ഇ-ഗേറ്റ് വഴി യാത്ര ചെയ്തു: ബഹ്റൈൻ പ്രവാസിക്ക് വിനയായി ഡിപ്പാർചർ സീലില്ലാത്ത പാസ്‌പോർട്ട്
text_fieldsമനാമ : എയർപോർട്ടുകളിൽ യാത്രക്കാരുടെ ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാൻ ഏർപ്പെടുത്തിയ ഇ-ഗേറ്റ് സംവിധാനം പ്രവാസികൾക്ക് പുതിയ ദുരിതമാകുന്നു. വിമാനത്താവളത്തിൽ ഇ-ഗേറ്റ് വഴി യാത്ര ചെയ്യുമ്പോൾ പാസ്‌പോർട്ടിൽ ഫിസിക്കലായി എക്‌സിറ്റ്/ഡിപാർച്ചർ സീൽ പതിപ്പിക്കാത്തതാണ് പല ഔദ്യോഗിക ആവശ്യങ്ങൾക്കും പിന്നീട് വിനയാകുന്നത്. ബഹ്‌റൈൻ പ്രവാസിയും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സനാഫ് റഹ്മാന്റെ അനുഭവമാണ് ഈ സംവിധാനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പുറത്തുകൊണ്ടുവന്നത്. 2025 നവംബറിൽ കോഴിക്കോട് വിമാനത്താവളത്തിലെ ഇ-ഗേറ്റ് വഴിയാണ് സനാഫ് ബഹ്‌റൈനിലേക്ക് യാത്ര തിരിച്ചത്. എന്നാൽ അടുത്തിടെ തന്റെ രണ്ട് വയസ്സുകാരിയായ മകൾക്ക് പാസ്‌പോർട്ട് എടുക്കുന്നതിനായി ഭാര്യ മലപ്പുറം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലെത്തിയപ്പോഴാണ് പ്രശ്നങ്ങൾ അറിഞ്ഞത്.
പിതാവ് വിദേശത്താണെന്ന് തെളിയിക്കുന്നതിനായി സനാഫിന്റെ പാസ്‌പോർട്ടിലെ ഡിപാർച്ചർ സീൽ പതിപ്പിച്ച പേജിന്റെ പകർപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ബഹ്‌റൈനിൽ എത്തിയതിന്റെ അറൈവൽ സീൽ കാണിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഡിപാർച്ചർ രേഖ തന്നെ വേണമെന്ന് ഉദ്യോഗസ്ഥർ ശാഠ്യം പിടിച്ചു. ഇ-ഗേറ്റ് ഉപയോഗിച്ചതിനാൽ പാസ്‌പോർട്ടിൽ ഡിപാർച്ചർ സീൽ ഉണ്ടായിരുന്നില്ല.
സനാഫ് നൽകിയ എഫ്.ടി.ടി.ഐയിൽ നിന്ന് ലഭിച്ച യാത്രാരേഖ
തുടർന്ന് കേന്ദ്ര സർക്കാറിന്റെ ഇമിഗ്രേഷൻ സംബന്ധമായ എഫ്.ടി.ടി.ഐ വെബ്‌സൈറ്റിൽ നിന്നുള്ള യാത്രാ വിവരങ്ങളുടെ സ്‌ക്രീൻഷോട്ട് ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥർ അത് നിരസിച്ചു. ഒറിജിനൽ ഫയൽ ഡൗൺലോഡ് ചെയ്ത് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ എഫ്.ടി.ടി.ഐ പോർട്ടലിൽ രേഖകൾ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനമില്ലാത്തതിനാൽ അപേക്ഷ നിരസിച്ച് മറ്റൊരു ദിവസത്തേക്ക് അപ്പോയിന്റ്മെന്റ് എടുക്കാൻ അധികൃതർ നിർദേശിച്ചു.
ഇതോടെ, ഔദ്യോഗിക യാത്രാ രേഖയ്ക്കായി ഇ-എഫ്.ആർ.ആർ.ഒ (e-FRRO) വെബ്‌സൈറ്റ് വഴി ഈ മാസം 3ന് അപേക്ഷ നൽകാൻ ശ്രമിച്ചെങ്കിലും അതിൽ ആവശ്യപ്പെട്ട് പേയ്മെന്‍റ് അടക്കാനുള്ള ഒപ്ഷൻ തുറന്നു വന്നില്ല. നാട്ടിൽനിന്ന് ഭാര്യയും അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് 15ാം തീയതി വീണ്ടും സനാഫ് അപേക്ഷ നൽകുകയും 1,000 രൂപ ഫീസ് അടയ്ക്കുകയും ചെയ്തു. എന്നാൽ ഈ സമയം രേഖ ലഭ്യമായില്ല. അന്വേഷിച്ചപ്പോഴാണ് ഇതിന് ദീർഘമായ വെരിഫിക്കേഷൻ നടപടികൾ ആവശ്യമാണെന്ന് മനസ്സിലായത്. പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ രണ്ടാമത്തെ അപ്പോയിന്റ്മെന്റ് തീയതിയായപ്പോഴും രേഖ ലഭിക്കാത്തതിനെ തുടർന്ന്, ആദ്യം ഹാജരാക്കിയ എഫ്.ടി.ടി.ഐ രേഖ തന്നെയാണ് വീണ്ടും കാണിച്ചത്. എന്നാൽ ഇത്തവണ ഉദ്യോഗസ്ഥർ അത് സ്വീകരിക്കുകയും ചെയ്തു. ആദ്യ തവണ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരുടെ നടപടിയാണോ അതോ വ്യക്തതയില്ലാത്ത നിയമങ്ങളാണോ ഈ ദുരിതത്തിന് കാരണമെന്ന് വ്യക്തമല്ല.
സാങ്കേതികവിദ്യയുടെ വേഗത മുന്നിൽ കണ്ട് ഇ-ഗേറ്റ് ഉപയോഗിച്ച പ്രവാസികൾക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും മാനസിക വിഷമവുമാണ് സമ്മാനിക്കുന്നത്. പാസ്‌പോർട്ടിൽ സീലില്ലാത്ത സാഹചര്യങ്ങളിൽ ബദൽ യാത്രാരേഖകൾ അംഗീകരിക്കുന്നതിന് പാസ്‌പോർട്ട് ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സംവിധനങ്ങൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകണമെന്നും, ഇ-ഗേറ്റ് വഴി യാത്ര ചെയ്യുന്നവർക്ക് തത്സമയം ഡിജിറ്റൽ ഡിപാർച്ചർ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള സുതാര്യമായ സംവിധാനം ഒരുക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

