക്കന്‍ ഷെര്‍പ്പ നയിച്ച വഴിയിലൂടെ ഞങ്ങള്‍ നടന്നുതുടങ്ങി. ഏറ്റവും പുറകില്‍ ശ്രദ്ധാപൂര്‍വ്വം നൂര്‍ബഹാദൂറും. ഭാഗീരഥീയ്ക്കു കുറുകെ ഉരുക്കുകൊണ്ടുള്ള ഒരു നടപ്പാലമുണ്ട്. അതുകുറുകെ കടന്നാല്‍ ക്ഷേത്രപരിസ്സരമായി. ആ വഴിയിലൊക്കെ ഭക്തജനങ്ങളുടെ തിരക്കാണ്. നേരെ വടക്കോട്ട് അവരില്‍നിന്നും ഒഴിഞ്ഞ്, നദിക്കരയിലെ പടവുകള്‍ക്കരികെ കെട്ടിയൊതുക്കിയ, ക്ഷേത്രം കഴിഞ്ഞും നീളുന്ന നടപ്പാതയിലൂടെയായിരുന്നു ഞങ്ങളുടെ തുടക്കം. ക്ഷേത്രം നില്‍ക്കുന്നത് കുത്തനെയുള്ള ഒരു മരഞ്ചെരുവിലാണ്. അവിടെ ഉരുള്‍പൊട്ടല്‍ സര്‍വ്വസാധാരണമെന്ന് ചിതറിക്കിടക്കുന്ന വമ്പന്‍ പാറക്കല്ലുകൾ പറയും. മലയിടിച്ചിലില്‍നിന്നും അമ്പലത്തെ രക്ഷിക്കാന്‍ മനുഷ്യ നിര്‍മ്മിതമായ ചില നിസ്സാര ഏര്‍പ്പാടുകളൊക്കെ ചെരുവില്‍ ചെയ്തുവെച്ചിട്ടുണ്ട്. മലപിളര്‍ന്നു വീഴുന്നതുവരേയ്ക്കുമുള്ള ഒരാശ്വാസത്തിനു അതുപകരിച്ചേക്കും. ഈ മലയുടെ ഏതാണ്ട് ഒത്ത നടുവിലൂടെയാണ് ഗോമുഖിലേക്കുള്ള നടപ്പാത കടന്നുപോകുന്നത്. മനോഹരമായ പൈന്മരങ്ങള്‍ നിറഞ്ഞയിടം.

himalayan travelogue
മാടി വിളിക്കുന്ന ഹിമാലയ സാനുക്കള്‍
 


അവിടെ നിന്നുകൊണ്ട് ഭാഗീരഥിയെ നോക്കി. അങ്ങുതാഴെ ചെങ്കല്‍ നിറത്തിലും വെളുപ്പിലും ഒരു ഏഴാം ക്ലാസ്സുകാരി വരച്ച ചിത്രം പോലെ ഗംഗാദേവീക്ഷേത്രം. ചുറ്റും തിക്കിത്തിരയുന്ന കറുത്ത പൊട്ടുകള്‍ പോലെ അസംഖ്യം ഭക്തജനങ്ങള്‍. അതിനു തൊട്ടപ്പുറത്തുകൂടി അവളാര്‍ത്തലച്ചൊഴുകുന്നു. ഭാഗീരഥി! കുസൃതിക്കാരിയായ കൗമാരക്കാരിയെന്നോണം. അവളുടെ ഇരമ്പം തണല്‍ വീശിനിന്ന ദേവദാരുക്കളില്‍ പ്രതിധ്വനിച്ചു. കൂറ്റന്‍ ദേവദാരു കാറ്റിലുലയുമ്പോള്‍ കൊമ്പനാനയുടെ ചെവിയാട്ടമാണ് ഓര്‍മ വരിക. വശങ്ങളിലേക്ക് തിരശ്ചീനമായി പടരുന്ന പച്ചപുതച്ച ശാഖകള്‍ നമ്മെ അനുഗ്രഹിക്കുന്നതുപോലെ തോന്നും.

പ്രഭാതത്തിന്റെ തണുപ്പ് അന്തരീക്ഷത്തില്‍ ആഴ്ന്നുനിന്നു. തുടക്കത്തില്‍ത്തന്നെ കയറിയ കയറ്റത്തില്‍ പൊടിഞ്ഞ വിയര്‍പ്പിനെ ഇളംകാറ്റ്​  ഊതിയില്ലാതാക്കിയത്​ പെട്ടെന്നായിരുന്നു. എവിടെ നിന്നോ ഒരുത്സാഹം ഉള്ളില്‍ നുരഞ്ഞു. ഞങ്ങള്‍ പതുക്കെ നടത്തം തുടര്‍ന്നു. നിരന്നു നിന്നാല്‍ കഷ്ടിച്ചു രണ്ടാള്‍ക്കു നില്‍ക്കാം. അത്രയേ വീതിയുള്ളൂ പാതയ്ക്ക്. വലതുവശം കുത്തനെ താഴ്ചയാണ്. നോക്കിയാല്‍ നദിക്കരയിലെ പല എടുപ്പുകളും കാണാം. ചുറ്റും പച്ചപ്പുണ്ട്. ഇടതുവശത്താകട്ടെ മലഞ്ചെരിവിലെ മരങ്ങള്‍ കാഴ്ചയെ മറയ്ക്കുന്നു. പൈന്മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുകയാണ്. ഇടയ്ക്കിടെ ദേവദാരുക്കളും. 

himalayan travelogue
സൂര്യകുണ്ഡ് ജലപാതം
 


ഏതാണ്ട് 2400 ചതുരശ്ര കി മീ വിസ്തീര്‍ണത്തില്‍ പരന്നുകിടക്കുന്ന ഒരു വമ്പന്‍ ജൈവശേഖരമാണ് ഗംഗോത്രി ദേശീയോദ്യാനം. ഫര്‍ മരങ്ങള്‍, പൈന്‍, ദേവദാരു, ഭോജ്പത്ര, ഓക്ക്, റോഡന്‍ഡ്രോണ്‍ എന്നിവ ചേര്‍ന്ന സസ്യവൈവിധ്യം. ഹിമാലയന്‍ വരയാടുകള്‍, ഭരല്‍, മഞ്ഞുപുലി, കസ്തൂരിമാന്‍, ചിലതരം കരടികള്‍ തുടങ്ങിയവയും, പിന്നെ മോണൽ, ഹിമക്കോഴി, തുടങ്ങിയ പക്ഷികളും ഈ പ്രദേശത്തി​​​​​െൻറ ഉടമസ്​ഥർ തന്നെ. ഇവയിലേതെങ്കിലുമൊന്നിനെ കാണാനുള്ള അവസരമുണ്ടാകുമോ എന്ന ചോദ്യത്തിനു തപിരാജി​​​​​െൻറ മറുപടി എന്നെ നിരാശപ്പെടുത്തി. എങ്കിലും ഭോജ്ബാസയില്‍ ഭരലുകളെ കാണാനായേക്കും എന്നുപറഞ്ഞ് ഒരു ചെറിയ ആശ തരാതിരുന്നുമില്ല. ഗംഗോത്രി നാഷനല്‍ പാര്‍ക്കിലേക്കുള്ള കവാടം കഴിഞ്ഞാല്‍ ഒരു കാര്യം കൂടി നമുക്ക് ഉപേക്ഷിക്കേണ്ടിവരും. ബാഹ്യ ലോകവുമായുള്ള എല്ലാ വിനിമയ മാര്‍ഗങ്ങളും അതോടെ നമ്മെ പിരിയുകയായി. പിന്നീടങ്ങോട്ട് യാതൊരു നെറ്റ്‌വര്‍ക്കുകളുമില്ല. ഞങ്ങള്‍ വീണ്ടും നടന്നു. സൂര്യന്‍ പതുക്കെ ഉയര്‍ന്നു തുടങ്ങിയിരുന്നു. മാനം തിളങ്ങിനിന്നു.

himalayan travelogue
ഹിമാലയന്‍ മൈന
 


ആരോ വലിച്ചെറിഞ്ഞ പഞ്ഞിക്കഷണങ്ങളെന്നോണം ചില മേഘക്കീറുകള്‍ ലക്ഷ്യബോധമില്ലാതെ അങ്ങുമിങ്ങും പറന്നുകളിച്ചു. മരമുകളില്‍ നിന്നെങ്ങോ പേരറിയാത്ത കിളികള്‍ ചിലയ്ക്കുകയോ പാടുകയോ ചെയ്തു. കാറ്റിനപ്പോഴും തണുപ്പുണ്ടായിരുന്നു. ഗാംഭീര്യത്തോടെ തലയാട്ടിനിന്ന ദേവദാരുക്കളും മന്ത്രാക്ഷരങ്ങളുടെ നിഗൂഹിതഭാരം പൂണ്ടുനിന്ന ഭോജപത്രങ്ങളും സര്‍വസാധാരണമായ ഫര്‍, പൈന്‍  മരങ്ങളും ചുറ്റും നിറഞ്ഞപ്പോള്‍ മുന്നോട്ടുള്ള പ്രയാണം വളരെ സുഖകരമായി. ദൂരെ വടക്കന്‍ ചക്രവാളത്തില്‍ തലപൊന്തിച്ചു നിന്നിരുന്ന സുദര്‍ശന പര്‍വതം ധവളാഭയാല്‍ തിളങ്ങുന്നുണ്ടായിരുന്നു. മത്തുപിടിക്കുന്ന ഹിമാലയന്‍ സൗന്ദര്യം അതി​​​​​െൻറ ദിവ്യപ്രഭയാല്‍ മനസ്സില്‍ പ്രകമ്പനങ്ങള്‍ തീർത്തു. ഒരു തുടക്കക്കാര​​​​​െൻറ ആവേശത്തില്‍ എ​​​​​െൻറ കണ്ണുകൾ പിന്‍വലിയാന്‍ മടിച്ച്, അവയെ തൊട്ടുരുമ്മി നിന്നു. പക്ഷേ, പ്രകൃതിക്ക് ഒരുപോലെ തുടരുക സാധ്യമല്ലല്ലോ. സൂര്യന്‍ മുകളിലേക്ക് പതുക്കെ അടിവെച്ചെത്തിയതോടെ അതുവരെ ഞങ്ങളെ പുണര്‍ന്നു നിന്നിരുന്ന പച്ചപ്പുതപ്പും അഴിഞ്ഞുവീണു. 

himalayan travelogue

കൂടുതല്‍ തുറസ്സായ ഇടങ്ങളിലേക്ക് ഞങ്ങള്‍ നടന്നെത്തി. അതുവരേക്കും ഇടതൂര്‍ന്നു നിന്നിരുന്ന ഹരിതശോഭ മുറിഞ്ഞും വേറിട്ടും ഏതാനും പച്ചത്തുരുത്തുകളായി മാറിനിന്നു. സമുദ്രനിരപ്പില്‍ നിന്നും ഞങ്ങള്‍ അനുനിമിഷം മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്നു. ഉച്ചസ്ഥായിയിലുള്ള മര്‍മ്മരങ്ങളും പ്രകമ്പനങ്ങളും സൃഷ്ടിച്ചുകൊണ്ടൊഴുകിയിരുന്ന ഭാഗീരഥി മാത്രം ഈ യാത്രയിലുടനീളം ഒരു സ്ഥിരസാന്നിധ്യമായി ഞങ്ങളുടെ വലതുവശത്തുകൂടി താഴേക്ക്​ ഒഴുകിപ്പോയ്‌ക്കൊണ്ടിരുന്നു. അതിനിടെ കടൽനീലമണിഞ്ഞ ഒരു കൊച്ചരുവി മലമുകളില്‍നിന്നും കുതിച്ചെത്തി. പടിഞ്ഞാറു വശത്തുയര്‍ന്നു നിന്നിരുന്ന പേരറിയാത്തൊരു ഹിമക്കൊടുമുടിയില്‍ നിന്നും അതൊരു നൂലുപോലെ ഒലിച്ചിറങ്ങുന്നത് അതിമനോഹരമായ കാഴ്ചയായിരുന്നു. ഇതുപോലെ മനോഹരികളായ അരുവികളേറെയുണ്ടായിരുന്നു ഞങ്ങള്‍ക്ക് വീണ്ടും മുറിച്ചുകടക്കാൻ. പലയിടത്തും പഴകിയ മരപ്പാലങ്ങള്‍ കറകറ ശബ്​ദമുയർത്തി. ഒപ്പം ആകാംക്ഷകളും. വെയിലിനു പതിയെ ശക്തികൂടിവന്നു. നല്ലപോലെ വിയര്‍ത്തു തുടങ്ങി. വാട്ടര്‍ ബോട്ടിലുകള്‍ തുടരെ ഒഴിയുകയും അരുവികളിൽ നിന്ന്​ നിറയുകയും ചെയ്​തു.

himalayan travelogue
ദൂരെ സുദർശന പർവ്വതം
 


ഏതാണ്ട് ഒമ്പതു കിലോ മീറ്റര്‍ നടന്നെത്തിയപ്പോഴേക്കും ശരീരം വിശ്രമത്തിനായി കൊതിച്ചുതുടങ്ങി. അതിനു വേണ്ടിത്തന്നെ പ്രകൃതിയൊരുക്കിയ ഒരിടമായിരുന്നു ചീട്ബാസ്സ. ഏതാണ്ട് പന്ത്രണ്ടായിരം അടി ഉയരത്തിലാണ് ഈ സ്ഥലം. ചീട് എന്നാല്‍ പൈന്മരം തന്നെ. പേരു സൂചിപ്പിക്കുന്നതുപോലെ പൈന്മരങ്ങള്‍ തിങ്ങി വളര്‍ന്നിരുന്ന സ്ഥലം തന്നെയത്. തണലിടങ്ങള്‍ വേണ്ടുവോളമായിരുന്നു. ചീട്ബാസ്സയില്‍ യാത്രക്കാരെ കാത്തിരിക്കുന്ന ഒരു കൊച്ചു ചായക്കടയുമുണ്ട്. പിന്നെ ഒരു വനപാലകകേന്ദ്രവും. അവിടത്തെ പൈന്മരത്തണലില്‍ അല്‍പനേരം കണ്ണടച്ചുകിടന്നു. ചൂടുള്ള ഒരു ചായയും കൂടിയായപ്പോള്‍ ക്ഷീണം മാഞ്ഞു. ചീട്ബാസ്സയില്‍ നിന്നും അകല​ുന്തോറും പ്രകൃതി വളരേയധികം മാറിത്തുടങ്ങി. മരങ്ങള്‍ കുറഞ്ഞു. ഹരിതാഭ, വരണ്ട തവിട്ടുനിറത്തിലേക്ക് വഴിമാറി. ആര്‍ട്ടിക് തുന്ദ്ര എന്നൊക്കെ ഈ പ്രദേശത്തെ വിശേഷിപ്പിക്കാറുണ്ടത്രെ. ചുറ്റുവട്ടത്തും കൂറ്റന്‍ കുന്നുകള്‍. അവയോരോന്നും കയറിയിറങ്ങിയായിരുന്നു ഞങ്ങളുടെ യാത്ര. കഷ്ടിച്ച് ഒറ്റയടിവെക്കാന്‍ മാത്രം വീതിയുള്ള പാതകൾ. മാത്രവുമല്ല, മലമുകളില്‍ നിന്നും മണ്ണും കല്ലും ഏതുനിമിഷവും താഴേക്ക് ഇടിഞ്ഞിറങ്ങിക്കൊണ്ടുമിരിക്കും. ഉറപ്പിച്ച ഒരു പ്രതലത്തില്‍ കാലുറപ്പിക്കാന്‍ പോലുമാവില്ല. കാലിനടിയില്‍ നിന്നും മണ്ണുചോര്‍ന്നു പോവുക എന്നൊക്കെ സാഹിത്യഭംഗിയില്‍ പറയാമെങ്കിലും, യഥാര്‍ത്ഥത്തില്‍ അതനുഭവിച്ചു. കാലൊന്നു തെറ്റിയാല്‍ ആയിരത്തിലധികം മീറ്റര്‍ താഴേക്കാണ് പതിക്കുക. അശ്രദ്ധയുടെ ഒരു മിന്നായം മതി, നിമിഷങ്ങള്‍ക്കകം അഗാധതയില്‍ ഭാഗീരഥിയുടെ ഓളങ്ങളില്‍ ചെന്നുചേരാൻ. 

himalayan travelogue
ചീട്ബാസയിൽ നിന്നുള്ള ദൃശ്യം. ഭാഗീരഥി സഹോദരിമാര്‍ എന്നറിയപ്പെടുന്ന മൂന്ന്‍ കൊടുമുടികള്‍
 


തുടര്‍ച്ചയായ മലയിടിച്ചിലാണ് അവിടെ. മുന്നില്‍പ്പോയയാളുടെ കാല്‍പ്പാടുപോലും നിമിഷാർധത്തില്‍ മായ്ച്ചുകളഞ്ഞു കൊണ്ട് പ്രകൃതി ഇടഞ്ഞുനിന്നു. ഏതാണ്ട് ഒന്നര രണ്ടു കിലോ മീറ്റര്‍ ദൂരം അങ്ങനെത്തന്നെയായിരുന്നു. ഇത്രയധികം നെഞ്ചിടിപ്പോടെ ഞാന്‍ മുമ്പൊരിക്കലും സഞ്ചരിച്ചിട്ടില്ല. പിന്നോ​േട്ടാ, വശങ്ങളിലേക്കോ, എന്തിന് മുന്നോട്ടു പോലും നോക്കാനാവില്ലായിരുന്നു. ശ്രദ്ധ മുഴുവനും അടുത്ത കാലടി എവിടെവെയ്ക്കുന്നു എന്നതു മാത്രം. ഇളകുന്ന മണ്ണിലൂടെ പിച്ചവെച്ച്​ ഞങ്ങള്‍ നടന്നു. ആ പ്രദേശത്തെ ‘ഗീല പഹാഡ്’ എന്നാണ് വിളിക്കുക എന്ന് തപിരാജ് പറഞ്ഞു. ‘നനഞ്ഞ മലകള്‍‘ എന്നാണര്‍ത്ഥം. മരണം വരെ സംഭവിക്കാവുന്ന വളരെ അപകടകരമായ ട്രെക്കിംഗ് അനുഭവമായിരുന്നു അത്​.

ഗീലാ പഹാഡ് കഴിഞ്ഞപ്പോള്‍ ശ്വാസം ഒന്നു നേരേ വീണു. പക്ഷേ, അപ്പോഴേക്കും മാനം കറുത്തിരുണ്ടു തുടങ്ങി. ശക്തിയായി കാറ്റും വീശുന്നുണ്ടായിരുന്നു. സമയം മൂന്നുമണിയേ ആയിട്ടേയുള്ളൂ. പക്ഷേ, അന്തരീക്ഷം സന്ധ്യ കഴിഞ്ഞ ചേലിലായിരുന്നു. ഭോജ്ബാസ്സയെത്താന്‍ ഇനിയും ദൂരമുണ്ട്. മഴ പെയ്താല്‍ ഈ മലമടക്കിലൂടെയുള്ള നടപ്പ് ഒട്ടും എളുപ്പമാവില്ല. ഭോജ്ബാസ്സയിലേക്കുള്ള അവസാനത്തെ വളവുതിരിഞ്ഞപ്പോള്‍ മുന്നില്‍ക്കണ്ട കാഴ്ച മനോഹരമായിരുന്നു. അങ്ങുദൂരെ ഭാഗീരഥീ സഹോദരിമാര്‍ എന്നറിയപ്പെടുന്ന കൊടുമുടിത്രയം. തൊട്ടുകിഴക്കായി ശിവലിംഗശൃംഗം. ഒരു പ്രത്യേക സൗന്ദര്യമാണ് ശിവലിംഗ് കൊടുമുടിക്ക്. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും മനോഹരിയായ കൊടുമുടികളുടെ പട്ടികയില്‍ ആദ്യത്തെ സ്ഥാനങ്ങളിലൊന്ന് ഈ ശിവലിംഗ ശൃംഗത്തിനായിരിക്കും.

himalayan travelogue
ഭോജ്ബാസ്സയിൽ നിന്നുള്ള വിദൂരഗോമുഖ് ദൃശ്യം
 


മലകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്‌വാരമാണ് ഭോജ്ബാസ്സ. അവിടെ ഒരു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും ലാല്‍ബാബ എന്നൊരു സന്യാസിയുടെ ആശ്രമവുമുണ്ട്. ഇവ രണ്ടിടത്തും യാത്രക്കാര്‍ക്ക് രാത്രി തങ്ങാം. ലാല്‍ബാബ ഒരു കൊച്ചു കുടുസ്സുമുറിയാണ് ഞങ്ങള്‍ നാലുപേര്‍ക്കുമായി അനുവദിച്ചത്​. സത്യത്തില്‍ അതിനകത്ത് നിന്നുതിരിയാനുള്ള സ്ഥലം തന്നെ കഷ്ടിയായിരുന്നു. പക്ഷേ, ആ തണുപ്പിലും ഇരുട്ടിലും അതുതന്നെ വലിയൊരു കാര്യമായിരുന്നു. പിറ്റേന്നു പരപരാവെളുക്കു​മ്പോഴേക്കും ഉറക്കമുണര്‍ന്നു. ഹിമാലയത്തില്‍ പ്രഭാതമെപ്പോഴും നേരത്തെയാണ്. മഴയൊക്കെ ശമിച്ചിരുന്നു. എങ്കിലും പുല്ലുകളൊക്കെ നനഞ്ഞുകിടന്നു. മഴയും മഞ്ഞും ഒരുപോലെ നൃത്തം ചവിട്ടിത്തീര്‍ത്ത നിലം. പുറത്തെ കാഴ്ചയാകട്ടെ അതിമനോഹരപ്പ. വടക്കന്‍ ചക്രവാളത്തില്‍ ഹിമലാവണ്യത്തി​​​​​െൻറ പര്യായമായ ശിവലിംഗും പെങ്ങള്‍ക്കൂട്ടമായ ഭാഗീരഥിയും മോഹനദൃശ്യങ്ങളാണ് ആ തണുത്ത വെളുപ്പാന്‍ കാലത്ത് വരച്ചിട്ടിരുന്നത്. കാര്‍മേഘക്കീറുകളൊക്കെ അപ്രത്യക്ഷമായിരുന്നു. നീലാകാശമാക​െട്ട പ്രഭാതസൂര്യൻ തൊട്ടപ്പോൾ നാണംകുണുങ്ങി നിന്നു. നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. പല്ലുകള്‍ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നെങ്കിലും ചിത്രങ്ങള്‍ പകര്‍ത്താതെ പോകാൻ തോന്നിയില്ല. നല്ല ചൂടുള്ള ചായ മൊത്തിക്കുടിച്ച് തണുപ്പിനെ നേരിട്ടു. 

himalayan travelogue
മൗണ്ട് ശിവലിംഗ്
 


ഹിമനിരകള്‍ക്കു പിന്നില്‍ നിന്നുമാണ് വെളിച്ചം ഇഴഞ്ഞു പരക്കുന്നത്​.  ആ സ്വര്‍ണ്ണശോഭ നമ്മുടെ ദേഹത്തേയ്ക്കും അടര്‍ന്നു വീഴുമ്പോള്‍ അറിയാതെയൊരു സന്തോഷം, ഒരു ശുഭാപ്തിവിശ്വാസം, പിന്നേയുമെന്തൊക്കെയോ സുന്ദരചിന്തകള്‍. ഇവയെല്ലാം കൊണ്ടു മനംനിറഞ്ഞുവരും. അതു മതി, അതു മാത്രം മതി, ഒരു ദിവസത്തെ, ഒരു പക്ഷെ ഒരു ജീവിതത്തെത്തന്നെ നെഞ്ചിലേറ്റാനുള്ള ആത്മവിശ്വാസമായി മാറാന്‍. ഭോജ്ബാസയില്‍ നിന്നും നാലു കിലോ മീറ്ററുണ്ട് ഗോമുഖിലേക്ക്. മന്ദവും അവിരതവുമായ കയറ്റമായിരുന്നു അത്. വഴിവക്കിലെ കൊച്ചരുവികള്‍ മഞ്ഞുറഞ്ഞുതന്നെ കാണപ്പെട്ടു. പരശ്ശതം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗംഗയുടെ ഉദ്ഭവസ്ഥാനം ഇന്നത്തെ ഗംഗോത്രി തന്നെയായിരുന്നുവത്രെ. ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കയാണെന്നതി​​​​​െൻറ സ്പഷ്ടമായ തെളിവായി ആ പ്രഭവസ്ഥാനം ഇന്ന് 18 കിലോ മീറ്റര്‍ വടക്കുമാറി ഗോമുഖില്‍ വന്നു നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 13,000 അടി ഉയരത്തിലാണ് ഗോമുഖ്​. ഗംഗയുടെ ഏറ്റവും പ്രധാനപ്പെട്ട കൈവഴിയായ ഭാഗീരഥീ നദി ഉരുകിയുയരുന്നത് ഇവിടെയാണ്. കിലോമീറ്ററുകളോളം ഇപ്പോഴും നീണ്ടുനിവര്‍ന്നുകിടക്കുന്ന ഗംഗോത്രി എന്ന ഭീമന്‍ ഹിമാനിയുടെ മുനമ്പാണ് യഥാര്‍ത്ഥത്തില്‍ ഗോമുഖ്​. സിയാചിന്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹിമാനിയാണത്രെ ഇത്. ലോകതാപനത്തി​​​​​െൻറ അനിവാര്യതയിലും ഭീഷണിയിലും ഇന്നിത് മുപ്പതോ മുപ്പത്തഞ്ചോ മീറ്റര്‍ വര്‍ഷം തോറും ഉരുകിത്തീരുന്നു. ഒരുപക്ഷേ, അന്ധകാര നിബിഡമായ ഒരു സമീപഭാവിയില്‍ ഈ ഗംഗോത്രീ ഹിമാനിയും, ഗോമുഖെന്ന വശ്യമോഹനഭൂമിയും, എന്തിനു ഗംഗാനദി തന്നെയും ഭൂമുഖത്തു നിന്ന്​ എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാം.

himalayan travelogue
ഗോമുഖിനു മുന്നില്‍ ലേഖകന്‍
 


ഗോമുഖില്‍ നാം കാണുന്നത് കറുത്ത പുള്ളിക്കുത്തുകള്‍ വീണ ഒരു പടുകൂറ്റന്‍ മഞ്ഞുപാളിയാണ്. കാലങ്ങളായി വന്നടിഞ്ഞിട്ടുള്ള കറുത്ത എക്കല്‍ ഈ ഹിമാനിയെ മൂടികിടക്കുന്നുണ്ട്. ഭീമാകാരനായ ആ ഹിമാനിയില്‍ പുതഞ്ഞുകിടക്കുന്ന വൈവിധ്യമാര്‍ന്ന ശിലാഫലകങ്ങള്‍ അവിടെ ഒരു വര്‍ണ്ണപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു. ചാരനിറം, വെളുപ്പ്, പാടലം, പച്ച, കറുപ്പ് എന്നിങ്ങനെയുള്ള നിറച്ചാര്‍ത്തില്‍ ഒരു കറുത്ത മഴവില്ലു തന്നെ അവിടെ വിരിഞ്ഞുകിടക്കുന്നതു കാണാം. രേഖീയമെങ്കിലും ക്രമരഹിതമായ വരഞ്ഞു കീറലുകള്‍ ആ ഹിമാനീമുഖത്ത് ദൈവികമായ ഒരു തൂക്കുമഞ്ചം സൃഷ്ടിച്ചെടുക്കുകയാണോ എന്നുതോന്നും. ഗംഗാദേവിയുടെ ദിവ്യഗര്‍ഭത്തെ ഏറ്റെടുക്കുന്നതിനായി! ആ പുണ്യോത്ഭവം ഒട്ടും നിശ്ശബ്ദമല്ല. ഉച്ചത്തിലുള്ള ഒരു കര്‍ക്കശശബ്ദം അതിനുള്ളില്‍നിന്നും ഉയര്‍ന്നുവന്ന് ചുറ്റുമുള്ള ഭീമന്‍ ശിലാണ്ഡങ്ങളിലും ചെങ്കുത്തായ ചെരിവുകളിലും ഹിമപാളികളിലും കൊടുമുടികളിലുമൊക്കെ തട്ടി പ്രതിഫലിച്ച് ഒരു ഹുങ്കാരശബ്ദമായി, ഒരു നടുക്കമായി കാഴ്ചക്കാരിലേക്കുമാഴ്ന്നിറങ്ങുന്നു. ശരിക്കും പറഞ്ഞാല്‍ ഗംഗാനദി ഹിമാനിയ്ക്കടിയിലൂടേ ആര്‍ത്തലച്ചുവരുന്ന പര്‍വ്വതഘോഷമാണത്. ആ വെള്ളപ്പാച്ചിലിലൂടെ ചിതറിത്തെറിച്ചു വരുന്ന മഞ്ഞുകട്ടകള്‍ കൂടിച്ചേര്‍ന്നാല്‍ ആ ഉദാത്തദൃശ്യം പൂര്‍ണ്ണമായി. ഇനി അതിനിടയിലൂടെ സൂക്ഷിച്ചു നോക്കിയാല്‍ ഹിമാനിമുത്തൊരു പച്ചപ്പൊട്ട് കാണാം. ഒന്നുകൂടിനോക്കിയാല്‍ ആ ഹരിതവൃത്തത്തിനെ ചുറ്റി ഒരു ഗോമുഖവും തെളിഞ്ഞുവരും. ആ ദിവ്യഗോവി​​​​​െൻറ നയനമാണാ പച്ചഗോളം. സൂക്ഷ്മതയില്‍ മാത്രം തെളിയുന്ന ഈ ധേനുകാനനമാണ് ഗോമുഖിന് ആ പേര് നല്‍കിയത്. സഹസ്രാബ്ദങ്ങളായി ഉരുകിയൊലിച്ചിട്ടും പച്ചക്കണ്ണുള്ള ഗോമുഖം ഇന്നും മായാതെ നില്‍ക്കുന്നത് ഒരത്ഭുതം തന്നെ. 

himalayan travelogue
ഗോമുഖ്
 


അതിനു താഴെത്തന്നെ ഇരുണ്ട വലിയൊരു ഗര്‍ത്തം കാണാം. അതിലൂടെയാണ് ഗംഗാനദി ഭാഗീരഥീരൂപിയായി പുറത്തേക്ക് പ്രവഹിക്കുന്നത്. കുത്തിയൊലിച്ചു വരുന്ന നദീശ്രേഷ്ഠയുടെ ഹുങ്കാരശബ്ദം ചുറ്റും പ്രതിഫലിക്കുന്നുണ്ട്. പണ്ടുകാലത്തെങ്ങോ ആട്ടിടയനായൊരു ബാലന്‍ ഇവിടെനിന്ന് ഈ ഹിമാനീമുഖം നോക്കി നിന്നിരിക്കണം. അന്നവന് മനസ്സില്‍ തോന്നിയ ചിത്രമായിരിക്കണം ഈ ഗോമുഖം. അതവന്‍ പലരോടും പറഞ്ഞിരിക്കാം. അങ്ങനെ പതിഞ്ഞതാണീ ഗോമുഖമെന്ന പേര്‍. ഹിമക്കാറ്റില്‍ ഗംഗയെനോക്കി പുഞ്ചിരിക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഭാഗീരഥി ഉരുകിവരുന്ന ഹിമാനിയിലേക്കാണിനി ഞങ്ങള്‍ക്ക് കയറേണ്ടത്. അപകടങ്ങള്‍ പതിയിരിക്കുന്ന, രണ്ടു കിലോമീറ്ററുകളോളം നീളമുള്ള ആ ഹിമാനിയെ മുറിച്ചു കടന്നുവേണം തപോവനത്തിലേക്കുള്ള കൊടുംകയറ്റം കയറാൻ. ആ കഥ പിന്നീടൊരിക്കലാവാം.

Loading...
COMMENTS