ആൽഫ്രഡി​ന്റെ കഥ, ആട്ടിയിറക്കപ്പെട്ടവരുടെയും..

  • ഒരു ദക്ഷിണാഫ്രിക്കന്‍ സഫാരി- രണ്ടാം ഭാഗം

മറ്റെങ്ങും കാണാത്ത വന്യഭംഗിയാണ്​ ക്രൂഗർ വനത്തി​െൻറ പ്രത്യേകത

ജൊഹാനസ് ബര്‍ഗില്‍ നിന്നും റോഡുമാർഗമായിരുന്നു ക്രൂഗിലേക്കുള്ള ഞങ്ങളുടെ യാത്ര. രാവിലെത്തന്നെ പുറപ്പെട്ടെങ്കിലും, വഴിയില്‍ ഒന്നുരണ്ടു സ്ഥലത്ത് നിര്‍ത്തി ഭക്ഷണം കഴിച്ചതുമൊക്കെയായപ്പോള്‍ ഉച്ചതിരിഞ്ഞിരുന്നു ക്രൂഗര്‍ പരിസരത്തെത്തിയപ്പോള്‍. സാബി നദിയ്ക്കരികിലായിരുന്നു താമസം ഏര്‍പ്പാടാക്കിയിരുന്നത്. കൃത്യമായി പറഞ്ഞാല്‍ സാബി റിവര്‍ സണ്‍ റിസോര്‍ട്ടില്‍. സാബിയ്ക്കവിടെ അധികം വീതിയില്ല. അല്ലലില്ലാതെ പതിഞ്ഞ പ്രകമ്പനത്തോടെ വളഞ്ഞുപളഞ്ഞൊഴുകുന്ന ഒരു സുന്ദരി.

ഡ്രാക്കന്‍സ്ബര്‍ഗ് മലഞ്ചെരിവുകളില്‍ നിന്നുത്ഭവിച്ച്, ഇരുനൂറിലധികം കിലോ മീറ്റര്‍ ഒഴുകി ക്രൂഗര്‍ വനത്തിലൂടെ മൊസാംബിക്കിലേക്ക് കടന്ന്, ലൂണ്ടി നദിയുമായി ചേര്‍ന്ന് ഒടുവില്‍ ഇന്ത്യൻ മഹാസമുദ്രത്തില്‍ ചെന്നുപതിക്കുന്നതാണ് ഈ സുന്ദരി നദിയുടെ ഭൂമിശാസ്ര്തം. ക്രൂഗറിലെ ആദ്യസായാഹ്നത്തില്‍, ആ നദീതീരം വിട്ടുപോകുവാന്‍ എനിക്കാവുമായിരുന്നില്ല. ലോഡ്ജ് പരിസരമെങ്ങും മനോഹരമായി വെട്ടിനിര്‍ത്തിയിരുന്ന പുല്‍മേടുകളുടെ ചാരുത മനസ്സിനെ തൊട്ടുണര്‍ത്തി. ചില കൃത്രിമതടാകങ്ങളും അതില്‍ നീന്തിത്തുടിച്ചിരുന്ന ഏതാനും വാത്തകളും ആ  മനോഹര കാന്‍വാസില്‍ ഹര്‍ഷവര്‍ണ്ണങ്ങളായി കൂട്ടുചേര്‍ന്നു. അല്‍പം കഴിഞ്ഞപ്പോഴേക്കും, മഞ്ഞകലര്‍ന്ന ചെഞ്ചായം എങ്ങും വാരിയെറിഞ്ഞുകൊണ്ട്, സൂര്യച്ചെമ്പൊട്ട് പടിഞ്ഞാറന്‍ വനാന്തര്‍ഭാഗത്തേക്ക് തിരക്കിട്ട് ചാഞ്ഞിറങ്ങാന്‍ തുടങ്ങി. നദിയിലെ ഓളങ്ങള്‍ക്കൊപ്പം വീശിയ ഇളംതെന്നലിനു ഏറെയായിരുന്നു ഉന്മേഷം. ഒരു പകര്‍ച്ചയെന്നോണം അതെന്നിലേക്കും ആവേശിച്ചു. തീരെ പരിചിതമല്ലാത്ത, വര്‍ണ്ണവൈവിധ്യമാര്‍ന്ന മനോഹരപുഷ്പങ്ങള്‍ ആ നദിയോരഭംഗിക്കു മാറ്റുകൂട്ടി. പ്രകൃതിയങ്ങനെ സ്വര്‍ഗസമാനയായി പൂത്തുലഞ്ഞുനിന്നതോടെ, എന്റെ ആദ്യ ക്രൂഗര്‍ ദിനം അവാച്യമായ ദൃശ്യസംതൃപ്തിയുടേതായി മാറി.

ക്രൂഗറിലെ തടാകത്തിൽനിന്ന്​ വെള്ളം കുടിക്കുന്ന മാനുകൾ
 

പിറ്റേന്ന് നേരം പുലരുന്നതിനുമുമ്പേ സഫാരിയ്ക്ക് റെഡിയായി. വളരെ നേരത്തെയിറങ്ങുന്നതാണ് മൃഗങ്ങളെ കാണാന്‍ നല്ലത്. വെയിലു മൂക്കുമ്പോഴേക്കും പകുതിയെണ്ണവും തണലുകളിലേക്കു പിന്‍വാങ്ങും. പണ്ടുമുതലേ തുറന്ന വാനിലാണ് ഇവിടെ സഫാരി പതിവ്. ഒറ്റയാന്റേയോ, മനുഷ്യമാംസം കൊതിയ്ക്കുന്ന മൃഗരാജഗണങ്ങളുടേയോ, പുലി വർഗങ്ങളുടേയോ മുന്നില്‍പ്പെട്ടാല്‍ എന്തുചെയ്യുമെന്ന നിസ്സഹായത ഒരു ഭീതിയായി കാലിലൂടെ അരിച്ചുകയറുന്നത് ഞാന്‍ മന:പൂര്‍വ്വം അവഗണിച്ചു.

തലയുയർത്തി നിൽക്കുന്ന ജിറാഫുകൾ ക്രൂഗറിന്റെ  നിഷ്​കളങ്കതയാണ്​
 

കൂടെ മിടുക്കനായ ഒരു തന്നാട്ടുകാരനുണ്ടായിരുന്നു. ആല്‍ഫ്രഡ് എന്നായിരുന്നു അവന്റെ പേര്. ആല്‍ഫ്രഡ് എന്നത് എളുപ്പത്തിനുവേണ്ടിയുള്ള ഒരു വിളിപ്പേരാണത്രെ. തന്റെ ശരിക്കുള്ള പേര് ഇതല്ലെന്നും മറിച്ച്, ‘മുബ മ്പുമെലേല ന്റൊംബേല’  ആണെന്നു ഒരു പാട്ടു പാടുന്നതു പോലെ ആല്‍ഫ്രഡ് പറഞ്ഞപ്പോള്‍ എന്റെയുള്ളില്‍ അറിയാതൊരു ചിരി പടര്‍ന്നു. ത്‌സോംഗ വംശജനാണദ്ദേഹം. മിടുമിടുക്കന്‍. നല്ലൊരു ഡ്രൈവറും കൂടിയാണവന്‍. കാടിനെ ഇത്രമേല്‍ അറിയാവുന്ന ആള്‍ക്കാരുണ്ടാവുമോ എന്നുപോലും ഞാന്‍ സംശയിച്ചു. മൂക്കുകൊണ്ടും ചെവികൊണ്ടും കാടിനെ ആല്‍ഫ്രഡ് വായിച്ചെടുക്കുന്നതു കണ്ട് ഞാന്‍ അന്തംവിട്ടുനിന്നു. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ മുന്നില്‍ എന്തായിരിക്കാമെന്നുള്ള കൂടേക്കൂടേയുള്ള അവന്റെ പ്രവചനങ്ങള്‍ ഒട്ടും അസ്ഥാനത്തായില്ല. ‘ദാ ആ വളവിനപ്പുറം ഒരാനയെ കാണാനിടയുണ്ട്...’, ‘ശബ്ദമുണ്ടാക്കരുത്, ആ കുറ്റിക്കാട്ടിനുള്ളില്‍ സിംഹമിരിപ്പുണ്ട്...’ എന്നിങ്ങനേയുള്ള വാചകങ്ങള്‍ സത്യമായി ഭവിച്ചപ്പോള്‍ ശരിക്കും വാപൊളിച്ചിരുന്നുപോയി.

ഞങ്ങൾക്കു നേരേയായിരുന്നു കൊമ്പു കുലുക്കി ആ കരിവീര​​ന്റെ വരവ്​
 

ആ യാത്രയ്ക്കിടയില്‍ പൊടിയുയര്‍ത്തും മണ്‍പാതയിലൂടെ പൊടുന്നനെ വെട്ടിത്തിരിഞ്ഞ്, ഒരു മരക്കൂട്ടത്തിനിടയിലേക്ക് വളരെ പതുക്കെ വണ്ടികയറ്റിനിര്‍ത്തി ഇടതുവശത്തേക്കു ആല്‍ഫ്രഡ് കൈചൂണ്ടിയപ്പോള്‍, തൊട്ടുമുന്നില്‍ കണ്ട ഭീമാകാരനായ രണ്ടു വെള്ളക്കണ്ടാമൃഗങ്ങളുടെ കാഴ്ചയോടെ ആ മഹാത്ഭുതം പതിന്മടങ്ങു വര്‍ദ്ധിച്ചു. ഞാന്‍ ആദ്യമായിട്ടായിരുന്നു ഈ വമ്പന്‍ മൃഗങ്ങളെ ഇത്രയും അടുത്തു കാണുന്നത്. നല്ല ഇളം പുല്ലുകള്‍ നോക്കി വായിലാക്കി ചവച്ചുകൊണ്ടിരുന്ന ആ ആ ഭീമനിണകള്‍ അൽപം പോലും കാഴ്ചക്കാരെ ഗൗനിക്കുന്നുണ്ടായിരുന്നില്ല. നാലായിരം കിലോയെങ്കിലും ഭാരം കാണുമത്രെ ഒരു വെള്ളക്കണ്ടാമൃഗത്തിന്. വായ് ഭാഗത്തിന്റെ പ്രത്യേകത കാരണം ഇതിനെ ‘ചതുരച്ചുണ്ടന്‍ കണ്ടാമൃഗം’ എന്നും വിളിക്കാറുണ്ട്. തീര്‍ത്തും അലസമായ അവയുടെ പെരുമാറ്റം കാരണം കുറേനേരം ആ കാഴ്ച ആസ്വദിക്കാന്‍ കഴിഞ്ഞു. ഒടുവില്‍, തീറ്റയ്ക്കു ശേഷം ഒട്ടും കൂസലില്ലാതെ ഞങ്ങളുടെ മുന്നിലൂടെത്തന്നെ മണ്‍പാത മുറിച്ചുകടന്നു മറുവശത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലേക്കവ മറയുകയും ചെയ്തു.

ആ മാനിന്‍െറ പിന്നാലെ ക്യാമറയുമെടുത്ത് ചാടിയ എന്നെ ആല്‍ഫ്രഡ് ശരിക്കും ശകാരിച്ചു
 

യാത്രയിലുടനീളം ആല്‍ഫ്രഡിന്റെ പരിചയസമ്പന്നതയും കാട്ടറിവും എന്നില്‍ അദ്ദേഹത്തെക്കുറിച്ചൊരു അതിമാനുഷപരിവേഷം തന്നെ സൃഷ്ടിച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലോ. മറ്റൊരിക്കല്‍, വണ്ടിനിര്‍ത്തിയിട്ടിരിക്കെ പെട്ടെന്നെവിടെനിന്നോ ചാടിയോടിവന്ന മാന്‍പേടക്കൂട്ടത്തിന്റെ പിന്നാലെ ഞാന്‍ കാമറയുമായി ചാടിയിറങ്ങിയപ്പോള്‍, ആല്‍ഫ്രഡ് പരുക്കന്‍ ഭാഷയില്‍ എന്നെ തടഞ്ഞു. എന്നിട്ട്, ശാസിച്ചു. ‘എന്തു മണ്ടത്തരമാണ് നിങ്ങള്‍ കാണിക്കുന്നത്?. ഇങ്ങനെയോടിപ്പോകുന്ന മാനുകളുടെ പിന്നില്‍ ഒരു സിംഹമോ പുലിയോ ഉണ്ടാകാമെന്ന് നിങ്ങളെന്തേ ചിന്തിക്കാത്തത്...?’ ഞാന്‍ തലതാഴ്ത്തിനിന്നു. മാനിനെവിട്ട്, എന്റെ നേരെ തന്നെ ചാടിവീഴാന്‍ കരുത്തനായൊരു മാംസഭുക്കിന്​ പ്രത്യേകിച്ചൊന്നും നോക്കേണ്ടതില്ലല്ലോ എന്ന സത്യം ഒരു ഞെട്ടലോടെ മനസ്സിലാക്കി, ഞാന്‍ വാനിലേക്കുതന്നെ തിരികെക്കയറി.

ആ മാനിനു പിന്നില്‍ വിശന്നു പരവശനായ ഒരു സിംഹമോ പുലിയോ കണ്ടേക്കാമെന്ന്
ആല്‍ഫ്രഡ് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും നടുങ്ങിപ്പോയി
 

ഒരിടത്തു ഞങ്ങള്‍ പേടിച്ചപോലെ ഒരു ഒറ്റയാന്റെ നേരെ മുന്നില്‍ത്തന്നെ ചെന്നുപെട്ടു. അവന്‍ നിന്നിരുന്നതോ, ടാറിട്ട പാതയുടെ നടുവില്‍ത്തന്നെയും. ഒരു തരിമ്പും മുന്നോട്ടോ പിന്നോട്ടോ ചുവടുവെയ്ക്കാതെ. മസ്തകമുയര്‍ത്തി, വലിയ ചെവികള്‍ മാത്രം പതുക്കെ ഇളകിക്കൊണ്ടിരുന്നു. തുമ്പിക്കൈയാണെങ്കില്‍ വളച്ചു നീണ്ടകൊമ്പിനു മുകളിലേക്കുമിട്ടിരിക്കുന്നു. നോട്ടം ഞങ്ങളുടെ നേരേയ്ക്കുതന്നെ എന്നുതോന്നി. ‘ആരും അനങ്ങരുത്’ എന്ന് ആല്‍ഫ്രഡ് ആജ്ഞാപിച്ചു. വണ്ടിയുടെ എഞ്ചിന്‍ അപ്പോഴേക്കും ഏറ്റവും താഴ്ന്ന ശബ്ദത്തിലാക്കി വെച്ചിരുന്നു. വേണ്ടിവന്നാല്‍ വെട്ടിത്തിരിഞ്ഞു പായാന്‍ തയ്യാറായിട്ടായിരുന്നു ആല്‍ഫ്രഡ്​ സ്​റ്റിയറിംഗും പെഡലുകളും ഒരുക്കിയിരുന്നത്. അനങ്ങാതെ നില്‍ക്കുന്നതാണ് ആനയെ പ്രകോപിപ്പിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്. അതേസമയം, ഏതുനിമിഷവും പാഞ്ഞകലാനുള്ള ജാഗ്രത്തും വേണം. ഞങ്ങള്‍ ഏറെനേരം ശ്വാസമടക്കിപ്പിടിച്ചു വീര്‍പ്പുമുട്ടിയിരുന്നു. ആര്‍ക്കും അനക്കമുണ്ടായിരുന്നില്ല. അറിയാതൊരു ശബ്ദം പോലും പുറത്തുവന്നില്ല. അതിനിടയിലാരോ ‘അയ്യോ...! സിംഹം..’ എന്നു പറഞ്ഞപ്പോഴാണു ഞങ്ങള്‍ പിന്നിലേക്കു നോക്കിയത്. അതാ നടന്നുവരുന്നു ഒറ്റയ്‌ക്കൊരു പെണ്‍സിംഹം. ഞങ്ങളുടെ ജീപ്പിനു നേര്‍ക്ക്. മുന്നില്‍ ആനയൊട്ടും അനങ്ങുന്നുമില്ല. പിന്നില്‍ സിംഹമാണെങ്കിലൊട്ടു നില്‍ക്കാനും ഉദ്ദേശ്യമില്ല. ചെകുത്താനും കടലിനുമിടയിലെന്നോണമായി ഞങ്ങളുടെ കാര്യം.

ഭീമാകാരന്മാരയ വെള്ള കണ്ടാമൃഗങ്ങള്‍ അലസഗമനം നടത്തുകയാണ് ക്രൂഗറില്‍
 

പക്ഷേ, സിംഹത്തിനോ, ആനയ്‌ക്കോ ഞങ്ങളേക്കാളും വലുതെന്തോ ശ്രദ്ധിക്കാനുണ്ടായിരുന്നു. പെണ്‍സിംഹം ഞങ്ങളുടെ വണ്ടിയുടെ തൊട്ടു വലതുവശത്തുകൂടി മുന്നോട്ടുകയറി. ഞങ്ങളേയൊന്നു നോക്കുക പോലും ചെയ്യാതെ. അതോടെ ആനയും സിംഹവും നേര്‍ക്കുനേരായി. രണ്ടേരണ്ടു നിമിഷം. കൊമ്പില്‍നിന്നും തുമ്പിക്കൈ അയച്ചു താഴേക്കിട്ട് ആന ഇടത്തേക്കു തിരിഞ്ഞു. പതുക്കെ മരങ്ങള്‍ക്കിടയിലേക്കു മറയുകയും ചെയ്തു. ആനയേപ്പോലും ഗൗനിക്കാതെ സിംഹമാകട്ടെ നേരെ നടന്നങ്ങു പോവുകയും ചെയ്തു. അത്രയും നേരം മുറുകിവലിഞ്ഞ മനസ്സും അന്തരീക്ഷവും വലിയൊരു കാഴ്ച കാണാനായതിന്റെ ആഹ്ളാദത്തില്‍, ചിരിയിഴകള്‍ക്ക് വഴിമാറി.

ആഫ്രിക്കന്‍ ആനകളുടെ സ്വൈര്യവിഹാരഭൂമി കൂടിയാണ് ക്രൂഗര്‍
 

ആല്‍ഫ്രഡ് കാണിച്ചു തന്ന വനക്കാഴ്ചകള്‍ അപാരമായിരുന്നു. ഞങ്ങള്‍ക്കല്‍പം മുന്നിലൂടെ വാലുയയര്‍ത്തി പാഞ്ഞുവന്ന്, എന്റെ കാമറ ചിമ്മിത്തുറക്കുന്നതിനു മുമ്പെ പുല്‍ക്കൂട്ടത്തില്‍ മറഞ്ഞ പുള്ളിപ്പുലി, അരുവിക്കരികിലെ പാറപ്പുറത്ത് വെയിലേറ്റുകിടന്ന കൂറ്റന്‍ മുതല, അവിടെത്തന്നെ തൊട്ടപ്പുറത്ത് പാതിമുക്കാലും വെള്ളത്തിലാണ്ടു മദിച്ചുല്ലസിച്ച ഹിപ്പോപ്പൊട്ടാമസുകളുടെ കൂട്ടം, കരുത്തിന്റെ ഗമയില്‍ പതുക്കെ നടന്നു നീങ്ങിയ മ്‌ളാവുവര്‍ഗ്ഗത്തില്‍പെട്ട കുഡു, ഇവയൊക്കെ ഒരു ജീവിതം മുഴുവന്‍ ഓര്‍ത്താലും തീരാത്ത മനോജ്ഞദൃശ്യങ്ങളായി നിന്നു.

ആരെയും നോക്കാൻ നേരമില്ലാതെ നടന്നുപോകുന്ന സീബ്രകൾ
 

മനസ്സിനെ നിറം പിടിപ്പിച്ച, ആഹ്ലാദത്തിലാറാടിച്ച വനാനുഭവങ്ങളാല്‍ മനസ്സൊന്നു തിങ്ങി. ഞാന്‍ നന്ദിയോടെ ആല്‍ഫ്രഡിനെ നോക്കി. പക്ഷെ, മൂളിപ്പാട്ടുപാടി ചിരിച്ചുകൊണ്ടിരുന്ന അവന്റെ മുഖം, തിരിച്ചുള്ള യാത്രയില്‍ എന്തുകൊണ്ടോ ഗൗരവപൂര്‍ണ്ണമായത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആല്‍ഫ്രഡിന്റേയും, അവനെപ്പോലുള്ള മറ്റുപലരുടേയും ചരിത്രം ഒന്നു തൊട്ടറിഞ്ഞാല്‍ മതി ആ ഭാവമാറ്റത്തിന്റെ കാരണമറിയാന്‍. ജനിച്ചുവളര്‍ന്ന ഭൂമിയില്‍നിന്നും ആട്ടിപ്പായിക്കപ്പെട്ട ഏതു മനുഷ്യന്റേയും ചരിത്രമാണത്. അതു മനസ്സിലാക്കാതെ ക്രൂഗറിന്റെ ചിത്രം ഒരിക്കലും പൂര്‍ണ്ണമാവുകയുമില്ല. എന്നും മറക്കാനാഗ്രഹിക്കുന്ന അപ്പാര്‍ത്തൈഡിന്റെ കാല്‍പ്പാടുകളെന്നോണം ഈ ക്രൂഗര്‍ പരിസരം ഉയര്‍ത്തുന്നത് ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയുടെ ദുരന്തസ്മരണകളാണ്.

ആൽഫ്രഡ്​: ക്രൂഗറി​​ന്റെ മകനായിരിക്കു​മ്പോഴും
ആ കാട്ടിൽനിന്ന്​ പുറത്താക്കപ്പെട്ടവനാണ്​
 

ഫാബനി കവാടത്തില്‍നിന്നും പുറത്തിറങ്ങി അൽപം കഴിഞ്ഞപ്പോള്‍ ആല്‍ഫ്രഡ് കുറച്ചുദൂരേയ്ക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു. ‘ആ കാണുന്ന മലയുടെ ചെരിവിലാണ് ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത്. എന്നെപ്പോലെ, ഈ മഹാവനത്തില്‍നിന്നും കുടിയിറക്കപ്പെട്ട ആയിരക്കണക്കിനു പേര്‍ അവിടുണ്ട്. ഞങ്ങള്‍ക്ക് സര്‍ക്കാര്‍ നിങ്ങളെയൊക്കെ സന്തോഷിപ്പിക്കാനായി തന്നിരിക്കുന്ന ഈ ജോലി സത്യത്തില്‍ ഒരുതരം കണ്ണില്‍ പൊടിയിടല്‍ മാത്രം. ഞങ്ങളുടെ കോളനി ഇപ്പോഴും ദാരിദ്ര്യത്തിലാണ്. ഈ കാടു മുഴുവന്‍ ഞങ്ങള്‍ക്കവകാശപ്പെട്ടതായിരുന്നു. ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടെങ്കിലും, സന്തോഷമുണ്ടെന്ന് വിദേശികള്‍ക്കു മുന്നില്‍ അഭിനയിച്ചു ജീവിക്കുന്നു. ഈ ജോലിപോലുമില്ലാത്ത അനവധിപേരുണ്ടവിടെ. ഇങ്ങനെ അധികകാലം പോകാനാവുമെന്നു തോന്നുന്നില്ല. ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയും ജീവിതസാഹചര്യവും തിരിച്ചുകിട്ടിയേ തീരൂ...’ ആല്‍ഫ്രഡിന്റെ ശബ്ദം കനക്കുകയും മുഖം ഇരുളുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ടവന്റെ വെമ്പലും കുതറലും അവിടെ തെളിഞ്ഞുനിന്നു. ഭാവിയിലേക്ക് മുഴങ്ങിയ ഒരു സമരഗര്‍ജ്ജനം ആല്‍ഫ്രഡ് അടയാളപ്പെടുത്തുകയായിരുന്നിരിക്കണം.

(തുടരും)

 

Loading...
COMMENTS