തേക്കടിക്കിത് തിരക്കിന്റെ ദിനങ്ങൾ...
text_fieldsകുമളി: മധ്യവേനലവധിക്കാലത്തിനു ശേഷം വിദ്യാലയങ്ങൾ തുറക്കാനിരിക്കെ തേക്കടിയിൽ അവധി ആഘോഷിക്കാനെത്തിയവരുടെ തിരക്കിന് കുറവില്ല. തമിഴ്നാട്ടിലും സ്കൂൾ അവധി ആയതോടെ സഞ്ചാരികളുടെ വലിയ തിരക്കാണ് തേക്കടിയിൽ അനുഭവപ്പെടുന്നത്.
കുട്ടികളും കുടുംബാംഗങ്ങളുമായി എത്തുന്ന വിനോദസഞ്ചാരികളിൽ പലർക്കും ബോട്ട് ടിക്കറ്റ് ലഭിക്കാതെ മടങ്ങിപ്പോകേണ്ടിവരുന്നുണ്ട്. തേക്കടി തടാകത്തിലെ ബോട്ട് സവാരി, കാട്ടിനുള്ളിലെ ഹോട്ടലുകളിലെ താമസം, വനം വകുപ്പിന്റെ ഇക്കോ ടൂറിസം പരിപാടികൾ എന്നിവയിലെല്ലാം സഞ്ചാരികളുടെ തിരക്കുണ്ട്.
ഇതിനു പുറമേ സംസ്ഥാന അതിർത്തിയിലെ കമ്പത്തിനു സമീപത്തെ മുന്തിരിത്തോപ്പിലേക്കുള്ള യാത്രയും പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ ഗവി, സത്രം എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള യാത്രയും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു.
ജൂണിൽ സ്കൂൾ തുറക്കാനിരിക്കെ ഇനി ഒരാഴ്ച മാത്രമാണ് സഞ്ചാരികൾക്ക് മുന്നിലുള്ളത്. വിദ്യാലയങ്ങൾ തുറക്കുന്നതോടെ തിരക്കൊഴിയുന്ന തേക്കടിയിലേക്ക് മഴക്കാലം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളാണ് വരാറുള്ളത്. കാടിന്റെ തണുപ്പും മഴയും ആസ്വദിക്കാൻ ഇപ്രാവശ്യം കൂടുതൽ വിദേശ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ നിക്ഷേപകർ.