മഴക്കുളിരും കോടമഞ്ഞുമായി ഗവി

20:00 PM
28/06/2019

ചിറ്റാർ: കാർമുകിലുകൾ മുടിക്കെട്ടി മഴ നനഞ്ഞ്​ കോടമഞ്ഞിൽ കുളിച്ചു നിൽക്കുകയാണിപ്പോൾ ഗവി. ഗവിയുടെ മഴക്കുളിര്​ നുകരാനും മഞ്ഞണിഞ്ഞ മലനിരകൾ കാണാനും സഞ്ചാരികൾ ഒഴുകിയെത്തുന്നു. തണുത്ത കാറ്റും ശുദ്ധവായുവും നിശ്ശബ്​ദതയും നിറഞ്ഞ നിലയിലാണിപ്പോൾ ഗവിയിലെ വനം. സീതത്തോട്​ പഞ്ചായത്തിൽപെടുന്ന ഗവിയിലെത്താൻ ഏകദേശം 100 കിലോമീറ്ററോളം വനയാത്ര ചെയ്യണം. ഗവി പെരിയാർ കടുവാ സങ്കേതത്തി​​െൻറ സംരക്ഷിത മേഖല കൂടിയാണിത്​. ഇടുക്കി ജില്ലയുമായി ഇടചേർന്നുകിടക്കുന്ന പ്രദേശം. കരിവീരന്മാരായ കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും കൂട്ടം എപ്പോഴും റോഡിലെ നിത്യകാഴ്ചയാണ്. 

ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസിൽ ഓൺലൈൻ വഴി ബുക്ക് ചെയ്തുവേണം ഗവിയിലേക്ക് എത്താൻ. ബുക്ക് ചെയ്യുന്നവർ രാവിലെ എട്ടിന്​ ടിക്കറ്റ് വാങ്ങി യാത്ര ആരംഭിക്കണം. രാവിലെ എത്തുന്നർക്ക്​ ആങ്ങമൂഴി കിളിയെറിഞാംകല്ലിനു സമീപത്ത് കക്കാട്ടാറിൽ കുട്ടവഞ്ചി സവാരി നടത്താം. സീതത്തോട് ഗ്രാമപഞ്ചായത്ത്​ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന കുട്ടവഞ്ചി സവാരിക്ക്​ പാസ് എടുക്കണം. 

കേരള വനം വികസന കോർപറേഷൻ സഞ്ചാരികൾക്ക് ഇവിടെ സൗകര്യമൊരുക്കുന്നുണ്ട്. ഒരു ദിവസത്തെ പകൽ സന്ദർശനം ആഗ്രഹിക്കുന്നവർക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 4.30വരെ ഗവിയിൽ ചെലവഴിക്കാം. പരിശീലനം ലഭിച്ച ഗൈഡി​​െൻറ സേവനം, ഗവി ഡാമിൽ ബോട്ടിങ്​, സുരക്ഷിത മേഖലകളിൽ ട്രക്കിങ്​, സൈക്ലിങ്​, മൂടൽ മഞ്ഞ് പുതച്ചുകിടക്കുന്ന ചെന്താമര കൊക്ക, ശബരിമല വ്യൂപോയൻറ്​, ഏലത്തോട്ട സന്ദർശനം എന്നിവക്ക്​ പ്രത്യേക പാക്കേജാണ്. പ്രഭാതഭക്ഷണം, ഉച്ചയൂണ്, വൈകുന്നേരത്തെ ചായ എന്നിവ ഇതിൽ ഉൾപ്പെടും. 

രാത്രി താമസം ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം ഉച്ചക്ക് രണ്ടു മുതൽ പിറ്റേന്ന് രണ്ടുവരെ ഗവിയിൽ തങ്ങാനുള്ള പാക്കേജുമുണ്ട്. രാവിലെ വനത്തിലൂടെ വാഹനസവാരിക്കും അവസരം കിട്ടും. രാത്രി വനത്തിൽ ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ ട​െൻറുകൾ സ്ഥാപിച്ചും സൗകര്യമൊരുക്കുന്നുണ്ട്. ബുക്കിങ്ങിന് www.kfdcecotourism.com


 

Loading...
COMMENTS