മരുഭൂമിയിലെ ശൈത്യകാലം
text_fieldsമഞ്ഞിൽ മറയുന്ന മരുഭൂമിയും മലകളും കടലും യു.എ.ഇയുടെ ശൈത്യകാലത്തിന്റെ മനോഹര കാഴ്ച്ചയാണ്. മഞ്ഞിനുള്ളിൽ നിന്ന് പൊങ്ങിവരുന്ന കിളികളുടെ പാട്ടും ഗാഫ് മരങ്ങളുടെ ചാഞ്ചാട്ടവും ഒട്ടകങ്ങളുടെ കുസൃതികളും ശിശിരകാല അനുഭൂതികളാണ്. സൂര്യൻ പോലും മഞ്ഞിലാണ്ടുപോകുന്ന പുലരികൾ വടക്ക്, പടിഞ്ഞാറ് മേഖലകളിൽ അനുഭവപ്പെടാറുണ്ട്. സൂര്യൻ മെല്ലെ മെല്ലെ തിരി ഉയർത്തുമ്പോൾ പൊങ്ങിവരുന്ന പ്രകൃതിയുടെ സൗന്ദര്യം വാക്കുകൾക്കും അപ്പുറത്താണ്. യു.എ.ഇയിലെ ശൈത്യകാലം സുഖകരമായ കാലാവസ്ഥയും സജീവമായ വിനോദസഞ്ചാരവും കൊണ്ട് ശ്രദ്ധേയമാണ്.
2025 ലെ കണക്കനുസരിച്ച് ഡിസംബർ 21-നാണ് ഔദ്യോഗികമായി ശൈത്യകാലം ആരംഭിക്കുന്നത്. എന്നാൽ, ഇതിനകം തന്നെ മഞ്ഞിന്റെ മധുരം മലയോരങ്ങളിൽ എത്തി കഴിഞ്ഞിട്ടുണ്ട്. ശൈത്യകാലത്താണ് യു.എ.ഇയിൽ പ്രധാനമായും മഴ ലഭിക്കുന്നത്. ഇതിനകം നിരവധി പ്രദേശങ്ങളിലാണ് മഴ ലഭ്യമായത്. ഹത്തയുടെ മലകളിൽ മഴ മേഘങ്ങൾ വരച്ചിട്ട മഴവില്ലുകൾ തിളങ്ങി നിൽക്കുന്നു, മഴയിൽ കുളിച്ച സുഖത്തിൽ ഗാഫ് മരങ്ങൾ കാർകൂന്തൽ മിനുക്കുന്നു. മഴയത്ത് മാഥ്രം ചിലമ്പണിയുന്ന പൌരാണിക തോടുകൾ ചിലമ്പണിയുന്നു. പുലർച്ചെ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് ഈ കാലയളവിലെ മറ്റൊരു പ്രത്യേകതയാണ്.
അപകടം വിതക്കുന്ന തരത്തിലാണ് ഇവ കാഴ്ച്ചയെ മറക്കാറുള്ളത്. മൂടൽ മഞ്ഞിൽ ശ്രദ്ധ അനിവാര്യം. മരുഭൂമിയിലൂടെ കടന്നു പോകുന്ന റോഡുകളെ പ്രത്യേകം നിരീക്ഷിക്കണം. മണലിന് ചൂടിനെ നിലനിർത്താൻ കഴിയാത്തതിനാൽ സൂര്യാസ്തമയത്തിന് ശേഷം താപനില വേഗത്തിൽ താഴുന്നു. മരുഭൂമിയിലെ രാത്രിയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ വരെ പോകാൻ സാധ്യതയുണ്ട്. അതിശൈത്യം പോലുള്ള സന്ദർഭങ്ങളിൽ ഇത് മഞ്ഞുപാളി രൂപപ്പെടാൻ കാരണമാകുന്നു. ആലിപ്പഴവർഷം ശൈത്യകാലത്ത് അനുഭവപ്പെടാറുണ്ട്. ആകാശം മേഘങ്ങളില്ലാതെ തെളിഞ്ഞുനിൽക്കുന്നതിനാൽ പകൽ സമയം നല്ല തെളിച്ചമുള്ളതായിരിക്കും. ശൈത്യകാലം ആരംഭിക്കുന്നതോടെ, സന്ദർശകർക്ക് വിനോദത്തിനപ്പുറം പ്രകൃതിയുടെ അഴകുള്ള ആഴങ്ങളും ജൈവീകതയുടെ ആത്മാവും അനുഭവിക്കാൻ കഴിയുന്ന വൈവിധ്യപൂർണ്ണവുമായ ഒരു ജൈവീകാനുഭവം നൽകുന്നതിനായി ‘വിന്റർ ഇൻ ഹത്ത’ പരിപാടികൾ ആരംഭിച്ചിരിക്കുന്നു. ഉയർന്നു നിൽക്കുന്ന പർവതനിരകൾക്കും മോഹിപ്പിക്കുന്ന താഴ്വരകൾക്കും ഇടയിൽ, ഹത്തയുടെ സൗന്ദര്യവും പർവതങ്ങളുടെ ഭാവപകർച്ചകളും സംയോജിപ്പിച്ച്, മറക്കാനാവാത്ത ഓർമ്മകൾ കൊണ്ട് കുടമാറ്റങ്ങൾ തിർക്കുന്ന അതുല്യമായ വിനോദങ്ങൾക്കാണ് ഹത്ത വേദിയൊരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് അസാധാരണമായ അനുഭൂതി നിറഞ്ഞ അനുഭവം പ്രദാനം ചെയ്യുന്ന ഈ ഉത്സവം, അവരുടെ ഹൃദയങ്ങളിൽ സന്തോഷം പകരുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി വിശാലമായ സ്ഥലവും വൈവിധ്യമാർന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഭാവനയും കലാപരമായ കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിയുടെ മടിത്തട്ടിൽ തന്നെ അവർക്കായി വേദികൾ തീർത്തിരിക്കുന്നു.
ശൈത്യകാല അവധിക്കാലത്ത് കുട്ടികൾക്ക് സന്തോഷത്തിന്റെ വേദികളാണ് തുറന്നിട്ടിരിക്കുന്നത്. പട്ടണ ജീവിതത്തിൽ നിന്ന് ഗ്രാമീണതയിലേക്കുള്ള യാത്രകൾ പകരുന്ന പുതിയ ഭാവനകൾ അവരിൽ തീർക്കുന്ന മാനസിക ഉല്ലാസമാണ് ലക്ഷ്യം. ശൈത്യകാലത്ത് കൊട്ടാര തുല്യമായ വീടുകളിൽ നിന്ന് സ്വദേശികൾ മരുഭൂമിയിലെ താൽക്കാലിക കൂടാരങ്ങളിലേക്ക് താമസം മാറ്റുന്നു. വളർത്തു മൃഗങ്ങളേയും കൂടെ കൂട്ടുന്നു. പൂർവ്വീകരുടെ ജീവിതത്തിലേക്കുള്ള തിരികെ യാത്ര. ശിശിര കാലത്ത് മരുഭൂമിക്ക് ഉറക്കം കിട്ടാറില്ല. വീടുവിട്ടിറങ്ങി വന്നവരോടൊപ്പം മരുഭൂമിയും സൊറ പറയാനിരിക്കും. പാനീസ് വിളക്കുകളുടെ മങ്ങിയ പ്രകാശത്തിൽ മണൽക്കാറ്റ് പാടാൻ തുടങ്ങും. ജനറേറ്ററുകളും സൗരോർജ്ജവും തീർക്കുന്ന വെളിച്ചത്തിൽ മരുഭൂമി മുങ്ങി കുളിക്കും നീന്തി രസിക്കും. ഇത് വെറുമൊരു സീസണൽ പരിപാടി മാത്രമല്ല, മറിച്ച് ആളുകൾ പ്രകൃതിയെ കണ്ടുമുട്ടുകയും കുടുംബങ്ങൾ പരസ്പരം കൂടുതൽ അടുക്കുകയും ചെയ്യുന്ന ഒരു ഇടമാണ്. നമ്മൾ സ്നേഹിക്കുന്നവരോടൊപ്പം, പർവതങ്ങൾക്കും ശുദ്ധവായുവിനും ഇടയിൽ ചെലവഴിക്കുന്ന സമയം ഏറ്റവും മനോഹരവും യഥാർത്ഥത്തിൽ വിലപ്പെട്ടതുമായ നിക്ഷേപമാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു, എത്ര വർഷങ്ങൾ കടന്നുപോയാലും സാഹചര്യങ്ങൾ എത്ര വ്യത്യസ്തമായാലും നമ്മുടെ ഹൃദയങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു ഓർമ്മയാണ് മരുഭൂമിയിലെ ശൈത്യകാലം.
ഹത്ത ഫെസ്റ്റിവൽ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ 10 വരെയും വാരാന്ത്യങ്ങളിൽ ഉച്ചക്ക് 12 മുതൽ അർദ്ധരാത്രി വരെയും തുറന്നിരിക്കും.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ലൈറ്റിങ് ഡിസ്പ്ലേകളാൽ മിന്നിതിളങ്ങുകയാണ് ഹത്തയും മലകളും. എല്ലാ വാരാന്ത്യത്തിലും അതിശയകരമായ വെടിക്കെട്ട് പ്രകടനങ്ങളും നടക്കുന്നു.ദുബൈയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹത്തയിൽ, ദുബൈയിൽ നിന്ന് ഏകദേശം 90 മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്തിച്ചേരാം. എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ റൂട്ടിൽ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ മരുഭൂമിയുടെയും ഹത്ത പർവതനിരകളുടെയും മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും. ദേരയിലെ സബ്ക്കയിൽ നിന്ന് ഇവിടേക്ക് ബസ് സൌകര്യവും ഉണ്ട്. പ്രവേശനം സൌജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

