Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ യാത്രക്കിടെ ഫോണിൽ ഉച്ചത്തിൽ സംസാരവും പാട്ടും വേണ്ട; കൊടുക്കേണ്ടി വരും വലിയ പിഴ, തുടന്നാൽ തടവ് ശിക്ഷയും

text_fields
bookmark_border
ട്രെയിൻ യാത്രക്കിടെ ഫോണിൽ ഉച്ചത്തിൽ സംസാരവും പാട്ടും വേണ്ട; കൊടുക്കേണ്ടി വരും വലിയ പിഴ, തുടന്നാൽ തടവ് ശിക്ഷയും
cancel

ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുകയോ വീഡിയോ കാണുകയോ ഫോൺ സംഭാഷണങ്ങളിൽ ശബ്ദമുയർത്തുകയോ ചെയ്താൽ നടപടി നേരിടേണ്ടിവരും. ഇത്തരം പെരുമാറ്റത്തിന് 1,000 രൂപ വരെ പിഴയും, ശല്യം അവസാനിപ്പിക്കണമെന്ന നിർദേശം അവഗണിച്ച് തുടരുന്നവർക്ക് ആറു മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്ന് ദക്ഷിണ റെയിൽവേ മുന്നറിയിപ്പ് നൽകി.

ഒക്ടോബർ 16ന് പുറത്തിറക്കിയ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊതു അറിയിപ്പ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകണം. പ്രാദേശിക ഭാഷകൾ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ അറിയിപ്പ് നൽകാനും നിർദേശിക്കുന്ന നോട്ടിസുകൾ പ്രദർശിപ്പിക്കാനും ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമ റിപ്പോർട്ട് ഒക്ടോബർ 20നകം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

2026ലെ ജനവിശ്വാസ ഭേദഗതി നിയമപ്രകാരം പുതുക്കിയ റെയിൽവേ നിയമത്തിലെ 145-ാം വകുപ്പാണ് നടപടിക്ക് ആധാരം. ട്രെയിനിലോ റെയിൽവേ പരിസരങ്ങളിലോ ശല്യമുണ്ടാക്കുക, അപമര്യാദയായി പെരുമാറുക, യാത്രക്കാരുടെ സുഖകരമായ യാത്രയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുക തുടങ്ങിയവ കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ നടത്തുന്നവരെ റെയിൽവേയിൽനിന്ന് പുറത്താക്കാനും പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. ശല്യം അവസാനിപ്പിക്കണമെന്ന അധികാരപ്പെട്ട റെയിൽവേ ജീവനക്കാരന്റെ നിർദേശം അവഗണിച്ച് അത് തുടരുന്നവർക്കാണ് ആറു മാസം വരെ ലളിതമായ തടവോ 5,000 വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കുക.

ടിക്കറ്റ് പരിശോധകർ ഉൾപ്പെടെ ടിക്കറ്റ് എക്സാമിനർ പദവിയിൽ കുറയാത്ത അധികാരപ്പെട്ട വാണിജ്യ ജീവനക്കാർക്ക് 1,000 വരെ പിഴ ചുമത്താനാകും. യാത്രക്കാർ മൊബൈൽ ഫോണിൽ പാട്ടും വിഡിയോയും സ്പീക്കർ മോഡിൽ പ്രവർത്തിപ്പിക്കുന്നതും ഉച്ചത്തിലുള്ള സംഭാഷണങ്ങളും സഹയാത്രക്കാരുടെ ബുദ്ധിമുട്ടിന് കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദക്ഷിണ റെയിൽവേ നടപടി ശക്തമാക്കുന്നത്.

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണുകളുടെ ഉപയോഗം സഹയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് റെയിൽവേ ബോർഡ് 2012 ജൂലൈ 23നും നിർദേശം നൽകിയിരുന്നു. പ്രത്യേകിച്ച് എ.സി കോച്ചുകളിൽ ഉച്ചത്തിലുള്ള ഫോൺ സംഭാഷണങ്ങളും ദീർഘനേരം നീളുന്ന കോളുകളും ശല്യകരമായ റിങ്‌ടോണുകളും യാത്രക്കാരുടെ സൗകര്യത്തെ ബാധിക്കുന്നതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

മൊബൈൽ ഫോണുകൾ സൈലന്റ് അല്ലെങ്കിൽ വൈബ്രേഷൻ മോഡിൽ സൂക്ഷിക്കാനും ഫോൺ സംഭാഷണങ്ങൾ ശബ്ദം കുറച്ച് ചുരുക്കാനും അന്ന് നിർദേശിച്ചിരുന്നു. ട്രെയിനുകളിലും സ്റ്റേഷനുകളിലും പാട്ടും വിഡിയോയും കേൾക്കാൻ ഇയർഫോണുകൾ ഉപയോഗിക്കണമെന്നും സഹയാത്രക്കാരുടെ യാത്രാസൗകര്യം മാനിക്കണമെന്നും റെയിൽവേ ആവശ്യപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Railways Warn Against Loud Music
Next Story