Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightകുങ്കി ആനകളുടെ...

കുങ്കി ആനകളുടെ നാട്ടിലെ മയിലാട്ടം 

text_fields
bookmark_border
കുങ്കി ആനകളുടെ നാട്ടിലെ മയിലാട്ടം 
cancel

പറമ്പിക്കുളത്തേക്കുള്ള ആദ്യയാത്രയില്‍തന്നെ കണ്ണിലുടക്കിയ ഒരു കാഴ്ചയുണ്ട്. സേതുമടയില്‍നിന്ന് പൊട്ടിപ്പൊളിഞ്ഞ കാട്ടുവഴിയിലൂടെ കുണുങ്ങി ക്കുണുങ്ങി ചുരംകയറി മുകളിലെത്തുമ്പോള്‍ ആദ്യം കാണാന്‍കഴിയുന്നത് പുല്‍മത്തെ പാകിയ കുന്നിന്‍മുകളിലെ ഒരു കൊച്ചുകൂടാരത്തെയാണ്. അതിനുമുന്നിലെ കുന്നിന്‍ചരിവുകളില്‍ പലപ്പോഴും കൂട്ടംകൂട്ടമായി പാറിയെത്തുന്ന മയിലുകള്‍ അവിടെ വരുന്ന ഓരോ അഥിതികളെയും സ്വീകരിച്ച് അവരുടെ വരവിന് സന്തോഷം അറിയിച്ചുകൊണ്ട് പീലിവിടര്‍ത്തി നൃത്തമാടുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഈ കാഴ്ചയാണ് എന്നെയും ടോപ് സ്ലിപ് എന്ന സ്ഥലത്തെ ആ കൊച്ചുകൂടാരത്തില്‍ ഒരുദിവസം തങ്ങാനായി പ്രേരിപ്പിച്ചത്. അങ്ങനെയിരിക്കെ ഒരുദിവസം രാവിലത്തെന്നെ ആനമല ടൈഗര്‍ റിസര്‍വിന്‍െറ പൊള്ളാച്ചി ഓഫിസിലേക്ക് വിളിച്ച് കാര്യം അവതരിപ്പിച്ചു. ഭാഗ്യം എന്നുപറയാം അന്നവിടെ ഒഴിവുണ്ടായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. തൃശൂരില്‍നിന്ന് അന്ന് ഉച്ചയോടെ നേരെ അവിടേക്ക് പുറപ്പെട്ടു. നാലുമണിക്കുതന്നെ സേതുമത ചെക്പോസ്റ്റ് കടക്കണം, അല്ലെങ്കില്‍ വനമായതുകൊണ്ട് നാലുമണിക്കു ശേഷം യാത്ര അനുവദനീയമല്ല.

ടോപ് സ്ലിപ്പിൽ മയിലുകൾ മേയുന്നു
 


തൃശൂരില്‍നിന്ന് വടക്കുഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ആനമല വഴി 3.30 ആയപ്പോഴേക്കും സേതുമട ചെക്പോസ്റ്റിന് മുന്നിലെത്തി. അവിടെനിന്ന് എന്‍ട്രി പാസുമെടുത്ത് മലകയറ്റം ആരംഭിച്ചു. പണ്ട് വന്ന അതേവഴി. ഒരു മാറ്റവുമില്ല. പല സ്ഥലങ്ങളിലും റോഡുപോലും ഇല്ലായിരുന്നു. ചുരം കയറിത്തുടങ്ങിയതും താഴ്വാരങ്ങളില്‍ നിന്ന് ചൂളംവിളിച്ചു വരുന്ന കാറ്റിനോട് വഴിയരികില്‍ നില്‍ക്കുന്ന മുളകള്‍ മത്സരിച്ച് കിന്നാരംപറയുന്നത് കേള്‍ക്കാം. ഉച്ച സമയമായതിനാലാകാം കരിങ്കുരങ്ങുകള്‍ മാത്രം വഴിയരികില്‍. വേറെ മൃഗങ്ങളെയൊന്നും റോഡരികില്‍ കാണാനില്ല. എന്തായാലും നാലുമണിയോടെ ചുരം കയറി ടോപ് സ്ലിപ്പില്‍ എത്തി. അവിടെ എന്‍െറ റൂം കീയുമായി നിന്ന രണ്ടു ഫോറസ്റ്റ് ജീവനക്കാരെ പരിചയപ്പെട്ടു. ബേബിയും രമേഷും. എന്‍െറ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ ഫോറസ്റ്റ് ഗൈഡായ ബേബി എനിക്കുപറ്റിയ ഒരു ഇരയെയും സംഘടിപ്പിച്ചു. അതായിരുന്നു സുന്ദരരാജ് ഒരു പഴയ ആന പാപ്പാന്‍. പുള്ളി സ്വയം പരിചയപ്പെടുത്തിയതുതന്നെ വളരെ വ്യത്യസ്തമായിട്ടായിരുന്നു. ‘ആനക്ക് യാത്രക്ക് നാന്‍ താന്‍ വാദ്യാര്‍’ ഒപ്പം കുറെ ആനയോടൊത്തുള്ള പെരുമകളും കേള്‍പ്പിച്ചു. പണ്ടുകാലത്ത് ടോപ് സ്ലിപ്പും പറമ്പിക്കുളവുമൊക്കെ മരംവെട്ട് കേന്ദ്രങ്ങളായിരുന്നു. തടിപിടിക്കാനും മറ്റുമായി അന്നത്തെ കാലത്ത് ധാരാളം ആനകളെ ഉപയോഗിച്ചിരുന്നു. ആ ആനകളെ പിടിച്ചിരുന്നതും അവിടത്തെ കാട്ടില്‍ നിന്നുതന്നെ ആയിരുന്നു. അന്നത്തെ ആനപിടിത്തത്തെയും മരംവെട്ടിനെയും കുറിച്ച ഒത്തിരി ഓര്‍മകള്‍ സുന്ദരരാജ് എനിക്ക് കൈമാറി.

 

ടോപ് സ്ലിപ്പിലെ ബാംപൂ ഹൗസ്
 

കാട്ടില്‍ ആനകള്‍ നടക്കുന്ന വഴികളില്‍ വലിയ വാരിക്കുഴികള്‍ തീര്‍ത്ത് ദിവസങ്ങളോളം കാത്തിരിക്കും. ഒടുവില്‍ കുഴിക്കുള്ളില്‍ ആനകള്‍ പെടുമ്പോള്‍ കുങ്കിയാനകളുടെ സഹായത്തോടെ അതിനെ കുഴിയില്‍നിന്ന് നാലുവശത്തും തടികൊണ്ട് തീര്‍ത്ത മരക്കൂട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നു. പിന്നെ കൊച്ചു കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതുപോലെ സുന്ദരരാജ് ഈ ആനകളെ അനുസരിപ്പിക്കാനും മരംപിടിക്കാനുമൊക്കെ പഠിപ്പിക്കുന്നു. കാട്ടാന എന്ന വിദ്യാര്‍ഥി പഠനംകഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നാട്ടാനയായി മാറുന്നു. സ്കൂളുകളിലെ പേടിപ്പിക്കുന്ന ഹെഡ്മാസ്റ്ററിനെ പോലെയായിരുന്നു അവിടെയുള്ള ആനകള്‍ക്ക് സുന്ദരരാജ്. അതുകൊണ്ടാണല്ളോ അദ്ദേഹം ‘ആനക്ക് നാന്‍ താന്‍ വാദ്യാര്‍’ എന്ന് സ്റ്റൈലില്‍ സ്വയം അഭിസംബോധന ചെയ്തതും. ഈ സ്ഥലത്തിന് ടോപ് സ്ലിപ് എന്ന് പേരുവരാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. മരംവെട്ട് വ്യാപകമായി നടന്നിരുന്ന ആദ്യകാലത്ത് ഇവിടെനിന്ന് താഴേക്ക് പാതയുണ്ടായിരുന്നില്ല. അതിനാല്‍, വെട്ടിയ മരങ്ങള്‍ ഇവിടെക്കൊണ്ടുവന്ന് താഴെ സേതുമടയിലേക്ക് ഉരുട്ടിവിടുമായിരുന്നു. അങ്ങനെയാണ് ടോപ് സ്ലിപ് എന്ന് ഈ സ്ഥലത്തിന് പേരുവന്നത്.

കോഴി കമുദിയിലെ ആനത്താവളം
 

പില്‍ക്കാലത്ത് പറമ്പിക്കുളം, തുണക്കടവ് അങ്ങനെ ഇവിടെയുള്ള ഡാമുകള്‍ കെട്ടാനായി ധാരാളം ആള്‍ക്കാര്‍ കുടിയേറിപ്പാര്‍ത്തു. അവര്‍ക്ക് താമസിക്കാനായി ചെറിയ കോട്ടേജുകളും പണികഴിപ്പിച്ചു. ഇന്ന് അവയെല്ലാം ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റ് ടൂറിസത്തിനായി ഉപയോഗിക്കുന്നു. അന്നത്തെ കാലത്ത് പണിക്കാര്‍ക്ക് ഭക്ഷണം നല്‍കാനായി ജെയിംസ് എന്നൊരു ചാലക്കുടിക്കാരന്‍ മലയാളി അവിടെയൊരു കാന്‍റീനും ആരംഭിച്ചു. ഇന്നും ഇവിടെ വരുന്നവര്‍ക്ക് ഭക്ഷണത്തിന് ഏകമാര്‍ഗം ആ കാന്‍റീനാണ്. പക്ഷേ, ഇപ്പോഴത് ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റാണ് നടത്തുന്നതെന്നു മാത്രം. സുന്ദരരാജന്‍െറ സ്റ്റോക്ക് കഴിഞ്ഞപ്പോള്‍ ബേബി എനിക്കുള്ള അടുത്ത വെടിപൊട്ടിച്ചു. മരംവെട്ടും ആനപിടിത്തവുമൊക്കെ അവസാനിപ്പിക്കാന്‍ ഉത്തരവ് വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ആനകളെ പരിപാലിക്കുന്നതിനായി സര്‍ക്കാര്‍ ഒരു എലിഫന്‍റ് ക്യാമ്പ് കാടിനുള്ളിലൊരുക്കി. അതാണ് കോഴി കമുദി എലിഫന്‍റ് ക്യാമ്പ്. ഇവിടെവരുന്ന സഞ്ചാരികള്‍ക്കായി അവിടേക്ക് കാടിനുള്ളിലൂടെ ജംഗ്ള്‍സഫാരിയും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാലുമണിയോടെ അതാരംഭിക്കും. സമയം അപ്പോള്‍ അഞ്ചുമണിയോട് അടുത്തിരിന്നു. എന്തായാലും ജംഗ്ള്‍ സഫാരിക്ക് പോകാനായി 120 രൂപ ടിക്കറ്റും എടുത്ത് ബസിന്‍െറ മുന്നിലെ സീറ്റില്‍ ഞാന്‍ ബേബിക്കൊപ്പം ഇരിപ്പുറപ്പിച്ചു.

പുലർകാലത്ത് മേയുന്ന മയിൽ കൂട്ടം
 

ആദ്യത്തെ കുറച്ചു ദൂരം ടാറിട്ട റോഡിലൂടെയായിരുന്നു യാത്ര. പിന്നീട് കൊടുംകാട്ടിലെ കല്ലുകള്‍നിറഞ്ഞ പാതയിലൂടെയായി. പ്രകൃതിയില്‍നിന്ന് വംശനാശം നേരിടുന്ന കരിങ്കുരങ്ങുകളായിരുന്നു ഞങ്ങള്‍ക്ക് ആദ്യം സ്വാഗതമരുളിയത്. പിന്നീട് ഒരുകൂട്ടം കാട്ടുപന്നികളും കാട്ടുപോത്തും വഴിയില്‍ ഞങ്ങള്‍ക്ക് വിരുന്നേകി. കടുവയെയും കാട്ടാനകളെയും ഭാഗ്യമുണ്ടെങ്കില്‍ കാണാമെന്ന് ബേബി പറഞ്ഞെങ്കിലും ആ ഭാഗ്യം ഞങ്ങള്‍ക്കുണ്ടായില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കു ആ സഞ്ചാരം കാട്ടിനുള്ളിലെ കോഴി കമുദി എന്ന എലിഫന്‍റ് ക്യാമ്പിന് അടുത്തെത്തി. എല്ലാവരും വലിയ ആകാംക്ഷയോടെ പുറത്തിറങ്ങി. കൂട്ടത്തില്‍ ഞാനും കാമറയുമായി മുന്നില്‍തന്നെ നിന്നു. ചുറ്റും ആനകള്‍ തൃശൂര്‍പൂരത്തിന്‍െറ ആനകളുടെ ഇടയില്‍ നില്‍ക്കുമ്പോഴുള്ള ഒരു പ്രതീതി.

ടോപ് സ്ലിപ്പിലെ പുലർകാല ദൃശ്യം
 

എവിടേക്ക് നോക്കിയാലും ആനക്കാഴ്ചകള്‍ മാത്രം ആനകളെ പരിപാലിക്കുന്നു. അവക്ക് ഭക്ഷണം നല്‍കുന്നു. പുഴയോരത്ത് അവയെ കുളിപ്പിക്കുന്നു. കുറച്ച് ആനകളെ മേയാന്‍ വിട്ടിരിക്കുന്നു. ഇങ്ങനെ പോകുന്ന ചെയ്തികള്‍. ഒരു കുട്ടിക്കുറുമ്പന്‍ അവിടെയാകെ ഓടിക്കളിക്കുന്ന കാഴ്ച എല്ലാവരിലും ആനന്ദമുളവാക്കി. ചുറ്റും പച്ചപ്പുനിറഞ്ഞ മലനിരകള്‍ കൊണ്ട് ആകാശത്തോളം പ്രകൃതിതന്നെ ഈ ക്യാമ്പിന് ചുറ്റുമൊരു വന്‍മതില്‍ തീര്‍ത്തിട്ടുണ്ട്. ഈ ആനകളെ പരിപാലിക്കുന്ന കുറെ കുടുംബങ്ങളും ഇവിടെത്തന്നെയാണ് താമസം. മൊത്തം 22 ആനകളുണ്ട് ഇവിടെ. ആ ആനക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടയിലാണ് ബേബി പേടിപ്പിക്കുന്ന മറ്റൊരു വെടിപൊട്ടിച്ചത്. തീവ്രവാദികള്‍ അതിര്‍ത്തികള്‍ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്തുന്നതു പോലെ ഇവിടെയുമൊരു ആക്രമണം നടത്തി. പക്ഷേ, ആ ഭീകരന്മാര്‍ കാട്ടാനകളായിരുന്നുവെന്ന് മാത്രം.

കോഴി കമുദിയിലെ ആനത്താവളം
 

കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്നെയാണ് കാടിനെ മൊത്തം ഞെട്ടിച്ച ആ സംഭവമുണ്ടായത്. ഒരിക്കല്‍ അവിടെ ചുറ്റുംകാണുന്ന മലയിറങ്ങി കാട്ടില്‍നിന്ന് ഒരുസംഘം കാട്ടാനക്കൂട്ടമെത്തി ഇവിടെ ആക്രമണം നടത്തി. ആ കട്ടാനകള്‍ ഇവിടെയുണ്ടായിരുന്ന ആനകളെ ആക്രമിക്കുകയും അവിടെ താമസിച്ചിരുന്ന ആളുകളുടെ കുടിലുകള്‍ നശിപ്പിക്കുകയും ചെയ്തു. ആ ആക്രമണത്തില്‍ ഇവിടെയുണ്ടായിരുന്ന നിരവധി ആനകള്‍ക്ക് പരിക്കേറ്റു. പിന്നെ ദിവസങ്ങളോളം എലിഫന്‍റ് സ്ക്വാഡ് ഇവിടെ ക്യാമ്പ് ചെയ്താണ് ആ കാട്ടാനക്കൂട്ടത്തെ തുരത്തിയത്. ഇതെല്ലാം പറയുമ്പോഴും അവരുടെ ഭയം ആ മുഖങ്ങളില്‍ തെളിഞ്ഞുകാണാം. കാരണം, ഇനിയും എപ്പോ വേണമെങ്കിലും അവയെ പ്രതീക്ഷിക്കാം. ഇവിടത്തെ ആനകള്‍ക്ക് കൊടുക്കുന്ന പ്രത്യേകതരം ആഹാരമാണത്രെ കാട്ടാനകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ജംഗ്ള്‍ സഫാരി അവസാനിപ്പിച്ച് വണ്ടി കാട്ടിലൂടെ ടോപ് സ്ലിപ്പിലേക്ക് തിരിച്ചുവരുമ്പോള്‍ കാട്ടുവഴികളിലെല്ലാം എന്‍െറ കണ്ണ് ആ ആക്രമണകാരികളായ കാട്ടാനക്കൂട്ടത്തെ തേടുകയായിരുന്നു. 

ജംഗ്ൾ സഫാരിക്കുള്ള ബസ്
 


ഏകദേശം ഏഴുമണിയോടെ തിരിച്ചെത്തിയ ഞാന്‍ നേരെ കാന്‍റീനിലേക്ക് പോയി. നേരത്തെ പറഞ്ഞുവെച്ചിരുന്നതിനാല്‍ ചപ്പാത്തിയും മുട്ടക്കറിയും റെഡിയായിരുന്നു. ഭക്ഷണത്തിനുശേഷം പുറത്തിരുന്ന് അല്‍പം തണുപ്പ് ആസ്വദിച്ചു. മരങ്ങള്‍ക്കിടയിലൂടെ നീലാകാശത്തില്‍ ചന്ദ്രന്‍ എത്തി നോക്കുന്നുണ്ടായിരുന്നു. രാത്രിയാകുന്തോറും തണുപ്പിന്‍െറ കാഠിന്യം കൂടിക്കൂടി വന്നു. ഒപ്പം കാട്ടിനുള്ളില്‍ നിന്ന് പേടിപ്പിക്കുന്ന ശബ്ദവ്യത്യാസങ്ങളും. ഒടുവില്‍ ആ ശബ്ദങ്ങള്‍ വല്ലാതെ അടുത്ത് കേട്ടു തുടങ്ങിയപ്പോള്‍ റൂമില്‍കയറി സ്വറ്ററിനുള്ളില്‍ ചുരുണ്ടുകൂടി. ഉറക്കത്തിലേക്ക് കാല്‍വഴുതി വീഴാന്‍ തുനിയുമ്പോഴും ആ ഭയപ്പെടുത്തുന്ന കാട്ടാനക്കൂട്ടത്തിന്‍െറ ഓര്‍മകളായിരുന്നു. അടുത്ത ദിവസം രാവിലെ മയക്കത്തിന്‍െറ ആലസ്യത്തെ തട്ടിയുണര്‍ത്തിക്കൊണ്ട് ചെറു കുളിര്‍ക്കാറ്റ് തഴുകാനെത്തി. പതിയെ കണ്ണുതുറന്ന് ഉറക്കച്ചടവിനെ വലിച്ചെറിഞ്ഞ് വെളിയിലേക്കുനോക്കി. എന്നെ വിളിച്ചുണര്‍ത്താന്‍ വൈകിയെത്തിയ സൂര്യന്‍ ഞാന്‍ കാണാതെ മുളങ്കാടിനുള്ളില്‍ ഒളിച്ചുനിന്നു. ആ കള്ളനോട്ടം എന്‍െറ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.

ടോപ് സ്ലിപ്പിലെ രാത്രി ദൃശ്യം
 

പതിവുതെറ്റിക്കാതെ ചായയുടെ മധുരം നുണഞ്ഞ് കാന്‍റീനില്‍ ഇരിക്കുമ്പോഴാണ് ആരോ ഞാന്‍ തനിച്ചു താമസിച്ച കൂടാരത്തിനു മുന്നിലെ പുല്‍ത്തകിടിയില്‍ പാറിയെത്തിയ മയിലുകളുടെ വരവറിയിച്ചത്. ഉടന്‍ കാമറയുമെടുത്ത് അവര്‍ക്കു പിന്നാലെ ഓടി. ആദ്യം എനിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത് പെണ്‍മയിലുകളായിരുന്നു. പിറകെ ഇണകളെക്കാണാതെ തിരഞ്ഞെത്തിയ ആണ്‍മയിലുകള്‍ തന്‍െറ ഇണകളെ കണ്ട സന്തോഷത്തില്‍ പീലിവിടര്‍ത്തി നൃത്തമാടി. ഈ സന്തോഷത്തില്‍ പങ്കെടുക്കാനായി അവിടെയുണ്ടായിരുന്ന മാനുകളും പന്നികളും അവരുടെ നൃത്തത്തിന് താളംപകര്‍ന്നു. ആ കാഴ്ചകള്‍ ഒട്ടും മധുരംചോരാതെ കാമറയില്‍ കോര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. പക്ഷേ, ആ അതി മനോഹരകാഴ്ച കാമറയേക്കാള്‍ ആഴത്തില്‍ പതിഞ്ഞത് എന്‍െറ ഹൃദയത്തിലെ ഫിലിമിലേക്കായിരുന്നു. എന്തായാലും കുങ്കി ആനകളുടെ കോഴി കമുദിയും മയിലുകള്‍ പീലിവിടര്‍ത്തി നൃത്തമാടുന്ന ടോപ് സ്ലിപ്പും എന്നും മനസ്സില്‍ മായാതെ കിടക്കുമെന്നതില്‍ ഒരു സംശയവുമില്ല. മലയിറങ്ങുമ്പോള്‍ മനസ്സിലൊരു ചോദ്യം ബാക്കി. ഇനിയെന്ന് ഇവിടേക്ക് വീണ്ടും മലകയറും. 

ടോപ് സ്ലിപ്പ്

How to Reach

Trissur-Top Slip 110 km
Kochi-Top Slip 183 km
Palakkad-Top Slip 70 km
pollachi-Top Slip 35 km

അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍: പറമ്പിക്കുളം, വാല്‍പ്പാറ, ആളിയാര്‍ ഡാം, മങ്കി ഫാള്‍സ്
Note: സേതുമട ചെക്പോസ്റ്റില്‍ പ്രവേശം വൈകുന്നേരം നാലുമണിവരെ മാത്രം

Show Full Article
TAGS:kunki kamudi top slip 
Next Story