ദയവായി മറ്റ് രാജ്യങ്ങളിൽ പോകുന്നവർ ആ രാജ്യത്തെ നിയമങ്ങൾ പാലിക്കുക: മാഹീൻ
text_fieldsമാഹീൻ, അരുണിമ
അഫ്ഗാനിസ്താൻ യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ട്രാവൽ വ്ലോഗ്ഗറും ഹിച്ച്ഹൈക്കിങ് നൊമാഡ് സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമയുമായ മാഹീൻ. ട്രാവൽ വ്ലോഗർ ബാക്ക്പാക്കർ അരുണിമയുടെ യാത്രക്കിടെ അഫ്ഗാനിസ്താൻ സർക്കാർ അറസ്റ്റ് ചെയ്‌തെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് യാത്രക്കാർക്ക് മാഹീൻ മുന്നറിയിപ്പ് നൽകുന്നത്. അഫ്ഗാനിസ്താൻ സർക്കാർ അറസ്റ്റ് ചെയ്തതിൽ ഇന്ത്യൻ എംബസിയുടെ സഹായം ആവശ്യപ്പെട്ടാണ് അരുണിമ പോസ്റ്റ് പങ്കുവെച്ചത്. കൂടാതെ അഫ്ഗാനിസ്താൻ സർക്കാർ അരുണിമക്ക് പഷ്തോ ഭാഷയിൽ നൽകിയ സന്ദേശവും അരുണിമ പങ്കുവച്ചിട്ടുണ്ട്.
അഫ്ഗാനിസ്താനിൽ യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച അരുണിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാൽ മാതൃരാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർ ആ രാജ്യത്തെ നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും അല്ലാത്ത പക്ഷം അത് നേരിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാഹീൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. തന്റെ ആദ്യ യാത്രയിൽ അഫ്ഗാനിസ്താൻ സർക്കാർ തന്നെയും ജയിലിൽ അടച്ചിരുന്നെന്നും അന്നും സഹായത്തിന് ആരും എത്തിയിരുന്നില്ലെന്നും മാഹീൻ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം മാഹീൻ വീണ്ടും അഫ്ഗാനിസ്താൻ സന്ദർശിച്ചിരുന്നു.
അഫ്ഗാനിസ്താനിലേക്ക് പോകുന്നതിന് മുമ്പ് അവിടുത്തെ വിസ, ട്രാവൽ പെർമിറ്റ് നിയമങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം യാത്ര ചെയ്യുക. യു.എ.ഇ, കെനിയ, സിംഗപ്പൂർ തുടങ്ങിയ പല രാജ്യങ്ങളിലേക്കും പോകുന്നതുപോലെ വിസ മാത്രം എടുത്ത് അഫ്ഗാനിസ്താനിൽ മുഴുവൻ യാത്ര ചെയ്യാൻ സാധിക്കില്ല. അഫ്ഗാനിസ്താനിലെ വിവിധ പ്രാവശ്യകളിലേക്ക് യാത്ര ചെയ്യാൻ പ്രത്യേക യാത്ര പെർമിറ്റ് ആവശ്യമാണ്. ഈ പെർമിറ്റുകൾക്ക് 1,000 അഫ്ഗാനി വീതവും നൽകണമെന്നും മാഹീൻ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക.
അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പ് അവിടത്തെ വിസ, ട്രാവൽ പെർമിറ്റ് നിയമങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം യാത്ര ചെയ്യുക.
യുണൈറ്റഡ് അറബ് എമിരേറ്റ്സ് , കെനിയ , സിംഗപ്പൂർ തുടങ്ങിയ പല രാജ്യങ്ങളിലേക്കും പോകുന്നതുപോലെ വിസ മാത്രം എടുത്ത് അഫ്ഗാനിസ്ഥാനിൽ മുഴുവൻ യാത്ര ചെയ്യാൻ സാധിക്കില്ല. അഫ്ഗാനിസ്ഥാനിലെ വിവിധ പ്രൊവിൻസുകളിലേക്ക് യാത്ര ചെയ്യാൻ പ്രത്യേക Travel Permit ആവശ്യമാണ്.
സാധാരണയായി ഓരോ പ്രൊവിൻസിലേക്കുമുള്ള പെർമിറ്റിന് 1,000 അഫ്ഗാനി വീതം നൽകണം.
താജിക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കുന്നവർക്ക്:
താജിക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിച്ച് കുന്ദൂസിലെ ബന്ധപ്പെട്ട ഓഫീസിൽ പോയാൽ, അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രൊവിൻസുകളിലേക്കും യാത്ര ചെയ്യാനുള്ള പെർമിറ്റ് പണം നൽകാതെ തന്നെ ലഭിക്കാം. അവിടെ പെർമിറ്റ് എടുക്കാൻ ഗൈഡ് വേണമെന്ന് നിർബന്ധിക്കാറുമില്ല.
കാബൂളിൽ നിന്ന് പെർമിറ്റ് എടുക്കുമ്പോൾ:
തലസ്ഥാനമായ കാബൂളിലെ ബന്ധപ്പെട്ട ഓഫീസിൽ പോയാൽ ഗൈഡ് ഇല്ലാതെ പെർമിറ്റ് നൽകില്ല എന്നാണ് പറയുന്നത്. നിങ്ങൾ പുരുഷനായാലും സ്ത്രീയായാലും ഗൈഡ് നിർബന്ധമാണെന്നാണ് അവിടത്തെ നിബന്ധന.
ബമിയാനിൽ നിന്ന് പെർമിറ്റ് എടുക്കുമ്പോൾ:
ബമിയാനിലും പെർമിറ്റ് നൽകുന്ന ഓഫീസ് ഉണ്ട്. അവിടെ ഗൈഡ് ഇല്ലാതെയും പെർമിറ്റ് എടുക്കാൻ സാധിക്കും. ബമിയാനിലേക്ക് മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ മറ്റു പ്രൊവിൻസുകളിലേക്കുള്ള പെർമിറ്റുകളും അവിടെ നിന്ന് എടുക്കാം. എന്നാൽ അവിടെയും ഓരോ പ്രൊവിൻസിനും 1,000 അഫ്ഗാനി വീതം നൽകണം.
പെർമിറ്റ് ഇല്ലാതെ യാത്ര ചെയ്താൽ താലിബാൻ പ്രശ്നമുണ്ടാക്കുമോ?
പെർമിറ്റ് ഇല്ലാതെ യാത്ര ചെയ്യുമ്പോൾ ചില ചെക്ക്പോയിന്റുകളിൽ താലിബാൻ നിങ്ങളെ തടഞ്ഞേക്കാം. പെർമിറ്റ് ഇല്ലെന്ന് മനസ്സിലായാൽ തിരികെ പോയി പെർമിറ്റ് എടുത്തുവരാൻ ആവശ്യപ്പെട്ടേക്കാം. ചില ചെക്ക്പോയിന്റുകളിൽ അത് വലിയ കാര്യമാക്കാതെ നിങ്ങളെ യാത്ര തുടരാൻ അനുവദിച്ചേക്കാം. മറ്റുചില സാഹചര്യങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുന്നതിനായി interrogation നടത്തുകയോ കുറച്ചുസമയം പിടിച്ചുവെക്കുകയോ ചെയ്തേക്കാം.
എന്റെ അനുഭവത്തിലും ഞാൻ കണ്ട സാഹചര്യങ്ങളിലും, പെർമിറ്റ് ഇല്ല എന്ന ഒറ്റ കാരണത്താൽ തന്നെ ഒരാളെ ജയിലിലടക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് സാധാരണ സംഭവമായി ഞാൻ കണ്ടിട്ടില്ല. എന്നാൽ അതുകൊണ്ട് പെർമിറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് സേഫ് ആണെന്നോ അങ്ങനെ യാത്ര ചെയ്യാമെന്നോ കരുതരുത്. ഓരോ ചെക്ക്പോയിന്റിലും ഉദ്യോഗസ്ഥരുടെ സമീപനം വ്യത്യസ്തമായിരിക്കാം.
പ്രത്യേകിച്ച് 2022ൽ ഞാൻ അഫ്ഗാനിസ്ഥാനിൽ പോയ സമയത്തെ സാഹചര്യം ഇന്നത്തേതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു.
ഞാൻ അവിടെ എത്തുന്നതിന് മുമ്പ് എന്റെ ഒരു കനേഡിയൻ സുഹൃത്തും അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്തിരുന്നു. അവന്റെ കയ്യിൽ സാധുവായ വിസ ഉണ്ടായിരുന്നിട്ടും പല ചെക്ക്പോയിന്റുകളിലും അവനെ തടഞ്ഞുവെച്ചിരുന്നു. അന്ന് പെർമിറ്റ് സിസ്റ്റം ഒന്നും ഉണ്ടായിരുന്നില്ല.
താലിബാൻ അധികാരത്തിൽ വന്നിട്ട് അധികകാലമായിരുന്നില്ല. അന്ന് പല ചെക്ക്പോയിന്റുകളിലും ഉണ്ടായിരുന്ന താഴെത്തട്ടിലുള്ള ആളുകൾക്ക് വിദേശികളുടെ വിസ, യാത്രാനുമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ സുഹൃത്തിനെ ചില സ്ഥലങ്ങളിൽ രണ്ടോ മൂന്നോ ദിവസം വരെ പിടിച്ചുവെച്ച സംഭവങ്ങളുണ്ടായി. പിന്നീട് കാബൂളിൽ നിന്ന് കാര്യങ്ങൾ സ്ഥിരീകരിച്ച ശേഷമാണ് അവനെ യാത്ര തുടരാൻ അനുവദിച്ചത്.
2022ലെ എന്റെ യാത്രയിലും സമാനമായ ചില പ്രശ്നങ്ങൾ എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുമ്പോൾ 'ഒരു ചെക്ക്പോയിന്റിൽ എന്നെ വിട്ടല്ലോ, അടുത്തതിലും വിടും' എന്ന് ഒരിക്കലും കരുതരുത്. ആവശ്യമായ വിസയും പെർമിറ്റുകളും കൈവശം വെച്ച് യാത്ര ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
വിസ സംബന്ധിച്ച മറ്റൊരു പ്രധാന കാര്യം
അഫ്ഗാനിസ്ഥാനിലേക്കുള്ള ഓൺലൈൻ വിസ/e-Visa എടുത്തിട്ടുണ്ടെങ്കിൽ, കാബൂളിലേക്ക് വിമാനമാർഗം എത്തുന്നവർക്ക് അത് ഉപയോഗിക്കാം. എന്നാൽ ലാൻഡ് ബോർഡർ വഴി അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി എംബസി/കോൺസുലേറ്റ് വഴി വിസ കരസ്ഥമാക്കുക.
ഇന്ത്യയിൽ നിന്ന് അഫ്ഗാൻ വിസ എടുക്കുന്നവർക്ക് ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് താരതമ്യേന എളുപ്പത്തിലും കുറഞ്ഞ ചെലവിലും വിസ എടുക്കാൻ സാധിക്കും. അഫ്ഗാനിസ്ഥാൻ സാധാരണ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോലെയല്ല. വിസ കിട്ടിയതുകൊണ്ട് മാത്രം യാത്രയ്ക്ക് തയ്യാറാകരുത്. പെർമിറ്റ് സംവിധാനം, നിങ്ങൾ പ്രവേശിക്കുന്ന ബോർഡറിലെ നിയമങ്ങൾ, പ്രാദേശിക നിയന്ത്രണങ്ങൾ എന്നിവ മനസ്സിലാക്കിയ ശേഷം മാത്രം യാത്ര ചെയ്യുക.
നിയമങ്ങളും നടപടിക്രമങ്ങളും മാറാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് തൊട്ടുമുമ്പ് നിലവിലെ വിവരങ്ങൾ വീണ്ടും പരിശോധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

