'ഥാറി'ൽ ലോകം ചുറ്റാനിറങ്ങിയ ഹിജാസും ഹാഫിസും സൗദിയിൽ
text_fieldsറിയാദ്: മഹീന്ദ്ര ഥാറിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികൾ സൗദിയിലെത്തി. രണ്ടുമാസം മുമ്പ് മുവാറ്റുപുഴയിൽ നിന്ന് യാത്ര പുറപ്പെട്ട ഹിജാസും ഹാഫിസുമാണ് തങ്ങളുടെ ഥാറോടിച്ച് റിയാദിൽ എത്തിയത്. വിവിധ രാജ്യങ്ങൾ താണ്ടിയ യാത്രക്കൊടുവിൽ റിയാദിൽ എത്തിയ ഇവർക്ക് കെ.എം.സി.സി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
മുവാറ്റുപുഴ പുതുപ്പാടിയിൽ നിന്നും ഡീൻ കുര്യക്കോസ് എം.പി, ചലച്ചിത്ര താരം ഷിയാസ് ഖരീം തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര യൂ.എ.ഇ പൂർണമായും ചുറ്റിയ ശേഷമാണ് റിയാദിൽ തിങ്കളാഴ്ച ഉച്ചയോട് കൂടി എത്തിയത്. യു.എ.ഇയിൽ നിന്നും ഒമാനിലേക്ക് യാത്ര ചെയ്യാൻ പദ്ധതി ഇട്ടിരുന്നെങ്കിലും വലതുവശ ഡ്രൈവ് നിബന്ധന പോലുള്ള ട്രാഫിക് നിയമങ്ങൾ തടസ്സമായി. ഒമാനിലേക്ക് പ്രവേശിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ട ഹാഫിസും ഹിജാസും അടുത്ത ലക്ഷ്യമായ സൗദിയിലേക്ക് തിരിക്കുകയായിരുന്നു.
സൗദി അറേബ്യയിൽ എത്തുന്ന ആദ്യ കേരള രജിസ്ട്രേഷൻ വാഹനം എന്ന ബഹുമതി ഇനി ഇവർക്ക് സ്വന്തം. സൗദിയിലേക്ക് പ്രവേശിക്കാനും വലതുവശ ഡ്രൈവ് നിബന്ധന വിലങ്ങു തടിയായെങ്കിലും രണ്ടാം ശ്രമത്തിൽ ഇവർ ലക്ഷ്യത്തിൽ എത്തി. സൗദിയിൽ നിന്ന് കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഇവർ ചുറ്റി സഞ്ചരിക്കും. ഈ രാജ്യങ്ങൾ കണ്ടു സൗദിയിലേക്ക് മടങ്ങുന്ന ഇവർ ജോർദാൻ, ഇസ്രായേൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ വഴി ആഫ്രിക്കൻ ഭാഗത്തേക്ക് പോകും.
ഒരു വർഷം കൊണ്ട് 50 രാജ്യങ്ങൾ ചുറ്റുക എന്നതാണ് ഈ കൗമാരക്കാരുടെ ലക്ഷ്യം. എമിറേറ്റ്സ് ഫസ്റ്റ് എന്ന കമ്പനിയാണ് ഇവരുടെ വിസ സ്പോൺസർ. യാത്രകൾക്ക് ചെലവേറെയാണെന്നും സ്പോൺസർമാരെ ലഭിച്ചാൽ യാത്ര സുഗമമാകുമെന്നും ഇവർ പറയുന്നു. കുടുംബത്തിൽ നിന്നും ആദ്യം എതിർപ്പുകൾ ഉണ്ടായെങ്കിലും ഇപ്പോൾ അവരുടെ പൂർണ പിന്തുണ ലഭിക്കുന്നതായും ഇവർ പറയുന്നു. കപ്പൽ മാർഗം ദുബൈയിലെ ജബൽ അലിയിൽ എത്തിച്ച ഇവരുടെ മഹിന്ദ്ര ഥാർ ഇനി യാത്രവസാനം വരെ ഇവരോടൊപ്പമുണ്ടാകും.
hijaz and hafiz with thar
ഫോട്ടോ: ഹിജാസും ഹാഫിസും തങ്ങളുടെ താർ ജീപ്പിനൊപ്പം