Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകാറ്റായലഞ്ഞ്​,...

കാറ്റായലഞ്ഞ്​, മഞ്ഞിലലിഞ്ഞൊരാൾ

text_fields
bookmark_border
കാറ്റായലഞ്ഞ്​, മഞ്ഞിലലിഞ്ഞൊരാൾ
cancel
camera_alt????? ????? ?????????????????????? ?????? ???????? ???? ????

സഞ്ചാരി, ഡോക്​ടർ, കർഷകൻ... യാത്രാപ്രേമികൾക്കിടയിലെ‘ജിന്നായ’ കടലുണ്ടിക്കാരൻ ബാബു സാഗർ ഇതെല്ലാമാണ്​. സന്ദർശിച്ച 25ലധികം രാജ്യങ്ങളിൽ ഇതുവരെ അനുഭവിച്ചറിയാത്ത എന്തോ ലഹരി ഒളിപ്പിച്ച്​ വെച്ചിരിക്കുന്ന മഞ്ഞുകണങ്ങളിലേക്കൊരു യാത്രക്കൊരുങ്ങുകയാണ്​ ബാബുക്ക. അതേക്കുറിച്ച്​...

18ാം വയസിലാണ്​ കടലുണ്ടിക്കാരൻ ബാബു സാഗറിന്​ ആ രോഗം പിടിപെടുന്നത്​. അതിന്​ മരുന്നുതേടി സ്വന്തം RX100 ബൈക്കോടിച്ച്​ അയാൾ വെച്ചുപിടിച്ചത്​ ലഡാക്കിലേക്ക്. കാറ്റിനോട്​ കാര്യം ചൊല്ലി, മഞ്ഞിനോട്​ പ്രണയം മന്ത്രിച്ച്​ ആ യാത്ര ഇന്നും തുടരുകയാണ്​. ‘ഇനിയും ആ മരുന്ന്​ കണ്ടെത്തിയില്ല. ഡോക്​ടർ ജോലി വലിച്ചെറിഞ്ഞ്​ കാടും മേടും കയറിയിറങ്ങുന്നതിന്​ നാട്ടുകാർ പറയുംപോലെ വട്ടല്ല എ​​​​െൻറ രോഗം. അസ്​ഥിക്ക്​ പിടിച്ച യാത്രാജ്വരമാണ്​. മരുന്നില്ലെന്ന് അറിഞ്ഞും ഞാൻ പ്രണയിക്കുന്ന രോഗം’- ബാബു സാഗർ പറയു​േമ്പാൾ ഇളംകാറ്റിൽ ഇലകളാടുന്നുണ്ടായിരുന്നു. അതെല്ലാം സമ്മതിച്ച്​ തരുംപോലെ...

എവറസ്​റ്റ്​ യാത്രയ്​ക്കിടയിൽ ബാബു സാഗർ

ട്രാവൽ ആൻഡ്​ ടൂറിസം പഠിക്കാൻ കൊതിച്ച , പ്രകൃതിയെ സ്നേഹിച്ച ഒരുവനെ വീട്ടുകാർ നിർബന്ധിച്ച്​ ഡോക്​ടറാക്കിയ കഥയിലെ നായകനാണ്​ ബാബു സാഗർ. സ്​റ്റെതസ്കോപ്പ് രോഗികളുടെ നെഞ്ചത്ത് വെക്കു​േമ്പാൾ കേട്ടത്​ മുഴുവൻ സ്വന്തം ഇഷ്​ടം ബലികഴിച്ചൊരുവ​​​െൻറ ഹൃദയമിടിപ്പാണ്​. പ്രകൃതിയാണ്​ പ്രതിവിധിയെന്ന്​​ അറിഞ്ഞിട്ടും മരുന്നുകൾ എഴുതികൊടുക്കേണ്ടി വന്നപ്പോൾ താൻ ഇട്ടിരിക്കുന്നത്​ ചേരാത്ത കുപ്പായമാണെന്ന്​ തിരിച്ചറിഞ്ഞൊരുവൻ. 18ാം വയസ്സിൽ നടത്തിയ യാത്രയിൽ മനസ്സിൽ കയറി കൂടിയ മണാലിയെന്ന സ്വപ്​നഭൂമികയായി പിന്നെ ഡോക്​ടറുടെ ‘ക്ലിനിക്​’. രോഗിയും ചികിത്സകനും ഒരേ ആൾ ആയ ലോകത്തിലെ ഏക ക്ലിനിക്​.

ഹിമാലയ യാത്രയിൽ

ഡോക്​ടർ ആയിരുന്ന ഉപ്പ മുഹമ്മദി​​​െൻറ​ മകനും ഡോക്​ടർ ആകണമെന്ന ആഗ്രഹം ഇപ്പോൾ നിറവേറുന്നത്​ ഇങ്ങനെയാണെന്ന്​ മാത്രം. 20 വർഷം മുമ്പ് ബംഗളുരുവിൽ ബി.എസ്‍സി മൈക്രോബയോളജിക്ക്​ പഠിക്കു​േമ്പാളാണ്​ ഒരു മാഗസിനിൽ നിന്ന്​ വായിച്ചറിഞ്ഞ ലഡാക്കിലേക്ക്​ ബാബു ബൈക്കുമെടുത്ത്​ ഇറങ്ങുന്നത്​. മണാലി വഴിയുള്ള യാത്രയിൽ മഞ്ഞിൽ കുരുങ്ങി കുറേനാൾ അവിടെ കഴിയേണ്ടി വന്നതോടെ പ്രണയമായി ആ മഞ്ഞുമണ്ണിനോട്​. ഭക്ഷണവും വഴിച്ചെലവി​​​െൻറ കാശ​ും ഒക്കെ കൊടുത്ത്​ ഒരമ്മൂമ്മയാണ് സഹായിച്ചത്​. ആ യാത്രയിലെ അനിശ്​ചിതത്വം, അപകടം, ആകാംക്ഷ ഇതെല്ലാം ബാബു കാര്യമായെടുത്തില്ലെങ്കിലും വീട്ടുകാർക്ക്​ അതിനായില്ല. മകനെ എട്ട്​ വർഷ​ത്തേക്ക്​ അവർ റഷ്യയിൽ പഠനത്തിനയച്ചു. യൂറോപ്പ് ട്രിപ്പി​​​െൻറ പേരിൽ ഉപ്പയും ഉമ്മയും അറിയാതെ ഓരോ വർഷവും മണാലിയെന്ന സ്വപ്നഭൂമിയെ ബാബു തൊട്ടറിഞ്ഞു. ഒരു കൊല്ലവും മുടങ്ങാത്തൊരു തീർഥ യാത്ര പോലെ... ഒരു വർഷവും മുടക്കം വരുത്തിയില്ല. പഠനകാലത്ത് ഒരിക്കൽ മാത്രമാണ് ആ യാത്ര തുടങ്ങിയത്. 2013ൽ ഉപ്പ മരിച്ച​പ്പോൾ.

‘ബാബുഷ്​ക’യുടെ ഏദൻതോട്ടം
ഡോക്​ടർമാരുടെ കുടുംബം ബാബുവിന് പങ്കാളിയായി കണ്ടെത്തിയതും ഒരു ഡോക്​ടറെയായിരുന്നു. മകനും മരുമകളും സ്വന്തം ആശുപത്രി നോക്കി നടത്തണമെന്ന ഉപ്പയുടെ ആഗ്രഹത്തിന്​ കുറച്ചുനാൾ വഴങ്ങി കഴിഞ്ഞ ശേഷമാണ്​ ബാബു മനസി​​​െൻറ വിളിക്കുത്തരം നൽകി മണാലിയിലെത്തുന്നത്​. റഷ്യൻ രുചി നാവിലൂറിക്കുന്ന ‘ബാബുഷ്​ക’ എന്ന റസ്​റ്റോറൻസ്​ തുടങ്ങിയായിരുന്നു കടന്നുവരവ്​. എട്ട്​ വർഷത്തിൽ പഠിച്ചെടുത്ത റഷ്യൻ സംസ്​കാരവും റഷ്യൻ കൂട്ടുകളുടെ രഹസ്യവും തുണച്ചതോടെ സംഭവം ക്ലിക്കായി. റഷ്യൻ ഭാഷയിൽ മുത്തശ്ശി എന്നാണ്​ ‘ബാബുഷ്​ക’യുടെ അർഥം. ത​​​െൻറ ജീവിതത്തിൽ വിവിധ ഘട്ടങ്ങളിൽ സഹായിച്ച മണാലിയിലേയും റഷ്യയിലേയുമൊക്കെ സ്ത്രീകളെ-‘മുഖം ചുളിഞ്ഞ സുന്ദരിമാരെ’- ഒാർക്കാനാണ്​ ആ പേരിട്ടത്​. പ്രശസ്​തിയും ലാഭവും കൂടുന്നതു കണ്ട റെസ്റ്റോറന്റ് ഉടമസ്ഥൻ അതു തിരിച്ചുപിടിച്ചതോടെ ബാബു ഇല്ലാത്ത ‘ബാബുഷ്ക ’ റഷ്യൻതനിമയോടെ നിലനിൽക്കുന്നു.

ആപ്പിൾ തോട്ടത്തിൽ വിളവെടുക്കുന്ന ബാബു സാഗൾ

‘ദിനേന ആപ്പിൾ, ഡോക്​ടറെ അകറ്റു’മെന്ന ബോധത്തെ ‘വെല്ലുവിളിച്ച്​’ ആപ്പിളിന്​ ഇടയിലേക്കായിരുന്നു ഡോക്​ടറ​ുടെ യാത്ര. ഇപ്പോൾ 13 ഏക്കർ ആപ്പിൾതോട്ടമടങ്ങിയ ബാബുവി​​​െൻറ ഫാം ഹൗസിൽ പശുക്കൾ കോഴികൾ ,നായകൾ, ചെമ്മരിയാടുകൾ തുടങ്ങിയവയെല്ലാം ഉണ്ട്​. പിന്നെ ചെറി തോട്ടം , പച്ചക്കറി തോട്ടം, വിവിധ ജാതി ഫല വൃക്ഷങ്ങൾ...ഒത്തിരിജീവികൾക്ക് ഇടമായി മണാലിയിലെ ഇൗ ഏദൻ തോട്ടത്തിൽ. ആപ്പിൾത്തോട്ടത്തിനു നടുവിൽ മൂന്നുനിലയിലായി ഇവിടെയൊരു മരവീടുണ്ട്​- ചുറ്റിലും ‘ബാബൂസ് ഇഫക്​ടു’മായി. ആ ഫാം ഹൗസി​​​െൻറ 13 ഏക്കറിലും പ്രകൃതിദത്തമോ പ്രകൃതിക്കിണങ്ങുന്നതോ അല്ലാത്ത ഒന്നും കാണാനാകില്ല. തന്നെ സ്​നേഹിച്ച ബാബുവിനെ തൊട്ടതെല്ലാം പൊന്നാക്കി മണ്ണും സ്​നേഹിച്ചു.

ബാബു സാഗറിന്‍െറ ആപ്പിൾത്തോട്ടത്തിൽ എത്തിയ നടൻ ഇന്ദ്രൻസ്​

യാത്ര അനന്തമാം യാത്ര
‘യാത്രയെന്നത് ഞാൻ മരിക്കുന്നിടത്തോളം വിട്ടുപോകാത്തൊരു ലഹരിയാണ്​. ഒന്നിനും അതിൽ നിന്നും എന്നെ തടയാനാകില്ല.’ ബാബുക്കയുടേത്​ വെറുംവാക്കല്ല. 25ലധികം രാജ്യങ്ങളാണ്​ ഇതിനകം സന്ദർശിച്ചത്​. യാത്രകളിൽ സ്വയം അടയാ​ളപ്പെടുത്തു​ന്നതിന്​ വിമാനം മുതൽ സൈക്കിൾ വരെ ബാബുക്കക്ക്​ കൂട്ടായി. ഈ അടുത്ത കാലത്ത് മണാലിയിൽ നിന്ന് കടലുണ്ടിയിലേക്ക് യാത്ര ചെയ്​തത്​ ലിഫ്റ്റുകൾ മാത്രം സംഘടിപ്പിച്ചാണ്​. വളരെയധികം മനുഷ്യരെ നേരിൽ പഠിക്കാനും ആ യാത്ര ഉപകാരപ്പെട്ടു.

എവറസ്​റ്റ്​ യാത്രയിൽ ബാബു സാഗർ

ഇപ്പോൾ അദ്ദേഹത്തി​​​െൻറ മനസ്സിലൊരു സ്വപ്​ന പദ്ധതിയുണ്ട്​-പെർമാ കൾച്ചർ. അതി​​​െൻറ ബാലപാഠങ്ങൾ ഫാം ഹൗസിൽ തുടങ്ങിയും കഴിഞ്ഞു. ഒരു കൂട്ടം വിദേശികൾ ഒന്നിച്ചു വന്ന് ഫാമിൽ താമസിക്കും .ഓരോരുത്തരും അവരുടെ തൊഴിൽപരമായ വിജ്ഞാനം മറ്റുള്ളവർക്ക് പകർന്നു നൽകും .തുടർന്ന് അവർ ഒരുമിച്ച് എന്താണോ പഠിച്ചത് അത് പ്രയോഗിച്ച് പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കും. ഇതാണ് പെർമകൾച്ചർ. യാത്രകളിൽ ധാരാളം പരീക്ഷണങ്ങൾ നടത്തുന്ന ‘ജിന്നിന്​’ അതുകൊണ്ടുതന്നെ ഈ രംഗത്ത് ആരാധകർ നിരവധിയാണ്​. മണാലിക്കാരെയും കൈയിലെടുത്തത്​ കൊണ്ട്​ അവിടുത്ത്കാർക്ക് ഡോക്ടർ ഭയ്യ കൂടിയാണ്. ഇടയ്ക്കിടയ്ക്ക് അവിടുത്തുകാരെ സൗജന്യമായി ചികിത്സിക്കാൻ ഡോക്ടറുടെ കുപ്പായം അണിയാറുമുണ്ട്​.

ഐസാ... എന്നെ ചതിക്കില്ല...
കണ്ടതെല്ലാം മനോഹരമെന്നറിഞ്ഞ്​, കാണാത്ത ആ അതിമനോഹാരിതയെ തേടിയിറങ്ങാൻ ഒരുങ്ങുകയാണ്​ ബാബു സാഗറിപ്പോൾ. മനുഷ്യശരീരം തണുത്തുറഞ്ഞ് ഐസ് കട്ടയായി പരിണമിക്കുന്ന ഉത്തര ധ്ര​ുവത്തിലെ തണുപ്പിനെ പ്രണയിക്കാൻ ആർട്ടിക്ക് പോളാർ എക്സ്പഡിഷനുള്ള​ തയാറെടുപ്പിലാണ്​. ​

നടൻ ഇന്ദ്രൻസിനൊപ്പം ബാബു സാഗർ

ഫിയാൽ റാവൻ എന്ന സ്വീഡിഷ് കമ്പനിയാണ് ഈ എക്സ്പെഡിഷൻ നടത്തുന്നത്. 20 പേർക്ക്​ മത്സരത്തിൽ പങ്കെടുക്കാം. ഏത് കൊടിയ തണുപ്പിനേയും അതിജീവിക്കുന്ന സജ്ജീകരണങ്ങളുണ്ട്​. സൈബീരിയൻ ഹസ്കി ഇനത്തിലുള്ള നായ കെട്ടിവലിക്കുന്ന 200 കിലോമീറ്റർ റൈഡ്​, ട്രക്കിങ്​, അഡ്വഞ്ചർ റൈഡ് ഇതെല്ലാമുണ്ട്​. ഒാൺലൈൻ വോട്ടിങിലൂടെയാണ്​ മത്സരാർഥിക​ളെ തെരഞ്ഞെടുക്കുന്നത്​. ഇന്ത്യയിൽ നിന്ന്​ നിലവിൽ ആന്ധ്രസ്വദേശിക്ക്​ പിന്നിൽ രണ്ടാം സ്​ഥാനത്താണ്​ ബാബുസാഗർ.

https://polar.fjallraven.com/contestant/id=4934
എന്ന ലിങ്കിൽ ഇൗമാസം 15 വരെ വോട്ട്​ രേഖപ്പെടുത്താം. മലയാളികൾ മാത്രംവിചാരിച്ചാൽ തനിക്ക്​ അവിടെ മൂവർണ പതാക പാറിക്കാം എന്ന്​ പറയുന്നു ബാബു സാഗർ. ‘പൂർവ്വകാല അനുഭവങ്ങൾ, അപകടങ്ങൾ, ഹിമപാതം ഒക്കെ ചൂണ്ടിക്കാട്ടി പലരും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊന്നും എന്നെ പിന്നോട്ട് വലിക്കില്ല. ഹിമാലയവും ഏവറസ്​റ്റും കടന്ന കാലടികളാണിത്​. ഉത്തര ധ്ര​ുവത്തിൽ കട്ടി ഐസാ... പക്ഷേ അതെന്നെ ചതിക്കില്ല. എന്‍െറ മകളുടെ പേരാണത്​- ​ഐസാ...’

ബാബു സാഗറിന്​ വോട്ടു ചെയ്യാൻ ഇവിടെ ക്ലിക്കൂ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueadventure travelOnline PollingNorth Pole Expedition
News Summary - A Malayali Traveller seek vote for North pole expedition - Travelogue
Next Story