Begin typing your search above and press return to search.
exit_to_app
exit_to_app
sahasralinga
cancel
camera_alt

വനത്തിലൂടെയൊഴുകുന്ന ശൽമാല നദിയുടെ മടിത്തട്ടിലാണ് ഒളിച്ചിരിക്കുന്ന ആയിരം ശിവലിംഗങ്ങളുള്ളത്

Homechevron_rightTravelchevron_rightExplorechevron_rightശൽമാല നദിയുടെ...

ശൽമാല നദിയുടെ മടിത്തട്ടിൽ ചരിത്രം ഒളിഞ്ഞിരിക്കുന്ന സഹസ്രലിംഗയിലേക്ക്​...

text_fields
bookmark_border

ചില സ്ഥലങ്ങൾ എവിടെ നിന്നെന്നറിയില്ല നമ്മളെ തേടി വരും. അങ്ങനെ വന്നതാണ് സഹസ്രലിംഗ. സഹസ്രം എന്നാല്‍ ആയിരം എന്നര്‍ഥം. വേനൽക്കാലത്ത് വെള്ളം കുറയുന്ന നദിയിൽ അസംഖ്യം ശിവലിംഗങ്ങൾ പല സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന കാഴ്ച കണ്ടത് ഒരു ചിത്രത്തിലാണ്. അങ്ങനെ ആ ചിത്രം തേടിപ്പോയ യാത്രയാണ് സഹസ്രലിംഗയിലെത്തിച്ചത്. അതങ്ങനെയാണ്. ചില യാത്രകള്‍ പെട്ടെന്നാണ് ഉണ്ടാവുക. ഏതു നിമിഷവും ഒരാള്‍ സഞ്ചാരിയാകാം. എപ്പോള്‍ വേണമെങ്കിലും ഒരു യാത്ര അപ്രതീക്ഷിതമായി അവസാനിക്കുകയും ചെയ്യാം.

കന്നഡ നാട് നിരവധി രാജവംശങ്ങളുടെ അവശേഷിപ്പുകൾ കൊണ്ട് സമൃദ്ധമാണ്. ആ കന്നഡ മണ്ണിലാണ് സഹസ്രലിംഗ. ഉത്തര കന്നഡ ജില്ലയിലെ സിർസി താലൂക്കിലെ വനഗ്രാമം. വനത്തിലൂടെയൊഴുകുന്ന ശൽമാല നദിയുടെ മടിത്തട്ടിലാണ് ഒളിച്ചിരിക്കുന്ന ആയിരം ശിവലിംഗങ്ങളുള്ളത്. ലോകത്തിൽ ഇതുപോലെ ഒരു നദിയുടെ ഉള്ളിൽ ശിവലിംഗങ്ങളുള്ളത് കമ്പോഡിയയില്‍ ആണ്.

ഒരു വനഗ്രാമമാണ് സിര്‍സി

കേരളത്തില്‍നിന്ന്​ സിര്‍സിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഇറങ്ങേണ്ടത് കുംത എന്ന സ്​റ്റേഷനിൽ. അവിടെനിന്ന് സിർസിയിലേക്കുള്ള ദൂരം 65 കിലോമീറ്റർ. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ എപ്പോഴുമുള്ള റൂട്ടാണിത്. പശ്ചിമഘട്ടത്തി​െൻറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സിർസി ഉത്തര കന്നടയിലെ വലിയ പട്ടണങ്ങളിലൊന്നും കച്ചവടപരമായി മുൻപന്തിയിൽ നിൽക്കുന്നതുമാണ്. സിര്‍സി ഒരു വനഗ്രാമമാണ്. വനം അതിർത്തിയിടുന്ന ഇവിടെ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. പഴയ കേരള ഗ്രാമങ്ങളെ ഓർമിപ്പിക്കുന്ന വീടുകളുള്ള ഇവിടെ കൃഷിക്കാരാണ് അധികവും.

അടക്കയും ഏലവും കുരുമുളകും കൃഷിയുള്ള സിർസിയുടെ അടുത്ത നഗരങ്ങൾ ഷിമോഗയും ഹുബ്ലിയുമാണ്. ബസില്‍ വരുന്ന സഞ്ചാരികള്‍ക്ക് ഷിമോഗയിലോ ഹുബ്ലിയിലോ ഇറങ്ങി സിര്‍സി പിടിക്കാം. സിര്‍സിയില്‍നിന്ന് 14 കി.മീ അകലെയാണ് സഹസ്രലിംഗ. ഈ ഗ്രാമത്തിലൂടെയൊഴുകുന്ന ശൽമാല നദിയുടെ കരയിലും നദീതടത്തിലുമായിട്ടാണ് ചിതറിക്കിടക്കുന്ന ആയിരത്തോളം ശിവലിംഗങ്ങളും മറ്റനേകം കല്‍പ്രതിമകളുമുള്ളത്.

പടിക്കെട്ടുകളിലൂടെ താഴെക്കിറങ്ങുമ്പോൾ കല്ലിൽ കൊത്തിയെടുത്ത ദൃശ്യവിസ്മയങ്ങൾ മുന്നിൽ വിരിയും

യാത്ര വേനൽക്കാലത്തായതിനാൽ നദിയിലേക്കുള്ള വഴിയിലവിടവിടെ ചുവന്നു തുടുത്ത ഗുൽമോഹർ മരങ്ങള്‍ നിൽക്കുന്നു. താഴെയൊരു നീർച്ചാലുപോലെ ശൽമാല നദിയൊഴുകുന്നു. കരയില്‍നിന്നും നദിയിലേക്കുള്ള പടിക്കെട്ടുകളിലൂടെ താഴെക്കിറങ്ങുമ്പോൾ കല്ലിൽ കൊത്തിയെടുത്ത ദൃശ്യവിസ്മയങ്ങൾ മുന്നിൽ വിരിയും. അവിടവിടെയായി ശിൽപങ്ങളെ ചുറ്റി ചെറു ചാലുകളായാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. ചെറുതും വലുതുമായ അസംഖ്യം ശിൽപങ്ങൾക്കിടയിൽ ഒരു നദി അങ്ങനെ ഒഴുകുന്നു.

നദിക്കരയില്‍ ഇടതൂര്‍ന്ന വനമാണ്. വര്‍ഷകാലത്ത് മഴ പെയ്ത് നിറഞ്ഞൊഴുകുന്ന നദി ഈ കാഴ്​ചയെ മറയ്ക്കും. നദിയില്‍ പലയിടത്തായി നന്ദികേശ പ്രതിമകളും കൊത്തിവെച്ചിട്ടുണ്ട്. വേറെ എവിടെയോ നിർമിച്ച ശിവലിംഗങ്ങൾ നദിയിൽ കൊണ്ടു വെച്ചതാണെന്ന് കരുതിയെങ്കിൽ തെറ്റി. നദീതടത്തിലെ പാറക്കൂട്ടങ്ങളിൽ കൊത്തിയെടുത്തവയാണ് ഓരോ രൂപവും.

താല്‍കാലിക കൂരക്കുള്ളില്‍ പൂജയും ആശിര്‍വദിക്കുകയും ചെയ്യുന്ന പരികര്‍മ്മി

ഒരു നദിയുടെ ഉള്ളിലും തീരത്തും ശിവലിംഗങ്ങളും നന്ദികേശനെയും കൊത്തിവെച്ചതാരെന്നുള്ള ചോദ്യം കൊണ്ടെത്തിച്ചത് ചരിത്രത്തിലേക്കാണ്. എ.ഡി 1543 മുതൽ 1567 വരെ സിർസി ഭരിച്ച സദാശിവരായ വർമ്മയുടെ കാലഘട്ടം. വിജയനഗര സാമ്രാജ്യം ഭരിച്ച മൂന്നാമത്തെ രാജവംശമായ തുളുവ രാജവംശത്തിലെ പ്രശസ്തനും കരുത്തനുമായ രാജാവെന്ന് ചരിത്ര പുസ്തകങ്ങളിൽനിന്ന് പഠിച്ചത് കൃഷ്ണദേവരായരെക്കുറിച്ച് മാത്രമാണ്. അതിന് ശേഷവും പ്രഗൽഭരായ രാജാക്കൻമാരുണ്ടായിട്ടുണ്ട്.

അവരിൽ പ്രമുഖനാണ് സദാശിവരായ വർമ്മ. കൃഷ്ണദേവരായർക്ക് ശേഷം വിജയനഗര സാമ്രാജ്യത്തിലെ ശക്തനായ രാജാവായിരുന്നു അദ്ദേഹം. കൃഷ്ണദേവരായരുടെ മരണശേഷം ശക്തി ക്ഷയിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തി​െൻറ പഴയ പ്രതാപം ത​െൻറ മന്ത്രിയായ രാമരായരുടെ സഹായത്തോടെ അദ്ദേഹം തിരിച്ച് കൊണ്ടുവന്നു. ആ സദാശിവരായ വർമ്മയുടെ കാലഘട്ടത്തിലാണ് ഇവയുടെ നിർമാണം.

നദീതടത്തിലെ പാറക്കൂട്ടങ്ങളിൽ കൊത്തിയെടുത്തവയാണ് ഓരോ രൂപവും

സഹസ്രലിംഗങ്ങള്‍ നദിയില്‍ കൊത്തിയെടുത്തതിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന കഥയിതാണ്. വർഷങ്ങളോളം കുട്ടികള്‍ ഉണ്ടാകാതെ ഇരുന്നതിനെ തുടര്‍ന്ന് രാജാവായ സദാശിവരായ തനിക്ക് ഒരു കുട്ടിയുണ്ടാകുന്ന നിമിഷം തന്നെ സഹസ്ര ശിവലിംഗങ്ങൾ കൊത്തിയെടുക്കുമെന്ന് ശിവനോട് പ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഒരു മകള്‍ ജനിക്കുകയും ആ വാക്ക് പാലിക്കാന്‍ വേണ്ടി അദേഹം ശൽമാല നദീതടത്തിലും കരയിലുമായി ആയിരം ശിവലിംഗങ്ങൾ കൊത്തിയെടുത്തു എന്നുമാണ്​ ആ കഥ.

മഹാശിവരാത്രി നാളില്‍ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ വരാറുള്ളത്

കഥ എന്തുതന്നെ ആയിരുന്നാലും കൂറ്റന്‍ പാറകള്‍ നിറഞ്ഞ നദീതടത്തിലാണ് ശിൽപങ്ങള്‍ കൊതിയുണ്ടാക്കിയിട്ടുള്ളത്. ചാരനിറത്തിലുള്ള പാറകള്‍ ഗ്രാനൈറ്റിനെപോലെ ഉറപ്പുള്ളവയാണ്. ചെറുതും വലുതുമായ ശിവലിംഗങ്ങള്‍ക്കും ശിവവാഹനമായ നന്ദി പ്രതിമകൾക്കുമൊപ്പം ആനകള്‍, ദേവിവിഗ്രഹങ്ങള്‍, ഗണപതി, വാനരൻമാര്‍ തുടങ്ങിയവയുടെ പ്രതിമകള്‍ കൂടി കല്ലില്‍ കൊത്തിയെടുത്തിട്ടുണ്ട്.

കൂറ്റന്‍ പാറകള്‍ നിറഞ്ഞ നദീതടത്തിലാണ് ശിൽപങ്ങള്‍ കൊതിയുണ്ടാക്കിയിട്ടുള്ളത്

നദീതടത്തില്‍ മാത്രമല്ല ശിൽപങ്ങളുള്ളത്. നദിയിലേക്കിറങ്ങുന്ന പടികളുടെ വശങ്ങളില്‍ മരത്തി​െൻറ ചുവട്ടിലും ചില ശിൽപങ്ങള്‍ കാണാം. പടികള്‍ ഇറങ്ങി മുന്നോട്ടുപോകുമ്പോള്‍ ഒരു വലിയ പാറയില്‍ കൊത്തിയ നന്ദിയുടെ വലിയ പ്രതിമയുമുണ്ട്.

പുഴയിലെ വ്യത്യസ്​ത നിർമിതികൾ

കാഴ്ചകള്‍ കാണാനും പൂജകള്‍ക്കുമായി വളരെ കുറച്ചു ആളുകള്‍ അവിടവിടെയായി നില്‍ക്കുന്നു. നദിയിലൊരു താല്‍കാലിക കൂരക്കുള്ളില്‍ ഒരു പരികര്‍മ്മിയിരുന്നു പൂജ ചെയ്യുകയും ആശിര്‍വദിക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് മാത്രം വെള്ളം കുറഞ്ഞു ശിൽപങ്ങള്‍ തെളിഞ്ഞുവരുന്നത്​ കൊണ്ട് ഇൗ സമയത്ത്​ മാത്രമാണ് ഇവിടെ സന്ദര്‍ശകരുടെ തിരക്ക്‌. മഹാശിവരാത്രി നാളില്‍ ആയിരക്കണക്കിന് ഭക്തരാണ് പൂജക്കും മറ്റുമായി ഇവിടെ വരാറുള്ളത്.


വേനല്‍ക്കാലത്താണ്​ ഇവിടെ സന്ദര്‍ശകരുടെ തിരക്ക്‌

നദിക്കരയില്‍ മുകളില്‍ വിശാലമായ പാര്‍ക്കിങ്​ സൗകര്യം ഉള്ളതുകൊണ്ടുതന്നെ വലിയ വാഹങ്ങളില്‍ ആളുകള്‍ എത്തുന്നു. നദിയില്‍ കുറച്ച്​ താഴേക്ക് മാറി അടുത്തിടെ പണിത തൂക്കുപാലത്തില്‍ നിന്നുള്ള കാഴ്ച കൂടുതല്‍ മനോഹരമാണ്. സഹസ്രലിംഗയിലേക്ക്‌ പോകാന്‍ ഏറ്റവും പറ്റിയ സമയം നവംബര്‍ മുതല്‍ മെയ്‌ വരെയാണ്.


അസംഖ്യം ശിവലിംഗങ്ങൾ പല സ്ഥലങ്ങളിലായി പരന്നുകിടക്കുകയാണ്​

മണ്‍സൂണ്‍ തുടങ്ങി നദിയില്‍ വെള്ളം കൂടിയാല്‍ അടുത്ത വേനല്‍ വരെ ഈ കാഴ്ച ജല സമാധിയാകും. ഒരു വർഷത്തി​െൻറ മുക്കാൽ പങ്കും നദിയിലാഴ്ന്നിരിക്കുന്ന ശിൽപഭംഗി തേടി നടത്തിയ യാത്ര ഒരു ചരിത്ര നിര്‍മിതിയുടെ ദൃശ്യാനുഭവം കൂടി തന്നുവെന്ന് പറയാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ശിൽപങ്ങളൊക്കെ വര്‍ഷങ്ങളായുള്ള നിരന്തര ജലപ്രവാഹത്തില്‍ നശിച്ചുകൊണ്ടിരിക്കുകയുമാണ്.


നദിക്ക്​ കുറുകെ നിർമിച്ച തൂക്കുപാലംShow Full Article
TAGS:travel shalmala sahasralinga 
News Summary - History is hidden in the lap of the river Shalmala
Next Story