സഞ്ചാരികൾ നിറഞ്ഞ് ഇടുക്കി
text_fieldsതൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലേക്കെത്തിയ സഞ്ചാരികളുടെ എണ്ണം ലക്ഷത്തിനടുത്ത്. പൂജ അവധി പ്രമാണിച്ച് സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികൾ എത്തിയതോടെയാണ് നാലുദിവസം സന്ദർശകരാൽ നിറഞ്ഞത്. മൂന്നുദിവസങ്ങളിലായി ഡി.ടി.പി.സിയുടെ കണക്ക് പ്രകാരം ജില്ലയിലേക്കെത്തിയത് 75,052 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് വാഗമണ്ണിലാണ്. 25,000നുമുകളിൽ ആളുകളാണ് ഈ ദിവസങ്ങളിൽ വാഗമണ്‍ സന്ദര്‍ശിച്ചത്. 1735 പേർ മാട്ടുപെട്ടിയിലും 7250 പേർ രാമക്കൽമേടും സന്ദർശിച്ചു.
5951 പേരാണ് പാഞ്ചാലിമേട്ടിൽ എത്തിയത്. 5000 പേർ ഹിൽവ്യൂ പാർക്കും സന്ദർശിച്ചു. വാഗമൺ മൊട്ടക്കുന്ന് കാണാൻ തിങ്കളാഴ്ച മാത്രം എത്തിയത് പതിനായിരത്തിലധികം പേരാണ്. വാഗമൺ അഡ്വഞ്ചർ പാർക്കിൽ 20,000 പേർ ഈ ദിവസങ്ങളിൽ സന്ദർശിച്ചു. ചൊവ്വാഴ്ചത്തെ കണക്ക് കൂടി എടുത്താൽ സഞ്ചാരികളുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് ഡി.ടി.പി.സി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ ജില്ലയിലെ മറ്റ് ടൂറിസം സെന്ററുകളിലും നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിലായി എത്തിച്ചേർന്നത്.
മൂന്നാറിലേക്കും ഒട്ടേറെ സന്ദര്‍ശകരെത്തി. മാട്ടുപ്പെട്ടിയിലും രാജമലയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നു. തേക്കടി, രാമക്കല്‍മേട്, കാല്‍വരിമൗണ്ട്, അഞ്ചുരുളി, പരുന്തുംപാറ, പാഞ്ചാലിമേട്, പാല്‍ക്കുളംമേട്, അരുവിക്കുഴി, തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത്, മലങ്കര എന്നിവിടങ്ങളിലും തദ്ദേശീയരായ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വാഗമണിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇടുക്കി-ഏലപ്പാറ-വാഗമൺ റൂട്ടിലും ഈരാറ്റുപേട്ട റൂട്ടിലും ഗതാഗത തടസ്സമുണ്ടായി. കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും കുരുക്കിൽപെട്ടു.
മൂന്നാറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ
മൂന്നാർ: പൂജ അവധി ദിനങ്ങളിൽ മൂന്നാറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. മൂന്നാർ മേഖലയിലെ മുഴുവൻ ഹോട്ടലുകളും മൂന്നുദിവസവും ഫുള്ളായിരുന്നു. ബുക്ക് ചെയ്യാതെ എത്തിയ സഞ്ചാരികളിൽ പലരും മുറികിട്ടാതെ വലഞ്ഞു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ വാഹനങ്ങളിൽ കഴിച്ചുകൂട്ടിയവരുമുണ്ട്. നിരത്തുകളിൽ സന്ദർശക വാഹനങ്ങൾ നിറഞ്ഞതോടെ മൂന്നാർ മേഖലയിലെങ്ങും ഗതാഗതക്കുരുക്കായി. മാട്ടുപ്പെട്ടി, മറയൂർ റൂട്ടുകളിലായിരുന്നു തിരക്കേറേയും. വാഹനക്കുരുക്കുമൂലം മണിക്കൂറുകളെടുത്താണ് മൂന്നാർ-മാട്ടുപ്പെട്ടി റൂട്ടിലെ പത്ത് കിലോമീറ്റർ വാഹനങ്ങൾ താണ്ടിയത്.
മൂന്നാർ-മറയൂർ റൂട്ടിൽ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിലും ഗതാഗതക്കുരുക്ക് യാത്രക്കാരെ വലച്ചു. യാത്രാബസുകൾ വരെ ഈ കുരുക്കിൽപെട്ട് മണിക്കൂറുകൾ വൈകിയാണ് ഓടിയത്. തിങ്കളാഴ്ച 2800 പേരാണ് രാജമല സന്ദർശിച്ചത്.
അഞ്ചാം മൈലിൽനിന്ന് വനം വകുപ്പിന്റെ വാഹനങ്ങളിലാണ് ആറര കിലോമീറ്റർ ദൂരെ രാജമലയിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്നതും തിരിച്ചെത്തിക്കുന്നതും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി ഈ റൂട്ടിൽ ബഗികാർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന അഞ്ച് ബഗികാറുകളാണ് ഇവിടെയുള്ളത്. നാലുപേർക്ക് കയറാവുന്ന ഇവക്ക് 2800 രൂപയാണ് ഈടാക്കുന്നത്. തിങ്കളാഴ്ച മാത്രം 96,000 രൂപയാണ് ബഗി കാറുകൾ ഓടിയതുവഴിയുള്ള വരുമാനം. മാട്ടുപ്പെട്ടിയിലും സഞ്ചാരികളുടെ വൻ തിരക്കായിരുന്നു. ബോട്ടിങ്ങിന് ടിക്കറ്റ് കിട്ടാതെ ഒട്ടേറെപ്പേർ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

