
കപ്പൽ പാറയും ഫോസിൽ ഗുഹയും
text_fields(തയാറാക്കിയത്: അൻസാർ കൊച്ചുകലുങ്ക്)
നോക്കെത്താദൂരം ശൂന്യമായ മരുഭൂമിയിൽ എന്ത് കാണാനെന്ന് ചോദിച്ചിരുന്നവരെ ഒക്കെ അത്ഭുതപ്പെടുത്തുന്നതാണ് സൗദിയിലെ ഓരോ മരുഭൂ സവാരികളും. നോക്കി നോക്കി നിൽക്കെ തെളിയുന്ന അത്ഭുത കാഴ്ചകളാണ് മരുഭൂമിയിലെ ഓരോ ലക്ഷ്യസ്ഥാനങ്ങളുമെന്നാണ് നിരന്തരം മരുഭൂ യാത്രകളും പുതിയ ലൊക്കേഷൻ ഹണ്ടിങ്ങും നടത്തുന്ന ദമ്മാമിലെ സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ് അംഗങ്ങൾക്ക് പറയാനുള്ളത്.
കഴിഞ്ഞദിവസം അവർ നടത്തിയ 53ാമത് യാത്ര അത്തരമൊരു വിസ്മയ കാഴ്ചയിലേക്കായിരുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയ സറാർ പ്രദേശത്തെ ‘ഷിപ് റോക്കും’ ‘ഫോസിൽ കേവും.’
നാരിയ - സറാർ റോഡിൽനിന്നും ഏകദേശം 10 കി.മീറ്റർ ഉള്ളിലായാണ് കപ്പലാകൃതിയിലെ പാറക്കെട്ട് സ്ഥിതിചെയ്യുന്നത്. കപ്പലിനോട് സാദൃശ്യമുള്ളതുകൊണ്ട് കിട്ടിയ പേരാണ് ‘ഷിപ് റോക്ക്’. അതാണ് മുഖ്യ ആകർഷണവും. ഒരാൾക്ക് ഇഴഞ്ഞു മാത്രം കയറാവുന്ന ഗുഹാവാതിലിലൂടെ 20 മീറ്ററെങ്കിലും ഉള്ളിലെത്തിയാൽ അവിടെനിന്ന് കിണറിെൻറ വലുപ്പമുള്ള മുകൾ ഭാഗം കാണാവുന്ന ഒരു ഇടുങ്ങിയ പ്രദേശത്ത് എത്തിച്ചേരും. അവിടെനിന്നും ഏണി, റോപ് എന്നിവയുടെ സഹായത്തോടെയാണ് ഷിപ് റോക്കിെൻറ മുകളിൽ എത്തേണ്ടത്. മുമ്പ് ഇവിടെ എത്തിയിട്ടുള്ള ഏതോ സാഹസികർ ഉറപ്പിച്ചതാണെന്നു തോന്നുന്ന ഏണിയും റോപ്പും മാത്രമാണ് കയറാനും ഇറങ്ങാനും ഉള്ള ഏക ആശ്രയം. പൗരാണിക ജനവാസ പ്രദേശമായിരുന്ന ഇവിടത്തെ പാറക്കുന്നുകളിൽ ഏറെ വലുപ്പമുള്ള അതിെൻറ മുകളിൽനിന്ന് നോക്കിയാൽ പ്രവിശാലമായ മണൽപരപ്പിെൻറ മനോഹരമായ കാഴ്ച ആസ്വദിക്കാം. ഒരു അസുലഭ അനുഭവമാണ്.
ഇവിടെ നിന്നും മരുഭൂമിയിലൂടെ 20ഓളം കി.മീറ്റർ സഞ്ചരിച്ചാൽ ‘ഫോസിൽ കേവ്’ എന്ന് അറിയപ്പെടുന്ന ഗുഹ സ്ഥിതിചെയ്യുന്ന ജബൽ ദുവൈമത്തിൽ(ദുവൈമത്ത് പർവതം)എത്താം. സൗദി നാഷനൽ ഹെറിറ്റേജും സൗദി ടൂറിസം വകുപ്പും അടയാളപ്പെടുത്തിയ അതി പ്രാധാന്യമുള്ള ഒരു ജിയളോജിക്കൽ സൈറ്റ് ആണിത്. 14 മുതൽ 17 വരെ ദശലക്ഷം വർഷം പഴക്കമുള്ള ‘മസ്തോദോൻ’ എന്ന മാമത് ഇനത്തിൽ പെട്ട ജീവിയുടെ ഫോസിൽ ഇവിടെയുള്ള ശിലകളിലെ പാളികളിൽ ഇപ്പോഴും കാണാൻ കഴിയും. ഫോസിൽ കേവിെൻറ ചില ഭാഗങ്ങൾ ഗവൺമെൻറ് വേലികെട്ടി നിയന്ത്രിത പ്രദേശമായി സംരക്ഷിച്ചിരിക്കുന്നു. അടരുകൾ പോലുള്ള അവിടത്തെ ശിലകൾ, ഉറപ്പുള്ള ശിലകൾ (Morphic Rocks) അല്ലെന്ന് പ്രാഥമിക നിരീക്ഷണത്തിൽനിന്നുതന്നെ മനസ്സിലാകും. സാൻഡ്സ്റ്റോൺ, ലൈം സ്റ്റോൺ ഇനത്തിൽപെട്ട അനവധി പാറക്കൂട്ടങ്ങൾ ഈ പ്രദേശങ്ങളിൽ കാണാൻ കഴിയും. ലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമത്തിലൂടെ ജലസാന്നിധ്യം വഴിമാറി ഒരു സമൃദ്ധ ഫോസിൽ ഇന്ധന പ്രദേശമായി എങ്ങനെ സൗദി അറേബ്യൻ ഉപദ്വീപ് മാറി എന്നതിെൻറ കൺമുന്നിലെ അടയാളമാണ് ഈ പ്രദേശം.
ഫോർ വീൽ ഡ്രൈവിെൻറ മാത്രം സഹായത്താൽ പോകാവുന്ന മരുഭൂമി യാത്ര മറ്റൊരു അനുഭവമാണ്. 16 വാഹനങ്ങളിൽ കോൺവോയ് രീതിയിൽ ഒട്ടകങ്ങളുടെയും തീറ്റപ്പുൽ കൃഷിപ്പാടങ്ങളുടെയും ഇടയിലൂടെയുള്ള യാത്ര അവിസ്മരണീയം. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായ ഉമ്മമാർ വരെ ഉൾപ്പെട്ട എഴുപതോളം വരുന്ന ഒരു വലിയ സംഘമായിരുന്നു ഇത്തവണത്തെ ട്രിപ്പിൽ. ഗൂഗ്ൾ മാപ്പിൽ മാർക്ക് ചെയ്തിട്ടുണ്ടെങ്കിലും വഴി അടയാളപ്പെടുത്താത്തതിനാൽ മരുഭൂമി പരിചയമില്ലാത്തവർക്ക് ഒറ്റക്കുള്ള യാത്ര പ്രയാസമാവും.
പ്രകൃതിയെ അതിെൻറ തനിമയോടെ അറിയുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദ യാത്രാ കൂട്ടായ്മയായ സഞ്ചാരി സൗദിയിൽ ഇത്തരം നിരന്തര യാത്രകൾ നടത്താറുണ്ട്. പൈലറ്റ് ട്രിപ്പിലൂടെ ലൊക്കേഷൻ ഹണ്ടിങ് നടത്തി ഉറപ്പുവരുത്തിയ പ്രദേശങ്ങൾ ആണ് യാത്രക്കായി തെരഞ്ഞെടുക്കുന്നത്. സാമ്പത്തികലാഭം ലക്ഷ്യമാക്കാതെ യാത്രയെ സ്നേഹിക്കുന്ന സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പിന് ലോകം മുഴുവനുമായി ഏഴുലക്ഷത്തിലധികം അംഗങ്ങളുണ്ട്. സൗദിയുൾപ്പെടെ എല്ലാ ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന പട്ടണങ്ങളിലും ഔദ്യോഗിക ഘടകങ്ങൾ ഉണ്ട്. ദമ്മാം ഘടകം ഏഴുകൊല്ലത്തിലധികമായി നിലവിലുണ്ട്. റിയാദിലും ജിദ്ദയിലുമാണ് മറ്റു ഘടകങ്ങളുള്ളത്. സൗദി അറേബ്യ മണൽകാടുകൾ മാത്രമുള്ള രാജ്യം അല്ലെന്നും വർണ മനോഹരമായ നിരവധി പ്രദേശങ്ങൾ ഉണ്ടെന്നും മലയാളികളെ കാട്ടിക്കൊടുക്കുന്നതിന് യാത്രകൾ കൊണ്ട് പരിശ്രമിക്കുന്ന കൂട്ടായ്മയാണ് സഞ്ചാരി. സാലിഹ് ഹൈദർ, സലിം ടാലിസൺ, ആഷിഫ് റഹീം എന്നിവരടങ്ങുന്ന അഡ്മിൻ പാനലാണ് യാത്രയെ നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
