മഞ്ഞിൻ കുളിരിൽ ഇടുക്കി
text_fieldsമൂന്നാറിലെ ചെടികളിൽ വീണ മഞ്ഞിൻ കണങ്ങൾ
തൊടുപുഴ: ഇടുക്കിയിൽ മഞ്ഞ് പെയ്യുകയാണ്. കടുത്ത ശൈത്യത്തിന്റെ പിടിയിലാണ് ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങള്‍. മൂന്നാറില്‍ കഴിഞ്ഞ ദിവസം താപനില മൈനസ് ഡിഗ്രിയായി. മഞ്ഞും തണുപ്പും ആവോളം ആസ്വദിക്കാന്‍ ജില്ലയിലേക്കു വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളും ധാരാളമായി എത്തിത്തുടങ്ങിയതോടെ വിനോദ സഞ്ചാര മേഖലയും സജീവമായി.
മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന സൂര്യോദയ-അസ്തമയ ദൃശ്യങ്ങള്‍ നയന മനോഹര അനുഭവമാണ് സമ്മാനിക്കുന്നത്. മഞ്ഞില്‍ പുതഞ്ഞു നില്ക്കുന്ന മരങ്ങളുടെയും പുല്‍മേടുകളുടെയും കാഴ്ച അപൂര്‍വമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. ഹൈറേഞ്ച് തണുപ്പിന്റെ പിടിയിലമരുന്നത് പതിവാണെങ്കിലും ലോ റേഞ്ചില്‍ ഡിസംബർ പകുതിയോടെ ഇത്രയധികം തണുപ്പ് സാധാരണയല്ല.
ഇത്തവണ പുലര്‍ച്ചയും രാത്രിയും തണുപ്പിന്റെ കാഠിന്യം ഏറെ വര്‍ധിച്ചിട്ടുണ്ട്. ലോ റേഞ്ചിലെ പല പ്രദേശങ്ങളും മഞ്ഞണിഞ്ഞു നില്ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. രാവിലെയാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. തണുപ്പ് കൂടിയതോടെ പലരും പ്രഭാത നടത്തം ഒഴിവാക്കിയിട്ടുണ്ട്. മഞ്ഞുമൂടിയ താഴ്വാരങ്ങളുടെ അസുലഭമായ കാഴ്ചകള്‍ കാണാനും ശീതളിമ നുകരാനും എത്തുന്ന യുവജനങ്ങളുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. ദുരെ സ്ഥലങ്ങളില്‍നിന്നുപോലും കോടമഞ്ഞിന്റെ കാഴ്ച ആസ്വദിക്കാന്‍ ആളുകളെത്തുന്നു.
മൂന്നാറിനിത് മഞ്ഞുകാലം
അടിമാലി: മഴ മാറുകയും തണുപ്പ് കൂടുകയും ചെയ്തതോടെ ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ നാല് ദിവസമായി മൂന്നാറിൽ തണുപ്പും മഞ്ഞ് വീഴ്ചയും കൂടുതലാണ്. മഞ്ഞ് വീണ് തെയില ചെടികൾ വരെ കരിഞ്ഞ് തുടങ്ങി. മൂന്നാർ ലോക് ഹാർട്ടിലും സൈലന്റ് വാലിയിലുമാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയത്.അതിശൈത്യം മൂന്നാറിൽ സഞ്ചാരികൾക്ക് വിരുന്നാണ്.
വരും ദിവസങ്ങളിൽ താപനില ഇനിയും താഴും. മഴയും കാലാവസ്ഥ വ്യതിയാനവും മൂന്നാറിലെ വിനോദ സഞ്ചാര മേഖലയെ പിന്നാട്ടടിച്ചിരുന്നു. എന്നാൽ മഴ മാറി ഇത്തവണ ഡിസംബർ പകുതിയോടെ മഞ്ഞ് കാലമെത്തിയത് മൂന്നാറിന് വീണ്ടും ഉണർവ് നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങളും ആവേശത്തിലാണ്. റിസോർട്ടുകളും ഹോംസ്റ്റേകളുമെല്ലാം സീസൺ ആഘോഷമാക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
ഡബിൾ ഡക്കർ ബസ്;ഒമ്പത് മാസത്തിനുള്ളിൽ ഒരു കോടി ക്ലബിൽ
അടിമാലി: കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് സർവിസ് വൻ ഹിറ്റ്. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദസഞ്ചാരികൾക്കായി മൂന്നാർ ഡിപ്പോയിൽ നിന്നു ഡബിൾ ഡക്കർ ബസ് സർവിസ് ആരംഭിച്ചത്. ഒൻപത് മാസത്തിനുള്ളിൽ ഒരു കോടിയിലധികം രൂപയുടെ കളക്ഷനാണ് മൂന്നാറിലെ ഡബിൾഡെക്കർ ബസ് നേടിയത്. മൂന്നാറിൽ നിന്നു കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് ട്രിപ്.
മൂന്നാറിലെ ഡബിൾഡെക്കർ ബസ്
യാത്രയിൽ അഞ്ചിടങ്ങളിൽ ബസ് നിർത്തി സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്. സിറ്റികളിലൂടെ സർവിസ് നടത്തുന്ന ഡബിൾഡെക്കർ ബസ് മൂന്നാറിലെ തേയിലക്കാടുകൾക്കും മലമടക്കുകൾക്ക് ഇടയിലൂടെ സഞ്ചരിക്കുന്നു. സഞ്ചാരികൾക്ക് മുകൾനിലയിലിരുന്ന് മൂന്നാറിന്റെ വശ്യസൗന്ദര്യം കാണാം.
ബസിന്റെ മുകൾനിലയിൽ 38 പേർക്കും താഴെ 12 പേർക്കും യാത്ര ചെയ്യാം.അപ്പർ ഡക്കിൽ 400, താഴെ 200 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 9, 12.30, ഉച്ചകഴിഞ്ഞ് നാല് എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് ദിവസേനയുള്ളത്. ടിക്കറ്റുകൾ നേരിട്ടും ഓൺലൈനായും ബുക്ക് ചെയ്യാം. ഇപ്പോൾ ഡബിൾഡെക്കർ യാത്ര നടത്താൻ സഞ്ചാരികളുടെ തിരക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

