കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ എത്തിയത്​ ഇവിടെ

21:44 PM
26/07/2019

മട്ടാഞ്ചേരി: വിദേശ വിനോദ സഞ്ചാരികൾക്ക് മട്ടാഞ്ചേരി  ഡച്ച് കൊട്ടാര കാഴ്ചകൾ പ്രിയമേറുന്നു. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഏറെ വിദേശികൾ സന്ദർശിച്ച സ്മാരകങ്ങളിൽ മട്ടാഞ്ചേരി കൊട്ടാരം മുൻ നിരയിലെത്തി. 2018ൽ ഒന്നേക്കാൽ ലക്ഷം വിദേശികളാണ് കൊട്ടാരം സന്ദർശിച്ചതെന്ന് ഇന്ത്യൻ ടുറിസം വകുപ്പി​െൻറ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശികൾ കണ്ട ഇന്ത്യയിലെ ആദ്യ പത്ത് സ്മാരകങ്ങളിൽ എട്ടാംസ്ഥാനത്താണ് ഡച്ച് പാലസ് എന്നറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരത്തിൻറേത്. പത്ത് ലക്ഷം വിദേശികളാണ് കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത്. യുനെസ്കോയുടെ  ഇന്ത്യൻ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ അമ്പത്തിഏഴാമത് സ്ഥാനത്താണ് മട്ടാഞ്ചേരി കൊട്ടാരം.

സഞ്ചാരികളെ ഏറെ ആകർഷിച്ചത് താജ്മഹലാണ്. 7.9 ലക്ഷം വിദേശികൾ താജ് മഹൽ സന്ദർശിച്ചു. ആഗ്രാഫോർട്ട് 4.9 ലക്ഷം, തുടർന്ന് കുത്തബ്മിനാർ 3.1 ലക്ഷം,  ഫത്തേപൂർ സിക്രി മൂന്ന് ലക്ഷം, ഹുമയൂൺ ടോംബ് 2.3 ലക്ഷം, സോമനാഥ ക്ഷേത്രം 2.1 ലക്ഷം, റെഡ് ഫോർട്ട് 1.4 ലക്ഷം പേർ എന്നിങ്ങനെയാണ് ഡച്ച് പാലസിന് മുന്നിലുള്ള മറ്റ് കേന്ദ്രങ്ങളിലെത്തിയ സഞ്ചാരികളുടെ കണക്ക്   
1555 ൽ പോർച്ചുഗീസുകാർ നിർമിച്ച് കൊച്ചി രാജാവ് രാജവീര കേരളവർമക്ക് സമ്മാനിച്ചതാണ് കൊട്ടാരം. പോർച്ചുഗീസുകാരും ഡച്ചുകാരും തമ്മിലുണ്ടായ യുദ്ധത്തിൽ കൊട്ടാരത്തിന് കേടുപാടുകൾ സംഭവിച്ചു. പോർച്ചുഗീസുകാരെ തുരത്തി അധികാരം കൈയാളിയ ഡച്ചുകാർ പിന്നിട് കെട്ടിടം പുനർനിർമിച്ച് കൊച്ചി രാജകുടുംബത്തിന് നൽകിയതോടെയാണ് ഡച്ചു കൊട്ടാരമായി അറിയപെടാൻ തുടങ്ങിയത്. 

ചുമർചിത്രങ്ങളാൽ സവിശേഷതകൾ നിറഞ്ഞതാണ് ഇവിടം. ഇലച്ചാറുകളുടെ നിറച്ചാർത്തിൽ ശ്രീരാമൻറെ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രംഗങ്ങൾ കൊട്ടാരത്തി​െൻറ പള്ളിയറയിൽ ചിത്രീകരിച്ചിരിക്കുന്നു. മറ്റു പ്രധാന മുറികളിൽ ഗണപതി, വിഷ്ണു, അർധനാരീശ്വരൻ, ശിവപാർവതി തുടങ്ങിയ ഭക്ത പൂർണമായ ചിത്രങ്ങളും. അന്ത: പുരയിലെ മുറികളിൽ കൃഷ്ണലീല, ശിവനും, മോഹിനിയും, ഗോവർദ്ധനാരികൃഷ്ണൻ, ശിവപാർവതി  ചിത്രങ്ങൾ എന്നിവയുമാണ് വരച്ചിരിക്കുന്നത്.

ടിപ്പു സുൽത്താ​​െൻറ രേഖാചിത്രവും കൊട്ടാരത്തിലുണ്ട്. മരം കൊണ്ടുള്ള മച്ചുകളാണ് ഒന്നാം നിലയുടെ തറകൾ, പള്ളിയറയും,അണ്ടർ ഗ്രൗണ്ട് മുറികളും ഗ്യാലറികളുമെല്ലാം കൊട്ടാര കാഴ്ചകളെ മനോഹരമാക്കുന്നു.. രാജ കുടുംബ ദേവതയായ പഴയന്നുർ ഭഗവതി ക്ഷേത്രം കൊട്ടാരത്തിലെ നാലുകെട്ടിനകത്താണ്. കൂടാതെ മഹാവിഷ്ണു, ശിവക്ഷേത്രങ്ങളും കൊട്ടാരവളപ്പിലുണ്ട്. 1951 ൽ സംരക്ഷിത സ്മാരകമാക്കി കേന്ദ്ര പുരാവസ്തു വകുപ്പ് കൊട്ടാരം ഏറ്റെടുത്തു. ചുമർ ചിത്രങ്ങൾക്കൊപ്പം.രാജഭരണകാല നാണയ ങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, പല്ലക്കുകൾ,  ചരിത്രരേഖകൾ തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

Loading...
COMMENTS