ഇടുക്കിയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി; ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക്
text_fields1.മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിനെത്തിയ സഞ്ചാരികൾ 2. വാഗമൺ മൊട്ടക്കുന്നിലെത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ
തൊടുപുഴ: പൂജ അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികൾ വാഗമണ്ണും മൂന്നാറുമടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു. മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം 21 മുതൽ 29 വരെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
സാധാരണ പൂജ അവധിക്ക് ഉത്തരേന്ത്യക്കാർ കൂടുതലായി എത്തിയിരുന്ന സ്ഥാനത്ത്, തമിഴ്നാട്, കർണാടക സ്വദേശികളും മലബാർ മേഖലയിൽനിന്നുള്ളവരുമാണ് ഇത്തവണ കൂടുതലും മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. തിങ്കളും ചൊവ്വയുമാണ് പൂജ അവധി ദിനങ്ങളെങ്കിലും ശനി മുതൽ മിക്ക ഹോട്ടലുകളിലും റിസോർട്ടുകളിലും തിരക്കേറി. കൂടുതൽ പേരും മൂന്ന് ദിവസത്തെ യാത്ര ക്രമീകരിച്ച് എത്തുന്നവരാണ്.
ഫോൺ മുഖാന്തരവും ഓൺലൈൻ വഴിയും ബുക്കിങ് ധാരാളം വരുന്നുണ്ട്. പാക്കേജുകൾ തിരക്കി വരുന്നവരാണ് അധികവും. ശനി, ഞായർ ദിവസങ്ങളിൽ പൊതുവെ സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്. ദേവികുളം ഗ്യാപ് റോഡ് പണി പൂർത്തിയായി ഗതാഗതത്തിന് തുറന്നതും അനുകൂല സാഹചര്യമായി. സഞ്ചാരികളുടെ തിരക്കേറിയാൽ അടിമാലി-മൂന്നാർ റോഡ്, കുമളി-തേക്കടി റോഡ്, കോട്ടയം-വാഗമൺ റോഡ് എന്നീ പാതകളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടും.
വാഗമൺ മുൻകാലങ്ങളിൽ പ്രകൃതിസൗന്ദര്യം നിറഞ്ഞ ഇടവും മലനിരകളുടെ വശ്യതയുമായിരുന്നെങ്കിൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് ഉള്ള ഇടമെന്ന നിലയിൽ പേരും പെരുമയും നേടിയിട്ടുണ്ട്.
ശനിയാഴ്ച വാഗമണ്ണിലേക്ക് കൂടുതൽ പേർ എത്തിയതായി ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി. ഡിമാൻഡ് വർധിച്ചതോടെ റിസോർട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. ട്രാവൽ ഏജൻസികളിൽനിന്നും ഡി.ടി.പി.സി വഴിയും ബുക്കിങ് നടക്കുന്നുണ്ട്. ബുക്കിങ്ങുമായി ബന്ധപ്പെട്ട റിസോർട്ടുകളും ഹോട്ടലുകളും ഓഫറുകളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

