Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightഓർമതൻ വാസന്ത...

ഓർമതൻ വാസന്ത നന്ദനത്തോപ്പിൽ...

text_fields
bookmark_border
ഓർമതൻ വാസന്ത നന്ദനത്തോപ്പിൽ...
cancel
camera_alt

ലേഖിക ഭർത്താവിനൊപ്പം ഗീതൂണിൽ

ചെറുപ്പകാലത്ത് അമ്മാവൻ ഗൾഫിൽനിന്ന് കൊണ്ടുവന്ന കുഞ്ഞു കളിക്കാമറയിൽ ഫിലിം മാറ്റി കാണുന്നതിനിടക്ക് മനസ്സിൽ തങ്ങിയ കാഴ്ചയാണത്. ‘ഒരു പാടം നിറയെ പൂക്കളും ദൂരെമാറി ഒരു കാറ്റാടി യന്ത്രവും’. അന്ന് അത് സത്യമാണോ മിഥ്യയാണോ എന്നറിയുമായിരുന്നില്ല. കുഞ്ഞു മനസ്സിൽ കയറിക്കൂടിയ ആ കൗതുകം യാഥാർഥ്യം ആണെന്നറിഞ്ഞത് മുതൽക്ക് ഉള്ള വലിയ ഒരു ആഗ്രഹം ആയിരുന്നു, അതുപോലൊരു സ്ഥലം ഉണ്ടെങ്കിൽ നേരിൽ പോയി കാണണം എന്നത്.

ഇപ്പോൾ ആ സ്വപ്നത്തിന് നടുവിലാണ് ഞാൻ. ആ കുഞ്ഞുകാമറയിലെ വർണക്കാഴ്ചകൾ കണ്ണിനുമുമ്പിലെ വിശാലമായ കാൻവാസിൽ നീണ്ടുനിവർന്നങ്ങനെ കിടക്കുകയാണ്. ഓരോ തവണയും ക്ലിക്ക് ചെയ്യുമ്പോൾ മാറിവരുന്ന നിറപ്പകർച്ച പോലെ പലപല കാഴ്ചകൾ കണ്ണിനുമുമ്പിൽ മാറിമറിഞ്ഞുവരുന്നു. യാഥാർഥ്യങ്ങളുടെ ആ ചേതോഹര കാഴ്ചകളിലേക്ക് ഞങ്ങൾ സഞ്ചരിച്ചെത്തിയത് യൂറോപ്പിലെ വടക്കു പടിഞ്ഞാറു ഭാഗത്താണ്. കാർപെറ്റ് വിതാനിച്ച പോലൊരു സുന്ദര രാജ്യത്ത്. പൂക്കളും പുഴകളും പച്ചപ്പും അലങ്കരിച്ച പുതുമയാർന്ന കാഴ്ചകളുടെ തിരുമുറ്റത്ത്. വാക്കുകളാൽ വർണിക്കാൻ കഴിയാത്ത വിധം മനസ്സിലങ്ങിനെ പന്തലിച്ചു നിൽക്കുകയാണ് നെതർലാൻഡ്സ് എന്ന മനോഹരഭൂമിക.

ഈ കാഴ്ചകളിലേറെയും ഹൃദയത്തിൽ ചേർത്തുവെച്ചത് പ്രിയപ്പെട്ട വാഹനമായ മോട്ടോർ സൈക്കിളിൽ. ഗ്രാമങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ യാത്രയിലധികവും. ഇളം വെയിലും, നനുത്ത കാറ്റും, പല വർണങ്ങളാൽ പരന്നു കിടക്കുന്ന പൂപ്പാടങ്ങളും. കടുത്ത തണുപ്പിലങ്ങിനെ പ്രകൃതിയോടു സല്ലപിച്ചും പൂന്തോട്ടങ്ങളോട് കുശലം പറഞ്ഞും സാവധാനം. ഉടയ തമ്പുരാന് നന്ദി. കൂട്ടത്തിൽ, കൂടെ കൂട്ടിയ നല്ലപാതിക്കും.

തുലിപ് മാടിവിളിക്കുന്നു

പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ ഞങ്ങൾ പ്രാദേശിക സമയം ഉച്ചയോടെയാണ് നെതർലാൻഡ്സിൽ എത്തിയത്. ദുബൈയിൽനിന്ന് ഏകദേശം ഏഴു മണിക്കൂർ യാത്ര. ഷിപ്പോൾ എയർപോർട്ടിൽ ഇറങ്ങി പുറത്തേക്കു നോക്കിയതും കണ്ണ് നേരെ പോയത് ചുവപ്പിൽ മഞ്ഞകലർന്ന്, പാതി വിടർന്നു നിൽക്കുന്ന തുലിപ് പൂക്കളിലേക്കാണ്. അവ മാടി വിളിക്കുകയാണോ? ആളുകളെ വരവേൽക്കാനായി തന്നെ വെച്ചു പിടിപ്പിച്ചതാകണം. അടുത്ത് ചെന്ന് മെല്ലെയൊന്നു തലോടി. ചെറിയ ചൂടോടു കൂടിയ ഇളം വെയിൽ. പൂക്കളോട് ചേർന്നുനിന്ന് പുതുയാത്രയിലെ ആദ്യ പടം പിടിക്കാൻ ഭർത്താവിനോട് പറഞ്ഞു.

അല്ലാ.. ഇവിടെ തന്നെ നിന്നാൽ മതിയോ, താമസസ്ഥലത്തേക്ക് നീങ്ങാം ..? പല പല ഹോട്ടലുകളിലേക്കുള്ള ബസുകൾ വരുന്നുണ്ട്. അവയെല്ലാം ആളുകളെ നിറച്ചു തിരിച്ചുപോകുന്നു. ഞങ്ങൾ ബുക്ക്‌ ചെയ്ത ഹോട്ടലിലേക്കുള്ള ബസ് വരുന്നതിന് ഇനിയും 10 മിനിറ്റ് താമസമുണ്ട്. ഒരു സ്വപ്ന ഭൂവിൽ എത്തിയപോലെ ചുറ്റുപാടുകൾ നോക്കി ബസും കാത്തു എയർപോർട്ട് ബസ് സ്റ്റാൻഡിൽ നിൽപ്പായി.

കൃത്യ സമയത്തു തന്നെ ബസ് എത്തി. കുറച്ചു ദൂരം മാത്രമേ താമസ സ്ഥലത്തേക്ക് ഉള്ളൂ. ബിൽഡിങ് ബ്ലോക്ക്സ് വെച്ചു കളിക്കാൻ ഉണ്ടാക്കിയ പോലുള്ള കൊച്ചു ഹോട്ടൽ. അകം മനോഹരമായി വിതാനിച്ചിട്ടുണ്ട്. ലോബിയിൽ നിന്നും രണ്ട് പേരും ഓരോ കോഫി കഴിച്ചു. റൂമിൽ എത്തി ഫ്രഷ് ആയി വേഗം തന്നെ യാത്ര തുടങ്ങാം വെച്ചു. ടൗണിലേക്ക് ഇടയ്ക്കിടെ ബസ് ഷട്ടിൽ സർവീസ് ഉണ്ടെന്ന് റിസപ്ഷൻ നിന്നും പറഞ്ഞിരുന്നു. പിറ്റേന്ന് മുതൽക്കാണ് ബൈക്ക് വാടകക്ക് എടുത്തിട്ടുള്ളത്. അതുകൊണ്ട്, അന്നുതന്നെ നെതർലാൻഡ്സിന്‍റെ തലസ്ഥാന നഗരമായ ആംസ്റ്റർഡാം മൊത്തത്തിൽ ഒന്ന് ചുറ്റിയടിക്കാമെന്നുവെച്ചു.

ആംസ്റ്റർഡാം കാഴ്ചകൾ

വളരെ ചിട്ടയോടെ അടുക്കി ഒതുക്കി വെച്ച പോലുള്ള നഗരം. മനോഹരമായ കനാലുകളും ഭംഗിയാർന്ന വീഥികളും. വശങ്ങളിലായി പടംവരച്ച കണക്ക് വീടുകൾ. രാജ്യത്തിന്‍റെ പ്രൗഢി കാണിക്കും വിധം ഉയർന്ന സൗധങ്ങൾ. തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന ട്രാമുകൾ. വഴിയോരങ്ങളിൽ കലാകാരന്മാരുടെ കസർത്തുകൾ... അങ്ങിനെ അങ്ങിനെ. സൈക്കിൾ സവാരിക്കാരാണ് അധികപേരും. അതുകൊണ്ട് തന്നെയാകാം, മിക്കവാറും കനാലുകൾക്ക് മധ്യത്തിലായി പൂക്കളെ കൊണ്ടു അലങ്കരിച്ച സൈക്കിളുകൾ വെച്ചിരിക്കുന്നത് കാണാം. അതിനടുത്തു നിന്നും ഫോട്ടോ എടുക്കുന്നവരുടെ ബഹളമാണ്. തിരക്കൊഴിഞ്ഞ സമയം നോക്കി ഞങ്ങളും എടുത്തു കുറച്ചു പടങ്ങൾ. ‘ഫോട്ടോ സ്പോട്ടു’കൾ നിറഞ്ഞ വീഥികൾ. എവിടെ നോക്കിയാലും ഭംഗിയുള്ള ഫ്രെയിമുകൾ. ഓർമകൾക്ക് മാറ്റു കൂട്ടാൻ ഫോട്ടോകളെക്കാൾ കൂടുതലായി വേറെന്തു വേണം?

നേരം ഇരുട്ടിയാൽ റൂമിലേക്കു തിരിക്കാം എന്നോർത്ത് തലസ്ഥാന നഗരിയുടെ തെരുവുകളിലൂടെ അലഞ്ഞു നടന്നു. ബോട്ടിങ്ങിനായി ആളുകൾ ക്യു നിൽപ്പാണ്. ഭംഗിയോടെ അലങ്കരിച്ച ബോട്ടുകൾ ആളുകളെ നിറച്ച് തലങ്ങും വിലങ്ങും പോകുന്നു. ഇരുട്ടാൻ ഇനി അധിക നേരം ഇല്ല എന്നതിനാൽ ബോട്ട് യാത്രക്ക് തുനിഞ്ഞില്ല.

നല്ലവിശപ്പ്‌ തോന്നി. നടത്തത്തിനിടയിൽ കണ്ടെത്തിയ ഒരു കൊച്ചു ഭക്ഷണശാലയിൽ കയറി വെജ്പിസ ഓർഡർ ആക്കി കഴിച്ചു. ഒമ്പതു മണി ആയിട്ടും നേരം ഇരുട്ടുന്നില്ല. പകൽ പോലെ നല്ല വെളിച്ചം. നല്ല യാത്രാ ക്ഷീണം ഉള്ളതിനാൽ റൂമിലേക്ക് മടങ്ങി. ഇരുട്ടും തോറും തണുപ്പിന്‍റെ ആധിക്യം കൂടി വന്നു. ചെറുതായി വിറയൽ അനുഭവപ്പെട്ടപ്പോഴേ ഓർത്തു. നാളെ മുതൽ വസ്ത്രധാരണത്തിൽ ഒന്നുകൂടി ‘ശ്രദ്ധ’ ചെലുത്തിയേ മതിയാകു എന്ന്.

പിറ്റേന്ന് അതിരാവിലെ കുളിച്ചൊരുങ്ങി ലഗേജ് എല്ലാം എടുത്ത് ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട്‌ ആയി ബൈക്ക് എടുക്കാനായി പുറപ്പെട്ടു. മുൻകൂട്ടി ഏർപ്പാടാക്കിയ ടാക്സിയിൽ പറഞ്ഞ സ്ഥലത്തു എത്തിയതും നമുക്കുള്ള ‘Suzukki v storm ’അവിടെ തയാറായിരുന്നു. ഉടമസ്ഥൻ (സുന്ദരനായ ഒരു ഫ്രഞ്ച് ചെറുപ്പക്കാരൻ പയ്യൻ -ചാർലി) ബൈക്കിനെ കുറിച്ച് മൊത്തത്തിൽ ഒന്ന് പരിചയപ്പെടുത്തി തരുമ്പോഴും എന്‍റെ ചിന്ത ഈ പെട്ടിയിലെ സാധനങ്ങൾ എല്ലാം ബൈക്കിൽ എങ്ങിനെ കെട്ടിപ്പൂട്ടി വെക്കും എന്നതായിരുന്നു. റൈഡിങ് ഗിയർസ് എല്ലാം വളരെ കൃത്യമായി ഇട്ടതിനുശേഷം അത്യാവശ്യ സാധനങ്ങൾ ഒരുവിധേന ബാഗിൽ നിറച്ച് ബൈക്കിനു പുറകിൽ ടൈ ആക്കി വെച്ചു. പെട്ടി ഒഴിവാക്കി അവിടെ തന്നെ തൽക്കാലത്തേക്ക് ഏല്പിച്ചു.

പൂക്കളെ തേടി ‘ലിസ്സെ’യിൽ

പ്രാർഥനയോടെയാണ് യാത്ര തുടങ്ങിയത്. എന്നാലും മൊത്തത്തിൽ ഒരു അമ്പരപ്പ് ഉണ്ടായിരുന്നു എനിക്ക്. ഇക്ക വളരെ ശ്രദ്ധയോടെ സാവധാനത്തിൽ ബൈക്കുമായി ഇണങ്ങി നീങ്ങി. മൂപ്പർക്ക് പുറംരാജ്യങ്ങളിൽ പോയി മുമ്പ് പരിചയം ഉള്ളത് കൊണ്ട് വല്ലാതെ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഒന്നുരണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും ഞങ്ങൾ പൂർണമായും അവിടുത്തെ ബൈക്ക് യാത്രികർ ആയി മാറി.

പൂക്കളുടെ തലസ്ഥാന നഗരമായ ‘ലിസ്സെ ’ലക്ഷ്യമിട്ടാണ് യാത്ര. കുറച്ചു കഴിയുമ്പോഴേക്കും പൂക്കളെ കൊണ്ട് നിറഞ്ഞ പാടങ്ങൾ ദൂരെ നിന്നും കാണാമായിരുന്നു. അടുത്തെത്തുന്തോറും സന്തോഷം കൊണ്ട് ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. റോഡരികിൽ കുഞ്ഞു കുഞ്ഞു കനാലുകളും അതിന് കാവൽക്കാരെന്നപോലെ വശത്തായി മഞ്ഞ പൂക്കളും. ബസുകൾ വരിയായി നിർത്തിയിട്ടിട്ടുള്ളത് കണ്ടപ്പോഴേ മനസ്സിലായി അതിനടുത്തു തന്നെ നമ്മളുടെ ലക്ഷ്യസ്ഥാനമായ ‘കോകെൻഹോഫ് ‘ഗാർഡൻ ഉണ്ടെന്ന്. മുൻകൂട്ടി ടിക്കറ്റ് എടുത്താലും അകത്തേക്ക് കടക്കാൻ കുറച്ചു സമയം എടുക്കും.

തുലിപ് പൂക്കളാൽ വർണ പ്രപഞ്ചം തീർത്തിരിക്കുകയാണവിടം. വിരിഞ്ഞു നിൽക്കുന്നത് കണ്ടാൽ പൂക്കളാണോ അതോ വർണപ്പുതപ്പുകളാൽ പരവതാനി തീർത്തിരിക്കുകയാണോ എന്ന് തോന്നിപ്പോകും. കൂമ്പി നിൽക്കുന്നതും പാതി വിടർന്നതുമായ കൂട്ടങ്ങൾ ക്രമത്തോടെ തരം തിരിച്ചാണ്‌ നട്ടിട്ടുള്ളത്. ഇടയിൽ വരമ്പുകൾ തീർത്തിട്ടുമുണ്ട്‌. ഗാർഡന് ഭംഗി കൂട്ടാനെന്നോണം ഇടയിൽ മരങ്ങളും ചുറ്റിനും പൂക്കളോടുകൂടിയ കുഞ്ഞു തടാകങ്ങളും. ആളുകൾ സ്വപനലോകത്ത് എത്തിപ്പെട്ട പോലെ കൗതുകത്തോടെ നോക്കിക്കാണുകയാണ്. ആ പ്രദേശത്തെ ഏറ്റവും വലിയ പൂക്കളുടെ ഗാർഡൻ ആണത്രെ കോകെൻഹോഫ് ഗാർഡൻ.

അടുത്ത ലക്ഷ്യം രാജ്യത്തിന്‍റെ പടിഞ്ഞാറു ഭാഗമായ ‘നോർവെജിക് ’എന്ന സ്ഥലത്തേക്കായിരുന്നു. ‘പ്രകൃതി രമണീയമായ കാഴ്ചകളാൽ അനുഗ്രഹീത നാട് ’ എന്നല്ലാതെ വേറൊന്നും പറയാനാവില്ല. ഗ്രാമപ്രദേശങ്ങളും മോട്ടോർ സൈക്കിൾ യാത്രയും ഓരോ ഇടങ്ങളിലെയും കാറ്റിന്‍റെ സുഗന്ധവും മണ്ണിന്‍റെ മണവും വരെ ആസ്വദിക്കാൻ അവസരമൊരുക്കി.

ഇരു വശങ്ങളിലുമായി പരന്നു കിടക്കുന്ന കൃഷിയിടങ്ങൾ. പ്രധാനമായും തുലിപ് തോട്ടങ്ങൾ തന്നെ. തടാകങ്ങൾ, പുൽമേടുകൾ, അതിൽ മേഞ്ഞു നടക്കുന്ന പുള്ളിപ്പശുക്കൾ, ദൂരെ കാറ്റിലൊഴുകുന്ന കാറ്റാടി യന്ത്രങ്ങൾ...കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ആണ് ചുറ്റിനും. ഗ്രാമത്തിനോട് ചേർന്നുള്ള ഒരു സ്റ്റേ ആയിരുന്നു അന്നത്തേത്. അഞ്ചു മണിയോടെ ബൈക്ക് യാത്ര തീർത്ത് വൈകുന്നേരങ്ങളിൽ ചുറ്റുപാടുകൾ നടന്നു കാണുകയാണ് ഞങ്ങളുടെ പതിവ്‌. പിറ്റേന്ന് ‘ലേലീസ്സ്റ്റാഡ് ’എന്ന് പറയുന്ന സ്ഥലത്തേക്കായിരുന്നു പ്ലാൻ. നെതർലാൻഡ്സിൽ സ്ഥലങ്ങളുടെ പേര് ഓർത്തു വെക്കൽ ഒരു വെല്ലുവിളി ആയിരുന്നു.

പോകും വഴി നല്ല അരുവിയോ മറ്റോ കണ്ടു കഴിഞ്ഞാൽ കുറച്ചു നേരം അവിടെ ചിലവഴിക്കും. വീണ്ടും യാത്ര തുടരും. ഇടയിൽ വിശപ്പിന് വല്ലതും കരുതിവെച്ചതിൽ നിന്നും കഴിക്കും. ലക്ഷ്യസ്ഥാനത്തു എത്തിയാൽ അടുത്ത ദിവസത്തേക്കുള്ള പ്ലാനുകൾ തയാറാക്കൽ. ഇതൊക്കെയാണ് മിക്കവാറും ദിവസങ്ങളിലെ പതിവുകൾ.

അന്ന് പക്ഷേ, സാധാരണയിൽ കവിഞ്ഞു യാത്രാമധ്യേ കുറച്ചധികം ആളുകളെ കാണാമായിരുന്നു. അന്വേഷിച്ചപ്പോൾ അറിഞ്ഞു, അടുത്ത ദിവസം അവിടുത്തെ രാജാവിന്‍റെ പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ തുടക്കം ആണെന്ന്. നഗരമദ്ധ്യേ ആയിരുന്നു അന്നത്തെ താമസം. വൈകുന്നേരം ആകുമ്പോഴേക്കും ജനം കൂട്ടംകൂട്ടമായി ആഘോഷഭരിതരായി ആട്ടവും പാട്ടുമെല്ലാം തുടങ്ങിയിരുന്നു. ഓറഞ്ചും വെള്ളയും കലർന്ന ഉടയാടകൾ, പല വിധത്തിലുള്ള വേഷം കെട്ടലുകൾ, വൈവിധ്യമാർന്ന പരമ്പരാഗത ഭക്ഷണങ്ങളുടെ സ്റ്റാളുകൾ... അങ്ങനെ മൊത്തത്തിൽ നല്ല രസമായിരുന്നു. നേരംപുലരുന്നത് വരേക്കും ഏതോ പ്രശസ്ത ഗായകന്‍റെ കൺസർട്ടും ഉള്ളതിനാൽ റൂമിലേക്ക് അതിന്‍റെ അലയടികൾ കേൾക്കാമായിരുന്നു.

കാറ്റാടിയും കടന്ന് വാട്ടർ വില്ലേജിൽ

ഇതുപോലുള്ള യാത്രകളിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഭൂപ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ. സമതലങ്ങൾ മാറി കുന്നുകളും മരങ്ങളും. പിന്നീടങ്ങോട്ട് വീണ്ടും തടാകങ്ങളും പുൽ മൈതാനങ്ങളും. ഇടയിൽ ഉയർന്നു കാണുന്ന ടവറുകൾ, അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള പുരാതന പാലങ്ങൾ. എല്ലാം കൊണ്ടും നാടിന്‍റെ വൈവിധ്യം യാത്രയിലുടനീളം അനുഭവവേദ്യമായിരുന്നു.

‘കിൻഡർഡിക് ‘ആണ് അടുത്ത ലക്ഷ്യം. കാറ്റാടി യന്ത്രങ്ങളുടെ നാട് എന്ന് വേണം പറയാൻ. നിരനിരയായി ഒരു പ്രദേശം മൊത്തത്തിൽ സ്ഥാപിച്ചിരിക്കുകയാണ്. അകത്തു കയറാനുള്ള ടിക്കറ്റ് എടുത്താൽ അവിടെയുള്ള മ്യൂസിയം, ചെറിയ ഒരു ബോട്ടിങ് എല്ലാം ആസ്വദിക്കാം.

അന്നത്തെ യാത്ര വളരെ പ്രധാനം ആയിരുന്നു എന്തെന്നാൽ, ആ പ്രദേശങ്ങൾ കുറെ വീഡിയോകളിലായി കണ്ടിട്ടുണ്ട്. ‘ഗീതൂൺ.’ (Giethoorn). ‘വടക്കിന്‍റെ വെനീസ്’ എന്നാണ് പറയാറ്. പുരാതന ഡച്ച് സംസ്കാരം നമുക്കവിടെ അനുഭവിക്കാം. സ്വപ്നതുല്യമായ ഒരു ‘വാട്ടർ വില്ലേജ്’. ബൈക്ക് പാർക്ക് ചെയ്ത് വില്ലേജിലേക്ക് നടന്നു. ചുറ്റുപാട് തന്നെ മനോഹരമായിരുന്നതിനാൽ ഇതിലും കൂടുതലായി ഒന്നും ഉണ്ടാവില്ല എന്ന പ്രതീക്ഷയായിരുന്നു. എന്നാൽ, മറിച്ച് ആണ് സംഭവിച്ചത്. ഫോട്ടോയിലും വീഡിയോകളിലും കണ്ടതിശന്‍റ നാലിരട്ടി സുന്ദരം, സ്വപ്ന തുല്യം.

തെളിഞ്ഞ വെള്ളത്തോട് കൂടിയ ഇടുങ്ങിയ കനാലുകൾ. ഇരുവശങ്ങളിലായി പഴമയുടെ പാരമ്പര്യം വിളിച്ചോതും വിധം കൊച്ചുകൊച്ചു വീടുകൾ. വളരെ ചിട്ടയോടെ രൂപപ്പെടുത്തിയെടുത്തിയ മനോഹര ഗ്രാമം. പഴമയും പുതുമയും ഒരുപോലെ നമുക്കവിടെ കാണാനാകും. കനാലിന്‍റെ വലത്തോട്ട് പോകണോ ഇടത്തോട്ടു പോകണോ എന്ന സംശയമായി. ഇരുവശങ്ങളും അത്ര കണ്ട് മനോഹരമായിരുന്നു.

ആളുകളെ നിറച്ച കുഞ്ഞു ബോട്ടുകൾ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒഴുകുകയാണ്. കിളികളുടെ ആരവം, നീരൊഴുക്കിന്‍റെ താളം, കാറ്റിലുലയുന്ന മരങ്ങളുടെ ചെറുശബ്ദം കൂടി ചേരുമ്പോൾ വേറെ ഏതോ ലോകത്തു എത്തിയ പ്രതീതി.

മക്കം മറിനയിൽ, പിന്നെ മടക്കം

പതിവിലും വൈകിയിരുന്നു അന്ന് റൂമിൽ എത്താൻ. ബീച്ചിന് പുറകിലാണ് ഞങ്ങൾക്ക് കിട്ടിയ മുറി. കടൽ കാറ്റിന്‍റെ സ്വരം മുഴങ്ങിക്കേൾക്കാമായിരുന്നു. പുറത്ത് ഇറങ്ങി നേരെ മറീനയിലേക്ക് നീങ്ങി. ഒരു പ്രദേശം മുഴുവൻ ബോട്ടുകൾ നിരത്തിയിട്ടിരിക്കുന്നു. പല വലുപ്പത്തിലും ആകൃതിയിലും ഉള്ളവ. മറീനയുമായി ആയി ബോട്ടുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കമ്പികളുടെ പ്രത്യക തരം ഒച്ച ചുറ്റിനും കേൾക്കാമായിരുന്നു. നാടിനെയും വീട്ടുകാരെയും എല്ലാം വല്ലാണ്ട് മിസ് ചെയ്യുന്നതു പോലെ തോന്നി. രാത്രി ഭക്ഷണ ശേഷം കടൽക്കരയിൽ തണുത്തു മരവിച്ചാണേലും കുറേ സമയം ചിലവഴിച്ചു.

അടുത്ത ദിവസം റോട്ടർഡാം, ഹോഗ് പ്രാവിശ്യ എല്ലാം ഒന്ന് ചുറ്റിക്കണ്ടു. ഇവിടം വരെ എത്തിയ സ്ഥിതിക്ക് നേരെ ജർമനിക്ക് വിട്ടാലോ? എട്ടു ദിവസത്തെ ട്രിപ്പിൽ ബാക്കി രണ്ട് ദിവസം കൂടി മാത്രം അവശേഷിച്ചതിനാൽ തൽക്കാലം ആ പൂതി അവിടെ ഉപേക്ഷിച്ചു ഞങ്ങൾ ആംസ്റ്റർഡാമിലേക്ക് തന്നെ യാത്ര തിരിച്ചു. മടക്കയാത്രയിലെ വലിയ അത്ഭുതം തന്നെയായിരുന്നു ‘അഫ്സ്ലൂയിഡിക് ഡാം’. 32 കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ആ ഡാം കടലിൽ നിന്നുമുള്ള വെള്ളപ്പൊക്കം പൂർണമായും തടഞ്ഞു നിർത്തി. കൂടാതെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായ‘ സെവൻ ഹൈവേയും ആശ്ചര്യം ഉണർത്തുന്നതു തന്നെ. ‘ഇരു വശങ്ങളിലും ആഴക്കടൽ, നടുവിലൂടെ വിശാലമായ റോഡ്. പിറ്റേന്ന് വോണ്ടൽ പാർക്, ജോർദാൻ പ്രവിശ്യ, പിന്നെ സാൻസ് ഷാൻ വില്ലേജ് ടൂർ.. അങ്ങിനെ കഴിയുന്നത്ര ഇടങ്ങൾ എല്ലാം യാത്രയിൽ ഉൾപ്പെടുത്തി. ആംസ്റ്റർഡാമിലെത്തി പോറൽ ഒന്നും ഇല്ലാതെ ബൈക്ക് തിരിച്ചേൽപിച്ചപ്പോഴാണ് റൈഡർക്ക് ശ്വാസം നേരെ വീണത്.

രാത്രിയിൽ തണുപ്പ് നന്നേ കൂടിയിരുന്നു. പാക്കിങ് എല്ലാം പെട്ടെന്ന് തീർത്തു ജനാലക്കരുകിലെ മഞ്ഞ വെളിച്ചത്തിൽ ഒരുപാട് പേരുടെ സ്വപ്നങ്ങളുമായി വിദൂരതയിലേക്ക് പറന്നുയരുന്ന വിമാനങ്ങളെ നോക്കി ഞങ്ങൾ മനസ്സിൽ പറഞ്ഞു -‘മധുരമനോഹര സ്വപ്ന ഭൂമിയേ, തല്ക്കാലത്തേക്ക് വിട’. രാവിലെ മഞ്ഞു വീഴുന്ന വീഥികളിലൂടെ ഷിപ്പോൾ എയർപോർട്ടിലേക്കു മടങ്ങുമ്പോഴും മനസ്സ് നിറയെ ഒരുപിടി നല്ല ഓർമകളും പൂക്കളും വർണങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞു തുളുമ്പുകയായിരുന്നു.

തയാറാക്കിയത്: ഷിൻസി അഷ്​റഫ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamAmsterdamTravel StoryemiratebeatsTravel Destinations
News Summary - Remembering Vasanta in the Nandana Grove...
Next Story