Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightകാടിനെ അനുഭവിച്ച യാത്ര

കാടിനെ അനുഭവിച്ച യാത്ര

text_fields
bookmark_border
കാടിനെ അനുഭവിച്ച യാത്ര
cancel

പലപ്പോഴും മനസ്സ് അശാന്തമാകുമ്പോഴാണ് യാത്രകളിലേക്കുള്ള വിളി വരാറുള്ളത്. തലേദിവസം പ്ലാൻ ചെയ്ത് പിറ്റേ ദിവസം ഉച്ചക്ക് സുഹൃത്തിന്റെ ബൈക്കിൽ ഇറങ്ങി. കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നില്ല. മൂന്നാർ വഴി പോകാൻ കഴിയുന്ന ചില സ്ഥലങ്ങൾ മനസ്സിൽ കരുതി. 
തുന്നാരം പക്ഷിയുടെ കിന്നാരം കേൾക്കാൻ കാത് മാത്രം പോര കാനനം കൂടി വേണം....ഈ യാത്രക്കിടയിൽ ഒരു സ്കൂളിന്റെ ചുമരിൽ കണ്ട വാചകമാണിത്. കാനനപാതകളിലൂടെയുള്ള ഒരോ യാത്രകൾക്കിടയിലും നമുക്ക് നഷ്ട്ടമാകുന്ന ശബ്ദങ്ങളെ കുറിച്ച് ഓർമ വരും. അത്തരം ശബ്ദങ്ങൾ മനസ്സിനു നൽകുന്ന സന്തോഷം പലപ്പോഴും അനിർവചനീയമാണ്. കാടിന്റെ നിഗൂഡതകൾക്കിടയിൽ ചെവികളെ തേടി മനോഹര ശബ്ദങ്ങളെത്തും അല്ലെങ്കിൽ അവക്ക് വേണ്ടി നാം കാതോർക്കും. അവിടത്തെ നിവാസികൾക്കായി കണ്ണുകൾ കാത്തിരിക്കും.

കാടിനെ അനുഭവിച്ച യാത്രയായിരുന്നു ഇത്. പുറപ്പെട്ട ദിവസം രാത്രിയിൽ എറണാകുളത്ത് തങ്ങി. പിറ്റേന്ന് രാവിലെ തന്നെ അവിടെ നിന്നിറങ്ങി. രാവിലത്തെ അന്തരീക്ഷം യാത്രക്ക് നൽകിയ മൂഡ് ചെറുതൊന്നുമല്ല. വഴിയിൽ കാണുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ ബോർഡുകളായിരുന്നു യാത്രയെ പ്രധാനമായും നിയന്ത്രിച്ചത്.  ആദ്യം എത്തിയത് ഭൂതത്താൻകെട്ട് ഡാമിലായിരുന്നു. ഹിന്ദു മിത്തുമായും ടിപ്പുസുൽത്താനുമായും ചരിത്രത്തിൽ ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഡാമാണിത്. കാര്യമായ കാഴ്ച്ചകളില്ലെങ്കിലും നിറഞ്ഞ് പരന്ന് കിടക്കുന്ന വെള്ളക്കെട്ട് ഒരു പക്ഷേ പല ഓർമകളെയും മനസ്സിലേക്ക് നൽകിയേക്കാം, സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും. പിന്നീടുള്ള ലക്ഷ്യം മൂന്നാറായിരുന്നു. വഴിയരികിൽ തണലിടങ്ങളിലൊക്കെ വാഹനം നിർത്തി സംസാരിച്ച് ആളുകളെ പരിചയപ്പെട്ട് യാത്ര തുടർന്നു.

ആ വൈകുന്നേരവും രാത്രിയും ചിലവഴിച്ചത് മൂന്നാറിന്റെ തണുപ്പിലായിരുന്നു. വൈകുന്നേരം മുറിയെടുത്ത് ഫ്രഷായി, നല്ല ചൂടിൽ ഒരു ചായയും കുടിച്ച് മൂന്നാർ നഗരവും അതിന്റെ ചുറ്റുപാടും കറങ്ങി.             രാവിലെ മൂന്നാറിന്റെ തണുപ്പിൽ നിന്നും മറയൂരിലേക്ക് യാത്ര തുടങ്ങിയപ്പോൾ ആദ്യം ബൈക്ക് നിർത്തിയത് വഴിയരികിലെ ഒരു ചായക്കടക്ക് മുന്നിലായിരുന്നു. നല്ല ചൂടുള്ള ചായയും പരിപ്പ് വടയും വഴിയിൽ വരാനിരിക്കുന്ന തട്ടുകടകളിലേക്കുള്ള വിളി കൂടിയായിരുന്നു. അവിടന്ന് കഴിച്ച പരിപ്പ് വടയുടെ രുചി ഇപ്പോഴും പോയിട്ടില്ല. തേയിലത്തോട്ടങ്ങളും കാട്ടാറുകളും ചന്ദനക്കാടും മലകളും പിന്നിട്ട് മറയൂരിലെത്തി. ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട ഒരു ചരിത്രം മറയൂരിനും സമീപത്തെ ഗ്രാമങ്ങൾക്കും ഉണ്ടെന്ന് ഗൂഗിൾ പറഞ്ഞുതന്നു. ടിപ്പു സുൽത്താനും മധുരൈ രാജാവായിരുന്ന തിരുമലനായ്ക്കറും തമ്മിലെ യുദ്ധത്തിനു ശേഷം, കുടിയേറിയവർ ഉണ്ടാക്കിയതാണ് അഞ്ചു ഗ്രാമങ്ങൾ ചേർന്ന 'അഞ്ചുനാട് വില്ലേജ്'. യുദ്ധത്തിൽ ടിപ്പു സുൽത്താൻ വിജയിച്ചു.  ഇപ്പോഴും പഴയ കാലത്ത് ഉണ്ടായിരുന്ന പല ആചാരങ്ങളും ഇവർ പിന്തുടരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഒരു പക്ഷേ, കാലങ്ങളായി തുടർന്ന് പോരുന്നത് കൊണ്ടാവാം അവയെ തീവ്രമായല്ലെങ്കിലും അവരിപ്പോഴും പിന്തുടരുന്നത്.അഞ്ചുനാട് വില്ലേജിന്റെ ഒരു ഭാഗമാണ് കാന്തല്ലൂർ. പഴ പച്ചക്കറി കൃഷികൾക്ക് പ്രസിദ്ധമാണ് കാന്തല്ലൂർ ഗ്രാമം. ഞങ്ങൾ ചെന്ന സമയം സീസൺ അല്ലായിരുന്നു. അടുത്ത തവണ സീസണിൽ വരാമെന്ന് ഞങ്ങൾക്ക് വഴി കാണിച്ച് തന്ന ചേട്ടനോട് പറഞ്ഞു. കാടിനുള്ളിലേക്ക് ഒരു ട്രക്കിങ്ങും അദ്ദേഹം ഓഫർ ചെയ്തു. 


മറയൂർ ശർക്കരക്ക് പ്രസിദ്ധമാണ്.     ഏക്കർ കണക്കിനു കരിമ്പിൻ തോട്ടങ്ങളും ശർക്കര ഉണ്ടാക്കുന്ന ഷെഡുകളും കാണാം.  മറയൂരിൽ നിന്ന് തിരിച്ചു പോരുമ്പോൾ ഇനിയും എന്തൊക്കൊയോ അറിയാൻ ബാക്കി ഉണ്ടായിരുന്നു...അടുത്തൊരു യാത്രയിലേക്കുള്ള വിളിയായിരുന്നു അത്.  യാത്ര തുടർന്നത് ചിന്നാർ കാട്ടിലേക്കാണ്‌. വാഹനങ്ങൾ വളരെ കുറവ്. അതുകൊണ്ടുതന്നെ കാടിനെ,അതിന്റെ ശബ്ദങ്ങളെ ശരിക്കും അനുഭവിച്ചു. വന്യജീവികൾ ഉണ്ടെന്നുള്ള ബോർഡ് വഴിയിൽ ഉണ്ടായിരുന്നെങ്കിലും, കുറച്ച് ദൂരം പിന്നിട്ടപ്പോൾ വെള്ളം കുടിക്കാൻ ഇറങ്ങിയ ആനക്കൂട്ടത്തെ മാത്രമാണ്‌ കാണാൻ കഴിഞ്ഞത്. എങ്കിലും ആ കാട് അത്രമേൽ ആസ്വാദ്യകരമാക്കി തന്ന യാത്രയായിരുന്നു അത്. ചിന്നാർ പിന്നിട്ടതോടെ പിന്നീട് നാട്ടിലേക്കുള്ള യാത്രയായിരുന്നു.  ഉദുമൽപ്പേട്ട പൊള്ളാച്ചി പാലക്കാട് വഴി മലപ്പുറത്തേക്ക്.  

 
ഓരോ യാത്രകളിലും ലക്ഷ്യത്തോടൊപ്പം തന്നെ, ഒരു പക്ഷേ ലക്ഷ്യത്തേക്കാൾ പ്രധാനം വഴികൾക്കുമുണ്ട്. യാത്രകളൊക്കെയും അവസാനിക്കുന്നത് അടുത്തതിലേക്കുള്ള വിളിയോടെയാണ്‌. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനോട് സലാം പറയുമ്പോൾ കണ്ട കാഴ്ച്ചകളും പരിചയപ്പെട്ട മനുഷ്യരും അനുഭവിച്ച രുചികളും ആയിരുന്നു മനസ്സ് നിറയെ. മൂന്നാർ വഴിയിൽ പരിചയപ്പെട്ട മണ്ണാർക്കാടുകാരൻ ഉസ്താദ്, ഭൂതത്താൻ കെട്ട് നിന്നും കുടിച്ച എരിവുള്ള നാരങ്ങ സോഡ, കാന്തല്ലൂരിനെ പരിചയപ്പെടുത്തി തന്ന ശിവേട്ടൻ. രസകരമായ ഒരു ഫ്ലാഷ്ബാക്കുണ്ട് ശിവേട്ടനു. കുറേ കാലം മുന്നെ ജോലിക്ക് വേണ്ടി എത്തിയ ശിവേട്ടനെ ഒരു പ്രണയമാണ്  കാന്തല്ലൂരുകാരനാക്കിയത്. ഇപ്പോൾ ഹോട്ടൽ നടത്തുകയാണ് അദ്ദേഹം. കൂട്ടത്തിൽ കൃഷിപ്പണിയും ഉണ്ട്. പിന്നെ, പൊള്ളാച്ചിയിലേക്കുള്ള വഴിയിൽ കണ്മണി ചേച്ചി ഉണ്ടാക്കിയ ബോണ്ട.. (സാൽന കൂട്ടി കഴിക്കുമ്പോഴാ ടേസ്റ്റ്). പിന്നെയും പേരറിയാത്ത കുറേ മനുഷ്യന്മാരും വിവരിക്കാൻ കഴിയാത്ത രുചികളും. അങ്ങനെ ഒരുപാട്......ഒരുപാട്

ഫോട്ടോസ്- ഷഫീർ ശഹീം

 

Show Full Article
TAGS:marayoor 
Next Story