Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightപഹൽഗാമി​െൻറ...

പഹൽഗാമി​െൻറ പകൽക്കാഴ്​ചകൾ

text_fields
bookmark_border
പഹൽഗാമി​െൻറ പകൽക്കാഴ്​ചകൾ
cancel
camera_alt?????? ?????? ???????????? ?????????

ഹിമാലയത്തി​​​െൻറ മടിത്തട്ടിലെ ഇന്നലത്തെ രാത്രിയിലെ ഉറക്കം വല്ലാത്തൊരു അനുഭവമായിരുന്നു. ഉറങ്ങാൻ കിടക്കു​േമ്പാൾ കണ്ണാടി ജനാലയിലുടെ നിലാവിൽ മഞ്ഞ്​ പുതച്ചു കിടക്കുന്ന പർവതനിര​കളെ കാണാമായിരുന്നു. മുകളിൽ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി അറ്റനഷനായി എഴുന്നേറ്റു നിൽക്കുന്ന പൈൻ മരങ്ങളും പർവതനിരകളും ചേർന്ന്​ ഗുൽമാർഗിനെ താരാട്ട്​ പാടി ഉറക്കുന്ന പോലെ തോന്നി. അറിയാതെ എപ്പോഴോ ഉറങ്ങിപ്പോവുകയും ചെയ്​തു.

രാവിലത്തെ കണിയും ഹിമാലയനിരകൾ തന്നെ. എണീറ്റ്​ മുഖം ക​ഴുകി പുറത്തിറങ്ങി. ശ്വാസോഛ്വാസത്തിൽ പുകമഞ്ഞു കലർന്നിരുന്നു. ഹോട്ടലിലെ റസ്​റ്റാറൻറിൽ പോയി കശ്​മീരി കാവ ഒാർഡർ ചെയ്​തു. തലേന്ന്​ ദാൽ തടാകത്തിൽനിന്ന്​ കുടിച്ച കാവയുടെ അത്ര പോരായിരുന്നു അത്​.

വൃത്തിയും വെടിപ്പുമാണ്​ പഹൽഗാമി​​​െൻറ പ്രത്യേകത
 

ഒമ്പതു മണിയോടെ ഗുൽമാർഗ്​ വിട്ട്​ പഹൽഗാമിലേക്കുള്ള യാത്ര തുടങ്ങി. വെയിൽ ഉണ്ടായിരുന്നുവെങ്കിലും തണുപ്പിനെ അകറ്റിനിർത്താൻ അതു പോരായിരുന്നു. ഗുൽമാർഗി​​​െൻറ കുന്നിൻ ചെരുവുകൾ ഇറങ്ങി താ​െഴ റോഡി​ലെത്തി. മുന്നോട്ടുള്ള യാത്രയിൽ ഇടയ്​ക്കൊന്ന്​ സൈഡ്​ മിററിൽ നോക്കി. പിന്നിലെ ഹിമാലയത്തി​​​െൻറ അതിഗംഭീരമായ കാഴ്​ച അതിൽ നിഴലിച്ചു.

മറ്റൊരു പകലി​​​െൻറ തിരക്കാർന്ന ജീവിതത്തിലേക്ക്​ കശ്​മീർ ഉണരുകയായിരുന്നു. സ്​കൂളുകിലേക്കും ജോലി സ്​ഥലത്തേക്കും പോകാനായി ആളുകൾ റോഡി​​​െൻറ വശങ്ങളിൽ തയാറായി നിൽക്കുന്നു. ബസ്​ സർവീസ്​ കുറവായതിനാലാവണം വരുന്ന വാഹനങ്ങൾക്കൊക്കെയും അവർ കൈകാണിക്കുന്നുണ്ട്​. വെളുത്തു തുടുത്തവരാണ്​ കശ്​മീരികളിൽ അധികവും. തണുപ്പ്​ കുപ്പായമണിഞ്ഞ നിഷ്​കളങ്കരായ കുഞ്ഞുങ്ങളെ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്​...

ആപ്പിൾ പോലെ തുടുത്ത നിഷ്​കളങ്കമായ മുഖങ്ങളോടു കൂടിയ കശ്​മീരി കുഞ്ഞുങ്ങ​ളെ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്​
 

ശ്രീനഗറിൽ എത്തിയ ഞാൻ കാനൺ ക്യാമറ സർവീസ്​ സ​െൻററിലേക്കാണ്​ പോയത്​. ജയ്​സാൽമീറിലെ മുറിയിൽവെച്ച്​ അമിത വോ​ൾ​േട്ടജിൽ തകരാറിലായ ക്യാമറയുടെ ബാറ്ററി ചാർജർ ഒറിജിനൽ വാങ്ങാനായിരുന്നു അവിടെ എത്തിയത്​. രാജസ്​ഥാൻ മുതൽ അന്വേഷിക്കാൻ തുടങ്ങിയതാണ്​. എവിടെ നിന്നും കിട്ടിയിരുന്നില്ല. എന്തായാലും ശ്രീനഗറിൽ കിട്ടാതിരിക്കില്ല എന്ന്​ അമൃതസറിലെ സ​​െൻററിൽ നിന്ന്​ ഒരുറപ്പ്​ കിട്ടിയിരുന്നു. ചാർജറും വാങ്ങി പിന്നീട്​ പോയത്​ എയർടെല്ലി​​​െൻറ ഒാഫീസിലേക്കാണ്​. കശ്​മീരിൽ നിന്നും എടുത്ത സിമ്മിൽ പേയ്​മ​​െൻറ്​ ബാങ്കിങ്​ തുടങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒാൺ​ൈലൻ റൂം ബുക്കിങ്ങി​​​െൻറ ഒ.ടി.പി നമ്പർ കേരള നമ്പറിലേക്കാണ്​ വരുന്നത്​. ആ സിം ആക​െട്ട കശ്​മീരിൽ പ്രവർത്തിക്കുകയുമില്ല.

ശ്രീനഗറിൽനിന്ന്​ പഹൽഗാമിലേക്ക്​ തിരിക്കു​േമ്പാൾ ഉച്ചയ്​ക്ക്​ ഒന്നര കഴിഞ്ഞിരുന്നു. വഴിയിൽ ശ്രീനഗർ -ജമ്മു ഹൈവേയിൽ നിറയെ പട്ടാളക്കാരായിര​ുന്നു. പട്ടാള വാഹനങ്ങൾ പോകാനായി അഞ്ചു മിനിറ്റോളം മറ്റു വാഹനങ്ങൾ തടഞ്ഞിട്ടു. സകല മുക്കിലും മൂലയിലും ജാഗരൂകരായി പട്ടാളക്കാർ നിൽപ്പുണ്ട്​്​. എ​​​െൻറ ഹെൽമെറ്റിനു മുകളിലെ ആക്ഷൻ ക്യാമറ കണ്ടിട്ടാവണം ചില സൈനികർ തറപ്പിച്ചു നോക്കുന്നുണ്ട്​്​. ഹൈവേയിൽനിന്ന്​ പഹൽഗാമിലേക്ക്​ തിരിയുന്നിടത്ത്​ ഒരു പട്ടാളക്കാരൻ എന്നെ തടഞ്ഞുനിർത്തി. ‘എവിടെ നിന്നു വരുന്നു...? എങ്ങോട്ട്​ പോകുന്നു...?’ എന്നൊക്കെ അയാൾ സന്തോഷത്തോടെയാണ്​ ചോദിച്ചത്​. സഞ്ചാരികളോട്​ അയാൾക്കൊരു മമതയുണ്ടെന്ന്​ തോന്നി. എ​​​െൻറ ബൈക്ക്​ നിർത്തിയ കാരണം മറ്റൊരു ലോറിക്ക്​ കടന്നുപോകാൻ ബുദ്ധിമുട്ടായതിനാൽ അധികം സംസാരിക്കാൻ നിൽക്കാതെ ആൾ ദ ബെസ്​റ്റ്​ പറഞ്ഞ്​ ആ സൈനികൻ എന്നെ യാത്രയാക്കി.

പിന്നീടങ്ങോട്ടുള്ള യായ്രിൽ കശ്​മീരി​​​െൻറ മറ്റൊരു മുഖം തിരശ്ശീല വകഞ്ഞ്​ പ്രത്യക്ഷപ്പെട്ടു. തികച്ചും ശാന്തമായ ഗ്രാമങ്ങൾ പഹൽഗാമിലേക്കുള്ള വഴിയിൽ വരവേറ്റു. അരളി മരങ്ങളും പുൽമേടുകളും അരുവിയും കുതിരയും ആടും കോഴിയും നന്മ നിറഞ്ഞ കുറേ മനുഷ്യരും അധിവസിക്കുന്ന ഗ്രാമങ്ങൾ. അതിലൊരിടത്ത്​ ഉച്ചഭക്ഷണം കഴിഞ്ഞ്​ വിശ്രമിച്ചുകൊണ്ടിരുന്ന കുറച്ചുപേർക്കരികിൽ ഞാനെത്തി. പ്രായമായ കുറച്ചുപേർ വാൽനട്ട്​ മരത്തി​​​െൻറ ചുവട്ടിൽ ഇരിക്കുന്നുണ്ട്​. തൊട്ടപ്പുറത്തായി സ്​ത്രീകളും സൊറ പറഞ്ഞിരിക്കുന്നു. ചെറുപ്പക്കാരും പിള്ളേരും വേറെയുമുണ്ട്​. പ്രധാന റോഡിൽനിന്ന്​ മുകളിലേക്ക്​ പോകുന്ന മറ്റൊരു പാതയും കാണാം. അതിനടുത്തായി കുടിവെള്ളത്തി​​​െൻറ പൈപ്പും തൊട്ടടുത്ത്​ ഒരു പള്ളിയുമുണ്ട്​്​. നമ്മുടെ നാട്ടിലെ ​േപാലെ പള്ളിക്ക്​ വലിയ മിനാരങ്ങളില്ല. പുറത്തേക്ക്​ കാണുന്ന ഉച്ചഭാഷിണിയിൽനിന്നും ചുമരിലെ അറബി വചനങ്ങളിൽനിന്നും അതൊരു പള്ളിയാണെന്ന്​ മനസ്സിലാക്കാം. നിറയെ തണലുകൾ കൊണ്ട്​ അലങ്കരിച്ച ഒരു പ്രദേശമായിരുന്നു അത്​. എത്ര വൃത്തിയിലാണ്​ ആ ഗ്രാമം അവർ സംരക്ഷിച്ചിരിക്കുന്നത്​. മാലിന്യത്തി​​​െൻറ തരിമ്പുമില്ലാത്ത ഒരു ശുദ്ധഗ്രാമം.

വാൽനട്ട്​ മരച്ചുവട്ടിലെ വൃദ്ധർ
 

അവിടെ നിന്നു തുടർന്ന യാത്ര നാല്​ മണിയോടെ പഹൽഗാമിലെത്തി. യാത്രയിൽ ഫോ​േട്ടാ എടുക്കാനായി പലയിടത്തും നിർത്തി സാവധാനമായിരുന്നു യാത്ര. റൂം എടുത്ത ശേഷം ക്യാമറയും തൂക്കി ഞാൻ പുറത്തിറങ്ങി. തൊട്ടടുത്തെല്ലാം ഗ്രാമങ്ങളായിരുന്നു. കുട്ടികൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്​ കളിക്കുന്നു. അതി​െന ക്രിക്കറ്റ്​ എന്നൊന്നും വിളിക്കാൻ കഴിയില്ല. അവർ തന്നെ കണ്ടുപിടിച്ച രസകരമായ ഒരുതരം കളിയാണത്​. പ്ലാസ്​റ്റിക്കി​​​െൻറ ബോൾ കൊണ്ടെറിയും. മരപ്പലക ചെത്തിയുണ്ടാക്കിയ ബാറ്റ്​ കൊണ്ട്​ അടിച്ചു പറപ്പിക്കുന്ന പന്ത്​  പിടിക്കാൻ എല്ലാവരും കൂടി ഒാടും. അത്​ കിട്ടുന്നയാൾ വന്ന്​ ബാറ്റ്​ ചെയ്യും. ക്യാമറ കണ്ടപ്പോൾ ആദ്യം അവരെല്ലാം ഒാടി മറഞ്ഞെങ്കിലും പിന്നീട്​ എല്ലാവര​ും ഫോ​േട്ടായ്​ക്ക്​ പോസ്​ ചെയ്യുന്ന തിരക്കിലായിരുന്നു. തൊട്ടടുത്തുള്ള അവരുടെ വീടുകളിലെ മുതിർന്ന സ്​ത്രീകൾ വേലിക്കരികിൽ വന്ന്​ കളികണ്ടു നിൽക്കുന്നു. മരത്തിലും കല്ലിലും തീർത്ത വീടുകളുടെ മേൽക്കൂര അലൂമിനിയം ഷീറ്റ്​ ആയിരുന്നു. വേലിക്കകത്ത്​ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകുകൾ കൂട്ടിയിട്ടിരിക്കുന്നു. കുതിരകളും പരിസരത്ത്​ മേഞ്ഞ്​ നടക്കുന്നുണ്ട്​.

പൂത്തു തുടങ്ങിയ ആപ്പിൾ മരം
 

മഞ്ഞിലും തണുപ്പിലും മാത്രമല്ല കശ്​മീരി​​​െൻറ അഴക്​. ഒാരോ കല്ലിലും മണൽത്തരിയിൽപോലും അത്​ നിറഞ്ഞുനിൽക്കുന്നുണ്ട്​. പൂക്കാനൊരുങ്ങി നിൽക്കുന്ന ആപ്പിൾ മരങ്ങളും അരുവികളിൽ ഒഴുകി മിനുസം വന്ന വെള്ളാരങ്കല്ലുകളും പൂത്തുനിൽക്കുന്ന കടുക്​ പാടങ്ങളും തുലിപ്​ പുഷ്​പങ്ങൾ വിടർന്ന പൂന്തോട്ടങ്ങളും എന്നുവേണ്ട ഉണങ്ങി നിൽക്കുന്ന വാൽനട്ട്​ മരങ്ങൾ വരെ കശ്​മീരി​​​െൻറ ചാരുതയുടെ ഭാഗമാണ്​.

രാത്രിയോടെ റൂമിൽ എത്തി തണുപ്പിൽ മൂടിപ്പുതച്ച്​ ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. അരികിലൂടെ ഒഴുകുന്ന അരുവിയുടെ ഒരു താരാട്ടും കേൾക്കാമായിരുന്നു.


(യാത്ര തുടരുന്നു....)

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary kashmir bike tour travelogue india Tour malayalam news Gulmargh Pahalgham 
News Summary - aneesh's indian diary solo bike travel twenty sixth day at Pahalgam
Next Story