ഖത്തർ-ബഹ്റൈൻ കടൽയാത്ര ബോട്ട് സർവിസിന് തുടക്കം
text_fieldsഫെരി സർവിസ്
ദോഹ: ഖത്തറും ബഹ്റൈനും തമ്മിലുള്ള പാസഞ്ചർ കടൽ സർവിസിന് തുടക്കം. സമുദ്രപാതയിലൂടെ ബഹ്റൈനിലേക്കുള്ള യാത്ര ആരംഭിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വിനോദം, വാണിജ്യ മേഖലകളിൽ മികച്ച അവസരങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്.കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് ബഹ്റൈനിലെ സആദ തുറമുഖത്തുനിന്ന് പുറപ്പെട്ട ഫെരി സർവിസ് ഒരു മണിക്കൂറുകൊണ്ട് ഖത്തറിലെ അൽ റുവൈസ് തുറമുഖത്തെത്തി. നിലവിൽ കരമാർഗം ബഹ്റൈനിൽനിന്ന് ഖത്തറിലെത്താൻ അഞ്ച് മണിക്കൂറിലധികം സമയമെടുക്കാറുണ്ട്.
ഈ അവസരത്തിലാണ് കടൽ സർവിസ് യാത്രകൾക്ക് ഫെരി സർവിസ് വഴിത്തിരിവായെത്തുന്നത്. ഏകദേശം 35 നോട്ടിക്കൽ മൈൽ (65 കിലോമീറ്റർ) നീളമുള്ള 50 മിനിറ്റ് ദൈർഘ്യമുള്ള പുതിയ സമുദ്ര യാത്രാ പാതയാണിത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത വാഹനത്തിന് ശരാശരി 30 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മനോഹരമായ കടൽക്കാഴ്ചകൾ ആസ്വദിച്ചുള്ള സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവമാണ് പുതിയ ഫെറി സർവിസ് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജി.സി.സി പൗരന്മാർക്ക് മാത്രമായിരിക്കും സേവനം. പ്രതിദിനം രണ്ട് ട്രിപ്പുകളാണുള്ളത്. ഇക്കണോമി ക്ലാസ് യാത്രക്ക് റൗണ്ട് ട്രിപ് 265 റിയാലാണ്. സ്റ്റാൻഡേർഡ്, വി.ഐ.പി കടൽയാത്രകളും ലഭ്യമാണ്. മസാർ ആപ്ലിക്കേഷനിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഗൂഗ്ൾ പ്ലേസ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. നവംബർ 13 മുതൽ 22 വരെ പ്രതിദിനം മൂന്ന് റൗണ്ട് ട്രിപ്പുകൾ ആയി വർധിപ്പിക്കും. യാത്രക്കാരുടെ എണ്ണവും നിരക്കും അനുസരിച്ച് ദിവസേനയുള്ള ട്രിപ്പുകളുടെ എണ്ണം ക്രമേണ വർധിപ്പിക്കാൻ കഴിയും.ഖത്തറും ബഹ്റൈനും തമ്മിലുള്ള ഗതാഗതം, ടൂറിസം, വാണിജ്യ കൈമാറ്റം വർധിപ്പിക്കുക, കൂടാതെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
ജി.സി.സി മേഖലയിൽ ഗതാഗത സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം വഴിത്തിരിവാകും. നിലവിൽ, ഈ സർവിസ് യാത്രക്കാർക്ക് വേണ്ടി മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ വാഹനങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യവും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
ഖത്തർ-ബഹ്റൈൻ രാജ്യങ്ങൾ തമ്മിലുള്ള കടൽയാത്ര പദ്ധതിക്ക് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽ ഥാനിയും ബഹ്റൈൻ ഗതാഗത-ടെലികമ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയും ചേർന്ന് തുടക്കംകുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധവും ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും വർധിപ്പിക്കുന്നതിൽ നിർണായകമായചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽ ഥാനി വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

