സെൽഫിയും ഫോണും വേണ്ട: വന്യജീവി സങ്കേതങ്ങൾ സഞ്ചാരികളോട് ‘നോ’ പറയുന്നതെന്തുകൊണ്ട്?
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ടൈഗർ റിസർവുകളിൽ സഫാരിക്കിടെ മൊബൈൽ ഫോണുകൾക്ക് പൂർണനിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു. 2025 നവംബറിൽ സുപ്രീം കോടതിയുടെ വിധിയിലൂടെയാണ് രാജ്യത്തെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ടൂറിസം മേഖലകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചത്. ഈ നിരോധനം മറ്റ് വന്യജീവി സങ്കേതങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ.
കാട്ടിലൂടെ ഒരു ജീപ്പിൽ സഞ്ചരിക്കുന്നതിനിടെ നിങ്ങളുടെ മുന്നിൽ ഒരു കടുവ പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ ആ കാഴ്ച കാണാനല്ല ശ്രമിക്കാറ്. പകരം ഫോണിലേക്ക് കൈ നീട്ടി, ആ ഷോട്ട് ഫ്രെയിമിൽ പകർത്താനുള്ള ശ്രമത്തിലായിരിക്കും. അത്തരമൊരു ചിത്രം പകർത്തുക എന്നത് മിക്ക യാത്രികരുടെയും ഒരു സ്വപ്നവുമാകും. എന്നാൽ ആ ശ്രമം ഇനി അധികം വേണ്ടെന്ന തീരുമാനമാണ് വന്യജീവി സങ്കേതങ്ങളിൽ വരാൻ പോകുന്നത്. അതിന് കാരണം സഞ്ചാരികളുടെ വിവേകമില്ലാത്ത പ്രകടനങ്ങൾ തന്നെയാണെന്ന് അധികൃതർ പറയുന്നു. വന്യജീവി കേന്ദ്രങ്ങളിലെ സഫാരിക്കിടെയുള്ള വിനോദസഞ്ചാരികളുടെ ഫോൺ ഉപയോഗം മനുഷ്യർക്കും വന്യജീവികൾക്കും ഒരുപോലെ അപകടകരമാണെന്നാണ് കോടതി കണ്ടെത്തിയത്.
ഈയിടെ അതിനെ സാധൂകരിക്കുന്ന ഒരു വിഡിയോ വൈറലാവുകയും ചെയ്തു. രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തിലെ ഒരു കടുവ നിരവധി സഫാരി വാഹനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതാണ് വിഡിയോ. ആളുകൾ കൂട്ടംചേർന്നുനിന്ന് മൊബൈലുകളിൽ ചിത്രം പകർത്താൻ ശ്രമിക്കുകയാണ്. കാട്ടിലേക്കുപോകാൻ ശ്രമിക്കുന്നതിനിടെ കടുവ പരിഭ്രാന്തനാകുന്നു. ‘സഫാരി ജാമുകൾ’ എന്നാണ് ഈ സംഭവത്തെ വിളിക്കുന്നത്. തിരക്കേറിയ വന്യജീവികേന്ദ്രങ്ങളിൽ ഇത് സ്ഥിരം സംഭവമാണെങ്കിലും ഇവ വന്യമൃഗങ്ങളെ മോശമായി ബാധിക്കുമെന്നാണ് കണ്ടെത്തൽ.
മൃഗങ്ങളുടെ ഫോട്ടോകൾ എടുക്കുന്നതിനിടെ ഫോൺ വീണുപോയ സംഭവങ്ങളും അമ്മ സെൽഫി എടുക്കുന്നതിനിടെ കുട്ടി ജീപ്പിൽനിന്ന് വീണ് വഴിയിൽ നിന്ന് തെറിച്ചുവീണ സംഭവങ്ങളുമെല്ലാമുണ്ടായിട്ടുണ്ട്. ഗൈഡുമാർ കടുവയുടെ തൊട്ടടുത്തുനിന്ന് ഇത്തരം സന്ദർഭങ്ങളിൽ യാത്രികരെ രക്ഷപ്പെടുത്തിയ നിരവധി സംഭവങ്ങൾ വനം വകുപ്പ് അധികൃതർ പങ്കുവെക്കുന്നു.
ഇന്ത്യൻ ടൈഗർ സഫാരികൾക്കുള്ള പുതിയ നിയമങ്ങൾ ഇവയാണ്. കടുവാ സങ്കേതത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സന്ദർശകർ അവരുടെ മൊബൈൽ ഫോണുകൾ ഒരുപെട്ടിയിൽ വെക്കുകയോ അല്ലെങ്കിൽ സൈലന്റ് മോഡിൽ ഇട്ട് ബാഗിൽ സൂക്ഷിക്കുകയോ വേണം. കടുവ ആവാസ വ്യവസ്ഥകളുള്ള പ്രധാന ടൂറിസം മേഖലകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. അടിയന്തര വാഹനങ്ങൾ ഒഴികെ, കടുവാ സംരക്ഷണ കേന്ദ്രങ്ങളിലെ റോഡുകൾ സന്ധ്യക്കും പ്രഭാതത്തിനും ഇടയിൽ ഉപയോഗിക്കാൻ പാടില്ല. കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള അതിർത്തി പ്രദേശങ്ങളിൽ പരിമിതമായ വികസന പദ്ധതികൾ മാത്രമേയുള്ളൂ.
3,600ലധികം ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമാണ് ഇന്ത്യ. ലോകത്തിലെ കടുവകളുടെ എണ്ണത്തിന്റെ 75ശതമാനം വരും ഇത്. രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനം, ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനം തുടങ്ങിയ രാജ്യത്തെ 58 ഔദ്യോഗിക കടുവ സംരക്ഷണ കേന്ദ്രങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും താമസിക്കുന്നത്. ബംഗാൾ കടുവ വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായി തുടരുമ്പോഴും ഇന്ത്യയിലെ നടക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾ അവയുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ വന്യജീവികളോട് എങ്ങനെ പെരുമാറണമെന്നറിയാതെ വന്യജീവി കേന്ദ്രങ്ങളിലെ സഫാരികൾക്കിടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 418 അപകട മരണങ്ങളുണ്ടായതാണ് കണക്കുകൾ. ഇതിൽ പ്രധാനമായും കടുവകളുടെ ആക്രമണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

