മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsമാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിനായി കാത്തുനിൽക്കുന്നവർ
മൂന്നാർ: കോവിഡിൽ തകർന്നടിഞ്ഞ മൂന്നാർ ടൂറിസം മേഖല ക്രമേണ ഉണർവിലേക്ക്. മധ്യവേനലവധി ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. പ്രധാന ആകർഷണ കേന്ദ്രങ്ങളായ മാട്ടുപ്പെട്ടിയും രാജമലയുമെല്ലാം സഞ്ചാരികളെക്കൊണ്ട് നിറയുന്നു.
ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും സന്ദർശകർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വാരാന്ത്യ ദിനങ്ങളിൽ മുറികൾ ലഭിക്കാത്ത സ്ഥിതിയുണ്ട്. വാടകയിൽ ഇളവുകൾ നൽകിയും പാക്കേജുകൾ പ്രഖ്യാപിച്ചുമാണ് വൻകിട റിസോർട്ടുകൾ സന്ദർശകരെ ആകർഷിക്കുന്നത്. പകൽച്ചൂട് കൂടുതലാണെങ്കിലും വൈകീട്ടും രാവിലെയും സുഖകരമായ ശീതള കാലാവസ്ഥയാണ് മൂന്നാറിലിപ്പോൾ. ഒരു ദിവസം 2880 പേർക്ക് പ്രവേശനമുള്ള രാജമലയിൽ പല ദിവസങ്ങളിലും അതിൽക്കൂടുതൽ ആളുകൾ എത്തുന്നുണ്ട്. ഇവർക്ക് പ്രവേശന ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവരുന്നു. മാട്ടുപ്പെട്ടിയാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്ടലൊക്കേഷൻ. ഹൈഡൽ ടൂറിസവും ഡി.ടി.പി.സിയും ഇവിടെ ബോട്ടിങ് നടത്തുന്നുണ്ടെങ്കിലും കൂടുതൽ തിരക്കുള്ള ദിവസങ്ങളിൽ എല്ലാവർക്കും ബോട്ടിങ്ങിന് അവസരം ലഭിക്കാറില്ല. ഇക്കോപോയന്റിലും കുണ്ടളയിലും ബോട്ടിങ് സൗകര്യമുണ്ട്.
മൂന്നാറിൽനിന്ന് 35 കിലോമീറ്റർ ദൂരെ തമിഴ്നാടിന്റെ ഭാഗമായ ടോപ്സ്റ്റേഷനും ഒട്ടേറെ സന്ദർശകർ എത്തുന്നയിടമാണ്. ഇവിടെനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവട. മലഞ്ചെരുവിൽ ഭൂമി തട്ടുകളാക്കി നടത്തുന്ന കൃഷി കാണാൻ ധാരാളം സഞ്ചാരികൾ എത്തുന്നു. ടെന്റ് ക്യാമ്പുകളും ഹോംസ്റ്റേകളും ഇവിടെ ധാരാളമുണ്ട്. ആനയിറങ്കൽ ജലാശയത്തിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ചിന്നക്കനാലും ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടം സ്ഥിതിചെയ്യുന്ന കൊളുക്കുമലയും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്.
മൂന്നാറിലെ ഹൈഡൽ ഉദ്യാനം, ടൂറിസം വകുപ്പിന്റെ ബോട്ടാണിക്കൽ ഉദ്യാനം, കെ.എഫ്.ഡി.സിയുടെ റോസ് ഗാർഡൻ എന്നിവയെല്ലാം കുടുംബമായി എത്തുന്നവർക്ക് ഇഷ്ടവിനോദങ്ങൾ ഒരുക്കി കാത്തിരിക്കുന്നു. ഏപ്രിലിൽ ആരംഭിക്കുന്ന ഈ സീസൺ ജൂൺ വരെയാണ്. അതിനു ശേഷമുള്ള മൺസൂൺ ടൂറിസവും മൂന്നാറിൽ പച്ചപിടിച്ചു വരുന്നു. അറബി സഞ്ചാരികൾ കൂടുതലായി എത്തുന്നത് ഇക്കാലത്താണ്. ഒക്ടോബറോടെയാണ് ശൈത്യകാല സീസൺ ആരംഭിക്കുന്നത്. കോവിഡ് മൂലം മൂന്ന് വർഷം തളർച്ചയിലായിരുന്ന ടൂറിസം മേഖല വരുംനാളുകളിൽ കൂടുതൽ സജീവമാകുമെന്നതിന്റെ സൂചനകൾ കാണുന്നതായി മൂന്നാറിന്റെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

