മായാമോഹനവിപിനത്തിലേക്ക്​...

  • ഒരു ദക്ഷിണാഫ്രിക്കന്‍ സഫാരി 1

ആഫ്രിക്കന്‍ ഭൂണ്ഡത്തിലെ, ഏറ്റവും വൈവിധ്യമെന്നു പറയാവുന്ന വനഭൂമിയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍

ക്രൂഗര്‍ ഒരു മഹാരണ്യമാണ്​. ലക്ഷണമൊത്തൊരു ആഫ്രിക്കന്‍ വനാന്തരം. ഭൂമിശാസ്​ത്രപരമായി നോക്കിയാല്‍ ‘സാവന്ന’ എന്ന പേരിലാണ് വിളിക്കേണ്ടത്. കൊടുങ്കാടിനും മരുഭൂമിക്കുമിടയിലെന്നോണമുള്ള, പരന്ന ഭൂമിയും ഒറ്റപ്പെട്ട വൃക്ഷങ്ങളും നിറഞ്ഞ വന്യപ്രദേശമാണൂ സാവന്ന. അതിനിടയിലെ അധികം പൊക്കമില്ലാത്ത, വിശാലമായ പുല്‍പ്പരപ്പിനെയാകട്ടെ തെക്കനാഫ്രിക്കയില്‍ ‘ലോവെല്‍റ്റ്’ എന്നും വിളിക്കാം. കുറച്ചുകൂടി വടക്കുപടിഞ്ഞാറായി കാണപ്പെടുന്ന, സമുദ്രനിരപ്പില്‍നിന്നും കുറെക്കൂടി ഉയരമുള്ള ഭാഗത്തു പുല്‍മേടുകള്‍ക്ക് ‘ഹൈവെല്‍റ്റ്’ എന്നും പേര്‍. ഇതെല്ലാം ചേര്‍ന്നാലോ, ചക്രവാളത്തോളം പരന്നുകിടക്കുന്ന പുല്‍മേടുകളും, ഒറ്റതിരിഞ്ഞുനില്‍ക്കുന്ന വമ്പന്‍ വൃക്ഷക്കൂട്ടങ്ങളും, തെറ്റിത്തെറിച്ചുനില്‍ക്കുന്ന ജലാശയങ്ങളും നിറഞ്ഞൊരു അസാധാരണ ഭൂപ്രകൃതി.

പക്ഷേ, മഴക്കാടുകള്‍ കണ്ടു ശീലിച്ച ഒരിന്ത്യക്കാരനോട് ഇതു കാടാണ് എന്നൊക്കെപ്പറഞ്ഞാല്‍ അവന്‍ മൂക്കത്തു വിരല്‍ വെയ്ക്കും. അവന്റെ വനസങ്കല്‍പത്തിന്റെ ഏഴയലത്തു വരില്ല ഇവിടം.  ഇവിടെ വന്യമൃഗങ്ങള്‍ പോയിട്ടു ഈച്ചപോലും പാറുകയില്ല എന്നും ചിന്തിച്ചുപോകും. പക്ഷേ, അത്തരം ചിന്തകളൊക്കെ നിമിഷാർധം കൊണ്ടു പമ്പകടന്നില്ലെങ്കിലേയുള്ളൂ. ലോകത്തിലെത്തന്നെ ഏറ്റവും മികച്ച ജൈവസാന്നിധ്യമാണ്, വിവിധതരം പക്ഷിമൃഗാദികളായും സസ്യജാലങ്ങളായും ഇവിടെ നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടാനായി കാത്തിരിക്കുന്നത്. വമ്പന്‍ വിശറി പോലത്തെ ചെവികളും, നിലംതൊടും വെള്ളക്കൊമ്പുകളും കുലുക്കി ആഫ്രിക്കന്‍ മത്തേഭങ്ങള്‍ മുന്നില്‍ വന്നാലെങ്ങനെയിരിക്കും...?  അതുമല്ലെങ്കില്‍ സ്വര്‍ണ്ണക്കുഞ്ചിരോമത്തിന്റെ രാജകീയപ്രഭയുടെ ആലസ്യത്തില്‍ സാക്ഷാല്‍ മൃഗരാജന്‍ തന്നെ നടന്നെത്തിയാലോ, ഇനിയതുമല്ല, മിന്നല്‍പ്പിണറെന്നോണം കുതിച്ചുപായുന്ന വേഗതയുടെ രാജകുമാരന്‍ ചീറ്റപ്പുലിയോ, ഭീമാകാരനായ വെള്ളക്കണ്ടാമൃഗമോ പ്രത്യക്ഷപ്പെട്ടാലോ. സത്യത്തില്‍ മേല്‍പ്പറഞ്ഞതേതും സംഭവിക്കാമെന്ന അനിവാര്യതയും തികഞ്ഞ സാധ്യതയുമാണ് ഈ വിചിത്രപ്രകൃതിയെ ഈ ഭൂഗോളത്തിലെ അതിഗംഭീരമായ വനഭൂമിയാക്കിയാക്കിമാറ്റുന്നത്. അതുകൊണ്ടുതന്നെയാണ് ക്രൂഗര്‍ മഹാവനത്തെ ലോകജൈവവ്യവസ്ഥയിലെ മുന്തിയസ്ഥാനത്തിനു ഏവരും വകവെച്ചുകൊടുക്കുന്നതും.

ക്രൂഗറിലെ സൂര്യോദയം..
 

ആഫ്രിക്കന്‍ ഭൂണ്ഡത്തിലെ, ഏറ്റവും വൈവിധ്യമെന്നു പറയാവുന്ന വനഭൂമിയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍. ഏതാണ്ട് ഇരുപതിനായിരത്തോളം ചതുരശ്ര കിലോ മീറ്റര്‍ പ്രദേശത്തുള്ള അതായത്, വെയിത്സിന്റെയോ ഇസ്രയേലിന്റെയോ അത്രയും വലിപ്പമുള്ള ഒരു കൊച്ചുരാജ്യം. അതില്‍ മുഴുവന്‍ പരന്നുകിടക്കുന്ന സാവന്നക്കാടുകള്‍. അതുതന്നെയാണ് ക്രൂഗറിന്റെ പ്രത്യേകതയും. ക്രൂഗറിന്റെ വനസമ്പത്തിനും ജൈവവൈവിധ്യത്തിനും താരതമ്യങ്ങളില്ലെന്നുതന്നെ പറയാം. ഇവിടെയുള്ള വന്യജീവികളില്‍ സസ്തനികള്‍ മാത്രം നൂറ്റമ്പതോളം സ്പീഷീസുകളുണ്ട്. ഒരുപക്ഷെ, ലോകത്തില്‍ മറ്റൊരിടത്തും ഇത്രയധികം സസ്തനികളുള്ള ഒരു ഭൂഭാഗം ഇല്ലത്രെ. ഇനി ഇതിനും പുറമെ, 507 തരം പക്ഷികളും, 114 തരം ഉരഗങ്ങളും ഈ വിപിനഭൂമിയെ സമ്പദ്‌സമൃദ്ധമാക്കുന്നു.

ക്രൂഗറിന്‍െറ വന്യഭംഗികൾ
ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും വേഗതയേറിയ, ഏറ്റവും പൊക്കമുള്ള ചില അപൂര്‍വ്വമൃഗങ്ങളുടെ ആവാസഭൂമി കൂടിയാണ് ഈ ദക്ഷിണാഫ്രിക്കന്‍ വനാന്തരം. ഇന്നു ഭൂമിയില്‍ കരയിലൂടെ നടക്കുന്ന ഏറ്റവും ഭാരമേറിയ മൃഗമായ ആഫ്രിക്കന്‍ ആന. മണിക്കൂറില്‍ 114 കിലോ മീറ്റര്‍ എന്ന കണക്കില്‍ ചാട്ടുളിപോലെ പായുന്ന കരയിലെ ഏറ്റവും വേഗതയേറിയ ചീറ്റ. അതുപോലെ മണിക്കൂറില്‍ ഏതാണ്ട് നൂറു കിലോ മീറ്ററില്‍ കുതിക്കുന്ന ത്‌സെസ്സബെ (Tsessebe) എന്ന ഏറ്റവും വേഗതയുള്ള സസ്യഭുക്ക്. രണ്ടുമീറ്ററിലധികം പൊക്കവും നൂറുകിലോ ഭാരവുമുള്ള ഏറ്റവും വലിയ പറവയായ ഒട്ടകപ്പക്ഷി. മുന്നൂറിലധികം കിലോ മീറ്റര്‍ വേഗതയില്‍ പറന്ന് ലോകത്തിലെന്തിനേയും പിന്നിലാക്കാന്‍ കഴിവുള്ള പെരഗ്രിന്‍ ഫാല്‍ക്കന്‍ അഥവാ ദേശാടനപ്പരുന്ത്​. ലോകത്തിലെ ഏറ്റവും അപൂര്‍വമായ മത്സ്യങ്ങള്‍ എന്നു പറയാവുന്ന ലംഗ്, കില്ലി എന്നിവയൊക്കെ ജീവിച്ചുപോരുന്ന ഒരു മായാമോഹനവിപിനം.

ക്രൂഗറിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോഴൊക്കെ ആ അത്ഭുതലോകം ഒന്നു നേരിട്ടുകാണണമെന്ന മോഹം മുളപൊട്ടിയിരുന്നു. അങ്ങനെയാണ് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാനുള്ള അവസരം ഒത്തുവന്നപ്പോള്‍ ഒരു ക്രൂഗര്‍ യാത്ര തരമാക്കിയെടുത്തത്. ദക്ഷിണാഫ്രിക്കയുടെ വടക്കുകിഴക്കെ മൂലയിലാണൂ ക്രൂഗര്‍. കൃത്യമായി പറഞ്ഞാല്‍ ഡ്രാക്കന്‍സ്ബര്‍ഗ് ഗിരിനിരകളുടെ കീഴ്ക്കാന്തൂക്കായ കിഴക്കന്‍ ചെരിവുകളില്‍ നിന്നു തുടങ്ങി മൊസാംബിക്കിന്റെ തീരപ്രദേശം വരെ പരന്നുകിടക്കുന്ന മഹാരണ്യം. ഈ വനപ്രദേശം മൂന്നു രാജ്യങ്ങളിലായിട്ടാണ് കിടക്കുന്നത്. മൊസാംബിക്കിലുള്ള ക്രൂഗറിന്റെ പകുതിയോളമുള്ള ഭാഗത്തിനു ലിമ്പോപ്പോ എന്നാണ് വിളിപ്പേര്. ഇനി അൽപം മുറിഞ്ഞു വേര്‍പ്പെട്ട്, വടക്കോട്ടുമാറി സിംബാബ്​വെയിലുള്ള വനഭാഗമാകട്ടെ ഗൊനെരേഷുവും. ആധുനികമനുഷ്യന്‍ രാഷ്ട്രാതിര്‍ത്തികള്‍ വേര്‍തിരിച്ചപ്പോള്‍ ഒരു മഹാരണ്യം മൂന്നായിത്തിരിഞ്ഞെന്നു മാത്രം. കരഭൂമി മുഴുവന്‍ ഒരൊറ്റ കാടായിരുന്ന നേർ ചരിത്രത്തില്‍നിന്നും, തമ്മിലടിക്കുന്ന കാടില്ലാ രാഷ്ട്രങ്ങളുടെ വര്‍ത്തമാന കാലത്തിലേക്കുറ്റുനോക്കുമ്പോള്‍ പതിയെ ചിരിക്കാതെന്തുചെയ്യും? വിഭജനങ്ങളിലും സ്പർധകളിലുമൂന്നിയുള്ള അവന്റെ പ്രയാണം എത്ര പരിഹാസ്യമാണെന്നും ഓര്‍ത്തുപോകും.

ക്രൂഗറിലെ വേഴാമ്പല്‍
 

ആഫ്രിക്കന്‍ വന്യതയുടെ ചൈതന്യം മുഴുവന്‍ ഈ വന്യസ്ഥലിയില്‍ ആവാഹിച്ചുവെച്ചിട്ടുണ്ട്. ആദിമാനവന്റെ കളിത്തൊട്ടിലായിരുന്ന പ്രാചീനഭൂമിയിലേക്കൊരു എത്തിനോട്ടം കൂടിയാവാം ഒരു ക്രൂഗര്‍ പര്യടനം. 25 ലക്ഷം  വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ പൂർവികര്‍ ചുവടുറപ്പിച്ചതും ഇതേ ഭൂമിയിലായിരുന്നിരിക്കണം. അന്നവര്‍ ആദ്യം ഭയപ്പാടോടേയും, പിന്നീട് കൗശലത്തോടേയും നേരിട്ട അതേ മൃഗസഞ്ചയത്തെത്തന്നെയാണ് നമ്മളും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇവിടെ കാണുന്നത്. സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം ഇവിടെ മനുഷ്യന്‍ മാത്രമേ മാറിയിട്ടുള്ളൂ എന്നത് നീറ്റലോടുകൂടിയ അഭിമാനമായി ഉള്ളില്‍ കൊളുത്തിവലിക്കുന്നു. അവനിന്നു തിരിച്ചറിയാന്‍പോലുമാവാത്ത അവന്റെ ഈറ്റില്ലമാകട്ടെ/അവന്റെ പഴയകാല സഹനായാടികളും ഇരകളുമാവട്ടെ, വ്യത്യസ്തതകളില്ലാതെ, അവന്റെ മുന്നില്‍ വെറുമൊരു കാഴ്ചവസ്തുവായി, അവന്റെ കൈപ്പിടിയിലെ അധികാരമേഖലയായി, ദേശീയോദ്യാനമെന്ന ഓമനപ്പേരില്‍, ഒരു പക്ഷേ, പോരാളിയെന്നും ജനനേതാവെന്നും വിഭജനവാദിയെന്നും മര്‍ക്കടമുഷ്ടിക്കാരനെന്നുമൊക്കെ വിശേഷിക്കപ്പെടാവുന്ന, കടലിനക്കരെനിന്നും വന്നെത്തിയൊരുവന്റെ നാമവും പേറി നില്‍ക്കുന്നത് വിധിവൈപരീത്യം തന്നെ.

പോള്‍ ക്രൂഗര്‍ എന്ന യൂറോപ്യന്‍ വംശജനായിരുന്നു ഈ മേല്‍പ്പറഞ്ഞയാള്‍. നാട്ടുകാര്‍ സ്‌നേഹത്തോടെ പോളമ്മാവന്‍ എന്നു വിളിച്ചെങ്കിലും അദ്ദേഹത്തിനു ശത്രുക്കളും ഏറെയായിരുന്നു. ഡച്ചുഗോത്രക്കാരായ ബേറുകളുടെ നേതാവും, മികച്ച പോരാളിയും, ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമൊക്കെയായിരുന്നെങ്കിലും, ബൈബിളല്ലാതെ മറ്റൊന്നും പുസ്തകമായി പഠിച്ചിട്ടില്ലാത്ത, അവസാനകാലം വരേയും ഭൂമി പരന്നതാണെന്നു വിശ്വസിച്ചിച്ചിരുന്ന, ഒരു വല്ലാത്ത മനുഷ്യന്‍ തന്നെയായിരുന്നു ഈ കര്‍ക്കശക്കാരനായ ആഫ്രിക്കാന്‍ സ്വത്വവാദി. എന്തൊക്കെയാണെങ്കിലും, ദക്ഷിണാഫ്രിക്കയിലേക്ക് ആദ്യമായി കുടിയേറിയ യൂറോപ്പുകാരായ ബേറുകളുടെ പോരാട്ടവീര്യത്തിന്റെ മൂര്‍ത്തീകരണം കൂടിയായിരുന്നു പോള്‍ ക്രൂഗര്‍. അതുകൊണ്ടുതന്നെയായിരിക്കണം 1926ല്‍ അന്നത്തെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഈ വനവിഭാഗത്തിനു അദ്ദേഹത്തിന്റെ നാമധേയം കല്‍പിച്ചു നല്‍കിയത്.

പോൾ ക്രൂഗർ
 

വെള്ളക്കാരന്റെ കുടിയേറ്റം ഈ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നാനാവിധമായ അസമത്വങ്ങള്‍ സൃഷ്ടിച്ചു. ലോകത്തില്‍ പലയിടത്തുമെന്നപോലെ അവന്റെ നായാട്ടുഭ്രമത്തെത്തുടര്‍ന്നു ഇവിടെ ചത്തൊടുങ്ങിയ ജീവജാലങ്ങള്‍ക്കു കണക്കൊന്നുമില്ല. പത്തൊമ്പതാം നൂറ്റാണ്ട്, ഒരുപക്ഷേ,  ഈ വനഭൂവിന്റെ ഏറ്റവും നാശോന്മുമായ കാലഘട്ടമായിരുന്നു എന്നു കരുതാം. ലോവെല്‍റ്റ് എന്നു വിളിക്കപ്പെടുന്ന ഈ ആഫ്രിക്കന്‍ പുല്‍മേടുകള്‍ വിസ്തീർണത്തിലും സസ്യവൈവിധ്യ നഷ്ടത്താലും വല്ലാതെ ശോഷിച്ചിരുന്ന സമയം. ആയിടയ്​ക്ക്​, 1896ല്‍ ഈ പ്രദേശത്ത് ഒരു മഹാമാരിയും പടര്‍ന്നുപിടിച്ചു. മൂക്കൊലിപ്പും അതിസാരവുമായി ആയിരക്കണക്കിനു മൃഗങ്ങള്‍ ചത്തൊടുങ്ങി. റിന്‍ഡര്‍പെസ്റ്റ് എന്നായിരുന്നു ആ മാരകരോഗത്തിന്റെ പേര്. ഏതുനിമിഷവും ഈ അത്യപൂര്‍വ്വജൈവവ്യവസ്ഥ തന്നെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടേയ്ക്കുമെന്ന ഭീതി ഉയര്‍ന്നുവന്നു അക്കാലത്ത്.

റിന്‍ഡര്‍പെസ്റ്റ് രോഗം ദക്ഷിണാഫ്രിക്കന്‍ വന്യഭൂമിയെ താറുമാറാക്കിയതിന്റെ രണ്ടാം വര്‍ഷമാണ് കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്ന ബോധം രാഷ്ട്രീയനേതൃത്വത്തിനുണ്ടായത്. നായാടാന്‍ മൃഗങ്ങളില്ലാതായിപ്പോവുമോ എന്ന ഉദ്വേഗവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. അതേത്തുടര്‍ന്നായിരുന്നു അന്നത്തെ ട്രാന്‍സ്വാള്‍ അഥവാ ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് പോള്‍ ക്രൂഗര്‍ ‘സാബി’ നദിയുടേയും ‘മുതല’ (ക്രോക്കഡൈല്‍) നദിയുടേയും ഇടയിലുള്ള 4600 ചതുരശ്ര കിലോ മീറ്റര്‍ വന്യഭൂമി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും, സാബിക സുരക്ഷിതവനപ്രദേശമായി പ്ര്യാപിക്കുകയും ചെയ്തത്. നായാട്ടുകാരും കാട്ടുകള്ളന്മാരുമായ ചില പ്രമുഖര്‍ ഈ നീക്കത്തെ നഖശിഖാന്തം എതിര്‍ത്തു. പോള്‍ ക്രൂഗര്‍ തരിമ്പും കുലുങ്ങിയില്ലെന്നു മാത്രമല്ല. ‘ഷിങ്‌വേദ്‌സി’ നദിയുടേയും ‘ലിമ്പോപ്പോ’ നദിയുടേയും ഇടയിലുള്ള സ്ഥലവും കൂടി ഇതിനോടു ചേര്‍ത്തു. ഇതായിരുന്നു ഇന്നത്തെ ക്രൂഗര്‍ ദേശീയാരണ്യത്തി​​​ന്റെ പ്രാഗ്‌രൂപം. ഇതിനു ക്രൂഗറിനൊപ്പം മുന്നില്‍ നിന്നത് ഹാമില്‍ട്ടന്‍ സ്റ്റീവന്‍സൺ എന്നുപേരുള്ള വനപാലകനായിരുന്നു. തന്റെ കീഴിലുണ്ടായിരുന്ന ഏതാനും റേഞ്ചര്‍മാരും കൂടെച്ചേര്‍ന്നു വളരെ കര്‍ശനമായ വനസംരക്ഷണസംവിധാനങ്ങള്‍ ഹാമില്‍ട്ടന്‍ നടപ്പാക്കി.

വെള്ളക്കാരന്‍െറ കാട്​
നായാട്ടുകാരേയും, കാടിന്റെ മുതല്‍ കൊള്ളയടിച്ചിരുന്ന സകല സാമൂഹ്യവിരുദ്ധരേയും അവര്‍ കെട്ടുകെട്ടിച്ചു. എന്തിനേറെ, നൂറിലധികം വര്‍ഷങ്ങളായി ആ വനഭൂവില്‍ നായാടിയും കുടില്‍കെട്ടിയും കഴിഞ്ഞിരുന്ന പാവം വനവാസികളും ഹാമില്‍ട്ടന്റെ തോക്കിന്റെ ചൂടറിഞ്ഞു. തങ്ങളുടെ കൂരയില്‍ തീപുകയ്ക്കാനുള്ള വിറകിനും വെള്ളത്തിനും തീറ്റയ്ക്കും വേണ്ടിപ്പോലും, അവരുടെ സ്വന്തമായിരുന്ന ഈ വനഭൂമിയില്‍, അവര്‍ക്കൊട്ടും കയറാന്‍ പറ്റാതായി. ഒരുപക്ഷേ, ക്രൂഗര്‍ വനരൂപീകരണത്തിന്റെ ഏറ്റവും നിര്‍ഭാഗ്യകരമായ ഘട്ടമായിരുന്നു അത്. ഹാമില്‍ട്ടന്റെ കര്‍ക്കശവ്യവസ്ഥകള്‍ തന്നാട്ടുകാര്‍ക്ക് തീര്‍ത്തും എതിരായിരുന്നു. അവര്‍ അദ്ദേഹത്തിനു ‘സ്‌കുകുസ’ എന്നൊരു പരിഹാസപ്പേര് കൽപിച്ചു നൽകിയത്രെ. ‘സ്‌കുകുസ’ എന്നാല്‍ എല്ലാം തകിടം മറിക്കുന്നവന്‍ അല്ലെങ്കില്‍ ആകെ അടിച്ചുവാരുന്നവന്‍ എന്നൊക്കെയിരുന്നു അര്‍ത്ഥം. കാട്ടിലെ ഒരു തരിമ്പുഭൂമിപോലും മനുഷ്യര്‍ക്കുള്ളതല്ല എന്നതായിരുന്നു ഹാമില്‍ട്ടന്‍െറ നയം. 1950കളായപ്പോഴേക്കും, ഈ കാടുകള്‍ സന്ദര്‍ശിക്കാനുള്ള കറുത്തവന്‍െറ അവകാശം പോലും വെള്ളക്കാരന്‍ എടുത്തുകളഞ്ഞിരുന്നു.

പോൾ ക്രൂഗറും സ്​റ്റീവൻസൺ ഹാമിൽട്ടണും
 

എതിര്‍പ്പുകളേറെയുണ്ടായിരുന്നിട്ടും ഒടുവില്‍ പോള്‍ ക്രൂഗറിന്റെയും ഹാമില്‍ട്ടന്റെയും സ്വപ്നം പൂവണിഞ്ഞു. വിശാലമായ ആ വനഭൂമി പൂര്‍ണ്ണമായും മൃഗങ്ങളുടെ വിഹാരഭൂമിയായി. ഇതില്‍ നല്ലൊരു കച്ചവടക്കണ്ണും ക്രൂഗര്‍ക്കുണ്ടായിരുന്നിരിക്കണം. കാരണം, 1927-ല്‍ ഇവിടം ടൂറിസത്തിനായി തുറന്നുകൊടുക്കപ്പെട്ടു. ക്രൂഗറിന്റെ പേരില്‍ ഈ ഭൂമി അറിയപ്പെടാനും തുടങ്ങി. ആദ്യവര്‍ഷം വെറും മൂന്നു വാഹനങ്ങളേ ഈ വനഭൂവിലെത്തിയുള്ളൂ എങ്കിലും, പിന്നീടങ്ങോട്ട് ക്രൂഗര്‍ വനം സഞ്ചാരികളുടേ പറുദീസയായി മാറി. ക്രൂഗര്‍ വനസംരക്ഷണചിന്തകള്‍ രൂപപ്പെട്ടു വന്നിരുന്ന കാലത്ത്, 1920-ലോ മറ്റോ ആയിരുന്നിരിക്കണം, ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിനോദസഞ്ചാരികള്‍ കൂടുതല്‍ കൂടുതല്‍ ഇവിടേക്കുവന്നാലേ പദ്ധതി വിജയത്തിലേക്കെത്തുകയുള്ളൂ എന്നുള്ള ആശയം ഉണ്ടായത്. അതിനുവേണ്ടി ഇവിടേക്ക് തീവണ്ടി ഓടിക്കാന്‍ തീരുമാനിച്ചു. ഹാമില്‍ട്ടന്‍-സ്റ്റീവന്‍സന്‍ തന്നെയായിരുന്നു അതിനുവേണ്ടി കൊണ്ടുപിടിച്ചു ശ്രമിച്ചിച്ചത്. പക്ഷേ, വളരെക്കാലം നന്നായി പ്രവര്‍ത്തിച്ചിരുന്ന ക്രൂഗറിലെ തീവണ്ടിഗതാഗതം 1970കളോടെ പാടെ നിര്‍ത്തലാക്കപ്പെട്ടു. സാമ്പത്തികബാധ്യതയായിരുന്നു കാരണം. ഇപ്പോഴും അതിന്റെ അസ്ഥിപഞ്ജരമായ ഒരു റെയില്‍വേപ്പാലം സാബിനദിയ്ക്കു മുകളിലായി കാണാം.

മരുഭൂമിയിൽ കാണുന്ന ഒട്ടക പക്ഷികളും ക്രൂഗറിൽ ധാരാളം
 

സഞ്ചാരികളുടെ സൗകര്യത്തിനായി 3600 കിലോ മീറ്റര്‍ റോഡുകള്‍ നിർമിക്കപ്പെട്ടു. വനത്തിനു ചുറ്റുമായി 18,000 കിലോ മീറ്റര്‍ വേലികെട്ടി ബന്തവസ്സാക്കി. ക്രൂഗര്‍ വനത്തിന്റെ വടക്കുഭാഗത്ത് കനത്ത കല്‍ക്കരി നിക്ഷേപമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന്​, ആ ഭാഗം ഖനനത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും സര്‍ക്കാര്‍ ഭാഗ്യവശാല്‍ ഒട്ടും വഴങ്ങിയില്ല. ഹാമില്‍ട്ടന്‍ തന്റെ നടപടികള്‍ക്കായി വനമധ്യത്തില്‍ കെട്ടിയുണ്ടാക്കിയിരുന്ന ക്യാമ്പുകള്‍ ഇപ്പോള്‍ വനഗവേഷണകേന്ദ്രവും സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രങ്ങളുമായി മാറിയിരിക്കുന്നു. ഹാമില്‍ട്ടന്റെ ഓർമയ്​ക്കായി അതിനു ‘സ്‌കുകുസ’ എന്ന രസികന്‍ പേരും. ഈ ‘സ്‌കുകുസ’യാണ് ഇന്ന് ക്രൂഗറിന്റെ തലസ്​ഥാനം എന്നു പറയാം. നൂറുവര്‍ഷങ്ങള്‍ കൊണ്ട് വലിയ മാറ്റങ്ങളാണ് ഇവിടെയുണ്ടായത്. ആ മാറ്റങ്ങളുടെ തുടര്‍ച്ചയായി ഇന്ന് വര്‍ഷത്തില്‍ പത്തുലക്ഷം പേരാണത്രെ ഇവിടം സന്ദര്‍ശിക്കുന്നത്. അക്കൂട്ടത്തില്‍ ഒരുവനായി ഞാനും കച്ചകെട്ടിയിറങ്ങി.

(തുടരും)

Loading...
COMMENTS