Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇപ്പം റെഡ്യായില്ലേലും...

ഇപ്പം റെഡ്യായില്ലേലും കൊയപ്പീല്ല്യ; എല്ലാര്​ടെ ട്രിപ്പും റെഡ്യാവും

text_fields
bookmark_border
riders1
cancel
camera_altcourtesy: dream riders kerala

സാധാരണ ഏപ്രിൽ​ കഴിയുന്നതോടെ നമ്മുടെ നാട്ടിലെ റൈഡർമാരെല്ലാം ബൈക്കിൽ കയറി ഒരു യാത്ര പോകാറുണ്ട്​. വിവിധ സംസ്​ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ, ഇന്ത്യയുടെ സംസ്​കാരവും ആത്​മാവുമെല്ലാം​ തൊട്ടറിഞ്ഞ്​, ഹിമാലയത്തിലെ മഞ്ഞ്​ പുതച്ച താഴ്​വാരങ്ങൾ വരെയെത്തും ആ യാത്ര.​ സഞ്ചാരികളുടെ സ്വർഗമായ ലഡാക്കിലെ റോഡുകൾ മേയ്​​ മുതൽ ഒക്​​േടാബർ വരെയാണ്​ തുറക്കാറ്​. 

ഇത്തവണയും ആ റോഡുകളിലെ മഞ്ഞുനീക്കുന്നതും കാത്ത്​ സ്വപ്​നങ്ങൾ നെയ്​തുകൂട്ടിയവർ നിരവധിയായിരുന്നു. ​മണാലിയിലെ ആപ്പിൾ തോട്ടങ്ങളും സ്​പിതി വാലിയിലെ ഗ്രാമങ്ങളും ലഡാക്കിലെ ഗിരിശൃംഗങ്ങളും പാ​ങ്ങോങ്​ തടാകക്കരയിലെ താമസവുമെല്ലാം ആ സ്വപ്​നങ്ങളിൽ നിരവധി തവണ വന്നുപോയിട്ടുണ്ട്​. അതിനെല്ലാം അപ്പുറം ​േലാകത്തിലെ ഏറ്റവും ഉയരം കൂടിയ പാതകളിലൊന്നായ ഖർദുങ്​ലയിലെത്തി ബൈക്കിനൊരു മുത്തം കൊടുക്കാനും ​െസൽഫിയെടുക്കാനും ആഗ്രഹിച്ചവരേറെ. 

riders2

ഇത്​ കൂടാതെ ഹിമാലയങ്ങളിലെ മഞ്ഞുമലകളുടെ മുകളിലേക്ക്​ ട്രെക്കിങ്ങും പുണ്യനഗരങ്ങളിലേക്ക്​ തീർഥാടനവും​ പ്ലാൻ ചെയ്​തവരും നിരവധി. എന്നാൽ, എല്ലാം കൊറോണയെന്ന ഭീകരൻ വന്ന് തച്ചുടച്ചു. ലോങ്​റൈഡിനായി ഒരുക്കി നിർത്തിയ ബുള്ളറ്റും ഡോമിനോറുമെല്ലാം ഇപ്പോൾ റേഷൻ കടയിൽ പോകാൻ മാത്രം ഉപയോഗി​​ക്കേണ്ട ഗതികേട്​. സ്ലീപിങ്​ ബാഗും ട​െൻറുമെല്ലാം കയറിയിരിക്കേണ്ട പിന്നിലെ കാരിയറിൽ അരിയും മണ്ണെണ്ണയും കൊണ്ടുപോകേണ്ട അവസ്​ഥ. പോരാത്തതിന്​ ജാക്കറ്റും റെയ്​ഡിങ്​ ഗിയേർസുമെല്ലാം പൊടിപിടിച്ച്​ അലമാരയിൽ കിടക്കുന്നു. ഏതൊരു റൈഡറുടെയും ചങ്ക്​ തകർക്കുന്ന കാഴ്​ചകൾ.

ഇനി ബൈക്കെടുത്ത്​ നാട്ടിൻപുറത്തെ വല്ല കുന്നിൻമുകളിലും പോകാമെന്ന്​ കരുതിയാൽ പിന്നാലെയെത്തും ​െപാലീസ്​ ഏമാൻമാർ. എന്നാലും പൊലീസിനെ വെട്ടിച്ച്​ അയൽപ്രദേശങ്ങളിലെ മലകൾ കയറിയവരും ഏറെ​. ലോകം മൊത്തം കറങ്ങിയെങ്കിലും സ്വന്തം നാട്ടിലെ ഇത്തരം കിടു സ്​ഥലങ്ങൾ കാണാൻ കൊറോണ വരേണ്ടി വന്നുവെന്നത്​ മറ്റൊരു സത്യം​. നാട്ടിൻപുറത്തെ കോടമൂടിയ, പച്ചപ്പട്ടുടുത്ത സ്​ഥലങ്ങളിലേക്ക്​ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. എന്നാൽ, പലയിടത്തും കോവിഡ്​ മാനദണ്ഡങ്ങൾ ആരും പാലിച്ചില്ല എന്നതാണ്​ സങ്കടകരമായ അവസ്​ഥ.

riders3

ഫേസ്​ബുക്ക്​, വാട്ട്​സ്​ആപ്പ്​, ഇൻസ്​റ്റാഗ്രാം എന്നിവകളിലെ ട്രാവൽ ഗ്രൂപ്പുകൾ സജീവമായി എന്നതാണ്​ ഈ കോവിഡ്​ കാലത്തുണ്ടായ മറ്റൊരു പ്രത്യേകത. ഓരോ ദിവസവും പുതിയ അതിഥികളെ കൊണ്ടുവന്ന്​ അവരുടെ യാത്രാ അനുഭവങ്ങൾ ചോദിച്ചറിഞ്ഞ്​​ ഗ്രൂപ്പുകൾക്ക്​ ചൂടുപിടിച്ചു. കാണാൻ ആഗ്രഹിച്ച, സ്വപ്​നം കണ്ട കാഴ്​ചകളെല്ലാം അവരുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞ്​ പലരും സംതൃപ്​തിയടഞ്ഞു​. ഇതോടൊപ്പം, കോവിഡ്​ മാറിയശേഷം നടത്തേണ്ട ദീർഘദൂര യാത്രകളെ സംബന്ധിച്ച ചർച്ചകളും ഇത്തരം ഗ്രൂപ്പുകളിൽ സജീവമാണ്​. യാത്രകൾ മുടങ്ങിയ സങ്കടം പലരും ഇത്തരം ചർച്ചകളിൽ പ​ങ്കെടുത്താണ്​​ മറികടക്കുന്നത്​. 

ലഡാക്കിലേക്കുള്ള യാത്രകൾ തന്നെയാണ്​ ഇത്തരം ചർച്ചകളിൽ മുന്നിട്ടുനിൽക്കുന്നത്​. കൂടാതെ ഹിമാലയങ്ങളിലെ മഞ്ഞുമലകളും നോർത്ത്​ ഇൗസ്​റ്റിലെ ​ഗ്രാമീണവഴികളും അയൽരാജ്യങ്ങളായ നേപ്പാളിലെയും ഭൂട്ടാനിലെയും കാഴ്​ചകളും തേടിപ്പോകാനുള്ള ഒരുക്കങ്ങളും പലരും തുടങ്ങിക്കഴിഞ്ഞു. ബൈക്കിൽ വേൾഡ്​ ടൂർ അടിക്കാനുള്ള ആഗ്രഹവും പങ്കുവെച്ചവരേറെ. എന്തായാലും കോവിഡ്​ ഒന്ന്​ മാറിക്കിട്ടാൻ റൈഡർമാർ പ്രാർഥിക്കാത്ത ദൈവങ്ങളില്ല​. എല്ലാം ​ശുഭമായിട്ടുവേണം ജാക്കറ്റും റൈഡിങ്​ ഗിയേർസുമെല്ലാം അണിഞ്ഞ്​ ബൈക്കുമെടുത്ത്​ കത്തിച്ചുവിടാൻ. വൈറൽ വിഡിയോയിൽ ഫായിസ്​ പറഞ്ഞപോലെ ‘ഇപ്പം റെഡ്യായില്ലേലും കൊയപ്പീല്ല്യ, എല്ലാര്​ടെ ട്രിപ്പും റെഡ്യാവും’ എന്ന്​ നമുക്ക്​ പ്രത്യാശിക്കാം.

riders4

ലഡാക്കില്‍ പോകുന്നവരുടെ ശ്രദ്ധക്ക്​
1. ലഡാക്കില്‍ റോഡ് മാര്‍ഗം എത്തിച്ചേരാന്‍ പ്രധാനമായും രണ്ട് വഴികളാണുള്ളത്. ഒന്ന് ശ്രീനഗര്‍-കാര്‍ഗില്‍-ലേഹ് റൂട്ട്. മണാലി-ലേഹ് റൂട്ടാണ് മറ്റൊരു മാര്‍ഗം.

2. മഞ്ഞുമൂടുന്നതിനാല്‍ മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മാത്രമാണ് ഈ റോഡുകള്‍ തുറക്കുക. ബാക്കിസമയം ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം ലഡാക്കില്‍ എത്താവുന്നതാണ്.

3. മണാലിയില്‍നിന്ന് ഏകദേശം 470 കിലോമീറ്റര്‍ ദൂരമുണ്ട് ലഡാക്കിലെ പ്രധാന പട്ടണമായ ലേഹിലേക്ക്. റോഡുകളുടെ അവസ്ഥ പരിതാപകരമായതിനാല്‍ ഇത്രയും ദൂരം പിന്നിടാന്‍ രണ്ട് ദിവസം വേണ്ടിവരും. 

riders5

4. മണാലിക്കും ലേഹിനുമിടയില്‍ കീലോങ്, ജിസ്പ, സര്‍ച്ചു, പാങ്ങ് എന്നിവിടങ്ങളിലെല്ലാം താമസ സൗകര്യം ലഭ്യമാണ്. സര്‍ച്ചു, പാങ്ങ് തുടങ്ങിയ സ്​ഥലങ്ങളിൽ ട​െൻറിനകത്തെ താമസസൗകര്യം മാത്രമാണ് ലഭിക്കുക.

5. മണാലി-ലേഹ് റൂട്ടില്‍ ടന്‍ഡി കഴിഞ്ഞാല്‍ പിന്നെ 400 കിലോമീറ്ററിനടുത്ത് പെട്രോള്‍ പമ്പുകളില്ല. അതുകൊണ്ടുതന്നെ കാനുകളില്‍ ഇന്ധനം കരുതേണ്ടതാണ്.

6. ലഡാക്ക്​ യാത്രയില്‍ ഏറ്റവും വലിയ വില്ലന്‍ ഹൈ ആള്‍റ്റിറ്റ്യൂഡ് സിക്ക്നസ് ആണ്. ഉയരം കൂടുതോറും അന്തരീക്ഷത്തില്‍ ഓക്സിജ​​െൻറ അളവ്​ കുറയുന്നതാണ് പ്രശ്നം. ഇതിനൊപ്പം ശരീരത്തിലെ മർദത്തിലും വ്യത്യാസം വരും. തലവേദന, വിശപ്പില്ലായ്മ, ഛര്‍ദി, ഉറക്കക്കുറവ്, ശരീരത്തില്‍ നീരുവരിക, തലചുറ്റല്‍ തുടങ്ങിയവയൊക്കായാണ് ലക്ഷണങ്ങള്‍. 

riders6

7. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക, ലഘുവായി ഭക്ഷണം കഴിക്കുക, പുകവലി, മദ്യപാനം എന്നിവ പൂര്‍ണമായി ഒഴിവാക്കുക, കൂടുതല്‍ ആയാസപ്പെടാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഹൈആള്‍റ്റിറ്റ്യൂഡ് സിക്ക്നസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍. കൂടാതെ ഡയമോക്സ് എന്ന മരുന്ന് കഴിക്കുന്നതും ഓക്സിജന്‍ സിലിണ്ടറും കൈയില്‍ കരുതുന്നതും നല്ലതാണ്. എപ്പോഴും ച്യൂയിങ്ഗം ചവച്ചുകൊണ്ടിരിക്കുന്നത് മർദത്തിലെ വ്യതാസം ഇല്ലാതാക്കാന്‍ സഹായിക്കും.

8. ലഡാക്കില്‍ എത്തിയാല്‍ അവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ വേണ്ടി ഒരു ദിവസം വിശ്രമിക്കുന്നത് നല്ലതാണ്. ഇനി വിമാനത്തിലാണ് വരുന്നതെങ്കില്‍ കൂടുതൽ സമയം വിശ്രമിക്കാൻ ശ്രമിക്കുക.

9. ഹൈ ആള്‍റ്റിറ്റ്യൂഡ് സിക്ക്നസിനെ മറികടക്കാന്‍ ശ്രീനഗര്‍-കാര്‍ഗില്‍ വഴി ലഡാക്കില്‍ പോകുന്നതാണ് കൂടുതല്‍ ഉത്തമം. രണ്ട് ദിവസത്തെ യാത്രക്കിടയില്‍ രാത്രി കാര്‍ഗിലില്‍ തങ്ങാന്‍ സൗകര്യം ലഭിക്കും. തിരിച്ചുവരവ് സര്‍ച്ചു-മണാലി വഴിയുമാക്കാം.

10. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ലഡാക്ക്​്​ യാത്ര ഉപേക്ഷിക്കുന്നതാണ് നല്ലത്. പ്രായമാവര്‍ ഓക്സിജന്‍ സിലിണ്ടര്‍ കൈയില്‍ കരുതണം. മണാലിയിലെയും ലഡാക്കിലെയും മെഡിക്കല്‍ ഷോപ്പുകളില്‍ ഇവ ലഭിക്കും. ചെറിയ കുട്ടികളെ ​ ലഡാക്കിലേക്ക് കൊണ്ടുപോകാതിരിക്കുന്നതാണ്​ നല്ലത്​.

riders7

11. മണാലി-ലേഹ് പാതയില്‍ സര്‍ച്ചു, പാങ്ങ് എന്നിവിടങ്ങളിലുള്ള പട്ടാളത്തി​​െൻറ മെഡിക്കല്‍ ക്യാമ്പുകളില്‍ ആവശ്യമായ ചികിത്സാസഹായം ലഭിക്കും.

12. മണാലി, ഡല്‍ഹി, ഛണ്ഡീഗഢ് എന്നിവിടങ്ങില്‍നിന്നെല്ലാം ലഡാക്കില്‍ പോകാന്‍ ബൈക്കുകള്‍ വാടകക്ക് ലഭിക്കും. ബസ് മാര്‍ഗമോ വിമാനം വഴിയോ ലഡാക്കില്‍ എത്തിയാല്‍ ലേഹില്‍നിന്നും ബൈക്കുകള്‍ വാടകക്ക് ലഭിക്കുന്നതാണ്. പുറത്തുനിന്ന്​ വാടകക്ക്​ എടുത്ത്​ വരുന്ന ബൈക്കുകൾ ലഡാക്കിൽ ഉപയോഗിക്കാൻ അനുവദിക്കില്ല. അവ റൂമിൽ നിർത്തിയിട്ടശേഷം പുതിയ വണ്ടി വാടകക്ക്​ എടുക്കേണ്ടി വരും.

13. ബൈക്ക് വാടകക്ക് എടുക്കുമ്പോള്‍ കണ്ടീഷന്‍ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വഴിയില്‍ കുടുങ്ങി പണികിട്ടും.

14. ബുള്ളറ്റ് തന്നെ വേണമെന്നില്ല. പവർ കുറഞ്ഞ ബൈക്കുകളിലും സ്​കൂട്ടറിലുമെല്ലാം ധാരാളം പേര്‍ ലഡാക്കില്‍ പോകുന്നുണ്ട്.

15. കാറില്‍ വരുന്നവര്‍ വണ്ടി സ്വന്തം പേരിലാണെന്ന് ഉറപ്പുവരുത്തണം. സെല്‍ഫ് ഡ്രൈവിങ് കാര്‍ വാടകക്കെടുത്ത് വരുന്നവര്‍ക്കുനേരെ ലഡാക്കില്‍ ടാക്സി ഡ്രൈവര്‍മാരുടെ ആക്രമണമുണ്ടാകാറുണ്ട്.

riders8

16. തിരിച്ചറിയല്‍ രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൈയില്‍ കരുതുക. ഹോട്ടലുകളില്‍ റൂമെടുക്കാനും ബൈക്കുകള്‍ വാടകക്ക് ലഭിക്കാനും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.

17. ലഡാക്കിലെ പലസ്ഥലങ്ങളിലേക്കും പോകാന്‍ ഇന്നർലൈൻ പെർമിറ്റ്​ അത്യാവശ്യമാണ്​. പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കിയാണ്​ പെർമിറ്റ്​ ലഭിക്കുക. പെര്‍മിറ്റ് ഫോം ലേഹിലെ കടകളില്‍ ലഭിക്കും. ഇവ പൂരിപ്പിച്ച് അതാത് ചെക്ക്പോസ്റ്റുകളില്‍ നല്‍കിയാല്‍ മതി. യാത്ര പോകുന്ന സ്ഥലം, എത്ര ദിവസം തങ്ങും, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവയാണ് ഫോമില്‍ പൂരിപ്പിച്ചുനല്‍കേണ്ടത്.

18. നാട്ടില്‍നിന്ന് സ്വന്തമായി വണ്ടി ഓടിച്ചുപോകുന്നവര്‍ മെക്കാനിക്കി​​െൻറ അടുത്തുപോയി വാഹനത്തി​​െൻറ കണ്ടീഷന്‍ ഉറപ്പുവരുത്തണം. ദീര്‍ഘദൂര യാത്രയായതിനാല്‍ പുതിയ ടയറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

19. പഞ്ചര്‍ കിറ്റ്, ടൂള്‍സ്, അത്യാവശ്യം വരുന്ന സ്പെയര്‍ പാര്‍ട്സുകള്‍ എന്നിവയെല്ലാം കൈയില്‍ കരുതുക.

20. ബൈക്കില്‍ വരുന്നവര്‍ ഫുള്‍ഫേസ് ഹെല്‍മെറ്റ്, റൈഡിങ് ജാക്കറ്റ്, റൈഡിങ് പാൻറ്​സ്​, ഗ്ളൗ തുടങ്ങിയവ ഉപയോഗിക്കുക. കല്ലുകളും കുഴികളും നിറഞ്ഞ റോഡില്‍ ഏതൊരുനിമിഷവും അപകടം പ്രതീക്ഷിക്കാം.

riders9

21. പലയിടത്തും പ്രീപെയ്ഡ് സിമ്മുകള്‍ പ്രവര്‍ത്തിക്കില്ല. ബി.എസ്.എന്‍.എല്ലിൻെറ പോസ്റ്റ്പെയ്ഡ് സിമ്മുകള്‍ കൈയില്‍ കരുതുന്നത് നല്ലതാകും.

22. പുലര്‍ച്ചെ ആറ് മണിക്ക് മുമ്പുതന്നെ സൂര്യന്‍ ഉദിക്കുന്നതിനാല്‍ നേരത്തെ യാത്ര തുടങ്ങുക. വെയിലേറ്റ് മഞ്ഞ് ഉരുകിത്തുടങ്ങിയാല്‍ റോഡില്‍ വെള്ളം നിറയാന്‍ സാധ്യതയുണ്ട്.

23. രാത്രി യാത്ര ഒഴിവാക്കുക.

24. റിവര്‍ ക്രോസിങ് വരുന്നതിനാല്‍ ബൈക്കില്‍ പോകുന്നവര്‍ ഗംബൂട്ട്സ് ധരിക്കുക.

25. തണുപ്പിനെ പ്രതിരോധിക്കാന്‍ തെര്‍മല്‍ ​േക്ലാത്ത്, ജാക്കറ്റ്, തൊപ്പി, കൈയുറ എന്നിവയെല്ലാം കരുതുക. 

26. യാത്ര പോകുന്നതിന് മുമ്പ് വളരെ കൃത്യമായി പ്ലാന്‍ ചെയ്യുക. ലഡാക്കില്‍ ഇൻറര്‍നെറ്റ് സൗകര്യം കുറവായതിനാല്‍ മാപ്പുകളെല്ലാം പ്രിന്‍െറടുത്തുവെക്കുക.

riders10

27. വാഹനത്തി​​െൻറ അസ്സൽ രേഖകള്‍, ഇന്‍ഷുറന്‍സ്, ഡ്യൂപ്ലിക്കേറ്റ് ചാവി എന്നിവ സൂക്ഷിക്കുക.

28. ലഗ്ഗേജി​​െൻറ ഭാരം പരമാവധി കുറക്കുക.

29. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളും ഫസ്റ്റ് എയിഡ് കിറ്റും കൈയില്‍ കരുതണം.

30. ഇതിനെല്ലാം പുറമെ ഇനി കുറേകാലത്തേക്ക്​ സാനി​െറ്റെസറും മാസ്​ക്കുമെല്ലാം കൈയിൽ കരുതേണ്ടി വരും.

riders11

റൈഡർമാരുടെ ശ്രദ്ധക്ക്​:
1. അമിത വേഗത വേണ്ട.
2. ആവശ്യമായ റൈഡിങ്​ ഗിയറുകൾ ധരിക്കുക.
3. വാഹനത്തി​​െൻറ സുരക്ഷ ഉറപ്പുവരുത്തുക.

4. ചരിത്ര സ്​മാരകങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവ സന്ദർശിക്കു​​േമ്പാൾ അതി​​െൻറ പവിത്രത കാത്തുസൂക്ഷിക്കുക.
5. പ്ലാസ്​റ്റിക്​ ഉപയോഗം പരമാവധി കുറക്കുക.

riders12

6. ടീം ലീഡറുടെ നിർദേശം അനുസരിക്കുക.
7. രാത്രി യാത്ര പരമാവധി ഒഴിവാക്കുക.
8. ഒാഫ്​റോഡി​​െൻറയും ക്യാമ്പിങ്ങി​​െൻറയും മറവിൽ പ്രകൃതിയെ നശിപ്പിക്കരുത്​​.

9. യാത്ര പോകുന്ന ഇടങ്ങളിലെ ​നാട്ടുകാരെ ശല്യം ചെയ്യാതിരിക്കുക.
10. ചുമരുകളിലും മറ്റു സ്​ഥലങ്ങളിലും എഴുതി വൃത്തികേടാകാതിരിക്കുക.

riders13

11. ബൈക്കിൽ അഭ്യാസങ്ങൾ ഒഴിവാക്കുക.
12. ഒാരോ നാട്ടിൽ ചെല്ലു​േമ്പാഴും അവിടത്തെ റോഡ്​ നിയമങ്ങൾ പാലിക്കുക.
13. സുരക്ഷയെ ബാധിക്കുന്ന അനാവശ്യ മോഡിഫിക്കേഷനുകളും വേണ്ട.
14. റൈഡിങ്​ റേസിങ്ങായി കാണരുത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelkashmirladkhmanaliriders
News Summary - travellers in the time of covid
Next Story