34 ദിവസവും മനക്കരുത്തും; ​സൈക്കിളിൽ ഹിമാലയംതൊട്ട്​ ഹാരിസും സാദിഖലിയും

22:05 PM
20/09/2019
വേങ്ങര: ഉയരങ്ങൾ കീഴടക്കാനുള്ള മനക്കരുത്തുമായി സൈക്കിളിൽ വേങ്ങര മുതൽ ഖർദുങ്​ ലാ വരെ യാ​ത്രതിരിച്ച യുവാക്കൾക്ക്​ സ്വപ്​നസാഫല്യം. വേങ്ങര പത്തുമൂച്ചി ആട്ടക്കുളയൻ ഹംസയുടെ മകൻ ഹാരിസും (23) കൂട്ടുകാരൻ തിരൂരങ്ങാടി താഴെച്ചിന നല്ലാട്ടുതൊടിക സാദിഖലിയുമാണ് (25) 10ലധികം സംസ്ഥാനങ്ങൾ താണ്ടി ഹിമാലയത്തി​​​െൻറ നെറുകയിൽ എത്തിയത്. 34 ദിവസം കൊണ്ടാണ് ഇവർ വേങ്ങരയിൽ നിന്ന്​ ഇന്ത്യൻ അതിർത്തിയായ ​േലയിൽ സൈക്കിളിലെത്തിയത്.

കേരളത്തിൽ നിന്ന്​ തുടങ്ങി കർണാടക, ഗോവ, മഹാരാഷ്​ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ വഴിയാണ് ജമ്മു കശ്മീരിലെത്തിയത്. ദിനേന ശരാശരി 200 കിലോമീറ്റർ ദൂരമാണ് താണ്ടിയത്. എന്നാൽ, ഹരിയാന കഴിഞ്ഞതോടെ അത് 80 ആയി ചുരുങ്ങി. കയറ്റങ്ങൾ, കൊടുംവളവുകൾ, ഒരു ഭാഗം ഉയർന്ന മലനിരകൾ, മറുഭാഗം അഗാധ ഗർത്തങ്ങൾ, ചിലയിടങ്ങളിൽ റോഡു തന്നെയില്ല.

ഇങ്ങനെയും ചില ഭൂവിഭാഗങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നു കാണുമ്പോൾ കേരളം തന്നെയാണ് ദൈവത്തി​​​െൻറ സ്വന്തം നാടെന്ന ചിന്തയാണ് ഇരുവരെയും മുന്നോട്ടു നയിച്ചത്. ശക്തമായ ഒഴുക്കിലൂടെ സൈക്കിളുമായി നദികൾ മുറിച്ചുകടക്കേണ്ടതടക്കം ദുർഘട പാതകൾ മറികടക്കാനായത്​ തദ്ദേശീയരുടെ അകമഴിഞ്ഞ സഹായം കൊണ്ടാണെന്ന്​ ഹാരിസ് സാക്ഷ്യപ്പെടുത്തുന്നു. റോത്തങ്​ പാസ്, തങ്​ലാങ്​ ലാ പാസ് തുടങ്ങിയ ചുരങ്ങൾ വഴിയുള്ള യാത്രകൾ പ്രത്യേക അനുഭവങ്ങളാണ് പകർന്നത്. യാത്ര ഖർദുങ്​ ലാ ടോപ്പിൽ എത്തിയപ്പോൾ ലോകം തന്നെ കീഴടക്കിയ അനുഭൂതി.

കേരളം വിട്ടതോടെ കിടന്നുറങ്ങിയത് പെട്രോൾ പമ്പുകളിലും ക്ഷേത്രങ്ങളിലും. 34 ദിവസത്തെ യാത്രക്കിടയിൽ വെറും ആറു ദിവസം മാത്രമാണ് താമസിക്കാൻ മുറിയെടുത്തത്. കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്​റ്റാൻഡ്​ പരിസരത്ത് വേങ്ങര റൈഡേഴ്സ് ടീം ഒരുക്കിയ സ്വീകരണത്തിൽ പ്രസ് റിപ്പോർട്ടേഴ്സ് ഫോറം​ പ്രസിഡൻറ്​ കെ.കെ. രാമകൃഷ്ണൻ ഉപഹാരം നൽകി. 
 
 
Loading...
COMMENTS