കാട്ടിലൂടെ ഒരു മണ്‍സൂണ്‍ സാഹസികയാത്ര

വാൾപ്പാറ
ആതിരപ്പിള്ളിയിലും വാഴച്ചാലിലും പോകാത്തവര്‍ ചുരുക്കമായിരിക്കും. അതുപോലെ വാഴച്ചാല്‍ ചെക്ക്പോസ്റ്റിനു അപ്പുറത്തേക്ക് കടന്നവരും ചുരുക്കമായിരിക്കും. ഇനി ആതിരപ്പിളളിയിലേക്ക് പോകുമ്പോള്‍ വാഴച്ചാല്‍ കടന്ന്  മലക്കപ്പാറ - വാൾപ്പാറ കൂടി സഞ്ചരിച്ച് പൊള്ളാച്ചി വരെ വെച്ചുപിടിക്കൂ. അല്ലെങ്കില്‍ പൊളളാച്ചിയില്‍ നിന്നും ആതിരപ്പിളളിയിലേക്ക്. ഇതൊക്കെയല്ലേ തകര്‍പ്പന്‍ സാഹസിക യാത്ര. വിനോദയാത്രയ്ക്ക് അല്‍പ്പ സ്വല്‍പ്പം ത്രില്ലില്ലെങ്കില്‍ പിന്നെ കാര്യമെന്ത്. വാൾപ്പാറ, മലക്കപ്പാറ വഴി സഞ്ചരിച്ചാല്‍ അന്നു തന്നെ ആ വഴി മടങ്ങിപ്പോകരുതെന്നാണ് പറയുക. നമുക്ക് പൊളളാച്ചി വഴി വാൾപ്പാറയിലേക്കും അവിടെ നിന്നും മലക്കപ്പാറയിലേക്കും പോയി വരാം. പിന്നീട് വാഴച്ചാല്‍ ചെക്ക്പോസ്റ്റ് മറികടന്ന് ആതിരപ്പിളളി വഴി തിരിച്ചുപോകാം.
 


വാൾപ്പാറയേയും മലക്കപ്പാറയേയും പറ്റി പറഞ്ഞാലും പറഞ്ഞാലും തീരില്ല. പ്രകൃതിയേയും കാടിനെയുമൊക്കെ അടുത്തറിയാനുളള അവസരം കൂടിയാണ് ഈ വഴിയിലൂടെയുളള യാത്ര. അത് മാത്രമല്ല ഭാഗ്യമുണ്ടെങ്കില്‍ നിരവധി കാട്ടുമൃഗങ്ങളേയും കാണാം. മാനുകളെയും മയിലുകളേയും ഒപ്പം കാണാത്ത നിരവധി പക്ഷികളെയും കണ്ട് കണ്ണും മനസ്സുമെല്ലാം നിറച്ചു വരാം.  തൃശൂരിലെത്തി അവിടെ നിന്നും വടക്കുംഞ്ചേരി വഴിയാണ് യാത്ര. അര്‍ദ്ധരാത്രിക്കു ശേഷം തൃശൂരില്‍ നിന്നും പുറപ്പെട്ട് നേരെ പൊളളാച്ചിയിലേക്ക്.  വെളുപ്പിന് തന്നെ കാട്ടിലെത്തുന്നതാണ് യാത്രയുടെ വിജയത്തിനും നല്ലത്. ധാരാളം വന്യമൃഗങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ റിസ്‌കെടുത്തേ മതിയാവൂ. നമ്മുടെ സംസ്ഥാന അതിര്‍ത്തി വിട്ടതിനു ശേഷം യാത്രയുടെ ക്ഷീണമകറ്റാന്‍ ഓരോ ചൂടു ചായ നല്ലതാണ്. തമിഴ്നാട് അതിര്‍ത്തിയിൽ എത്തുന്നതോടെ നമ്മുടെ ആവേശവും ആകാംക്ഷയും ഉയര്‍ന്നു വരും. നാടു വിട്ട് കാടിനെ അറിയാനുളള യാത്രയില്‍ ഒരു കപ്പ് ചായ അത്യാവശ്യവുമാണ്. ചായ കുടിച്ച് വീണ്ടും യാത്ര തുടര്‍ന്നാല്‍ കാട്ടിലേക്കുളള പാതയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

വലിയ വൃക്ഷങ്ങളില്‍ പലതും പുളിമരമാണെന്നാണ് തോന്നിയത്. ഇപ്പോള്‍ അനുഭവപ്പെടുന്ന തണുപ്പും ശാന്തതയുമെല്ലാം നട്ടുച്ചയ്ക്കും ഉണ്ടായാലും അത്ഭുതമില്ല. അത്രയ്ക്ക് കുളിരായിരുന്നു വലിയ മരങ്ങള്‍ പകുത്തു തന്ന ആ വഴിയിലൂടെയുളള യാത്രയില്‍. ആ യാത്രയങ്ങനെ പൊളളാച്ചിയിലെത്തി നിന്നു. നേരം വെളുത്തു തുടങ്ങിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ചില തട്ടുകടകളില്‍ നേരിയ വെളിച്ചം പുറത്തേക്ക് പരക്കുന്നുണ്ട്. പൊളളാച്ചി ഉണര്‍ന്നു തുടങ്ങുമ്പോഴേക്കും നമുക്ക് വാല്‍പ്പാറ ലക്ഷ്യമാക്കി പോകുകയും ചെയ്യാം.

 
കാടും വെളളവും

അങ്ങനെ കാട്ടിലേക്ക് കടക്കുന്ന ചെക്പോസ്റ്റിനരികില്‍ എത്തി. ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത് ആളിയാര്‍ ഡാമിന് താഴെയാണെന്ന് അറിയാന്‍ കഴിഞ്ഞു. ചെക്ക്പോസ്റ്റ് കടന്നാല്‍ കുറേ ദൂരം സഞ്ചരിക്കുന്നത് നല്ല രസമാണ്. ഡാമിന്റെ വശങ്ങളിലൂടെയുളള യാത്ര കണ്ണിലും മനസ്സിലും വീണ്ടും കുളിരു കോരിയിട്ടു. കാടും വെളളവും നിറഞ്ഞ ഇരുവശങ്ങള്‍ വളരെ വേഗം പിന്നോട്ടു മാറി കൊണ്ടിരുന്നു. കാറിൻെറ വേഗം കുറച്ച് ഒരു വശത്തെ കാടും മറുവശത്തെ വെളളവും മതിവരുവോളം കാണാതെ അവിടം വിടാനാവില്ല. റോബര്‍ട്ട് ഫ്രോസ്റ്റിന്‍െ കവിതയിലെ കുതിരക്കാരനെപ്പോലെ ആ പ്രകൃതി ഭംഗി കണ്ട് നിന്നു പോയാലും അത്ഭുതപ്പെടാനില്ല. പക്ഷേ നമ്മുടെ യാത്ര ഇവിടം കൊണ്ട് ഒതുങ്ങുന്നതല്ലല്ലോ. ഇനിയും കുറേ ദൂരം സഞ്ചരിച്ചാലേ വാൾപ്പാറയില്‍ എത്താനാവൂ. ഡാമിൻെറ താഴെ നിന്നും ഹെയര്‍പിന്‍ കയറിയുളള യാത്ര വല്ലാത്ത അനുഭൂതി തന്നെ.
 
ട്രക്കിംങ്
 

മലമുകളിലേത്തുന്നതോടെ കാട്ടുമൃഗങ്ങളെ കാണാമെന്ന പ്രതീക്ഷയായിരുന്നു. വിചാരിച്ച സമയത്ത് അവിടെ എത്തിച്ചേരാന്‍ പറ്റിയില്ല. അടിവാരത്തെ കാഴ്ചകള്‍ കൂടുതല്‍ സമയം പ്രലോഭിപ്പിച്ച് അവിടെ തന്നെ നിര്‍ത്തിക്കളഞ്ഞു. നേരം വെളുത്ത് ഏറെ സമയം കഴിഞ്ഞിട്ടാണ് മലമുകളില്‍ എത്തിയത്. കാടിൻെറയുളളില്‍ നിന്നുളള കിളിക്കൊഞ്ചലുകള്‍ പലതും കേട്ടുപരിചയമില്ലാത്തവയാണ്. ഒന്നു കാണാന്‍ പറ്റുമോയെന്ന ശ്രമമായിരുന്നു പിന്നീട്. ഏതായാലും പ്രതീക്ഷിച്ചതു പോലെ അവയെ കാണാന്‍ പറ്റി. എന്തു ഉച്ചത്തിലാണ് ആ പക്ഷികളുടെ കൊഞ്ചലുകള്‍! എന്താണ് അവയുടെ പേരെന്നോ കൂട് എവിടെയാണെന്നോ അറിയില്ല. അടുത്ത തവണ പോകുമ്പോള്‍ ഒരു പക്ഷിനിരീക്ഷകനെ കൂടി കൂടെകൂട്ടണം.  കിളികള്‍ക്കൊപ്പം കുരങ്ങന്മാരെയും ധാരാളം കണ്ടു. കീരികള്‍ ധാരാളമായി ഉളളതിനാലാവണം പാമ്പുകളൊന്നും മുന്നിലേക്ക് വന്നില്ല. മയിലുകളേയും കാട്ടുകോഴികളേയും ധാരാളമായി കണ്ടു. മയിലുകളുടെ ശബ്ദം ആ കാടു മുഴുവന്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. മാനുകളെ കാണാനായി ഏറെ നേരം കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. മാന്‍കൂട്ടങ്ങളെ സാധാരണയായി കാണാറുളള സ്ഥലം കൂടിയാണിത്. ഒരു പക്ഷേ ഞങ്ങള്‍ അടിവാരത്ത് നില്‍ക്കുമ്പോള്‍ കടന്നു പോയതുമാവാം.

 

വാല്‍പ്പാറയിലേക്ക്
മാനുകളെ കാണാത്ത നിരാശയില്‍ വാൾപ്പാറയിലേക്ക് യാത്ര തുടര്‍ന്നു. അതിരാവിലെ പുറപ്പെട്ടതാണെങ്കിലും വാൾപ്പാറ എന്ന കുഞ്ഞു പട്ടണത്തിലേക്ക് എത്താന്‍ ഏറെ നേരമെടുത്തു. പ്രഭാത ഭക്ഷണം ഇവിടെ നിന്നും കഴിക്കുന്നതായിരിക്കും ഉത്തമം. അല്‍പ്പ നേരം വിശ്രമിച്ച് കണ്ട സുന്ദരകാഴ്ചകള്‍ ഓരോന്നായി ഓര്‍ത്തെടുക്കുകയും ചെയ്യാം. ചെറിയ ഹോട്ടലുകളും ചെറിയ കടകളുമൊക്കെയുളള വാൾപ്പാറയില്‍ നിന്നും പ്രഭാത ഭക്ഷണം തരപ്പെട്ടു. ഇനിയുളള യാത്രയ്ക്ക് എന്തെങ്കിലും കഴിക്കണമെങ്കില്‍ ഇവിടെ നിന്നു തന്നെ വാങ്ങി കൂടെ കരുതേണ്ടി വരും. യാത്ര വീണ്ടും കാട്ടിലേക്കു തന്നെയാണ്. വാൾപ്പാറയില്‍ നിന്ന്  നിന്ന് മലക്കപ്പാറ പോകുമ്പോഴാണ് അപ്പര്‍ ഷോളയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുളള വഴിയെ കുറിച്ച് കുറെയേറെ പറയാനുണ്ട്. ആളിയാര്‍ ഡാമിൻെറ പരിസരത്തു നിന്നുളള യാത്രയേക്കാള്‍ അടിമുടി മാറ്റമുണ്ട് ഈ യാത്രക്ക്.. രണ്ട് വശത്തും തിങ്ങിനിറഞ്ഞ തേയില തോട്ടങ്ങള്‍ക്ക് ഇടയിലൂടെ ഒരു സ്വപ്ന വഴി. അപ്പര്‍ ഷോളയാര്‍ ഡാമില്‍ നിന്ന് അല്‍പ്പ നേരം സഞ്ചരിച്ചപ്പോഴേക്കും മലക്കപ്പാറ ചെക്ക്പോസ്റ്റിലെത്തി. വാല്‍പ്പാറയില്‍ നിന്നും വ്യത്യസ്തമാണ് മലക്കപ്പാറ. എങ്കിലും ചെറിയ ചായകടകളും കുഞ്ഞു കടകളൊക്കെയുണ്ട്. വിശാലമായ തേയിലത്തോട്ടത്തിനു പുറമേ ഒരു ഫോറസ്റ്റ് ഓഫീസുമുണ്ടെന്നു മാത്രം. വാൾപ്പാറയില്‍ നിന്നും കരുതിയ ലഘുഭക്ഷണം കഴിഞ്ഞതിനാല്‍ ഇവിടെ നിന്നും ഉച്ചഭക്ഷണം പൊതിഞ്ഞു വാങ്ങിച്ചു. ഇനി ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കില്‍ വാഴച്ചാലെത്തിയാലേ കഴിയൂ.

മലക്കപ്പാറയില്‍ നിന്നും വാഴച്ചാലിലേക്ക് എത്താന്‍ ഏതാണ്ട് 30 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം. കാടു കാണാത്തവര്‍ക്ക് ഈ യാത്രയില്‍ ശരിക്കും കാണാന്‍ അവസരമുണ്ട്. കൊടുങ്കാട്ടിലൂടെ യാത്രക്ക് തയ്യാറുണ്ടേല്‍ വാഴച്ചാല്‍ വരെ വെച്ചുപിടിക്കാം. കുറച്ചു നേരം യാത്ര ചെയ്തപ്പോഴെ ലോവര്‍ ഷോളയാര്‍ ഡാമിന് അടുത്തെത്തി. ഇവിടെ നിന്നുമുളള യാത്രയിലാണ് നേരത്തെ കാണാന്‍ കഴിയാതിരുന്ന മാന്‍കൂട്ടങ്ങള്‍ മുന്നില്‍ വന്നു നിന്നത്. വളരെ വലിപ്പമേറിയ മ്ലാവുകളേയും കണ്ടു. മ്ലാവുകളും കൂട്ടംകൂടിയാണ് നടന്നിരുന്നത്. അവ അക്രമകാരികളാണോയെന്ന സംശയവുണ്ടായിരുന്നു. റോഡിന് അടുത്തുളള ചെറിയ കാട്ടരുവികള്‍ ലക്ഷ്യമാക്കിയായിരുന്നു അവരുടെ യാത്ര. ചിവീടുകളുടെ കാതടപ്പിക്കുന്ന സംഗീതം നമ്മള്‍ കാടിനുളളിലാണെന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നു കൊണ്ടിരുന്നു. മരമുത്തശ്ശന്മാരുടെ കനിവില്‍ അടുത്തുളള റോഡിലേക്കു വരെ തണല്‍ പന്തലിച്ചു നിന്നിരുന്നു. ഇവിടെ ഇത്തിരി നേരം തണലില്‍ ഇരുന്ന് വീണ്ടും വാഴച്ചാല്‍ ലക്ഷ്യമാക്കി നീങ്ങി. യാത്രയുടെ ക്ഷീണമകറ്റാന്‍ ഒരു ചായ അന്വേഷിച്ചു. അപ്പോൾ വാഴച്ചാല്‍ എത്തിയതായി അറിഞ്ഞു. വാഴച്ചാലില്‍ ചായകുടിച്ച് അല്‍പ്പ സമയം കൂടി ചെലവഴിച്ച് ആതിരപ്പിളളിയിലേക്ക്. ആതിരപ്പിളളിയിലെ വെളളച്ചാട്ടത്തിൻെറ താഴെ നിന്ന് മതിവരുവോളം ഭംഗി ആസ്വദിക്കണം. മഞ്ഞുകട്ട പോലെ ചിതറി തെറിക്കുന്ന വെളളത്തുളളികള്‍ മുഖം കൊണ്ട് ഏറ്റുവാങ്ങി. യാത്രയുടെ ക്ഷീണം മാറ്റി ഇനി തൃശൂരിലേക്ക് .. ദേശീയ പാതയിലൂടെ. 

 

ആതിരപ്പിളളി വഴി വാല്‍പ്പാറയിലേക്ക് പോയാലും പൊളളാച്ചി വഴി ആതിരപ്പിളിയിലേക്ക് പോയാലും തിരിച്ച് ആ വഴി തന്നെ മടങ്ങാന്‍ കഴിയാത്തതെന്താണെന്നു യാത്ര ചെയ്തപ്പോള്‍ മനസ്സിലായി. രാത്രി സമയങ്ങളില്‍ കാട്ടിലൂടെയുളള യാത്ര സാദ്ധ്യമാവില്ലെന്നു തന്നെ.
COMMENTS