സഞ്ചാരികളെ മാടിവിളിച്ച് ഉറിതൂക്കിമല
text_fieldsഉറിതൂക്കിമലയുടെ മുകൾഭാഗം ആസ്വദിക്കുന്നവർ
നാദാപുരം: നരിപ്പറ്റ പഞ്ചായത്തിലെ കാപ്പിമലയെയും ഉറിതൂക്കിമലയെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതിവേണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടും വിനോദസഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന പ്രദേശങ്ങളാണ്. ഈ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളോ പദ്ധതികളോ ഇതുവരെ കാര്യമായി നടന്നിട്ടില്ല.
ഇരു മലകളെയും ബന്ധിപ്പിച്ച് റോപ്വേ നിർമിച്ചാൽ ഇനിയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യവികസനം, സഞ്ചാരികൾക്ക് ഇരിക്കാൻ ആവശ്യമായ സ്ഥലസൗകര്യങ്ങൾ, സുരക്ഷിതമായ വിനോദ സഞ്ചാരപാത, മാലിന്യമുക്തമായ ഉത്തരവാദിത്ത ടൂറിസം എന്നിവ നടപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ഈ പ്രദേശം ചില സ്വകാര്യവ്യക്തികളുടെ കൈവശമാണുള്ളത്.
അവരെയെല്ലാം ഏകോപിപ്പിച്ച് അധികൃതർ മാസ്റ്റർ പ്ലാൻ തയാറാക്കിയാൽ ഈ മലമുകളിൽ വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളാണുള്ളത്. ഉറിതൂക്കിമലയും വ്യൂപോയന്റും വനാന്തരീക്ഷവും പ്രകൃതിസുന്ദരമായ സ്ഥലങ്ങളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
കൈവേലി ടൗണില്‍നിന്ന് വണ്ണാത്തിപ്പൊയില്‍ കരിങ്ങാട് വഴിയാണ് ഇവിടേക്ക് എത്തിച്ചേരേണ്ടത്. മുള്ളമ്പത്ത് നിന്ന് ഇരുമ്പന്തടത്തിലൂടെ എടോനിയിലെത്തി കുത്തനെയുള്ള ആറ് കിലോമീറ്റർ കയറ്റം കയറിയും മലയിലേക്കെത്താം. ഒരു മണിക്കൂറോളം കുത്തനെ കയറിയാൽ മലമുകളിലെത്താം. ഇടക്ക് നിരപ്പായ സ്ഥലങ്ങളുമുണ്ട്. കരിങ്ങാടുവഴി മലയിലേക്കെത്തുമ്പോള് പ്രകൃതിയൊരുക്കിയ നിരവധി മനോഹരദൃശ്യങ്ങള്‍ കാണാം. ഉറിതൂക്കി എന്നതിലെ ഉറിതൂക്കി എന്നപദം വീരപഴശ്ശിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശത്രുവില്‍നിന്ന് ഒളിവില്‍ കഴിയാനും മറ്റും പഴശ്ശിരാജാവ് ഈമലയില് എത്തിയതായാണ് ചരിത്രം പറയുന്നത്. ഇവിടെനിന്ന് നോക്കുമ്പോള്‍ വിദൂരമായ ദൃശ്യം സാധ്യമായതിനാലാണ് ഇവിടം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാൽ, മലയെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾ അധികമുണ്ടായിട്ടില്ല. ഉറിതൂക്കി പാറയോട് ചേർന്നുതന്നെ ഒരു സ്വകാര്യ റിസോര്‍ട്ടുമുണ്ട്. ഇതുവഴിയാണ് വ്യൂ പോയന്റിൽ എത്തിച്ചേരുന്നത്.
പാറക്ക് അടിവശം അഗാധമായ താഴ്ചകളാണ്. കുളിരുള്ള കാറ്റും കണ്ണെത്താദൂരത്തെ കാഴ്ചകളും കിലോമീറ്ററുകളോളം നീളുന്ന ആകാശക്കാഴ്ചകളുമാണ് ഇവിടത്തെ നയനാനന്ദകരമായ കാഴ്ച.
രാത്രികാലങ്ങളിലെ താഴേക്കുള്ള കാഴ്ചകള്‍ അതിമനോഹരമെന്ന് സഞ്ചാരികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. സാഹസികസഞ്ചാരികളുടെ എണ്ണം ഇവിടേക്ക് ദിനംപ്രതി വർധിച്ചുവരുകയാണ്. കുടുംബങ്ങളുടെയും പ്രിയ ഇടമാണ് ഇപ്പോൾ ഉറിതൂക്കിമല. രാത്രി താമസത്തിനായി കുടുംബത്തോടൊപ്പം ഇവിടെയെത്തുന്നത് നിരവധി പേരാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉറിതൂക്കിമലയുടെ ടൂറിസം സാധ്യതകള്‍ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പെടുത്തുകയും ഇതുസംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ടും നിവേദനങ്ങളും നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

