യു.എസ് വിസ ബോണ്ട് പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം; ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായേക്കും
text_fieldsന്യൂയോർക്ക്: ട്രംപ് ഭരണകൂടം നടപ്പാക്കിയ വിവാദപരമായ വിസ ബോണ്ട് പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം നടക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യു.എസ് ട്രാവൽ അസോസിയേഷൻ. തീരുമാനം രാജ്യത്തെ വിനോദസഞ്ചാര മേഖലയെയും സാമ്പത്തിക രംഗത്തെയും ഗുരുതരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
2025 ഓഗസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട വിസ ബോണ്ട് പദ്ധതി ഈ മാസമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരപ്പെടുത്തിയത്. നിലവിൽ 50 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ അപേക്ഷകർ 20,000 യു.എസ് ഡോളർ (ഏകദേശം 16.7 ലക്ഷം രൂപ) വരെ തിരികെ ലഭിക്കുന്ന ബോണ്ടായി കെട്ടിവെക്കണമെന്നാണ് വ്യവസ്ഥ. വിസ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തങ്ങുന്നത് തടയാനാണ് ഈ നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.
വിസ ആവശ്യമുള്ള കൂടുതൽ രാജ്യങ്ങളിലേക്കും, ഒരുപക്ഷേ മുഴുവൻ രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ നീക്കം നടക്കുന്നതായി യു.എസ് ട്രാവൽ അസോസിയേഷൻ പ്രസിഡന്റ് ജെഫ് ഫ്രീമാൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇത് നടപ്പിലായാൽ യു.എസ് സാമ്പത്തിക രംഗത്തിനും ട്രാവൽ വ്യവസായത്തിനും താങ്ങാനാകാത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി നടപ്പാക്കിയ ആദ്യ 10 മാസത്തിനിടെ പട്ടികയിലുള്ള 50 രാജ്യങ്ങളിൽ നിന്നുള്ള വിസ അനുവദിക്കൽ 83 ശതമാനം കുറഞ്ഞതായി ഭരണകൂടം അവകാശപ്പെടുന്നു. 2024 സാമ്പത്തിക വർഷത്തിൽ 45,488 പേർ വിസ കാലാവധി കഴിഞ്ഞും തങ്ങിയിരുന്ന സ്ഥാനത്ത്, ബോണ്ട് പദ്ധതി വന്നതോടെ ഇത് 50-ൽ താഴെയായി കുറഞ്ഞുവെന്നാണ് കണക്കുകൾ. ആഫ്രിക്കൻ രാജ്യങ്ങൾ, ഏഷ്യ, കരീബിയൻ, മധ്യേഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് നിലവിൽ ഈ പട്ടികയിലുള്ളത്. ഏതൊരു രാജ്യത്തെയും 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി പട്ടികയിൽ ഉൾപ്പെടുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് അധികാരമുണ്ട്.
നിലവിൽ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ അമേരിക്കയിലെത്തുന്ന ആകെ വിദേശികളുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ്. എന്നാൽ കാനഡയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 25 ശതമാനവും ഏഷ്യയിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 2019-നെ അപേക്ഷിച്ച് 50 ശതമാനവും കുറവ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കനുസരിച്ച് ആകെ വിദേശ സഞ്ചാരികളുടെ വരവിൽ 4.3 ശതമാനത്തിന്റെ ഇടിവുണ്ടായി.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടന്ന ജൂൺ മാസത്തിൽ പോലും വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 1.8 ശതമാനത്തിന്റെ കുറവാണുണ്ടായത്. അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്നതിന് പകരം അവരെ നിരുത്സാഹപ്പെടുത്തുന്ന നയങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് വ്യവസായ പ്രമുഖർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

