Begin typing your search above and press return to search.
exit_to_app
exit_to_app
മോക്ഷം തേടി കാശിനാഥ സന്നിധിയിൽ
cancel
camera_alt

കടപ്പാട്​: ഹോളിഡേഫൈ

Homechevron_rightTravelchevron_rightExplorechevron_rightമോക്ഷം തേടി കാശിനാഥ...

മോക്ഷം തേടി കാശിനാഥ സന്നിധിയിൽ

text_fields
bookmark_border

'ബനാറസിന്​ ചരിത്രത്തേക്കാൾ പഴക്കമുണ്ട്​, പാരമ്പര്യത്തേക്കാൾ പഴക്കമുണ്ട്​, ഒരുപക്ഷേ, ഐതിഹ്യങ്ങളേക്കാൾ പഴക്കമുണ്ടാവും' -വിഖ്യാത സാഹിത്യകാരൻ മാർക്​ ട്വയി​െൻറ കാശിയെ കുറിച്ചുള്ള ഉദ്ധരണി എല്ലാകാലത്തും പ്രസക്തമാണ്​​. 3000 വർഷം പഴക്കമുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയ ഗംഗ നദീതീരത്തെ ഇൗ നഗരം​ ഹിന്ദു വിശ്വാസമനുസരിച്ച്​ 12 ജ്യോതിർലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളിലൊന്നാണ്​. ഒരാൾ വാരാണസിയിൽ മരിച്ചാൽ അയാളുടെ ആത്മാവിന്​ മോക്ഷം ലഭിക്കുമെന്നാണ്​ വിശ്വാസം. ഇങ്ങനെ വിശ്വാസങ്ങള​ും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യയിലെ മറ്റൊരു നഗരത്തിലും കാണാത്ത കാഴ്​ചകളും അനുഭവങ്ങളുമാണ്​ വാരാണസി​ കാത്തുവെച്ചിരിക്കുന്നത്​.

പേരിനപ്പുറം വാരാണസി എന്ന നഗരത്തി​ലേക്കുകൂടി വായനക്കാരനെ വലി​ച്ചടുപ്പിച്ച എം.ടിയുടെ നോവലിലൂടെയാണ്​ കാശിയെന്നും ബനാറസെന്നുമെല്ലാം അറിയപ്പെടുന്ന നഗരം അടങ്ങാത്ത ഒരു ആവേശമായി മനസ്സിലേക്ക്​​ കയറിയത്​. വാരാണസി യാത്ര കുറേ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെങ്കിലും രാജ്യം നിർണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങു​േമ്പാഴാണ്​ പുണ്യനഗരത്തിലേക്ക്​ യാത്ര തുടങ്ങിയത്​​​.

കോയമ്പത്തൂരിൽനിന്ന്​ ​ചെന്നൈ വഴി വാരാണസി. ഇതായിരുന്ന യാത്രാവഴി. അർധരാത്രിയോടെയാണ്​ ചെന്നൈയിലെത്തിയത്​. പിറ്റേന്ന്​ അതിരാവിലെയായിരുന്നു വാരാണസിയിലേക്കുള്ള വിമാനമെന്നുള്ളതിനാൽ ഒരു രാത്രി ചെന്നൈ എയർപോർട്ടിൽതന്നെ കഴിയാൻ തീരുമാനിച്ചു. വാരാണസിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരിൽ ഭൂരിപക്ഷവും തീർഥാടകരായിരുന്നു. വിമാനത്തിൽ പോയി കാശിയിലെ ക്ഷേത്രങ്ങൾ ദർ​ശിച്ച്​ മടങ്ങാനുള്ള പാക്കേജ്​ പല ട്രാവൽ ഏജൻസികളും നൽകുന്നുണ്ട്​. അത്​ ഉപയോഗപ്പെടുത്തി പോകുന്നവരാണ്​ ഇവരിൽ പലരുമെന്ന്​​ തോന്നി.

കടപ്പാട്​: റെഡ്ഡിറ്റ്​

വാരാണസി നഗരത്തിൽനിന്ന്​ 26 കിലോമീറ്റർ അകലെയാണ്​ ലാൽബഹാദുർ ശാസ്​ത്രി വിമാനത്താവളം. നഗരത്തി​െൻറ പേരിനൊത്ത പകി​െട്ടാന്നുമില്ലാത്ത വിമാനത്താവളം. വികസന പ്രവർത്തനങ്ങൾ വിമാനത്താവളത്തിൽ നടന്നുവരുന്ന​തെയുള്ളൂ. ഇവിടെനിന്ന്​ നഗരത്തിലേക്ക്​ എത്താൻ ബസ്​ സൗകര്യം കുറവാണ്​. ടാക്​സിയാണ്​ പ്രധാന യാത്രാമാർഗം. ലഗേജുമെടുത്ത്​​ പുറത്തേക്ക്​ എത്തു​േമ്പാഴേക്കും ടാക്​സി ഡ്രൈവർമാർ നമ്മെ വളയും. പരമാവധി അവരിൽനിന്ന്​ അകലം പാലിച്ച്​ പ്രീപെയ്​ഡ്​ ടാക്​സിയോ ഉൗബർ, ഒല പോലുള്ളവയോ തിരഞ്ഞെടുക്കുകയാവും പോക്കറ്റിന്​ നല്ലത്​. ഒല ടാക്​സി ബുക്ക്​ ചെയ്​തിരുന്നതുകൊണ്ട്​ ഡ്രൈവർ എന്നെ കാത്ത്​ പുറ​ത്ത്​ നിൽക്കുന്നുണ്ടായിരുന്നു.

വിമാനത്താവളത്തിൽനിന്നുള്ള യാത്ര തുടങ്ങി പെ​െട്ടന്നുതന്നെ കാർ നാലുവരി പാതയിലേക്ക്​ കയറി. അടിസ്ഥാനസൗകര്യ വികസന മേഖലയിൽ മറ്റ്​ ഉ​ത്തരേന്ത്യൻ ചെറുനഗരങ്ങളുമായി താരത്മ്യം ചെയ്യു​​േമ്പാൾ വാരാണസി ചെറുതല്ലാത്ത പുരോഗതി കൈവരിച്ചിട്ടുണ്ട്​. ഹൈവേയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നു​​. പക്ഷേ, റോഡിനിരുവശവും താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തിന്​ കാര്യമായ പുരോഗതിയൊന്നുമില്ലെന്ന്​ ഒറ്റനോട്ടത്തിൽനിന്നുതന്നെ വ്യക്തം.

കുറച്ചുദൂരംകൂടി പിന്നിട്ടതോടെ കാലത്തിനൊട്ടും യോജിക്കാത്ത, ഒരു വൃത്തിയുമില്ലാത്ത തുരു​െമ്പടുക്കാറായ ബസുകൾ കാഴ്​ചയിലേക്ക്​ എത്തുകയായി. വാരാണസിയുടെ പൊതുഗതാഗത സംവിധാനമാണത്​. നൂറുകണക്കിന്​ ആളുകൾ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ എത്തുന്നത്​ ദ്രവിച്ച്​ തീരാറായ ഇൗ ശകടങ്ങളിലാണ്​. ഇതു​ കാണു​േമ്പാഴാണ്​ നമ്മുടെ കെ.എസ്​.ആർ.ടി.സിയൊക്കെ എത്രയോ ഭേദമെന്ന്​ തോന്നുക. നഗരത്തോട്​ അടുക്കു​േമ്പാൾ ഗതാഗതക്കുരുക്കാവും നമ്മെ ഏറ്റവും വീർപ്പുമുട്ടിക്കുക. കുരുക്കിന്​ പേരുകേട്ട കൊച്ചിയൊക്കെ വാരാണസിക്ക്​ മുന്നിൽ നാണിച്ചുപോകും. ഒടുക്കം കുരുക്കിന്​ മുന്നിൽ സുല്ലിട്ട്,​ ബുക്ക്​ ചെയ്​ത​ ഹോട്ടൽ അടുത്താണെന്നും കാർ അങ്ങോട്ട്​ പോകില്ലെന്നും പറഞ്ഞ് ഡ്രൈവർ നഗരത്തിരക്കിലേക്ക്​​ എന്നെ ഇറക്കിവിട്ടു.


കടപ്പാട്​:ഹോളിഡേഫൈ

ഇനിയുള്ള യാത്രക്ക്​ പങ്കാളി ഗൂഗ്​ളെന്നുറച്ച്​​ മാപ്പ്​ നോക്കി നടത്തമാരംഭിച്ചു. നിർത്താതെയുള്ള ഹോണടിയാണ്​ റോഡിൽ. ഒരു നിമിഷം പോലും കാത്തുനിൽക്കാൻ മെനക്കെടാതെ അക്ഷമരായ ആളുകൾ തെരുവുകളിലൂടെ പായുന്നു. ബൈക്കുകൾ ഫുട്​പാത്തുകളിലേക്കും കയറി വരുന്നു. അവ ഇടിക്കാതെ രക്ഷപ്പെടണമെങ്കിൽ അൽപം സാഹസംതന്നെ വേണ്ടിവരും. ഇതിനിടയിൽ പശുക്കളും തെരുവുകൾ കൈയടക്കിയിട്ടുണ്ട്​​. നടത്തത്തിനി​െട ഗൂഗ്​ൾ മാപ്പി​െൻറ വഴികളിൽനിന്ന്​ മാറിനടന്നതോടെ ദൈർഘ്യംകൂടി. ഒടുവിൽ എതാണ്ട്​ ഒരു കിലോമീറ്റർ നടന്നശേഷം ഗല്ലികളൊന്നിൽ ബുക്ക്​ ചെയ്​ത ഹോട്ടൽ കണ്ടെത്തി.

ഗല്ലികൾക്കിടയിലെ ജീവിതങ്ങൾ

കാശിയിലെ ജീവിതം പുലരുന്നത്​ ഗല്ലികൾക്കിടയിലാണ്​. ഇടുങ്ങിയ വഴികൾക്കിടയിൽ നൂറുക്കണക്കിനാളുകൾ താമസിക്കുന്നു. ഇതിനിടയിൽ കരകൗശല വസ്​തുക്കളിൽ തുടങ്ങി വരണാസി സിഗരറ്റ്​ വരെ വിൽക്കുന്ന കടകൾ. ഗല്ലികൾക്കിടയിൽ പലപ്പോഴും വഴിമുടക്കിയായി പശുക്കളുണ്ടാവും. അവക്കിടയിലൂടെ സാഹസികമായി വേണം നടന്നുപോകാൻ.

ഹോട്ടലിൽനിന്നിറങ്ങി ഗല്ലികളിലൂടെ അൽപ്പം നടന്നപ്പോൾതന്നെ ഗംഗയുടെ തീരത്ത്​ എത്തി. പരമശിവൻ ജഡക്കുള്ളിലൊളുപ്പിച്ച ഇന്ത്യയിലെ പുണ്യനദി. ഉച്ചവെയിലിൽ ഗംഗാതീരത്ത്​ ആളുകൾ നന്നേ കുറവാണ്​. എങ്കിലും അങ്ങിങ്ങായി ചിലരെ കാണാം. വൈകുന്നേരങ്ങളിലും അതിരാവിലെയുമാണ്​ ഗംഗ സജീവമാവുക. രണ്ടുസമയത്തും ആരതിയുണ്ടാവും. രാവിലെ പിതൃക്കൾക്ക്​ ബലിയിടാനെത്തിയ ആളുകളുടെ തിരക്കാവും തീരത്ത്. ബലികർമങ്ങൾക്ക്​ കാർമികത്വം വഹിക്കാനെത്തുന്ന പാണ്ഡങ്ങളുടെ വിലപേശലുകളാലും മ​​േ​ന്ത്രാച്ചാരണങ്ങളാലും മുഖരിതമാവും ആ സമയങ്ങളിൽ ഗംഗ.

ഏപ്രിലിലായിരുന്നു എ​െൻറ യാത്ര.​ ഉച്ചവെയിലുംകൊണ്ട്​ കൂടുതൽ നേരം നിൽക്കുന്നത്​ ആരോഗ്യത്തിന്​ നല്ലതല്ലെന്ന തിരിച്ചറിവിൽ പതിയെ കാശിവിശ്വനാഥ ക്ഷേത്രത്തിനടുത്തേക്ക്​ നടന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്​തരെത്തുന്ന ക്ഷേത്രങ്ങളിലൊന്ന്​. ​ഈ ക്ഷേത്രത്തി​െൻറ ഐതിഹ്യവും രസകരമായ ഒന്നാണ്​. ആരാണ്​ കേമനെന്നതിൽ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മില്‍ തര്‍ക്കമാവുകയും, തര്‍ക്കം മൂത്ത് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. യുദ്ധം കനത്തതോടെ മൂന്ന് ലോകങ്ങളും ഇരുട്ടിലായി. ഉടൻ പരമശിവന്‍ വിളക്കായി അവതരിച്ച് ലോകത്തിന് വെളിച്ചം നല്‍കിയത് ഗംഗാനദിക്കരയിലെ കാശിയില്‍ വെച്ചാണെന്നാണ്​ ഐതിഹ്യം. അതുകൊണ്ടുതന്നെ ജ്യോതിര്‍ലിംഗമാണ് കാശിവിശ്വനാഥ ക്ഷേത്രത്തിലെ പ്രതിഷ്​ഠ.

കടപ്പാട്​: ഗോയിങ്​ ഇന്ത്യ.കോം

ക്ഷേത്രത്തിനകത്ത്​ മൊബൈൽ ഫോണും പഴ്​സും വാച്ചുമൊന്നും അനുവദിക്കില്ല. ​സമീപത്തെ കടകളിൽ ലോക്കറുകൾ വാടകക്ക്​ ലഭിക്കും. വിലപ്പെട്ട വസ്​തുക്കൾ അവിടെ സൂക്ഷിക്കാം. ഇന്ത്യയിലെതന്നെ പ്രമുഖ ക്ഷേത്രമായിട്ടും ക്ഷേത്രകെട്ടിനകത്ത്​ കാര്യമായ വൃത്തിയൊന്നുമില്ല. നല്ല തിരക്കുള്ളതിനാൽ ക്ഷേത്രത്തിനകത്ത്​ കുറേസമയം ചെലവഴിക്കേണ്ടി വന്നു. പുറത്തിറങ്ങു​േമ്പാഴേക്കും നാലുമണി കഴിഞ്ഞിരുന്നു.

വൈകീട്ട്​ ഗംഗ പതിയെ സജീവമായിത്തുടങ്ങി. ഉച്ചസമയത്ത്​ വിജനമായ ഘാട്ടുകളിലെല്ലാം ആളെത്തിത്തുടങ്ങി. പുണ്യനഗരമെന്നാണ്​ വാരാണസിക്ക്​ പൊതുവേയുള്ള ഖ്യാതി. പിതൃമോക്ഷത്തിനായും ജീവിത സായന്തനങ്ങളിൽ ആത്​മീയതക്കുമായും മാത്രം ആളുകളെത്തുന്ന നഗരമെന്നാണ്​ കാശിയെ കുറിച്ച്​ പറയുക. പക്ഷേ, വൈകീട്ട്​ വരണാസിയിലെ പടവുകളിലെ കാഴ്​ച നഗരത്തെ കുറിച്ചുള്ള ധാരണകളെ തെറ്റിക്കുന്നതായിരുന്നു.

കമിതാക്കളെയും യുവാക്കളേയും ഗംഗാതീരത്തെ പടവുകളിൽ കാണാം. ഒരു ബീച്ചിലെ വിനോദങ്ങൾപോലെ ഗംഗാതീരം മാറിയിരിക്കുന്നു. പക്ഷേ, ഇവക്കെല്ലാം മുകളിൽ ആത്മീയതയുടെ ആവരണം ഗംഗയും കാശിയും അണിഞ്ഞിരിക്കുന്നതായി തോന്നി. ഇതിന്​ ഒരിക്കലും കോട്ടം വരാത്ത രീതിയിലാണ്​ തീരത്തെ ആഘോഷങ്ങളെല്ലാം.

മണികർണികയിലേക്ക്​

ഗംഗയിലെ ഘാട്ടുകളിൽ ഏറ്റവും സജീവം ദശാശ്വേമേധഘാട്ടാണ്​. വൈകുന്നേരങ്ങളിൽ ഗംഗ ആരതി നടക്കുന്നത്​ ഇവിടെയാണ്​. ഏതാണ്ട്​ ആറരയോട്​ അടുക്കു​േമ്പാഴാണ്​ ഗംഗ ആരതിയുണ്ടാവുക. ആരതിക്ക്​ ഇനിയും സമയം ബാക്കിയാണ്​. അത്രയും നേരം ദശാശ്വേമേധഘാട്ടിൽതന്നെ നിൽക്കുന്നതിൽ കാര്യമില്ല. മറ്റ്​ പല കാഴ്​ചകളും വാരാണസിയിൽ കാത്തിരിക്കുന്നുണ്ട്​. ഒടുവിൽ മണികർണികയിലേക്ക്​ പോകാൻ തീരുമാനിച്ചു. ഇടതടവില്ലാത ശവദാഹം നടക്കുന്ന ഗംഗാതീരത്തെ ഘാട്ടാണ്​ മണികർണിക. ബുദ്ധന്​ ബോധി മരച്ചുവട്ടിലാണ്​ ബോധോദയം ലഭിച്ചതെങ്കിൽ ഓരോ മനുഷ്യനും തിരിച്ചറിവ്​​ നൽകുന്നയിടമാണിത്​. ജീവിതമേ നീ ഇത്രയേയുള്ളോയെന്ന്​ എല്ലാവരേയും ഓർമിപ്പിക്കും മണികർണിക.

ഗൂഗ്​ൾ മാപ്പി​െൻറ സഹായത്തോടെയാണ്​ മണികർണികയിലേക്ക്​ നടത്തമാരംഭിച്ചത്​. ഒരുപോലിരിക്കുന്ന വാരാണസിയിലെ ഇടുങ്ങിയ ഗല്ലികളിൽ വഴിതെറ്റിയാൽ ബുദ്ധിമുട്ടാകും. മാപ്പിലും കരിങ്കല്ല്​ പാകിയ നടപ്പാതയിലും മാത്രം ശ്ര​ദ്ധയൂന്നിയാണ്​ നടത്തം. കുറേദൂരം കഴിഞ്ഞപ്പോൾ പതിവില്ലാത്ത ​പൊലീസ്​ സുരക്ഷ. ​അതിനടുത്തുതന്നെ പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളും. വരണാസിയുടെ വികസനത്തിനായുള്ള കാശി ഇടനാഴിയുടെ പ്രവർത്തനങ്ങളാണ്​ നടക്കുന്നത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമാണ്​ കാശിയിൽ ഉയരുന്നത്​. അതാണ്​ പൊലീസ്​ സുരക്ഷയുടെ പൊരുൾ. പക്ഷെ, എന്തുകൊണ്ടോ പ്രതിഷേധങ്ങളൊന്നും വാർത്തകളിൽ ഇടംപിടിക്കാറില്ല.

മണികർണികയോട്​ അടുക്കു​േമ്പാൾ പിന്നിൽ ഒരു ബഹളം. തിരിഞ്ഞുനോക്കിയപ്പോൾ മൃതദേഹവുമായി വരുന്നവരാണ്​. അവർക്ക്​ വഴിമാറിക്കൊടുത്തു. നടപ്പ്​ തുടരു​േമ്പാഴേക്കും​ അടുത്തയാളുകൾ എത്തുകയായി. മുന്നോട്ട്​ നീങ്ങു​േമ്പാൾ ശവദാഹം കഴിഞ്ഞ്​ മടങ്ങുന്നവരെ കാണാം. ഒടുവിൽ മണികർണികയിലെത്തു​േമ്പാൾ ആ പ്രദേശത്തിന്​ മുഴുവൻ മൃതദേഹങ്ങൾ കരിയുന്ന ഗന്ധമാണെന്ന്​ തോന്നിപ്പോയി.

കടപ്പാട്​: വിക്കിമീഡിയ

പടവുകളിൽ എരിഞ്ഞടങ്ങുന്ന മൃതദേഹങ്ങൾ. ഒരു മൃതദേഹം ചിതയിലേക്ക്​ എടുക്കാൻ ഒരുക്കുകയാണ്​. മരിച്ചയാളുടെ ബന്ധുക്കൾ അന്ത്യകർമങ്ങൾ ചെയ്യുന്നു. വാരാണസിയിൽ മൃതദേഹങ്ങൾ അടക്കുന്നതോടെ ജന്മങ്ങളുടെ കെട്ടുപാടുകളിൽ നിന്ന്​ അയാൾ മോചിതനായിരിക്കുന്നു. അതിനാലാവാം മണികർണികയുടെ പടവുകളിൽ ഉറ്റവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ദൂരെദിക്കുകളിൽനിന്നുപോലും ആളുകളെത്തുന്നത്​.

വാരാണസിയുടെ മറ്റൊരു മുഖമാണ്​ മണികർണികയിൽ തെളിയുന്നത്​. കത്തിയെരിയുന്ന ശവങ്ങൾക്ക്​ സമീപമിരുന്ന്​ കഞ്ചാവ്​ വലിക്കുന്നവർ, ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ സൈക്കിളിൽ ചായയുമായി നടക്കുന്നവർ, പുതുതായി എത്താനിരിക്കുന്ന മൃതദേഹങ്ങൾക്കായി ചിതയൊരുക്കുന്നവർ... ഇവരെല്ലാവരുംകൂടി ചേരുന്നതാണ്​ മണികർണിക. സന്ധ്യയായി തുടങ്ങിയതോടെ അവിടെയുള്ളവരുടെ നോട്ടങ്ങൾ മുഴുവൻ എന്നിലേക്കാണെന്ന്​ മനസ്സിലായി. ഇനിയും മണികർണികയിൽ തുടരുന്നതിൽ അർഥമില്ല. പതിയെ തിരിച്ച്​ നടക്കാൻ തുടങ്ങി. ഇനി ലക്ഷ്യം ഗംഗ ആരതിയും ദശാശ്വേമേധഘാട്ടുമാണ്​.

ഗംഗയിലെ തോണിയാത്ര​

ഗംഗ ആരതിക്കായി തീരം തയാറെടുക്കുന്നു. ഗംഗയുടെ മറുകരയിലേക്ക്​ പോകാനുള്ള തോണിയിലേക്ക്​ വിളിക്കുന്നവരാണ്​ ഘാട്ടിൽ തിരിച്ചെത്തു​േമ്പാൾ സ്വാഗതം ചെയ്​തത്​. ആരതിക്ക്​ ഇനിയും സമയമുണ്ട്​. തോണിയാത്രയാകാമെന്ന്​ ഉറച്ച്​ ഒന്നിൽ​ കയറി. 30 രൂപയുണ്ടെങ്കിൽ തോണിയിൽ ഗംഗയുടെ മറുകര പോയി തിരിച്ചെത്താം. നീണ്ടുകിടക്കുന്ന മണൽപരപ്പാണ് പുഴയുടെ​ മറുകരയിൽ. ഘാട്ടുകളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക്​ അവിടെയില്ല. ഗംഗാസ്​നാനം ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഇടവുമിതാണ്​.

തോണിയിൽ കൂ​െടയുണ്ടായിരുന്നത്​ പശ്ചിമ ബംഗാളിൽനിന്നുള്ളവരായിരുന്നു. സ്​നാനം ചെയ്യാൻ നദിയിലേക്ക്​ ഇറങ്ങിയ അവരൊടൊപ്പം ആദ്യമായി വെള്ളത്തിലേക്ക്​ ഇറങ്ങി. പുണ്യനദിയിൽ ആദ്യമായി കാൽതൊടു​േമ്പാൾ ഓർമ വന്നത്​​ എം.ടിയുടെ വരികളായിരുന്നു, 'ഗംഗ ആരുടെയും പാപങ്ങൾ ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല, പകരം അത്​ ഏറ്റുവാങ്ങി നിർത്താതെയുള്ള ഒഴുക്ക്​ തുടരുക മാത്രമാണ്​​.'

തിരക്കിലമർന്ന്​ മ​ന്ത്രോച്ചാരണങ്ങളാൽ മുഖരിതമാണ്​ ഒരു കരയിലെ ഘാട്ടുകളെങ്കിൽ നിശ്ശബ്​ദമാണ്​ മറുകര. അവിടത്തെ ഏകാന്തതയും മണൽപ്പരപ്പും നമ്മെ കൊതിപ്പിക്കും. ആ മണലിൽ ഗംഗ​യെ നോക്കി എത്ര വേണമെങ്കിലും ഇരിക്കാം. പക്ഷേ അധികനേരം ഇവിടെ തുടരാൻ സമയമില്ല.

കടപ്പാട്​:എയർബി.എൻ.ബി

ആരതിക്ക്​ സമയമായതോടെ മറുകരയിലേക്ക്​ തോണിയിൽ മടക്കമാരംഭിച്ചു. അപ്പോൾ ദശാശ്വേമേധഘാട്ടിൽ ആരതിക്കായി പൂജാരിമാർ എത്തിക്കഴിഞ്ഞിരുന്നു. വിളക്കുകളുടെ പ്രകാശത്തിൽ ഗംഗാതീരത്തിന്​ ഇതുവരെ കാണാത്തൊരു ഭംഗി കൈവന്നിരിക്കുന്നു. ആരതി കാണാൻ പറ്റിയ ഒരിടത്തുതന്നെ സ്ഥലംപിടിച്ചു. ലോകത്തെ വേറെ ഏതെങ്കിലും നദിയെ ഇതുപോലെ ആരാധിക്കുമോയെന്ന്​ അറിയില്ല. പക്ഷേ, ഗംഗ ആരതി ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒന്നാണ്​.

ദീപങ്ങളുമായി കസവുവരയുള്ള വെള്ള ധോത്തിയും ചുവന്ന കുർത്തയുമായി പൂജാരിമാർ. ചന്ദനത്തിരികളുടേയും കർപ്പൂരത്തി​േൻറയും ഗന്ധം. സ്​പീക്കറുകളിലൂടെ ഉയരുന്ന സംഗീതം. അതിനനുസരിച്ച്​ നർത്തകർ വ്യത്യസ്​ത ദിശകളിലേക്ക്​ വിളക്കുകൾ ഉയർത്തിയും താഴ്​ത്തിയും ആരതി ആരംഭിക്കുന്നു. ഈസമയം ഗംഗയിൽ മൺചെരാതുകൾ പ്രകാശത്തി​െൻറ മറ്റൊരു ലോകം തീർത്തിരിക്കും. ഏതാണ്ട്​​ അരമണിക്കൂറിലധികം നീളുന്ന ആരതി ആളുകളെ ആത്മീയതയുടെ മറ്റൊരു തല​ത്തിലേക്കാണ്​ ഉയർത്തുക. ഉന്മാദത്തി​െൻറ സംഗീതംകൂടി ഗംഗ ആരതിയിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്ന്​ തോന്നി. ആരതിക്കുശേഷവും മണിക്കൂറുകൾ ഗംഗാതീരത്ത്​ തുടർന്നശേഷമാണ് ഹോട്ടലിലേക്ക്​ ​ മടങ്ങിയത്​.

വൃത്തിയും വെടിപ്പുമുള്ള ആസൂത്രിതമായൊരു നഗരം അന്വേഷിച്ചെത്തുന്നവരെ വാരാണസി ഒരിക്കലും മോഹിപ്പിക്കില്ല. ഓരോ ഗല്ലികളിലും ഗംഗാതീരത്തും ക്ഷേ​​ത്രത്തിൽ പോലും നമ്മെ വീർപ്പുമുട്ടിക്കുന്ന തിരക്കും പശുക്കളും മാലിന്യങ്ങളുമെല്ലാം ഉണ്ടാവും. മോദിയുടെ ഗംഗാ ശുചീകരണം ഇവിടെ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്ന്​ ഒറ്റനോട്ടത്തിൽതന്നെ മനസ്സിലാവും.

പക്ഷേ, നമ്മെ ഭ്രാന്തമായി ​വശീകരിക്കുന്ന ഒരു നഗരമാണ്​ വാരാണസി. അവിടെയെത്തിയാൽ അഘോരികൾ വലിക്കുന്ന കഞ്ചാവി​െൻറ പുകച്ചുരുളുകൾ നമ്മളിൽ ലഹരി നൽകും. ഭക്തിയുടേയും ആത്മീയതയുടേയും പുതിയൊരു തലമാണ്​ വാരാണസി നമുക്ക്​ മുന്നിൽ തുറന്നിടുന്നത്​. തിരിച്ച്​ വിമാനം കയറു​േമ്പാൾ ഒന്നുറപ്പിച്ചിരുന്നു, മോക്ഷം തേടി ഒരിക്കൽകൂടി ഈ നഗരത്തിൽ വരുമെന്ന്​.

Show Full Article
TAGS:travel Varanasi Kashi Varanasi travelogue 
Next Story