ലണ്ടനിൽ നിന്ന്​ മലയാളി വരുന്നു, കാറോടിച്ച്​ കൊച്ചിയിലേക്ക്​

  • 55 ദിവസം കൊണ്ട്​ ലണ്ടനിൽനിന്ന്​ കാറോടിച്ച്​ കൊച്ചിയിലെത്താനാണ്​ മലയാളിയായ മാധ്യമ പ്രവർത്തകൻ രാജേഷ്​ കൃഷ്​ണയുടെ പ്ലാൻ..

11:31 AM
28/04/2018
(ഡിസൈൻ: സജീഷ്​ നാരായണ​ൻ)

കൊച്ചിയിൽ നിന്ന്​ കാറോടിച്ച്​ ലണ്ടനിലേക്ക്​ പോയ ആ മൂന്നു മലയാളികൾ ചരിത്രം കുറിക്കുകയായിരുന്നു. ലാൽ ​േജാസും ബൈജു നായരും സ​ുരേഷ്​ ജോസഫും.  മറ്റൊരു മലയാളി കൂടി ഇൗ ചരിത്ര പാതയിലൂടെ വണ്ടിയോടിക്കാൻ ഇറങ്ങുകയാണ്​. തിരികെ, ലണ്ടനിൽനിന്ന്​ കൊച്ചിയിലേക്കാണ്​ ഇൗ യാത്ര. ലണ്ടനിൽ മാധ്യമ പ്രവർത്തകനും ലോക കേരള സഭ അംഗവുമായ രാജേഷ്​ കൃഷ്​ണയാണ്​ ഇൗ ചരിത്ര യാത്രയ്​ക്കിറങ്ങുന്നത്​. ജൂൺ ഒന്നിന്​ ലണ്ടനിൽ നിന്നാരംഭിക്കുന്ന യാത്ര 55 ദിവസം കൊണ്ട്​ 20,000 കിലോ മീറ്റർ താണ്ടി കൊച്ചിയിലെത്താനാണ്​ ഉദ്ദേശിക്കു​ന്നത്​. ബ്രെയിൻ ട്യൂമർ ബാധിച്ച കുട്ടികളുടെ ചികിത്സ നടത്തുന്ന റയൻ നൈനാൻ ചിൽഡ്രൻസ്​ ചാരിറ്റിക്കുവേണ്ടിയാണ്​ ഇൗ യാത്ര.

ലണ്ടനിൽ നിന്ന്​ തുടങ്ങി ഫ്രാൻസ്​, ബെൽജിയം, ജർമനി, ഒാസ്​ട്രിയ, സ്ലോവാക്യ, ഹംഗറി, സെർബിയ, ബൾഗേറിയ വഴി തുർക്കിയിലൂടെ ഇറാനിലേക്കും അവിടെനിന്ന്​ പാക്കിസ്​ഥാനിലൂടെ വാഗാ അതിർത്തി കടന്ന്​ ഇന്ത്യയിലേക്കുമാണ്​ യാത്ര പ്ലാൻ ചെയ്​തിരിക്കുന്നത്​. ത​​​​​​​െൻറ യാത്രയുടെ വിശദാംശങ്ങൾ രാജേഷ്​ കൃഷ്​ണ ‘മാധ്യമം ഒാൺലൈനു’മായി പങ്കുവെക്കുന്നു....

ഓർമ്മയിലെ ആദ്യത്തെ ദൂരയാത്ര അച്ഛ​ൻറെ അച്ഛനെ മെഡിക്കൽ കോളജിൽ ഒരു ചെക്കപ്പിന് കൊണ്ടുപോയപ്പോൾ തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയാണ്. അന്നാണ് ആദ്യമായ് പത്​മനാഭസ്വാമി ക്ഷേത്രത്തിൽ പോയതും. പിന്നീട് 1986ൽ അമ്മാവൻ ടി.കെ.ജി നായർ, ലോനപ്പൻ നമ്പാടൻ മാഷുടെ പ്രൈവറ്റ് സെക്രട്ടറി ആയപ്പോൾ എല്ലാ അവധിക്കാലത്തും കുറേ ദിവസം തിരുവനന്തപുരത്തായി ജീവിതം. അമ്മാവൻറെ താമസം ജവാഹർ നഗറിൽ ആയിരുന്നു. എന്നാൽ അന്നേ തനിയെ ബസ്സിൽ യാത്രചെയ്ത് തിരുവന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളും കറങ്ങി എന്നിലെ യാത്രാപ്രേമിയെ ഞാൻ അറിയാതെതന്നെ രൂപപ്പെടുത്തി.

വീട്ടിൽ വരുത്തിയിരുന്ന ‘സോവിയറ്റ് യൂണിയൻ’ എന്നൊരു മാഗസിനിലെ പടങ്ങൾ കണ്ടാണ് ഇങ്ങനെയും ഒരു ലോകം എൻറെ പത്തനംതിട്ടയ്ക്കും അപ്പുറത്തുണ്ടെന്ന്​ ഞാൻ അറിഞ്ഞു തുടങ്ങിയത്. ഏതോ ക്വിസ് മത്സരത്തിന് ആദ്യമായി സമ്മാനം കിട്ടിയതും ആദ്യമായി വായിച്ചതും ഒരു റഷ്യൻ പശ്ചാത്തലമുള്ള പുസ്​തകമായിരുന്നു. ‘യൂറിഗഗാറിൻ’. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആദ്യ ബഹിരാകാശ യാത്രികനെക്കുറിച്ച് സി.ജി. ശാന്തകുമാർ എഴുതിയ പുസ്തകമാണെന്നു തോന്നുന്നു. പിന്നെ വായിച്ചത് ‘റഷ്യൻ നാടോടിക്കഥകളും മൂന്നു തടിയന്മാരും’. പ്രഭാത് ബുക്ക് ഹൗസി​ൻറെ ആയിരുന്നു മിക്ക റഷ്യൻ കഥകളും. വോൾഗയും സ​​​​​​െൻറ്​ പീറ്റേഴ്‌സ്ബർഗും പമ്പയെക്കാളും തിരുവനന്തപുരത്തേക്കാളും പരിചിതമായിരുന്നു. അച്ഛൻറെ ഒപ്പം ശാസ്താംകോട്ട ഡി.ബി കോളജിൽ പഠിപ്പിച്ചിരുന്ന വാസുദേവൻപിള്ള സർ എഴുതിയ നെപ്പോളിയനെക്കുറിച്ചുള്ള പുസ്തകവും യൂറോപ്പ് എന്ന എൻറെ ആഗ്രഹത്തിന് ആക്കം കൂട്ടി. എന്താണ് ഇംഗ്ലണ്ട് എന്ന രാജ്യത്തോട് എന്നെ ചേർത്തു കെട്ടിയത് എന്നു കൃത്യമായി അറിയില്ല. ആദ്യ വിദേശയാത്ര ഇംഗ്ലണ്ടിലേക്കായിരുന്നു. എന്തായാലും പിന്നീടുള്ള ബി.ബി.സി കാലത്തെ യാത്രകൾ കേക്കിനു മുകളിൽ ചെറി എന്നപോലെ മധുരതരമായ ബോണസ് ആയി.

കലാലയ കാലഘട്ടത്തിൽ കെ.എൽ.ബി 2780 എന്ന എൻറെ ശരീരത്തിന്റെ ഭാഗമായ ബുള്ളറ്റ് ആയിരുന്നു എൻറെ യാത്രകൾക്ക് ആക്‌സിലറേറ്റർ പകർന്നത്. ഞങ്ങൾ പോകാത്ത വഴികളില്ല, കോയമ്പത്തൂരും ബംഗളൂരും ഗോവയും എന്ന് വേണ്ട അക്കാലത്തു തെക്കേ ഇന്ത്യ മൊത്തം കറങ്ങി. പ്രധാന വഴികളേക്കാൾ എനിക്കെന്നും പ്രിയം ഇടവഴികളായിരുന്നു. 2002 മുതൽ ബ്രിട്ടീഷ് ബൈക്ക് /കാർ റാലി ഗ്രൂപ്പായ ‘എൻഡ്യൂറോ ഇന്ത്യ’യുടെ ഭാഗമാകാൻ കഴിഞ്ഞതോടെ എൻറെ യാത്രകൾക്ക് ചിറകുകൾ വച്ചു. എൻറെ സഹോദര തുല്യനായ സൈമൺ സ്മിത്തിന് നന്ദി. എൻഡ്യൂറോ ഹിമാലയയും എൻഡ്യൂറോ ആഫ്രിക്കയും കംബോ എൻഡ്യൂറോയും ബൊളീവിയൻ എൻഡ്യൂറോയും ആർട്ടിക് എൻഡ്യൂറോയും ആയിരുന്നു അവരുടെ മറ്റ് യാത്രകൾ. അതിൽ ഏറ്റവും വിലകൂടിയതും വെല്ലുവിളി ഉയർത്തിയതും ആർട്ടിക് എൻഡ്യൂറോ ആയിരുന്നു. പാരമ്പര്യ സ്വത്തായി ആസ്​ത്​മ കൂട്ടിനുള്ള എനിക്ക് ആർട്ടിക് യാത്ര കഴിയുമോ എന്ന സംശയത്തിൽ നിൽക്കുമ്പോൾത്തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായാഘട്ടത്തിലാണ് അവർ ആ കമ്പനി പൂട്ടി കെട്ടുന്നത്. അതൊരു വലിയ നഷ്ടമായി ഇന്നും അവശേഷിക്കുന്നു.

പറഞ്ഞുവന്നത് ഞാനും, ജീവിതത്തിലെ, ഏറ്റവും വെല്ലുവിളിയുയർത്തുന്ന, ‘ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’ എന്നു പറയാവുന്ന ഒരു യാത്രക്ക് തയാറെടുക്കുകയാണ്. ലണ്ടനിലെ എൻറെ വീട്ടിൽനിന്നും നാട്ടിലെ എൻറെ വീട്ടിലേക്ക്. സാധാരണ പോകുന്നതുപോലെ ഫ്ലൈറ്റിൽ അല്ല ഇത്തവണത്തെ യാത്ര. 55ഒാളം ദിവസങ്ങൾ കൊണ്ട് റോഡ് മാർഗ്മാണ് ഇത്തവണത്തെ യാത്ര. ഫ്രാൻസ്, ബെൽജിയം, ജർമനി, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, സെർബിയ,  ബൾഗേറിയ വഴി തുർക്കിയിൽ എത്തും. അവിടെനിന്നും ഇറാൻ, പാകിസ്ഥാൻ വഴി വാഗാ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിക്കാനാണ്​ പ്ലാൻ പെയ്​തിരിക്കുന്നത്​. പ്ലാൻ ചെയ്തുള്ള ജീവിതത്തിലെ ആദ്യത്തെ യാത്ര ആയതുകൊണ്ടുതന്നെ പ്ലാനുകൾ തെറ്റാനും മാറിമറിയാനും ഒട്ടേറെ സാധ്യതകളുണ്ട്. യാത്ര തന്നെ പരാജയപ്പെട്ടേക്കാം.. എൻറെ ഫേസ്ബുക്കിലെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ആ പരാജയം ആഘോഷിക്കാനും ഒട്ടേറെ ആൾക്കാരുണ്ടാകും. പക്ഷേ, പരാജയത്തെ ഭയന്ന്​ എത്രനാൾ നമ്മൾ നമ്മുടെ വാൽമീകങ്ങളിൽ അടയിരിക്കും.

ബ്രെയിൻ ട്യൂമർ ബാധിതരായ കുട്ടികളെ സഹായിക്കുന്ന റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിക്ക് (http://www.rncc.org.uk) വേണ്ടിയാണ് യാത്ര. ഇതിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും അവർക്കുള്ളതാണ്. രാജേഷ് കൃഷ്ണ എന്ന പ്രൊഫൈലിലോ (https://www.facebook.com/londonrk) ലണ്ടൻ ടു  കേരള ബൈ റോഡ് (https://www.facebook.com/londontokerala) എന്ന പേജിലും യാത്രയുടെ പ്രാഥമിക വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
അപ്പോൾ കാണാം, കൂടെയുണ്ടാകണം....

രാജേഷ്​ കൃഷ്​ണ
 

 

Loading...
COMMENTS